വചനിപ്പ് പെരുന്നാൾ ദിനത്തിന്റെ പുണ്യം
ഷെവ. ബിബി ഏബ്രഹാം കടവുംഭാഗം
Tuesday, March 25, 2025 1:54 AM IST
സഭയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതിച്ചേർക്കപ്പെടേണ്ട ദിനമാണ് ഇന്ന്. പരിശുദ്ധ സിംഹാസനവും ഭാരതത്തിലെ സഭയും തമ്മിലുള്ള പൗരാണിക ബന്ധം ഒരിക്കൽകൂടി അരക്കിട്ടുറപ്പിക്കപ്പെടുകയാണ്. മലങ്കരയിൽ സത്യവിശ്വാസം നിലനിർത്താൻ അന്ത്യോഖ്യ സിംഹാസനം പൂർവിക കാലംതൊട്ട് കാതോലിക്കമാരെയും പിതാക്കന്മാരെയും വാഴിച്ച് അയച്ചുതന്നിട്ടുണ്ട്. അവർ തെളിച്ച വഴികളിലൂടെയും പഠിപ്പിച്ച വിശ്വാസത്തിലൂടെയുമാണു മലങ്കരയിലെ സത്യവിശ്വാസികൾ മുൻപോട്ടു പോകുന്നത്.
അന്ത്യോഖ്യൻ പാരന്പര്യത്തിൽ ആചരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാറാനായ പെരുന്നാളാണ് മാർച്ച് 25 വചനിപ്പ് പെരുന്നാൾ. ദുഃഖവെള്ളിയാഴ്ചയായാൽ പോലും അന്നു വിശുദ്ധ കുർബാന അർപ്പിച്ചു പെരുന്നാളായി ആചരിക്കണമെന്ന് സുറിയാനി സഭ നിഷ്കർഷിക്കുന്നു.
നിയുക്ത ശ്രേഷ്ഠ കാതോലിക്ക ബാവാ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ ജീവിതത്തിൽ വചനിപ്പ് പെരുന്നാൾ ദിനം വളരെ പ്രാധാന്യം അർഹിക്കുന്നു. മാർച്ച് 25നാണ് അദ്ദേഹം ശെമ്മാശപട്ടവും വൈദികസ്ഥാനവും സ്വീകരിച്ചത്. അതേ മാർച്ച് 25നുതന്നെ സഭയുടെ കാതോലിക്ക സ്ഥാനത്തേക്കും അദ്ദേഹം ഉയർത്തപ്പെടുന്നു.
പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിന്റെ പ്രൗഢിയും പാരന്പര്യവും വിളിച്ചറിയിക്കുന്നതാണ് കാതോലിക്ക വാഴ്ച. മലങ്കരയിൽ സത്യവിശ്വാസം നിലനിർത്താൻ പിതാക്കന്മാർ, പ്രത്യേകിച്ചു പരിശുദ്ധന്മാരായ അബ്ദുൾ ജലീൽ മോർ ഗ്രിഗോറിയോസ്, മോർ ബസേലിയോസ്, ശക്രള്ള മോർ ബസേലിയോസ് അടക്കമുള്ള പിതാക്കന്മാരുടെ പ്രയത്നങ്ങളെ സ്മരിക്കാം. അവർ സഹിച്ച ത്യാഗങ്ങളുടെയും കഷ്ടപ്പാടുകളുടെയും ഫലമാണ് ഭാരതത്തിലെ സഭ. ഭാഗ്യസ്മരണാർഹനായ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ സഭയുടെ സത്യവിശ്വാസം നിലനിർത്താൻ നടത്തിയ പോരാട്ടങ്ങളും ത്യാഗങ്ങളും സഭയുടെ അടിസ്ഥാനം ബലപ്പെടുത്താൻ നടത്തിയ കഠിനാധ്വാനവും ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല എന്നതിന്റെ തെളിവുകൂടിയാണു പുതിയ പിൻഗാമിയുടെ തെരഞ്ഞെടുപ്പും വാഴ്ചയും.
മനുഷ്യരാൽ ഉയർത്തപ്പെടുന്നതല്ല, ദൈവത്താൽ നിയോഗിക്കപ്പെടുന്നതാണെന്നുള്ള ഉത്തമ ബോധ്യം സഭാ മക്കൾക്കുണ്ട്. കാതോലിക്കയ്ക്ക് സുറിയാനി സഭയിലുള്ള പ്രാധാന്യവും പദവിയും സ്ഥാനംകൊണ്ടും വലിപ്പം കൊണ്ടും ഉജ്വലമാണ്. അന്ത്യോഖ്യ പാത്രിയാർക്കീസ് പരമാധ്യക്ഷനായുള്ള സഭയിലെ രണ്ടാം സ്ഥാനീയനാണ് കാതോലിക്ക.
സാർവത്രിക സഭയിൽ പാത്രിയാർക്ക തെരഞ്ഞെടുപ്പിലും വാഴ്ചയിലും സുന്നഹദോസിലും അധ്യക്ഷസ്ഥാനം വഹിക്കേണ്ട പദവിയാണിത്. യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവനാണ് കാതോലിക്ക ബാവാ. പരിശുദ്ധ പാത്രിയർക്കീസ് ബാവായാൽ നൽകപ്പെടുന്ന സുസ്താത്തിക്കോൻ പ്രകാരം ചുമതലകൾ വഹിക്കാൻ ബാവായ്ക്ക് അധികാരമുണ്ട്. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് ഈ സ്ഥാനലബ്ധി ദൈവികനിയോഗമാണ്. ഏതവസ്ഥയിലും സഭയെ സംരക്ഷിക്കാനും വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്താനും വിശ്വാസികളെ കരുതാനും തിരുമേനിക്ക് കഴിയട്ടെയെന്നു പ്രാർഥിക്കുന്നു.
(സമുദായപത്രിക ചീഫ് എഡിറ്ററാണ് ലേഖകൻ)