ലിബറൽ ആശയങ്ങൾ സമൂഹനാശത്തിന്
ഡോ. ഹിമ സുബിൻ കൂനംതടത്തിൽ
Tuesday, March 25, 2025 12:07 AM IST
‘തന്ത വൈബ്’ ആണു കഴിഞ്ഞവർഷം മലയാളഭാഷയിലുണ്ടായ ‘വൈബ്’. പുതിയ കാലത്തിനനുസരിച്ചു മാറാത്ത ആശയങ്ങളും പുരോഗമനമായി ചിന്തിക്കാത്തവരുമാണ് ‘തന്തവൈബി’നു കീഴിൽ വരുന്നത്. ലിബറൽ ആശയങ്ങളെയാണ് പുരോഗമനപരമെന്ന് വിശേഷിപ്പിക്കുന്നത്.
അമിത വ്യക്തിസ്വാതന്ത്ര്യം നശീകരണത്തിലേക്കുള്ള വാതിൽ
വ്യക്തിസ്വാതന്ത്ര്യത്തിനു പ്രാധാന്യം നൽകുന്നതാണ് പുരോഗമന ലിബറൽ ആശയങ്ങൾ. പാശ്ചാത്യസംസ്കാരത്തിന്റെ ഭാഗമായാണിത് ഉടലെടുത്തത്. വ്യക്തികൾക്കു തങ്ങളുടെ ജീവിതം ഇഷ്ടംപോലെ ക്രമപ്പെടുത്താൻ സാധിക്കുന്ന വ്യവസ്ഥയാണ് ഉദ്ദേശിക്കുന്നത്. “എന്റെ ജീവിതം എന്റെ ഇഷ്ടം” എന്നതാണ് ലൈൻ. ഇതിന്റെ അനുരണനങ്ങളാണ് സ്വവർഗവിവാഹം, കുടുംബജീവിതത്തോടുള്ള എതിർപ്പ്, മതാനുഷ്ഠാനങ്ങളോടുള്ള വിരോധം, ലഹരി ഉപയോഗം തുടങ്ങിയവ.
യൂറോപ്പിന്റെ നാശം പാഠമാകണം
രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് ലിബറൽ ആശയങ്ങളെ കൈനീട്ടി സ്വീകരിച്ചു. പ്രധാന യൂറോപ്യൻ രാജ്യങ്ങളെല്ലാം വ്യക്തിസ്വാതന്ത്ര്യത്തിനു മാത്രം ഊന്നൽ നൽകിയ നിയമനിർമാണങ്ങൾ ഉണ്ടായി. ഇതിൽ ആദ്യകാലത്ത് സൃഷ്ടിച്ച ആശയങ്ങൾ പുരോഗമനപരമായിരുന്നെങ്കിലും പിന്നീടിത് ധാർമികതയുടെ അതിർവരമ്പുകൾ ലംഘിച്ചു.
താന്തോന്നികളായ യൂറോപ്യൻ തലമുറകൾ ഭൂരിഭാഗവും ലഹരി ഉപയോഗത്തിലേക്കും ലൈംഗിക അരാജകത്വത്തിലേക്കും നടന്നുനീങ്ങി. ഇതിനിടയിൽ തകർന്നുപോയത് യൂറോപ്പിന്റെ കുടുംബവ്യവസ്ഥിതിയാണ്. ഈ ലിബറൽ ആശയങ്ങൾ യൂറോപ്പിലും ലോകത്ത് ഒട്ടാകെയും പ്രചരിപ്പിക്കാൻ മുൻകൈയെടുത്തത് യൂറോപ്പിലെ സ്വതന്ത്രചിന്തയുള്ള നേതാക്കളും കോടീശ്വരന്മാരുമാണ്. അതിൽ മുൻപന്തിയിൽ നിന്നത് ജോർജ് സോറോസും.
