സർവർക്കും സമീപസ്ഥൻ
ഡോ. സിറിയക് തോമസ് (മുൻ വൈസ് ചാൻസലർ, എം
Tuesday, March 25, 2025 2:18 AM IST
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ദീർഘകാല ചരിത്രത്തിൽ വളരെ നിർണായകമായ സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ട ഒരു കാലസന്ധിയായിരുന്നു കഴിഞ്ഞ നാലു വർഷങ്ങളെന്ന് സർവരും സമ്മതിക്കുമെന്നതാണ് സത്യം. അതുതന്നെ യാഥാർഥ്യവും. നീതിപീഠങ്ങളുടെ വിധിതീർപ്പുകളും അരനൂറ്റാണ്ടു കാലം സഭയുടെ ഇന്ത്യയിലെ താരതമ്യമില്ലാത്ത ആത്മീയാചാര്യനായിരുന്ന ശ്രേഷ്ഠ തോമസ് പ്രഥമൻ ബാവായ്ക്കുണ്ടായ ആരോഗ്യപരമായ പ്രയാസങ്ങളും വലിയ പ്രതിസന്ധിയായി നിലകൊണ്ടു.
അതിനിടെ തർക്കങ്ങളിൽ ഉൾപ്പെട്ട ചില പള്ളികളിൽ സംഭവിച്ച നിർഭാഗ്യകരമായ സംഘർഷങ്ങളും തത്ഫലമായ നിയമ സമാധാനലംഘനങ്ങളും സഹോദര സഭകൾക്കിടയിലുണ്ടായ വിഭാഗീയതയും മത്സരവും അത് സഭാംഗങ്ങൾക്കിടയിലും സമൂഹത്തിലും സൃഷ്ടിച്ച ആഴമായ മുറിവുകളും വേദനാജനകമായി. ഇതു ക്രൈസ്തവ സമുദായത്തിൽതന്നെ സൃഷ്ടിച്ച ചേരിതിരിവുകളും അത് നമ്മുടെ പൊതുസമൂഹത്തിലുളവാക്കിയ അവമതിപ്പും ക്രൈസ്തവ സഭാ സമൂഹങ്ങൾക്ക് താങ്ങാവുന്നതിനുമപ്പുറത്തായിരുന്നു എന്നതാണ് നാം ഇപ്പോഴെങ്കിലും തിരിച്ചറിയേണ്ട ഒരു യാഥാർഥ്യം.
അത്തരമൊരു സാഹചര്യത്തിൽ വസ്തുതാപരമായ ചില യാഥാർഥ്യങ്ങളുടെ നേർക്ക് ആർക്കും കണ്ണടയ്ക്കാനുമാവില്ലല്ലോ. സഭയുടെ അനുദിന ഭരണകാര്യങ്ങളിൽ ബാവായുടെ ചുമതലകളുടെ താക്കോൽ പരിശുദ്ധ സുന്നഹദോസ് ജോസഫ് മാർ ഗ്രീഗോറി യോസ് മെത്രാപ്പോലീത്തയെ ഏൽപ്പിക്കുകയായിരുന്നുവെന്നു വേണം കരുതാൻ.
ശ്രേഷ്ഠ ബാവായോടൊത്ത് ദീർഘകാലം പ്രവർത്തിച്ചിരുന്നുവെന്നതും ബാവായും ഒരു പക്ഷേ സ്വന്തം മനസിൽ സഭയിലെ തന്റെ പിൻഗാമിയായി ജോസഫ് മാർ ഗ്രീഗോറിയോസിനെതന്നെ കണ്ടിരുന്നതും അതിനും പുറമേ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്വ നിർവഹണം സഭയിൽ സൃഷ്ടിച്ച ജനപ്രിയതയും ശ്രേഷ്ഠ ബാവായുടെ ആത്മീയാധികാരത്തിന്റെ അംശവടി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയിലേക്കെത്താൻ തീർച്ചയായും സഹായിച്ചിരിക്കണം. അദ്ദേഹം സഭയ്ക്കുള്ളിൽ മാത്രമല്ല, സ്വന്തം സഭയ്ക്കു പുറത്ത് പൊതുസമൂഹത്തിലും ജനപ്രിയനായ ഒരു ആത്മീയപിതാവെന്ന നിലയിൽ പേരെടുക്കാൻ അധിക നാളുകളെടുത്തില്ല.
ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ആത്മീയതയുടെ ഒരു പാഠപുസ്തകമാകുന്നത് പുണ്യചരിതനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ വിശ്വസ്ത ശിഷ്യനും സഹായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായി മൂന്നുപതിറ്റാണ്ടു കാലത്തിലധികം അദ്ദേഹത്തിനു കീഴിൽ നിഴലായും നിലാവായും നിന്നു നേടിയ അറിവിന്റെയും അനുഭവപരിചയത്തിന്റെയും കൂടി അടിസ്ഥാനത്തിലാണ്. ഗുരുവിനേക്കാൾ വലിയ ശിഷ്യനില്ല എന്നു തന്നെയാണല്ലോ വേദപുസ്തകവും നമ്മെ പറഞ്ഞു പഠിപ്പിക്കുന്നത്.
ഒരിക്കലും പള്ളി ശുശ്രൂഷകളിൽ മാത്രമായി തന്നെ പരിമിതപ്പെടുത്തിയ ഒരു മതമേലധ്യക്ഷനായിരുന്നില്ല ജോസഫ് മാർ ഗ്രീഗോറിയോസ്. ഇടയപദവിയിൽ മൂന്നു ദശാബ്ദക്കാലം പൂർത്തിയാക്കുന്പോൾ ജോസഫ് ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളാണു പടുത്തുയർത്തിയത്. വീടില്ലാത്തവർക്കു വീടും, മരുന്നു വാങ്ങാൻ വശമില്ലാത്തവർക്ക് ആവശ്യമായ ചികിത്സാ സഹായവും ഉറപ്പാക്കിയ അദ്ദേഹം നിർധനരായ ഒട്ടേറെ പെണ്കുട്ടികൾക്കു സഭാ-സമുദായ ഭേദങ്ങളൊന്നും പരിഗണിക്കാതെ വിവാഹസഹായവും ഉറപ്പാക്കി.
ഇതെല്ലാമാണ് നിയുക്ത ശ്രേഷ്ഠ ബാവായെ വ്യത്യസ്തനാക്കുന്നത്. സർവർക്കും അദ്ദേഹം സമീപസ്ഥനാണ്; സർവർക്കും സഹോദരനുമാണ്. എല്ലാവരോടും സ്നേഹം. എല്ലാവർക്കും പൈതൃകമായ പരിഗണനയും കരുതലും.