വന്യജീവി സംരക്ഷണ നിയമം ജനവിരുദ്ധത പരിഹരിക്കണം
ഡീൻ കുര്യാക്കോസ്
Monday, March 24, 2025 12:56 AM IST
2023ലെ ഇന്ത്യൻ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം വന വിസ്തൃതിയുടെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. വനസംരക്ഷണത്തിൽ വലിയ പ്രതിബദ്ധത കാണിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. എന്നാൽ, ഇതിനു പകരം നൽകേണ്ടത് സ്വന്തം ജീവനാണെന്ന കാര്യം അങ്ങേയറ്റം നിർഭാഗ്യകരമാണ്.
2016 മുതൽ 2025 ജനുവരി വരെ ജനവാസ മേഖലയിലെ വന്യജീവി ആക്രമണങ്ങളിൽ ഏകദേശം 1,000 മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. ആരാണ് ഇതിനുത്തരവാദി? ഇവരുടെ ജീവനും സ്വത്തിനും ആര് സംരക്ഷണം നൽകും? കേന്ദ്രമോ അതോ സംസ്ഥാനമോ?
വന്യമൃഗങ്ങൾ സംരക്ഷിക്കപ്പെടണമെന്നതിൽ എതിരഭിപ്രായമില്ല പക്ഷേ, അത് വനത്തിലാകണമെന്നുമാത്രം. സ്വന്തം ആവാസവ്യവസ്ഥയിൽനിന്ന് പുറത്തു കടന്നു ജനവാസ മേഖലയിലെത്തി മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന മൃഗങ്ങളെ കൊല്ലാൻ അനുവദിക്കണം. ഇതിനായി നിലവിലെ വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം കൊണ്ടുവരണം. ഒപ്പം സംസ്ഥാന സർക്കാരിന്റെ ആത്മാർഥമായ ഇടപെടലും ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥരുമുണ്ടെങ്കിൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ. നിർഭാഗ്യവശാൽ ഇതിനു പകരം പരസ്പരം പഴിചാരുന്ന പ്രവണതയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിച്ചുവരുന്നത്.
രാജ്യത്ത് ഏറ്റവുമധികം വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ടൈഗർ റിസർവും സംരക്ഷിത വനവുമുള്ള ലോക്സഭാ മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ മാത്രമല്ല, വന്യജീവി ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരെ ചെറുപ്പം മുതൽ നേരിട്ടുകണ്ടിട്ടുള്ള ഒരു പൊതുപ്രവർത്തകനെന്ന നിലയിലും ഈ വിഷയം ഈ മാസമുൾപ്പെടെ സഭയ്ക്കകത്തും പുറത്തും നിരവധി തവണ ഉന്നയിക്കുകയുണ്ടായി. നടപ്പ് പാർലമെന്റ് സമ്മേളനത്തിലുൾപ്പെടെ പലപ്രാവശ്യം ശൂന്യ വേളയിലും ചട്ടം 377 പ്രകാരവും മറ്റു ചർച്ചാസമയങ്ങളിലും ജനങ്ങളുടെ ആശങ്കകൾ കേന്ദ്ര സർക്കാരിന്റെ മുന്നിൽ എത്തിക്കാൻ ആത്മാർഥമായ ശ്രമങ്ങളാണ് നടത്തിയത്.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി നിർദേശിച്ചു. വനാതിർത്തി കടന്ന് കാർഷിക മേഖലയിൽ എത്തിച്ചേരുന്ന മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകണമെന്ന് നിർദേശിച്ചും ഇരകളാകുന്ന മനുഷ്യർക്ക് അർഹമായ നഷ്ടപരിഹാരം നിയമപരമായി ഉറപ്പാക്കുന്നതിനുവേണ്ടി യും രണ്ടു സ്വകാര്യ ബില്ലുകളാണ് ലേഖകന് ലോക്സഭയിൽ അവതരിപ്പിച്ചത്. വന്യജീവി സംരക്ഷണ ഭേദഗതി ബിൽ, വനസംരക്ഷണ ഭേദഗതി നിയമം എന്നിവയിൽ പങ്കെടുത്തു മലയോര ജനങ്ങളുടെ പ്രശ്നങ്ങൾ സഭയ്ക്ക് മുൻപിൽ അവതരിപ്പിക്കുകയും ചെയ്തു.
1972ലെ വന്യജീവി സംരക്ഷണ നിയമമാണ് പ്രശ്നപരിഹാരത്തിന് പ്രധാന തടസമെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ, ഇതിൽ കഴമ്പില്ലെന്നും മേല്പറഞ്ഞ നിയമത്തിലെ വ്യവസ്ഥകൾ സംസ്ഥാനം ഫലപ്രദമായി ഉപയോഗിക്കാത്തതാണ് പ്രശ്നമെന്നുമാണ് കേന്ദ്രം പറയുന്നത്. ഇതിനിടയിൽ ജുഡീഷൽ ആക്ടിവിസം സൃഷ്ടിക്കുന്ന തടസങ്ങളും കണ്ടില്ലെന്നു നടിക്കാനാവില്ല. വയനാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ കൊല്ലാനോ പിടികൂടാനോ ജില്ലാ കളക്ടർക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധിയും അരിക്കൊമ്പനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളുമെല്ലാം അടുത്തകാലത്ത് നാം കണ്ടതാണ്. എങ്കിലും 11-ാം വകുപ്പിന്റെ സാധ്യതകൾ കോടതിതന്നെ സൂചിപ്പിക്കുന്നുമുണ്ട്. ലോക്സഭയിൽ വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് തന്ന മറുപടിയിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
11-ാം വകുപ്പ് ദുർബലമോ?