സോറോസിന്റെ സാഹസങ്ങൾ
താൻ ചിന്തിക്കുന്ന ലിബറൽ ആശയങ്ങൾ മറ്റുള്ളവരും പിന്തുടരണമെന്ന പിടിവാശിക്കാരനാണ് ശതകോടീശ്വരനായ ജോർജ് സോറോസ്. ഇതിനായി ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ എന്ന ട്രസ്റ്റ് രൂപീകരിക്കുകയും തന്റെ സ്വത്ത് ഇതിനായി മാറ്റിവയ്ക്കുകയും ചെയ്തു. ഈ സംഘടനവഴി ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള വലതുപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ പണം ഇറക്കിക്കൊണ്ടിരുന്നു. അധികാരത്തിൽ വന്ന സ്വതന്ത്ര ചിന്താഗതിയുള്ള സർക്കാരുകളിലൂടെ തന്റെ ലിബറൽ ആശയങ്ങൾ ലോകം മുഴുവൻ വളർത്താൻ ഒരു പരിധിവരെ അദ്ദേഹത്തിനും കൂട്ടർക്കും സാധിച്ചു. വ്യക്തികേന്ദ്രീകൃതമായ ലിബറൽ ആശയങ്ങളാണ് പുരോഗമനപരമെന്ന് അവരുടെ സ്വധീനവലയത്തിൽപ്പെട്ട മാധ്യമങ്ങൾ പലവട്ടം ഉരുവിട്ട് ഗീബൽസിയൻ തന്ത്രം നടപ്പാക്കി.
ഭൂരിഭാഗം മാധ്യമങ്ങളും പിന്താങ്ങിയ ലിബറൽ ആശയങ്ങളാണു ശരിയെന്ന് ന്യൂജൻ തലമുറ തെറ്റിദ്ധരിച്ചു. ഇതിനെതിരേ പാശ്ചാത്യലോകത്തുതന്നെ തിരുത്തൽശക്തികൾ ഉയർന്നുവരുന്നു.
കുടുംബബന്ധങ്ങളെ മുറുകെപ്പിടിക്കാം
കുടുംബബന്ധങ്ങളിൽ ഊന്നിയുള്ളതാണ് ഭാരത സംസ്കാരം. ഇതിലേക്ക് അനാവശ്യ കൈകടത്തലുകൾ നടത്തുന്നത് നാശം സൃഷ്ടിക്കും. കുട്ടികളെ ശാസിക്കുന്ന മാതാപിതാക്കളെയും അധ്യാപകരെയും ബാലാവകാശത്തിന്റെ പേരിൽ ശിക്ഷിക്കുന്നത് എന്ത് പുരോഗമനമായാലും തടയേണ്ടതാണ്. അമിതവും അനാവശ്യവുമായ വ്യക്തിസ്വാതന്ത്ര്യം യാതൊരു നിയന്ത്രണവുമില്ലാത്ത തലമുറയെ സൃഷ്ടിക്കും.
ധാർമികമൂല്യങ്ങളിൽ ഊന്നിയുള്ള കുടുംബബന്ധത്തെ അടിസ്ഥാനപ്പെടുത്തിയ പുരോഗമനസമൂഹമാണ് സൃഷ്ടിക്കപ്പെടേണ്ടത്. അത്തരം സമൂഹം മാത്രമായിരിക്കും ആത്യന്തികമായി നിലനിൽക്കുക. എല്ലാം പഴഞ്ചനല്ലെന്നും ചിലത് ആത്യന്തികമാണെന്നും നമ്മുടെ യുവതലമുറയെ ബോധവത്കരിക്കണം. പാശ്ചാത്യ സംസ്കാരത്തിന്റെ പൊള്ളത്തരങ്ങൾ പറഞ്ഞു മനസിലാക്കണം. പാശ്ചാത്യ ലിബറൽ ആശയങ്ങൾ ഒളിച്ചുകടത്തുന്ന മാധ്യമതന്ത്രങ്ങളെ ചെറുത്തുതോല്പിക്കണം.
(കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള കാസർഗോഡ് സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ്
റിസർച്ച് ഇൻസ്റ്റ്യൂട്ടിൽ ശാസ്ത്രജ്ഞയാണ് ലേഖിക)