ദൈവസ്നേഹത്തിൻ കരംപിടിച്ച്...
റിച്ചാര്‍ഡ് ജോസഫ്
Monday, March 24, 2025 1:35 AM IST
ലഭിച്ച അനുഗ്രങ്ങളൊക്കെയും അജഗണങ്ങളുടെ നന്മയ്ക്കായി മാത്രം വിനിയോഗിക്കുന്ന ഇടയശ്രേഷ്ഠന്. അങ്ങനെ വിശേഷിപ്പിക്കാം, നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി നാളെ അഭിഷേകം ചെയ്യപ്പെടുന്ന ഡോ. ഡി. സെല്‍വരാജനെ. പിന്നിട്ട ജീവിതവഴികളില്‍ തന്റേതായ ശൈലിയിലൂടെ വിശ്വാസ സമൂഹത്തോടൊപ്പം നടന്ന അദ്ദേഹം ദൈവം തന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയാണ്, തന്റെ പുതിയ നിയോഗത്തിലേക്കു കടക്കുമ്പോള്‍ കാരുണ്യത്തോടെ അജഗണങ്ങളെ നയിക്കാന്‍ അനുഗ്രഹം നല്‍കണമേയെന്നു പ്രാര്‍ഥിക്കുകയാണ്...നാലു പതിറ്റാണ്ടോളം നീണ്ട വൈദിക ജീവിതത്തിലെ മുഹൂര്‍ത്തങ്ങള്‍ ദീപികയുമായി മനസു തുറക്കുകയാണ് ഡോ. ഡി. സെല്വരാജന്.
അനുകമ്പയുടെ ശുശ്രൂഷ
അനുകമ്പയോടെ ശുശ്രൂഷിക്കാന്‍ എന്ന മോട്ടോയാണ് താന്‍ സ്വീകരിച്ചിരിക്കുന്നത്. ഈ മോട്ടോയില്‍ കൂടെ ആയിരിക്കുന്ന യേശുവിനെയാണ് ഞാന്‍ കാണുന്നത്. അനുഗ്രഹത്തിന്റെ ഈ നിമിഷത്തില്‍ മത്തായിയുടെ സുവിശേഷം 14:14 ആണ് എന്റെ മനസിലുള്ളത്. യേശുവിന് ജനാവലിയെ കണ്ടപ്പോള്‍ അനുകമ്പ തോന്നി എന്നാണ് ബൈബിളില്‍ പറയുന്നത്. അജഗണങ്ങള്‍ക്കൊപ്പം നില്ക്കുക, അവരെ കേള്‍ക്കുക, പ്രോത്സാഹിപ്പിക്കുക, ഒപ്പം നടക്കുക എന്നിവയൊക്കെയാണ് ആ അനുകമ്പയില്‍ അടങ്ങിയിരിക്കുന്നത്.
പുതിയ നിയോഗം
പത്താനാവിള സെന്റ് ജോസഫ്സ് ചര്‍ച്ചില്‍ ചാര്‍ജെടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് വത്തിക്കാനില്‍നിന്നു പുതിയ നിയോഗത്തിന്റെ സന്ദേശം എത്തുന്നത്. ഇടവക വികാരി എന്ന നിലയില്‍ 32 വര്‍ഷത്തോളം സേവനം ചെയ്യുന്നതിനു ദൈവം അനുഗ്രഹിച്ചു.
പുതുതായി ഏല്‍പ്പിക്കുന്ന ചുമതല, ഇത് വളരെ വ്യത്യസ്തമായ ഒരു പദവിയാണ്. നല്ല ഘടനയില്‍ പോകുന്ന രൂപതയാണ് നെയ്യാറ്റിന്‍കര. അതിന്റെ തുടര്‍ച്ചയാണ് എന്നെ ഏല്പിക്കുന്ന ചുമതല. സഹായ മെത്രാനെന്ന നിലയില്‍ വിന്‍സന്റ സാമുവല്‍ പിതാവിനെ സഹായിക്കുന്നതിനാണ് പുതിയ നിയോഗം. നല്ല ഉത്തരവാദിത്വം നിറഞ്ഞ ചുമതലയാണ്. ദൈവത്തില്‍ ആശ്രയിച്ച് എല്ലാം ചെയ്യുന്നതിന് ആഗ്രഹിക്കുന്നു. രൂപതയ്ക്ക് നല്ലൊരു വൈദിക സമൂഹമുണ്ട്. സന്യസ്ഥര്‍, നല്ല വിശ്വാസമുള്ള ഒരു ദൈവജനം, ഇവരുടെയെല്ലാം വലിയ പിന്തുണയോടെ മുന്നോട്ടു പോകാനാകുമെന്നാണ് പ്രതീക്ഷ. അതിനുള്ള നല്ല ഒരു അടിത്തറ വിന്‍സന്റ് സാമുവല്‍ പിതാവ് ഇട്ടിട്ടുണ്ട്. എങ്കിലും ദൈവത്തിന്റെ ഒരു കരുതലും അനുഗ്രഹവും ഉണ്ടെങ്കില്‍ മാത്രമേ എല്ലാം സാധിക്കൂ.
