ബുദ്ധനീലിമ
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, March 26, 2025 12:28 AM IST
മഞ്ഞുരുകി മന്ദാകിനികളാകുംപോലെയാകണം വാക്ക് എന്നു പറയാറുണ്ട്. വാക്കുകൾകൊണ്ട് ചിത്രമെഴുതുന്ന ആർക്കും അതിനു കഴിയും. അതിന് ഒരെഴുത്തുകാരനാകണമെന്നുതന്നെയില്ല. നല്ല വാക്കോതുവാൻ ത്രാണിയുള്ള ആർക്കും അതിനു കഴിയും. വികാരരഹിതമായ വാക്ക് ഛേദിക്കപ്പെട്ട ശിരസാണ്. അതിൽ വിശ്വാസമോ പ്രത്യാശയോ സ്നേഹമോ ഇല്ല. എന്നാൽ, വാക്ക് എല്ലായ്പോഴും സന്തപ്തഗംഭീരമായ ഒന്നാകണമെന്നുമില്ല.
ഒരീറത്തണ്ടിൽ സുഷിരങ്ങൾ വീണ് വികലമാകുന്നതുപോലെയാകണം വാക്ക്. അതാണ് ഒരോടക്കുഴലിനെപ്പോലെ സംഗീതം പൊഴിക്കുന്ന ഒന്നായി മാറുന്നത്. ചിലർ ഒന്നും മിണ്ടാറേയില്ല. പക്ഷേ, അവരുടെ ഉള്ളിൽ വാക്കുകളുടെ ഒരു കടൽ ജാഗരം കൊള്ളുന്നുണ്ടായിരിക്കും. അവർ മൗനത്തിന്റെ മഹാഭാഷയിലായിരിക്കും മിണ്ടിപ്പറയുന്നുണ്ടാകുക. അനുഭവം അപൂർണമാകുമ്പോഴാണു ഭാഷ അപൂർണമാകുന്നത് എന്നു പറയാറുണ്ട്. ഏഴു തിരിയിട്ട ഒരു വിളക്കാകണം വാക്ക് എന്നൊക്കെയുള്ള സങ്കല്പങ്ങൾ ഇന്നേറെ അസ്തമിച്ചുകഴിഞ്ഞു. ആൾക്കൂട്ടത്തിൽ ആരോരുമറിയാതെയുള്ള ഇരിപ്പായിട്ടുണ്ട് പുതിയ കാലത്തെ വാക്ക്.
ചില വാക്കുകൾ ബുദ്ധനെപ്പോലെയാണെന്നു തോന്നിയിട്ടുണ്ട്. ‘ഖസാക്കിന്റെ ഇതിഹാസം’ വായിക്കുമ്പോഴെല്ലാം എനിക്കങ്ങനെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ചുളി വീണ മുഖത്തെ വെള്ളനിറമുള്ള കുറ്റിരോമങ്ങൾക്കിടയിൽ ബുദ്ധനെപ്പോലെ ഒരു വാക്ക് എഴുന്നുനിൽക്കുന്നതു കണ്ടിട്ടുണ്ട്. പെരുമ്പനി ബാധിച്ചു കിടന്ന കുട്ടാപ്പുനരിക്ക് വാക്കിന്റെ ഒരു ബുദ്ധഭാവമുണ്ട്. വസൂരിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ നിമിഷങ്ങളിൽ രവിയിലൊരു ബുദ്ധൻ പരിണമിക്കുന്നത് അനുഭവപ്പെട്ടിട്ടുണ്ട്.
അങ്ങനെയങ്ങനെ ചെമ്പകപ്പൂക്കൾപോലെ, അരശുമരംപോലെ, കാട്ടുതുളസിപോലെ, തുമ്പിയെപ്പോലെ, കൈതത്തഴപ്പുപോലെ, ഉദയാസ്തമയങ്ങളില്ലാത്ത സന്ധ്യപോലെ, അപ്പുക്കിളിയുടെ ജടപോലെ, ആർത്തവരക്തം കട്ടകെട്ടിയ പഴന്തുണിപോലെ, സാമ്പ്രാണിയുടെ സുഗന്ധംപോലെ വാക്കുകൾ ചെതലിമലയിൽനിന്നു ശ്രാദ്ധംകൊള്ളാൻ ഇറങ്ങിവരികയാണ്. ഇറങ്ങിവരുന്ന ഓരോ വാക്കിന്റെ വരവിലും ഞാനോരോ ബുദ്ധനെ കാണുന്നു. ഇടിയും മിന്നലുമില്ലാതെ കാലവർഷത്തിന്റെ വെളുത്ത മഴ നനഞ്ഞുവരുന്ന ബുദ്ധൻമാർ.
കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഞാൻ വീണ്ടും തസ്രാക്കിലെത്തി. ആദിമമായ വിനയത്തോടെ മുക്തിയിലേക്കെത്തിനോക്കുന്ന എത്രയെത്ര ബുദ്ധശിരസുകൾ അവിടെ തപിച്ചുകിടക്കുന്നു. അനാദിയായ മഴവെള്ളത്തിന്റെ സ്പർശം ഈ മണ്ണിലേക്ക് ഒഴുകിയിരുന്നെങ്കിലെന്ന് ആശിച്ചുപോയി. അത്രയ്ക്കു കരിഞ്ചൂടായിരുന്നു അവിടെ.
പക്ഷേ, ഞാറ്റുപുരയിലെ ഇളംതണുപ്പാർന്ന തിണ്ണയിലിരുന്നപ്പോൾ വെന്തുമലർന്ന ചോറുപോലെ ത്രസിച്ച മണ്ണടരുകളിൽനിന്ന് ബുദ്ധരൂപമാർന്ന വാക്കുകൾ വീണ്ടും ഇണർപ്പുപൊട്ടി വന്നു. നീലനിറമുള്ള വാക്കുകൾ. പത്തിവിരുത്തിയ വാക്കുകൾ. ഓരോ വാക്കിനും ധ്യാനബുദ്ധന്റെ നീലിമ. ചില വാക്കുകൾ പത്മാസനത്തിൽ. ചിലത് അനന്തനെപ്പോലെ, മേഘരൂപങ്ങൾപോലെ, പഞ്ചവർണക്കിളികൾപോലെ.
ഞാറ്റുപുരയിൽനിന്നിറങ്ങി ‘അപ്പുക്കിളി’ എന്ന വീട്ടിലേക്കു നടന്നു. ഞാറ്റുപുരവാതുക്കൽനിന്നു നോക്കിയാൽ കാണുന്ന ദൂരം. ‘അപ്പുക്കിളി’യുടെ മുന്നിലൊരു വിളഞ്ഞ വേപ്പുമരമുണ്ട്. അതിന്റെ ഇലത്തണലുകൾ മുറ്റത്തും നിരത്തിലുമായി വീണുകിടക്കുന്നു. ഗേറ്റ് തുറന്ന് അകത്തേക്കു കടന്നപ്പോൾ ഒരു പച്ചത്തുമ്പി പറന്നുവന്നു. ഒന്നല്ല, ഒന്നിലധികമുണ്ട്. പക്ഷേ കുതിരത്തലയനെ കണ്ടില്ല. അവന്റെ മങ്ങിയ പിത്തച്ചിരി കണ്ടില്ല. ആരൊക്കെയോ എനിക്ക് ചുറ്റുംനിന്ന് ആർക്കുന്നതു കേട്ടു. “കൊഞ്ഞണനാണ്. എട്ടുകാലിപ്രാന്തനാണ് ഈ അപ്പുക്കിളി’’എന്നൊക്കെ. വെയിലാറിത്തണുത്ത ‘അപ്പുക്കിളി’യുടെ തിണ്ണയിലിരുന്നപ്പോൾ എഴുത്തുകാരൻ പി.വി. സുകുമാരൻ വന്നു.
