ഫെഡറൽ ഘടനയ്ക്കു ഭീഷണിയാകുന്ന ഭിന്നതകൾ
പ്രഫ. റോണി കെ. ബേബി
Tuesday, March 25, 2025 12:15 AM IST
ദക്ഷിണ - ഉത്തര ഇന്ത്യകൾ തമ്മിൽ വീണ്ടും പല വിഷയങ്ങളിലും അഭിപ്രായഭിന്നത വളരുകയാണ്. കേന്ദ്ര ഫണ്ടുകളിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടു കാണിക്കുന്ന വിവേചനം, 2026ലെ സെൻസസിനു ശേഷം നടക്കാനിരിക്കുന്ന ലോക്സഭാ മണ്ഡല പുനർനിർണയം, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, ആഴക്കടൽ ഖനനത്തിന് കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ തുടങ്ങിയവ പുതിയ തർക്കവിഷയങ്ങളായി മാറുന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഫെഡറൽ തത്വങ്ങൾക്കും ഗുരുതര ഭീഷണിയാവുകയാണ് ഈ തർക്കങ്ങൾ.
ദക്ഷിണേന്ത്യ വിഭിന്നമായ രാഷ്ട്രീയ ഭൂമിക
ദക്ഷിണേന്ത്യ എന്ന പേരില്‍ ഒരു രാഷ്ട്രീയ മണ്ഡലം ചരിത്രത്തിലുണ്ടായിരുന്നില്ല. വിന്ധ്യപര്‍വതത്തിനു തെക്കുള്ള പ്രദേശത്തെ വിളിച്ചിരുന്ന ‘ദക്ഷിണ്’ എന്ന സംസ്കൃതപദത്തില്‍നിന്ന് ഉരുത്തിരിഞ്ഞ ‘ഡെക്കാന്‍’ വ്യാപകമായി ഉപയോഗിച്ചുവന്ന ഒരു പദമാണ്. കന്നഡ, മലയാളം, തമിഴ്, തെലുങ്ക് എന്നിവ മാത്രമല്ല കൊടക്, കൊങ്കണി, തുളു തുടങ്ങിയ ഭാഷകളും അതിനെ ചുറ്റിത്തിരിഞ്ഞുണ്ടായ സംസ്കാരങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വ്യതിരിക്തമായ സാംസ്കാരിക പശ്ചാത്തലം ദക്ഷിണേന്ത്യക്കു നൽകുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഡല്‍ഹിയുടെ ഭരണം സ്ഥാപിക്കുക ഒരിക്കലും അത്ര എളുപ്പമായിരുന്നില്ല. 1687ൽ ഗോല്‍കൊണ്ടാ സുല്‍ത്താനെ പരാജയപ്പെടുത്തി ഔറംഗസീബ് മുഗള്‍ഭരണം അടിച്ചേല്പ്പിക്കുന്നതുവരെ ദക്ഷിണേന്ത്യ അതിന്റെ രാഷ്ട്രീയ വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്നു. പിന്നീട് യൂറോപ്യൻ കൊളോണിയൽ ഭരണവും അതിനെതിരേ പോരാടിയ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമാണ് ദക്ഷിണേന്ത്യയെ ഉത്തരേന്ത്യയോട് രാഷ്ട്രീയമായി കൂട്ടിച്ചേർത്തത്.
വർധിക്കുന്ന ദക്ഷിണ-ഉത്തര അന്തരങ്ങൾ
സാമ്പത്തികശാസ്ത്രജ്ഞരായ സാമുവല്‍ പോളും കലാ സീതാറാം ശ്രീധറും ചേര്‍ന്ന് എഴുതിയ ‘ദി പാരഡോക്സ് ഓഫ് ഇന്ത്യാസ് നോര്‍ത്ത്-സൗത്ത് ഡിവൈഡ്’ എന്ന പുസ്തകം വർത്തമാനകാല ഇന്ത്യ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ്. സാമ്പത്തിക, സാമൂഹിക വികസനം ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ ഉത്തരേന്ത്യയേക്കാള്‍ എത്രയോ മുന്നിലാണു ദക്ഷിണേന്ത്യ എന്ന് ഔദ്യോഗിക രേഖകളില്‍നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഈ പുസ്തകം വരച്ചുകാണിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളും തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളും തമ്മിൽ പ്രതിശീര്‍ഷ വരുമാനത്തിലുള്ള വ്യത്യാസം 1960 - 61 സാമ്പത്തിക വര്‍ഷത്തില്‍ 39 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് മൂന്നക്കത്തിൽ എത്തിയിരിക്കുന്നു. മാനുഷികവികസന സൂചിക പ്രകാരം സാക്ഷരതാനിരക്ക്, ശിശുമരണ നിരക്ക്, ആയുര്ദൈര്ഘ്യനിരക്ക് എന്നിവയിൽ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒരുപാട് മുന്നിലാണ്.
