മാറി ചിന്തിക്കേണ്ട സമയം...
നിർദാക്ഷിണ്യം ഗുരുദക്ഷിണ -5 / ജോൺസൺ പൂവന്തുരുത്ത്
Tuesday, March 25, 2025 12:11 AM IST
ലഹരിസംഘങ്ങളും സാമൂഹ്യവിരുദ്ധരും സ്കൂൾ വളപ്പുകൾക്കു ചുറ്റും വട്ടമിട്ടു നടക്കുന്ന സാഹചര്യത്തിൽ അധ്യാപകർ അധ്യാപനത്തിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ എന്നതാണ് സ്ഥിതി. വിശാലമായ സ്കൂൾ കാന്പസിന്റെ മുക്കിനും മൂലയിലും കണ്ണെത്തണം.
ഒഴിഞ്ഞ മൂലകളിൽ കുട്ടികൾ അനാവശ്യമായി കൂട്ടംകൂടുന്നതും വൈകി ക്ലാസിൽ എത്തുന്നതും അനുവാദം കൂടാതെ പുറത്തുപോകുന്നതുമെല്ലാം സംശയത്തോടെ വീക്ഷിക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ സ്കൂൾ കാന്പസിലും പരിസരത്തും നിരീക്ഷണം നടത്തേണ്ടതും അനിഷ്ടമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അധ്യാപനം പോലെതന്നെ അധ്യാപകരുടെ ഒരു പ്രധാന ചുമതലയായി മാറിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ രക്ഷിതാക്കൾതന്നെ പിന്നീട് പരാതിപ്പെടും. സ്കൂളിന്റെ ഗേറ്റ് കടന്നുവന്നാൽ പിന്നെ കുട്ടികളുടെ ഉത്തരവാദിത്വം സ്കൂൾ അധികൃതർക്ക് ആണല്ലോ.
നേരേ പോലീസിൽ
അങ്ങനെ സ്കൂളിന്റെ ടോയ്ലറ്റ് പരിസരത്ത് അനാവശ്യമായി കൂട്ടംകൂടിയ വിദ്യാർഥികളോടു ക്ലാസുകളിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിൽ ഒരു അധ്യാപകനു വിനയായി മാറി. ക്ലാസുകളിലേക്കു പോകാൻ ആവശ്യപ്പെട്ടതോടെ ഒരു വിദ്യാർഥി അധ്യാപകനോടു കയർത്തു. പല പ്രാവശ്യം നിർദേശിച്ചിട്ടും അനുസരിക്കാതെ ധിക്കാരപൂർവം പെരുമാറിയതോടെ അധ്യാപകൻ കൈയിലിരുന്ന വടി ഉപയോഗിച്ച് ചെറിയൊരു അടി കൊടുത്തു. അനിഷ്ടം പ്രകടിപ്പിച്ചിട്ടാണെങ്കിലും അതോടെ വിദ്യാർഥി ക്ലാസിലേക്കു പോയി. നിസാരമായ സംഭവം അവിടെ തീർന്നെന്നു കരുതി. എന്നാൽ, ഏതാനും ദിവസം കഴിഞ്ഞപ്പോൾ പോലീസിൽനിന്നു വിളിയെത്തി. വിദ്യാർഥിയെ തല്ലിയതായി പരാതിയുണ്ടത്രേ. വിദ്യാർഥിക്കും രക്ഷിതാവിനും ഇങ്ങനെയൊരു പരാതിയുള്ളതായി അപ്പോഴാണ് സ്കൂൾ അധികൃതർ പോലും അറിയുന്നത്.
അതോടെ, പതിവുപോലെ ബാലസംരക്ഷണ സംവിധാനങ്ങളും നിക്ഷിപ്ത താത്പര്യക്കാരും സടകുടഞ്ഞെഴുന്നേറ്റു. പിന്നെ സ്കൂളിനെതിരേ ആരോപണങ്ങളും കോലാഹലങ്ങളുമായി കുറെപ്പേർ മാധ്യമങ്ങൾക്കു മുന്നിലും സോഷ്യൽ മീഡിയയിലുമെത്തി. സ്കൂളിന്റെയും കുട്ടികളുടെയും കാര്യത്തിനായി മാറ്റിവയ്ക്കേണ്ട സമയവും അധ്വാനവും നിരപരാധിത്വം തെളിയിക്കാനും നിയമപോരാട്ടം നടത്താനും ചെലവഴിക്കേണ്ട ദുര്യോഗത്തിലാണ് സ്കൂൾ അധികൃതർ. സ്കൂളിലെ അച്ചടക്കത്തിൽ ഒരു വീഴ്ചയും സംഭവിക്കരുതെന്നാണ് പൊതുവേ മാതാപിതാക്കളുടെ ആവശ്യം. എന്നാൽ, ആ അച്ചടക്കം പാലിക്കാൻ ഇതുപോലെ ഇത്തിരി കർശനമായ എന്തെങ്കിലും ഇടപെടൽ നടത്തേണ്ടിവന്നാൽ പിന്നെ പരാതിയായി, ബഹളമായി.