വിശ്വാസ ജീവിതം
നല്ല വിശ്വാസ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. വ്ലാത്താങ്കര സ്വര്ഗാരോപിത മാതായാണ് മാതാപിതാക്കളുടെ ഇടവക. അതില്‍നിന്നു പിന്നീട് രൂപീകരിച്ചതാണ് വലിയവിള ക്രൈസ്റ്റ് ദ കിംഗ് ഇടവക. ഇപ്പോള്‍ ഞാന്‍ വലിയവിള ഇടവകാംഗമാണ്. ആ ഇടവകയ്ക്കു പാരമ്പര്യമുണ്ട്. വിദേശ മിഷണറിമാരുടെ ഓത്തിരിയേറെ ശുശ്രൂഷകള്‍ ഏറ്റുവാങ്ങിയ ഒരു ഇടവകയാണ്. മോണ്‍. മാനുവല്‍ അന്പുടയോനില് നിന്നുമാണ് ഞാന്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്.
കൊച്ചുനാള്‍ മുതല്‍ ഞങ്ങളെല്ലാവരും ദേവാലയ കാര്യങ്ങളില്‍ സജീവമായി പങ്കെടുക്കുമായിരുന്നു. ഒരു കര്‍ഷക കുടുംബമായിരുന്നു ഞങ്ങളുടെത്. ചെറിയ സാമ്പത്തിക ചുറ്റുപാടിലും എല്ലാവരും വിശ്വാസം മുറുകെപ്പിടിച്ചു. ഞങ്ങള്‍ ആറുമക്കളാണ്. മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരും. അതില്‍ രണ്ടാമനാണ് ഞാന്‍.
ഡോണ്‍ ബോസ്കോയുടെ പുസ്തകം
എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം! ആ കാലഘട്ടത്തിലാണ് ഞങ്ങളുടെ അടുത്തുള്ള തോമസ് സാര്‍ ഡോണ്‍ ബോസ്കോയുടെ ഒരു പുസ്തകം എനിക്കു വായിക്കാന്‍ തരുന്നത്. പാവപ്പെട്ട കുഞ്ഞുങ്ങളോട് അദ്ദേഹത്തിനുള്ള സ്നേഹവും നന്മയുമെല്ലാം അടുത്തറിയുന്നതിന് ആ പുസ്തകത്തിലൂടെ സാധിച്ചു. കുട്ടിക്കാലത്ത് മനസില്‍ ആഴത്തില്‍ പതിഞ്ഞ ഒന്നാണ് ആ പുസ്തകം.
അക്കാലത്ത് ഞങ്ങളുടെ ഇടവകയില്‍ സേവനം അനുഷ്ഠിച്ചിരുന്നത് ഫാ. ജോര്‍ജ് ഡാലിവിളയായിരുന്നു. വലിയ ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം ഒരു കൈത്തറി യൂണിറ്റ് സ്ഥാപിച്ച് നിരവധി പേര്‍ക്കു ജോലി നല്കി. അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന കുട്ടിക്കാലത്ത് ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ വികാരിയായിരിക്കുമ്പോഴാണ് ഞാന്‍ സെമിനാരിയില്‍ ചേർന്നത്.1978 ജൂണ്‍ 11നാണ് ഞാന്‍ പാളയത്തെ സെന്റ് വിന്‍സെന്റ്സ് മൈനര്‍ സെമിനാരിയിൽ ചേർന്നത്. പിന്നീട് മേജര്‍ സെമിനാരി പഠനത്തിനായി ആലുവ കര്മലഗിരിയിലേക്കു പോയി. 1987 ഡിസംബര്‍ 23നാണ് സ്വന്തം ഇടവകയായ ക്രൈസ്ററ്റ് ദ കിംഗ് ഇടവകയില്‍ ബിഷപ് ജേക്കബ് അച്ചാരുപറമ്പിലില്നിന്നു പൗരോഹിത്യം സ്വീകരിച്ചത്.