അടിസ്ഥാനപ്രശ്നം സാമ്പത്തിക വിവേചനം
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ കാണിക്കുന്ന സാമ്പത്തിക വിവേചനം രാജ്യത്തെ ധനകാര്യ ഫെഡറലിസത്തിന്മേലുള്ള കടന്നുകയറ്റമാണ്. കേന്ദ്രത്തിലേക്ക് നികുതിയായി അടയ്ക്കുന്ന ഓരോ രൂപയ്ക്കും ഉത്തർപ്രദേശിന് 2.2 രൂപയും ബിഹാറിന് 6.6 രൂപയും ലഭിക്കുമ്പോൾ, തെലുങ്കാനയ്ക്ക് 42 പൈസ മാത്രമേ തിരികെ ലഭിക്കുന്നുള്ളൂ എന്നതിൽനിന്ന് അവഗണന പ്രകടമാണെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിക്കുന്നു. കേരളത്തിനാകട്ടെ 49 പൈസയേ തിരികെ ലഭിക്കുന്നുള്ളൂ. കടമെടുപ്പു പരിധി ചൂണ്ടിക്കാണിച്ച് കടം എടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കേരളവും വാദിക്കുന്നു.
ജിഎസ്ടി നഷ്ടപരിഹാരത്തിലെ കാലതാമസം, ദേശീയ ജിഡിപിയിൽ 30 ശതമാനത്തിലധികം ദക്ഷിണേന്ത്യയുടെ സംഭാവന ഉണ്ടായിരുന്നിട്ടും നികുതിവിഹിതത്തിലെ അനുപാതം 21.07 ശതമാനത്തിൽനിന്നു 15.8 ശതമാനമായി വെട്ടിക്കുറച്ച പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ തീരുമാനം തുടങ്ങിയവ ശക്തമായ വിമർശനത്തിനു കാരണമായിട്ടുണ്ട്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ 41 ശതമാനം കേന്ദ്രവിഹിതം ശിപാർശ ചെയ്തെങ്കിലും സംസ്ഥാനങ്ങൾക്ക് യഥാർഥത്തിൽ ലഭിച്ചത് 31.42 ശതമാനം മാത്രമാണെന്നും പതിനാറാം ധനകാര്യ കമ്മീഷൻ ഇത് 50 ശതമാനമായി ഉയർത്തണമെന്നും കേരളമുൾപ്പെടെ ആവശ്യപ്പെടുന്നു. കേന്ദ്രനികുതിയുടെ വികേന്ദ്രീകരണം നിർണയിക്കുന്നതിൽ 2011ലെ ജനസംഖ്യാ കണക്കുകൾ ഉപയോഗിക്കുന്നതു ജനസംഖ്യാ വളർച്ച വിജയകരമായി നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് ഉപയോഗിക്കുന്നു എന്ന പൊതുവികാരമാണുള്ളത്.
