ബിസിനസ് ലോകത്തിന്റെ അന്ത്യമോ?
ഡോ. ടി.വി. മുരളിവല്ലഭൻ
Wednesday, March 26, 2025 12:26 AM IST
ഭൂമിയുടെതന്നെ അന്ത്യം ഉറപ്പാക്കാൻ ആവശ്യമുള്ളത്ര ആണവ, രാസ, ജൈവ, ഡിജിറ്റൽ ആയുധങ്ങൾ ഇന്നു വൻ രാഷ്ട്രങ്ങളുടെ ആയുധപ്പുരകളിലുണ്ട്. ഇവയെ സർവസംഹാരശേഷിയുള്ള ആയുധങ്ങൾ എന്നാണു പറയുന്നത്. ഇവയൊന്നും ഒരു രാജ്യത്തെയും സൈനികരുടെ കണ്ടുപിടിത്തങ്ങളല്ല. സൈനികർ വെറും ഉപയോക്താക്കൾ മാത്രം. ആയുധനിർമാതാക്കളാകട്ടെ വൻ ബിസിനസ് കമ്പനികളും ശാസ്ത്രജ്ഞരുമാണ്. ഭൂമിയുടെ നിലനിൽപ്പിന്റെ കടിഞ്ഞാൺ ഇന്ന് സൈനിക-വ്യവസായ ശൃംഖലയുടെ കൈയിലാണ്.
ലോകത്തിന്റെ നിലനിൽപ്പെന്നു പറയുന്നത് ഏതെങ്കിലും ഒരു ജീവിവർഗത്തിന്റെയോ ഒരു രാജ്യത്തിന്റെയോ ഒരു സ്ഥാപനത്തിന്റെയോ മാത്രം നിലനിൽപ്പല്ല. സഹകരണത്തിന്റെയും ധാർമികതയുടെയും നീതിയുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള നിലനിൽപ്പാണ്. മത്സരത്തിലൂടെ ലാഭമുണ്ടാക്കാനുള്ള ബിസിനസ് മാതൃകകൾ എത്ര വേണമെങ്കിലുമുണ്ട്. എന്നാൽ, ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്ന ബിസിനസ് മാതൃകകളേ നിലനിൽക്കുകയുള്ളൂ.
ആധുനികകാലത്തെ ബിസിനസ് ലോകം
കഴുത്തറപ്പൻ മത്സരങ്ങളും കരുണയില്ലാത്ത ചൂഷണങ്ങളുമാണ് ആധുനികകാലത്തെ ബിസിനസ് ലോകത്തിന്റെ സ്വഭാവവിശേഷങ്ങൾ എന്നാണു പലരുടെയും ധാരണ. നിഷ്കളങ്കമായി ഇങ്ങനെ വിശ്വസിക്കുന്നവരുണ്ട്. എന്നാൽ, ചിലരെങ്കിലും ഇക്കാര്യം മനഃപൂർവമാണ് അന്യരെ ധരിപ്പിക്കുന്നത്. ഇതിൽ അൽപ്പം കാര്യമുണ്ട്, എന്നാൽ പൂർണമായും ശരിയല്ല. ബിസിനസ് രംഗം മുഴുവനും ചൂഷണം നിറഞ്ഞതാണെന്ന് രാഷ്ട്രീയകാരണങ്ങളാൽ പ്രചരിപ്പിച്ചവരുടെ രാജ്യങ്ങളിൽ മുഴുവൻ വൻ മുതലാളിത്ത കമ്പനികൾ നിറഞ്ഞു (ചൈന, കിഴക്കൻ യൂറോപ്പ്, റഷ്യ). ഇങ്ങനെ പ്രചരിപ്പിച്ച പാർട്ടികൾ തന്നെ വൻകിട കമ്പനികളാകുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ലോകം കണ്ട ഏറ്റവും വലിയ വിപ്ലവവും ഇതുതന്നെ. നമ്മുടെ നാടുതന്നെ ഈ വിപ്ലവത്തിന്റെ വലിയ ഉദാഹരണമാണ്.
