പുതുയുഗപ്പിറവി
കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത
Tuesday, March 25, 2025 2:21 AM IST
യാക്കോബായ സുറിയാനി സഭയെ അഞ്ച് പതിറ്റാണ്ടോളം മെത്രാപ്പോലീത്തയായും കാതോലിക്കയായും ശക്തമായ നേതൃപാടവത്തോടെ നയിച്ച ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പിൻഗാമിയായി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവാ വാഴിക്കപ്പെടുന്പോൾ മലങ്കര യാക്കോബായ സുറിയാനി സഭ ചരിത്രത്തിൽ ഒരുപുതുയുഗത്തിന് ആരംഭം കുറിക്കുകയാണ്. ഒരു വശത്ത് സഭാ സാഹചര്യങ്ങൾ സങ്കീർണമായിതന്നെ തുടരുന്നു. മറുവശത്ത് പുതിയ സാധ്യതകളും ദർശനങ്ങളും അനിവാര്യമായിരിക്കുന്നു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ജനങ്ങളിലും സഭയിലും സമൂഹത്തിലും ഉണ്ടാക്കിയതായ ആഴമായ സ്വാധീനം നിലനിർത്തുക എന്ന വെല്ലുവിളി നവാഭിഷിക്തനാകുന്ന കാതോലിക്ക ബാവായിൽ നിലനിൽക്കുന്പോഴും തനതായ ശൈലിയിൽ ജനഹൃദയങ്ങളിലേക്കിറങ്ങി നവദർശനത്തോടെ 21-ാം നൂറ്റാണ്ടിൽ സഭയെ നയിക്കാനുള്ള വലിയ ഒരു വെല്ലുവിളിയാണ് ബാവായുടെ മുന്നിലുള്ളത്. ഇതൊരു ദൈവിക തെരഞ്ഞെടുപ്പായി കാണുന്പോൾ മനുഷ്യബുദ്ധിക്കതീതമായ ദൈവകൃപയാലും പരിശുദ്ധാത്മനിറവിലും നയിക്കപ്പെടാൻ വിനയാന്വിതനാകുന്പോൾ നടക്കേണ്ടതും നയിക്കേണ്ടതുമായ വഴികളെ ദൈവം തുറന്നു നൽകും എന്നതാണ് ഈ വിളിയുടെ ശ്രേഷ്ഠത.
സമന്വയത്തിന്റെ ശൈലി
പ്രശ്നങ്ങളെ സങ്കീർണമാക്കാതെ സമന്വയത്തിലൂടെ പരിഹരിക്കുക എന്ന ശ്രേഷ്ഠമായ ഒരു ശൈലി ബാവായ്ക്കുണ്ട്. വ്യത്യസ്താഭിപ്രായമുള്ളവരെ പരസ്പരം കലഹിപ്പിക്കാതെ ഒരുമിച്ചു കൊണ്ടുപോകാനുള്ള മനോഭാവം ബാവായിൽ പലസന്ദർഭങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്. പ്രക്ഷുബ്ധമായ സഭാ സാഹചര്യങ്ങളിൽ ഈ മനോഭാവം സഭാ മക്കളെ ഒരുമിപ്പിച്ച് നിർത്താൻ നിർണായക പങ്കുവഹിക്കുന്നുണ്ട് എന്നത് തർക്കമറ്റമാണ്.
അഭിപ്രായ സ്വാതന്ത്ര്യം
ശ്രേഷ്ഠബാവായുടെ മറ്റൊരു പ്രത്യേകത എല്ലാവർക്കും അഭിപ്രായങ്ങൾ പറയാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുവെന്നതാണ്. ബാവാ അധ്യക്ഷത വഹിക്കുന്ന യോഗങ്ങളിൽ അനുകൂലമായാലും പ്രതികൂലമായാലും എല്ലാവർക്കും തങ്ങളുടെ അഭിപ്രായം തുറന്നു പറയാനുള്ള സമയവും സ്വാതന്ത്ര്യവും നൽകുന്നു. വിമർശനങ്ങളെപ്പോലും പോസിറ്റീവായി കാണുന്ന വലിയ മനസ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
സഭയെക്കുറിച്ചുള്ള ദർശനം
ദേവാലയങ്ങൾ നഷ്ടപ്പെട്ടും സഭാ മക്കൾ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടും വ്യവഹാരങ്ങളിൽ കുടുങ്ങിയും സഭ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയുടെയും അനിശ്ചിതത്വത്തിന്റെയും നടുവിലാണ് ബാവാ സഭാനൗകയെ നയിക്കാനുള്ള നിയോഗം ഏറ്റെടുക്കുന്നത്. ഏതു കാര്യം ചെയ്താലും നാനാകോണുകളിൽനിന്നുള്ള വിമർശനങ്ങളും ആരോപണങ്ങളും അനിയന്ത്രിതമായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യം. സഭയെ സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകാനുള്ള കാര്യങ്ങൾക്കായി രാപകലില്ലാതെ വിശ്രമമെന്യെ അദ്ദേഹം ഓടുന്നത് വ്യക്തമാണ്.
ചില സന്ദർഭങ്ങളിൽ പല കാര്യങ്ങളും പരസ്യപ്പെടുത്താതെ ചെയ്യേണ്ട അനിവാര്യതയുണ്ടാകും.എന്തെല്ലാം നഷ്ടപ്പെട്ടാലും ഏതെല്ലാം പ്രതിസന്ധികൾ വന്നാലും ജീവൻ നൽകേണ്ടി വന്നാലും തങ്ങളുടെ പൂർവികർ പകർന്നു നൽകിയ സത്യവിശ്വാസത്തിൽ നിലനിൽക്കുന്ന സഭാ മക്കളാണ് നമ്മുടെ ഏറ്റവും വലിയ സന്പത്തെന്ന തിരിച്ചറിവിലാണ് ശ്രേഷ്ഠ ബാവാ തന്റെ നിയോഗം ഏറ്റെടുത്തിരിക്കുന്നത്.
ശ്രേഷ്ഠ ബാവായുടെ അനുഭവ സന്പത്തും വിശാലമായ വ്യക്തിബന്ധങ്ങളും നേതൃത്വ പാടവവും സഭയെക്കുറിച്ചുള്ള ദർശനവും 21-ാം നൂറ്റാണ്ടിലെ സഭയ്ക്ക് പുതിയ ഒരു യുഗപ്പിറവിയായിരിക്കും എന്നതിന് സംശയമില്ല.
(യാക്കോബായ സഭാ മീഡിയ സെൽ ചെയർമാനാണ് ലേഖകൻ)