ഭാഷായുദ്ധം
പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചു തമിഴ്നാട് സര്‍ക്കാരാണ് കേന്ദ്രസര്‍ക്കാരിനെതിരേ ഭാഷായുദ്ധത്തിന് തുടക്കമിട്ടത്. ഹിന്ദി അടിച്ചേൽപ്പിച്ചതിന്റെ ഫലമായി ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകൾ നശിച്ചുവെന്നും ദക്ഷിണേന്ത്യയിൽ അത് അനുവദിക്കില്ലെന്നുമുള്ള കടുത്ത നിലപാടിലാണ് തമിഴ്നാട്. ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനത്ത് നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്രസർക്കാർ പദ്ധതിയായ സമഗ്രശിക്ഷാ അഭിയാനു നൽകിവരുന്ന 2,000 കോടി രൂപ തടഞ്ഞുവയ്ക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഭീഷണിപ്പെടുത്തിയെന്നു പരാതിപ്പെട്ട് സ്റ്റാലിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയിരുന്നു.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സിബിഎസ്ഇയുടെ കരടുപരീക്ഷാചട്ടം പുറത്തുവന്നതും വിവാദങ്ങൾക്കു കാരണമായി. കരടുചട്ടത്തില്‍ പത്താംക്ലാസില്‍ പഠിക്കേണ്ട വിഷയങ്ങളില്‍ ഹിന്ദി നിർബന്ധിത ഭാഷയായി തുടരുകയും മലയാളം ഉൾപ്പെടെയുള്ള ചില പ്രാദേശികഭാഷകളെ ഒഴിവാക്കുകയും ചെയ്തിരുന്നു. 9, 10 ക്ലാസുകളിൽ 45 ഭാഷാവിഷയങ്ങളിൽനിന്നു രണ്ടു ഭാഷാവിഷയങ്ങൾ തെരഞ്ഞെടുക്കാനാണ് വിദ്യാർഥികൾക്ക് അവസരം നൽകുന്നത്. ഇതിൽനിന്നുമാണ് ചില പ്രാദേശികഭാഷകളെ ഒഴിവാക്കിയത്. ക്ലാസിക്കൽ പദവിയുള്ള 11 ഇന്ത്യൻ ഭാഷകളിലൊന്നാണ് മലയാളം. ഹിന്ദി ഈ ഗണത്തിൽ വരുന്നില്ല. പക്ഷേ, സിബിഎസ്ഇ സിലബസിൽ പുതിയ ഉപലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ദക്ഷിണേന്ത്യൻ ഭാഷകളായ മലയാളവും കന്നഡയും പുറത്തായി. ഹിന്ദി ഒന്നാം വിഷയമായി നിർബന്ധിത പട്ടികയിലുമായി.
ലോക്സഭാ മണ്ഡല പുനർനിർണയം പുതിയ തർക്കവിഷയം
2026ൽ നടത്താനിരിക്കുന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിച്ചതിനുശേഷം നിലവിലുള്ള 543 സീറ്റുകൾ ഗണ്യമായി ഉയരുമെന്നും സീറ്റുകൾ കൂടുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായതുകൊണ്ട് ഇതിന്റെ ഗുണഭോക്താവ് ബിജെപി മാത്രമായിരിക്കുമെന്നാണ് വിമർശനം. പുനർനിർണയത്തിനുള്ള മാനദണ്ഡം ജനസംഖ്യയായി പരിഗണിക്കുന്നതു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു തിരിച്ചടിയായി മാറും. ജനനനിരക്ക് കുറച്ചതിന്റെ മികവ് ദക്ഷിണേന്ത്യക്ക് ശിക്ഷയാവുകയാണ്.
ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരേ തമിഴ്നാട് നിയമസഭ ഇതിനോടകംതന്നെ പ്രമേയം പാസാക്കിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് ചെന്നൈയിൽ ചേർന്ന ബിജെപി ഇതര പാർട്ടി നേതാക്കളുടെ യോഗം ഡീലിമിറ്റേഷന്‍ 25 വർഷത്തേക്ക് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മെമ്മോറാണ്ടം സമർപ്പിക്കാന്‍ തീരുമാനിച്ചു. ഉത്തരേന്ത്യക്കും ദക്ഷിണേന്ത്യക്കുമിടയിലുള്ള ലോക്സഭാ സീറ്റുകളുടെ അനുപാതം നിലവിലെ രീതിയിൽ തുടരുമോ എന്നതാണ് കാതലായ വിഷയമെന്നാണു പ്രതിപക്ഷം പറയുന്നത്. നടക്കാനിരിക്കുന്ന ഡീലിമിറ്റേഷൻ പ്രക്രിയയെ തെക്കൻ സംസ്ഥാനങ്ങൾക്കുമേൽ തൂങ്ങിയാടുന്ന വാൾ എന്നാണ് സ്റ്റാലിൻ വിശേഷിപ്പിക്കുന്നത്. ബിജെപിക്ക് ഇതുവരെയും വലിയതോതിൽ വേരൂന്നാൻ കഴിയാത്ത മേഖലയാണ് ദക്ഷിണേന്ത്യ. അതുകൊണ്ട് തെക്കൻ സംസ്ഥാനങ്ങളുടെ ലോക്സഭാ പ്രാതിനിധ്യം കുറയ്ക്കാനാണ് ഡീലിമിറ്റേഷനിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രധാന വിമർശനം.