തസ്രാക്കിൽ അപ്പുക്കിളി പാർത്ത വീടു വാങ്ങി, പുതുക്കിപ്പണിത് ഒരായുഷ്കാല ഇതിഹാസത്തിലെ അപ്പുക്കിളിയെ പുനർജീവിപ്പിച്ച സുകുമാരൻ സംസാരിച്ചുതുടങ്ങി. “പുനർജനിയുടെ കൂട് വിട്ട് യാത്രയാകുന്നത് രവിയല്ല, വാക്കാണ്’’, സുകുമാരൻ പറഞ്ഞു. “അല്ല കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാർഥനാണ്’’, ഞാൻ തിരുത്തി. രാവോളം, അടുത്ത പകലോളം ഞങ്ങളവിടെയിരുന്ന് മിണ്ടിപ്പറഞ്ഞു. മിണ്ടിപ്പറയുമ്പോൾ ഷെയ്ക്ക് തമ്പുരാന്റെ മന്ത്രങ്ങൾപോലെയുള്ള വാക്കുകൾ ഞങ്ങൾ ഇറുത്തെടുത്തുകൊണ്ടിരുന്നു. ഇറുത്തെടുക്കുന്തോറും നഖക്ഷതമേൽക്കാത്ത വാക്കുകൾ വീണ്ടും വീണ്ടും മുളച്ചുപൊന്തുന്നുണ്ടായിരുന്നു.
മലർക്കെ മിഴിച്ച കണ്ണുകൾപോലെ ആ വാക്കുകൾ തുറിച്ചുനോക്കുന്നു. വെയിലിന്റെ പാരുഷ്യത്തിലും ചൂട്ടുമിന്നിച്ചുവരുന്ന വാക്കുകൾ. തസ്രാക്കിൽനിന്നു മടങ്ങുമ്പോൾ സുകുമാരൻ പറഞ്ഞു, “നിങ്ങൾ ഇനിയും ഇവിടേക്കു വരും. ഞാൻ ക്ഷണിച്ചിട്ടല്ല; നിരർഥകമായൊരു ദുഃഖത്തിനറുതി തേടാൻ.’’ ഞാനൊന്നും മറുത്തുപറഞ്ഞില്ല. ദൈവത്തിന്റെ ചിരിയിൽനിന്ന് വെളിച്ചമുണ്ടായതുപോലെ വെയിൽ കനത്തുനിന്നു. സ്വച്ഛന്ദിയായ പ്രവാഹംപോലെ മുന്നിലെ പെരുവഴി കയർത്തുനിൽക്കുന്നു. ഞാൻ ബുദ്ധനെന്ന നിർവാണപദത്തിലേക്കു നടന്നുകയറുന്നു.
തസ്രാക്കിൽ പോയിവന്നശേഷം ഞാനൊന്നുംതന്നെ എഴുതിയില്ല. എഴുതിയതെല്ലാം മനസിലായിരുന്നു. തഥാഗതധർമപദങ്ങളെക്കുറിച്ചായിരുന്നു അതെല്ലാം. അങ്ങനെ എഴുതിനീങ്ങുമ്പോൾ ഞാൻ നിരഹങ്കാരിയായി മാറുകയായിരുന്നു. പൊടിഞ്ഞുപൊടിഞ്ഞു മണ്ണായി മാറുന്ന അഹന്ത.
മണ്ണാകുവോളം കലമ്പുന്ന ഒരു കരിയില. ജഡമായ കാലം എന്റെ വാക്കിന്റെ ചോരയ്ക്കുവേണ്ടി കാത്തുകിടക്കുന്നു. ഞാൻ ‘ഇതിഹാസം’ വീണ്ടുമെടുത്തു വായിച്ചുതുടങ്ങുന്നു. കൂമൻകാവിൽ ബസിറങ്ങി ഖസാക്കിലേക്കു നടക്കുന്നത് രവിയല്ല; ബുദ്ധനാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഗ്രീഷ്മദാഹിയായ ബുദ്ധൻ. ദുഃസ്വപ്നങ്ങൾക്ക് മുൻപേ നടക്കുന്ന ബുദ്ധൻ. ഉറുമി ചുഴറ്റുന്ന കാറ്റ്.
അതു കരിമ്പനകൾ കടന്ന് ഞാറ്റുപുരയ്ക്കു മുകളിൽ അനാദിയായ കാലം പോലെ തളംകെട്ടിക്കിടക്കുന്നു. അസ്തമയത്തിലൂടെ പനന്തത്തകളുടെ ധനുസുകൾ പറന്നുകൊണ്ടിരിക്കുന്നു. ഓരോ പക്ഷിച്ചിറകിനടിയിലും അപാരമായ ബുദ്ധനീലിമ.