ശക്തമായ സ്വകാര്യമേഖല
സ്വകാര്യമേഖലയിലെ ഉത്പാദകരാണ് ഇന്ന് വികസ്വരരാജ്യങ്ങളിലെ പത്തിൽ ഒൻപതു ജോലികളും നൽകുന്നത്. ആഗോള നിക്ഷേപത്തിന്റെ 70-85 ശതമാനവും സ്വകാര്യമേഖലയിൽനിന്നാണ്. മാത്രമല്ല, ലോകത്തിലെ 195 രാജ്യങ്ങളിൽ 185 രാജ്യങ്ങളുടെയും ദേശീയ വരുമാനം വമ്പൻ കമ്പനികളുടെ വരുമാനത്തേക്കാൾ കുറവാണ്. കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ, പല വമ്പൻ കമ്പനികൾക്കും പല രാജ്യങ്ങളെയും വിലകൊടുത്തു വാങ്ങാനുള്ള ശേഷിയുണ്ട്. ഒരു രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള വെല്ലുവിളികളില്ലാത്ത അധികാരമാണ് പരമാധികാരം. എന്നിരുന്നാലും, രാജ്യങ്ങൾ അവരുടെ പരമാധികാരത്തിന്റെ ഒരു ഭാഗം ബഹുരാഷ്ട്ര കമ്പനികൾക്ക് വിട്ടുകൊടുത്ത സ്ഥിതിയാണിന്നുള്ളത്.
ഐക്യരാഷ്ട്രസഭയുടെ പഠനമനുസരിച്ച് ജനസംഖ്യ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടു വർധിക്കുന്നു. 2050ഓടെ 1000 കോടി ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്കു മാത്രമല്ല, അവരുടെ ആഡംബരജീവിതത്തിനു കൂടിയുള്ള വിഭവങ്ങൾ കണ്ടെത്തേണ്ടിവരും. ലോക ബിസിനസ് രംഗം അതിനനുസരിച്ചുള്ള തയാറെടുപ്പു നടത്തേണ്ടിവരുമെന്നു സാരം. അത്രയും ആൾക്കാരെ തീറ്റിപ്പോറ്റാനുള്ള വിഭവങ്ങൾ അന്നുണ്ടാകുമോ? 2018ലെ പഠനമനുസരിച്ച് ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി)ഏകദേശം മൂന്നിലൊന്നും (28%) ആഗോള കയറ്റുമതിയുടെ പകുതിയും ആഗോള തൊഴിലിന്റെ നാലിലൊന്നും സ്വകാര്യമേഖല സംഭാവന ചെയ്യുന്നു. ഔട്ട്സോഴ്സിംഗ്, ഓഫ്ഷോറിംഗ് പ്രവർത്തനങ്ങളിലൂടെ അവർ ഇന്നത്തെ ആഗോള മൂല്യശൃംഖലയ്ക്ക് രൂപം നൽകിയിട്ടുണ്ട്.
ബഹുരാഷ്ട്ര കമ്പനികളുടെ പിന്തുണയുള്ള വിദേശ-സാമ്പത്തികനയങ്ങളാണ് ഇന്ന് ലോകത്തെ ഭൂരിപക്ഷം സർക്കാരുകളും പിന്തുടരുന്നത്. സാങ്കേതിക കണ്ടുപിടിത്തങ്ങൾ, അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങൾ, പൊതു നയപരിഷ്കാരങ്ങൾ എന്നിവയാൽ സുഗമമായ ആധുനിക രാഷ്ട്രസമ്പദ് വ്യവസ്ഥയുടെ കേന്ദ്രമാണ് ബഹുരാഷ്ട്ര കമ്പനികൾ. മാത്രമല്ല, ഇപ്പോൾത്തന്നെ ആഗോള, ദേശീയ സമ്പദ്വ്യവസ്ഥകളിലെ അവരുടെ പ്രധാന സാമ്പത്തിക റോളുകൾ വിദേശനയ വിഷയങ്ങളിൽ ലോബി ചെയ്യാൻവരെ അവരെ അനുവദിക്കുന്നു. ആഗോള ബിസിനസിന്റെ ഉടമസ്ഥത, സ്ഥാപനം, സ്ഥാനം എന്നിവയെ ബാധിക്കുന്ന അന്താരാഷ്ട്ര ഉത്പാദനത്തിന്റെ വിപുലമായ പ്രാധാന്യം കാരണം ബഹുരാഷ്ട്ര കന്പനികൾ കൂടുതൽ ശക്തമായ സ്ഥാനം നേടിയിട്ടുണ്ട്.
(തുടരും)
(കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടറാണ് ലേഖകൻ)