അപകടകരമായ സന്ദേശം
കുട്ടികളുടെ തെറ്റു തിരുത്തിക്കാനും അച്ചടക്കം നിലനിർത്താനും അധ്യാപകൻ കൈയിലൊരു ചൂരൽ കരുതുന്നതിൽ തെറ്റില്ലെന്നു ഹൈക്കോടതി പറഞ്ഞതിന്റെ പൊരുൾ മാതാപിതാക്കളും പൊതുസമൂഹവും ഉൾക്കൊള്ളുകയാണു വേണ്ടത്. നല്ല ഉദ്ദേശ്യത്തോടെ അധ്യാപകർ നടത്തുന്ന ഇടപെടലുകളെ തെരുവിലേക്കും കോടതിയിലേക്കും കൊണ്ടുപോകാതിരിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. ഒരു കുട്ടിയുടെ തെറ്റു തിരുത്താൻ അധ്യാപകൻ നടത്തിയ ശരിയായ ഇടപെടലുകളെ രക്ഷിതാക്കൾ ചോദ്യംചെയ്യാൻ മുതിർന്നാൽ അത് ആ കുട്ടിയുടെ മനസിലേക്കു നൽകുന്ന സന്ദേശം എന്തായിരിക്കും? താൻ ചെയ്തതിൽ അത്ര വലിയ കുഴപ്പമൊന്നുമില്ല എന്ന ചിന്തയായിരിക്കും ആദ്യം കുട്ടിക്കുണ്ടാവുക. അധ്യാപകൻ മോശക്കാരനാണെന്നുള്ളതായിരിക്കും അടുത്ത ചിന്ത. തെറ്റ് ചെയ്താലും കുഴപ്പമില്ല, അതു മറച്ചുപിടിക്കാൻ മാതാപിതാക്കൾ ഒപ്പമുണ്ടാകുമെന്നതാണ് അവന്റെ മനസിൽ വേരുറപ്പിക്കാൻ പോകുന്ന അപകടകരമായ മറ്റൊരു ചിന്ത.
കുട്ടികളെ സംരക്ഷിക്കാനെന്ന പേരിൽ മാതാപിതാക്കൾ നടത്തുന്ന ഈ അമിതമായ ഇടപെടൽ യഥാർഥത്തിൽ കുട്ടിയുടെ സ്വഭാവരൂപീകരണം അപകടത്തിലാക്കുകയാണ്. ബാലരാമപുരം മേഖലയിൽ അടുത്ത കാലത്ത് രണ്ട് അധ്യാപകരാണ് കുട്ടികളെ അടിച്ചതിൽ നിയമപ്രശ്നം നേരിടുന്നത്. കേരളത്തിൽ എല്ലാ ജില്ലകളിലുംതന്നെ അധ്യാപകർക്കെതിരേ ഇത്തരം കേസുകളുണ്ട്. സംഘടനകളും രാഷ്ട്രീയക്കാരും ഇത്തരം കാര്യങ്ങളിൽ സംയമനം പാലിക്കുകയും അനാവശ്യമായ ഇടപെടൽ ഒഴിവാക്കുകയും ചെയ്യണം.
ആരാണ് മാറേണ്ടത്?
