കരുണയുടെ അപ്പൊസ്തലൻ
ജോമി കുര്യാക്കോസ്
Tuesday, March 25, 2025 2:23 AM IST
അജപാലനശുശ്രൂഷയിൽ ഔന്നിത്യവും ആദരവും കൈമുതലാക്കിയ ശ്രഷ്ഠ ഇടയനാണ് മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിയുക്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് പ്രഥമൻ ബാവാ. താബോർ ഹൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മെട്രോപ്പോലീറ്റൻ പുവർ റിലീഫിന്റെയും ആഭിമുഖ്യത്തിൽ നിരവധി കാരുണ്യപദ്ധതികൾ ഉൾപ്പെടെ സാധുസംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ പരിഗണന നൽകിയ വ്യക്തിത്വം.
1995ൽ കേരള ഹൗസിംഗ് ബോർഡ് സഹകരണത്തോടെ മുളന്തുരുത്തിക്കുസമീപം വെട്ടിക്കൽ പട്ടികജാതി കോളനിയിൽ എല്ലാവർക്കും വീടും അവശ്യസൗകര്യങ്ങളും ചെയ്തു കൊടുത്തു തുടക്കം. ഇതേ പദ്ധതിയുടെ തുടർച്ചയായി മറ്റിടങ്ങളിലും ജാതി മത ഭേദമെന്യെ ഭവനനിർമാണം നിയോഗമാക്കി.
വീടും സ്ഥലവും ഇല്ലാത്തവർക്ക് അഭയം നൽകാൻ 2014ൽ ആരംഭിച്ച പദ്ധതിയിൽ കാരിക്കോട്ട് ഫ്ളാറ്റ് മാതൃകയിൽ വീടുകൾ പണിതു നൽകിയതുൾപ്പെടെ ഒരു പതിറ്റാണ്ടിനുള്ളിൽ എണ്‍പതോളം വീടുകൾ സമ്മാനിച്ചു. കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ദരിദ്ര വിഭാഗങ്ങൾക്ക് സൗജന്യ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തി. പിന്നീട് പദ്ധതി സർക്കാർ ഏറ്റെടുക്കുന്നതുവരെ തുടർന്നു.
വിദ്യാഭ്യാസ സഹായങ്ങൾക്കൊപ്പം ദരിദ്രകുടുംബങ്ങളിലെ പെണ്‍കുട്ടികൾക്ക് നഴ്സിംഗ് പഠന സ്കോളർഷിപ്പ് നൽകി വരുന്നു. സാന്പത്തിക ക്ലേശമുള്ള രോഗികൾക്ക് ചികിത്സാ സഹായം ഉൾപ്പെടെ മുളന്തുരുത്തി ഗവണ്മെന്റ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പതിവായി അത്താഴം നൽകുന്നു. ഇരുപതാം മെത്രാഭിഷേക വാർഷികവേളയിലും ഇരുപത്തിയഞ്ചാം മെത്രാഭിഷേക വാർഷികത്തിലും ഇരുപത് വീതം നിർധന യുവതികളുടെ വിവാഹം നടത്തി.
കരുണയും മനുഷ്യത്വവും നിറഞ്ഞതാണ് മെത്രാപ്പോലീത്തയുടെ മനസ്. വേദനിക്കുന്നവർക്കും വിശക്കുന്നവർക്കും മുന്നിൽ നല്ല സമറായനായി തിരുമേനിയുടെ കരുതൽക്കരങ്ങൾ കൂടെയുണ്ട്. മുളന്തുരുത്തി ഗവണ്മെന്റ് ആശുപത്രിയോട് ചേർന്ന് ആലംബഹീനർക്കായി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ തിരുമേനിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. ഭിന്നശേഷി കുട്ടികളുടെ സൗജന്യപഠനത്തിനും തൊഴിൽ പരിശീലനത്തിനും തൃപ്പൂണിത്തുറ എരൂരിൽ ജെയ്നി സെന്റർ എന്ന സ്ഥാപനം പ്രവർത്തിക്കുന്നു.
2018, 2019 പ്രളയവേളകളിൽ സർക്കാരുമായി സഹകരിച്ചു വിവിധയിടങ്ങളിൽ ഒട്ടേറെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോവിഡ് മഹാമാരിക്കാലത്ത് ആയിരക്കണക്കിനു കുടുംബങ്ങളിൽ സഹായങ്ങൾ എത്തിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഭാംഗങ്ങളെ അണിനിരത്തി. കോവിഡ് മരണങ്ങളിൽ മൃതസംസ്കാരം നടത്താൻ ഭദ്രാസനത്തിൽ യുവ സന്നദ്ധ സേനയ്ക്ക് രൂപം നൽകി.
ഏറ്റെടുത്തതും ആഗ്രഹിച്ചതുമായ എല്ലാ നിയോഗങ്ങളും ദൈവാശ്രയത്തോടെ അതിന്റെ പൂർണതയിൽ നിർവഹിക്കുവാൻ തിരുമേനിക്ക് സാധിക്കുന്നു. സൗമ്യതയുടെയും കാരുണ്യത്തിന്റെയും ആൾരൂപമായി നിലകൊള്ളുകയും പ്രാർഥനാധിഷ്ഠിത താപസജീവിതം നയിക്കുകയും ചെയ്യുന്ന തിരുമേനി സമചിത്തതയോടെ പ്രശ്നങ്ങളിൽ ഇടപെടുന്നു, പരിഹാരങ്ങൾ കണ്ടെത്തുന്നു.
ഇതര ക്രൈസ്തവ സഹോദര സഭാ പിതാക്കന്മാരുമായി ആത്മബന്ധം പുലർത്തുന്നു. സഭയുടെ സത്യവിശ്വാസവും പാരന്പര്യവും പ്രൗഢിയും നിലനിർത്താനും കാത്തുസൂക്ഷിക്കാനും തിരുമേനി ബദ്ധശ്രദ്ധനാണ്.