ബെൽജിയൻ മിഷനറിമാരുടെ പ്രവര്‍ത്തനം കൊണ്ട് ഏറെ മഹത്വവത്കരിക്കപ്പെട്ട മുതിയാവിള സെന്റ് ആൽബര്‍ട്സ് പള്ളിയിലായിരുന്നു ആദ്യ നിയമനം ലഭിച്ചത്. ആറു വര്‍ഷത്തോളം അവിടെ സേവനമനുഷ്ഠിക്കുന്നതിനു സാധിച്ചു. നെയ്യാറ്റിന്‍കര രൂപതയിലെ പ്രഥമ ദൈവദാസന് ഫാ. അദെയോദാത്തൂസ് ഒസിഡി ആ പള്ളിയില്‍ വികാരിയായിരുന്നു. അദ്ദേഹത്തെ ദൈവദാസനായി ഉയര്‍ത്തുന്ന നടപടിക്രമങ്ങളുടെ എപ്പിസ്കോപ്പല്‍ ഡെലഗേറ്റായി നാലുവര്‍ഷത്തോളം സേവനമനുഷ്ഠിക്കാനായത് എന്നും നല്ല ഓര്‍മയായി മനസില്‍ സൂക്ഷിക്കുന്നു.മുതിയാവവിളയില് സേവനം അനുഷ്ഠിച്ചിരുന്ന സമയത്ത് മദ്യവിമോചനം പോലുള്ള വിഷയങ്ങളില്‍ വൈദികര്‍ മുന്നിട്ടിറങ്ങിയാല്‍ ജനങ്ങള്‍ അത് ഏറ്റെടുക്കുമെന്നു മനസിലാക്കാന്‍ സാധിച്ചു. ചന്ദ്രമംഗലം മദ്യപരില്ലാത്ത ഇടവകയായി പ്രഖ്യാപിക്കുന്നതിന് അക്കാലത്ത് സാധിച്ചു.
മദ്യപാനികളെ പുനരധിവസിപ്പിക്കുന്നതിനുള്ള സൗകര്യവും അന്ന് ഒരുക്കിയിരുന്നു. തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്ബിഷപ്പായിരുന്നു ഡോ. എം. സൂസപാക്യമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ പ്രോത്സാഹനവും നല്‍കിയത്. അജപാലന ശുശ്രൂഷ സാമൂഹ്യ പ്രവര്‍ത്തനങ്ങളോടു ചേര്‍ന്നു പോകണം എന്ന ചിന്ത അന്നാണ് മനസില്‍ രൂപപ്പെട്ടത്. വിശ്വാസത്തിന്റെ തലത്തല്‍ മാത്രമല്ല, ജനങ്ങളുടെ സാമൂഹ്യമായ വിഷയങ്ങളിലും ഇടപെടണം എന്ന ബോധ്യം എനിക്കു ലഭിച്ചതും ആ കാലഘട്ടത്തിലാണ്.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ അജപാലന ശുശ്രൂഷാ രംഗത്ത് നിരവധി മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നതിന് ഡോ. ഡി. സെല്വരാജനു സാധിച്ചിട്ടുണ്ട്.
ദൈവത്തിന്റെ അനുഗ്രങ്ങള്‍ നന്ദിയോടെ ഓര്‍ക്കുമ്പോള്‍ പുതിയ ഉത്തരവാദിത്വം സേവനത്തിനുള്ള അവസരമായാണ് അദ്ദേഹം കാണുന്നത്. കരുണ, സ്നേഹം, എളിമ എന്നിവയില്‍ ഊന്നിയുള്ള ഒരു വിശ്വാസ ജിവിതമാണ് ഡോ. ഡി. സെല്വരാജന് പിന്തുടര്‍ന്നുവരുന്നത്.