മറ്റൊരു സംഭവത്തിലും ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ ഇടപെടലുകൾ അധ്യാപകർക്കു തെല്ല് ആശ്വാസം പകരുന്നതാണ്. മിന്നൽ പരിശോധനയിലൂടെ കുട്ടിയുടെ ബാഗിൽനിന്നു മൊബൈൽ ഫോണ് കണ്ടെടുത്ത പ്രിൻസിപ്പലിനെ ഹൈക്കോടതി അഭിനന്ദിച്ചു. ഫോണിൽ അശ്ലീല വീഡിയോയും ചിത്രങ്ങളുമുണ്ടായിരുന്നു. കുട്ടിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ചയാൾക്കെതിരേ പ്രിൻസിപ്പൽ പോലീസിൽ പരാതി കൊടുത്തതിനെയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണൻ അഭിനന്ദിച്ചത്. നീതിപീഠം പ്രകടിപ്പിക്കുന്ന ഈ കരുതലും മൂല്യബോധ്യവും നമ്മുടെ സർക്കാർ സംവിധാനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കുംകൂടി വ്യാപിച്ചാൽ വിദ്യാഭ്യാസ മേഖലയ്ക്കുതന്നെ അതു ഗുണകരമായിമാറും.
പരാതിയെന്നു കേട്ടാൽ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റിനെയും മുൻവിധിയോടെ പ്രതിയാക്കുന്നതും അവരെ പരമാവധി കഷ്ടപ്പെടുത്തുന്നതും പല ഉദ്യോഗസ്ഥർക്കും ബാലസംരക്ഷകർക്കും ഒരു ഹരമാണ്. തിരുവനന്തപുരത്തു വിദ്യാർഥിയുടെ പരാതിയിൽ സ്കൂൾ അധികൃതരുടെ ഭാഗം കേൾക്കാൻപോലും തയാറാകാതെയാണ് ഒരു ഉദ്യോഗസ്ഥൻ റിപ്പോർട്ട് തയാറാക്കിയത്. ഒടുവിൽ ഇതു റദ്ദാക്കി ശരിയായ അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രിക്ക് ഉത്തരവിടേണ്ടിവന്നു.
അധ്യാപകരെ അനാവശ്യമായി വേട്ടയാടുന്നതു നിർത്തിയാൽതന്നെ നമ്മുടെ കുട്ടികളെ ഇരകളാക്കി പുറംശക്തികൾ നടത്തുന്ന പല ഇടപെടലുകളും ഫലപ്രദമായി തടയാനാകുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ കാര്യത്തിൽ ഇടപെട്ട് എന്തിന് സ്വന്തം ജീവിതം താറുമാറാക്കണം എന്ന ചിന്തയാണ് സമീപകാല ദുരനുഭവങ്ങൾ അധ്യാപകർക്കു സമ്മാനിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങളുടെയും നാടിന്റെയും ഭാവിക്ക് അതൊട്ടും ഭൂഷണമല്ല. ആത്മവിശ്വാസത്തോടെ അധ്യാപകർ അവരുടെ ദൗത്യം നിറവേറ്റട്ടെ, അതിനായി നമുക്ക് അവർക്കൊപ്പം നിൽക്കാം.കാരണം, ഒരു കെട്ടിടസമുച്ചയം നിർമിക്കുന്നതിനേക്കാൾ പത്തിരട്ടി ശ്രദ്ധയോടെ ചെയ്യേണ്ടതാണ് ഒരു വ്യക്തിയെ പടുത്തുയർത്തൽ.
ശിക്ഷയല്ല വേണ്ടത്, ശിക്ഷണം
കുട്ടികൾക്കു ശിക്ഷയല്ല ശിക്ഷണമാണ് നൽകേണ്ടത്. കുട്ടികളുടെ തെറ്റുതിരുത്താനും നേർവഴി കാണിച്ചുകൊടുക്കാനും ഉതകുന്ന രീതിയിലുള്ള ശിക്ഷണം. തന്നെ തിരുത്തിയതിൽ തെറ്റില്ലെന്ന് കുട്ടിക്കുതന്നെ പിന്നീട് ബോധ്യംവരുന്ന രീതിയിലായിരിക്കണം ഈ ഇടപെടൽ. വിദ്യാർഥികളെ അമിതമായി തല്ലുന്നവരും വ്യക്തിജീവിതത്തിലെ സംഘർഷങ്ങളുടെ രോഷം മുഴുവൻ കുട്ടികളുടെമേൽ തീർക്കുന്നവരുമായ ചുരുക്കം ചിലർ അധ്യാപകരിലും കണ്ടേക്കാം. അത്തരക്കാരോട് അധ്യാപകസമൂഹം പോലും യോജിക്കില്ല. എന്നാൽ, ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എല്ലാ അധ്യാപകരെയും പ്രതിക്കൂട്ടിലാക്കുന്നതും ഉചിതമല്ല.
(അവസാനിച്ചു)