1972ലെ വന്യജീവി സംരക്ഷണനിയമത്തിലെ 11-ാം വകുപ്പിലെ 1-ാം ഉപവകുപ്പ് (എ) പ്രകാരം ഒന്നാം പട്ടികയിലുള്ള ഏതെങ്കിലും വന്യമൃഗം മനുഷ്യ ജീവന് അപകടകാരിയാവുകയാണെങ്കിൽ, ആ മൃഗത്തെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം. എന്നാൽ, പിടികൂടാനോ മയക്കാനോ മറ്റൊരു സ്ഥലത്ത് മാറ്റിപ്പാർപ്പിക്കാനോ സാധിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ മേല്പറഞ്ഞ കൊല്ലാനുള്ള ഉത്തരവ് വാർഡന് ഇടാനാകൂ. ഇവിടെ വിവേചനാധികാരത്തിന്റെ ഒരു വലിയ സാധ്യത നിയമം മുന്നോട്ടുവയ്ക്കുന്നു. അതുകൊണ്ടുതന്നെ വലിയ രാഷ്ട്രീയ സമ്മർദമുണ്ടെങ്കിൽ മാത്രമേ മേല്പറഞ്ഞ വിവേചനാധികാരം ഉപയോഗിക്കാൻ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥനായ ചീഫ് വൈൽഡ് ലൈഫ് വാർഡൻ തയാറാകാറുള്ളൂ.
സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനത്തിന് വിട്ടുകൊടുത്ത് കൈകഴുകുന്ന രീതിയായിരിക്കും മിക്കവാറും ഉപയോഗപ്പെടുത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ, നിയമത്തിൽ അധികാരം പറയുന്നുണ്ടെങ്കിലും അത് ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ സങ്കീർണമാണ്. കേന്ദ്ര സർക്കാർതന്നെ പുറപ്പെടുവിച്ച Standard Operating Procedure, Advisory to deal with human –wildlife conflict, ടൈഗർ കൺസർവേഷൻ അഥോറിറ്റി പ്രോജക്ട് എലിഫന്റ് പദ്ധതി തുടങ്ങിയവ പുറത്തിറക്കിയ വിവിധ ഗൈഡ്ലൈനുകൾ തുടങ്ങിയവ പലപ്പോഴും അടിയന്തരഘട്ടത്തിൽപോലും തീരുമാനങ്ങളെടുക്കുന്നതിനു തടസം നിൽക്കുന്നു.
ഇനി (ബി) എന്ന ഉപവകുപ്പിലേക്ക് വരാം. ഇവിടെ മനുഷ്യജീവന് വെല്ലുവിളി ഉയർത്തുന്നതിനു പുറമേ, കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നികൾ ഉൾപ്പെടെ രണ്ടാം പട്ടികയിലെ മൃഗങ്ങളെ ഒറ്റയ്ക്കോ കൂട്ടത്തെയോ വകവരുത്താൻ സർക്കാർ നിയോഗിക്കുന്ന ഓണററി വൈൽഡ് ലൈഫ് വാർഡൻമാർക്ക് സാധിക്കുമെങ്കിലും നൂലാമാലകൾ നിരവധിയാണ്.
മറ്റൊരു പ്രധാന പ്രശ്നം 2022ലെ വന്യജീവി സംരക്ഷണ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടതാണ്. ഇത് പ്രകാരം വന്യജീവി പട്ടികയുടെ എണ്ണം ആറിൽനിന്ന് നാലായി കുറച്ചു. അഞ്ചാം പട്ടികയിലുണ്ടായിരുന്ന വെർമിനുകൾ ഇല്ലാതായി. അതോടെ കുറുക്കൻ, കുറുനരി, വവ്വാൽ, പെരുച്ചാഴി, കാക്ക എന്നിവയെ വേട്ടയാടാനോ കൊല്ലാനോ ഇനി സാധിക്കില്ല. മാത്രമല്ല ഏറ്റവും അധികം കൃഷിനാശമുണ്ടാക്കുന്ന കുരങ്ങുകളെ പട്ടിക ഒന്നിൽ ഉൾപ്പെടുത്തിയതിനാൽ അവയെ കൊല്ലുകയോ കെണിയിൽപെടുത്തുകയോ ചെയ്യുന്നത് വലിയ കുറ്റമായി മാറി. സെക്ഷൻ 34ലെ ഭേദഗതി പ്രകാരം, ഒരു വന്യജീവി സങ്കേതത്തിന്റെ പത്ത് കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന ആർക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനെയോ അംഗീകൃത ഉദ്യോഗസ്ഥനെയോ അറിയിക്കാതെ 1959ലെ ആയുധ നിയമപ്രകാരമുള്ള തോക്ക് ലൈസൻസ് പുതുക്കാനാകില്ല. ചുരുക്കി പറഞ്ഞാൽ ഈ ഭേദഗതി നിയമത്തിലെ പല വ്യവസ്ഥകളും ജനവിരുദ്ധമാണ്.
നിബന്ധനകളില്ലാതെ കാട്ടുപന്നികളെ വേട്ടയാടാനുള്ള അനുവാദമെങ്കിലും ജനങ്ങൾക്ക് നൽകാൻ സർക്കാർ തയാറാകണം. ഇവയെ വേട്ടയാടുന്നതിൽ യാതൊരു പരിസ്ഥിതി പ്രശ്നങ്ങളുമില്ലെന്ന് എല്ലാ ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും നമ്മുടെ രാജ്യത്ത് ഇതിനു അനുമതിയില്ല. 1972ലെ നിയമം ഭേദഗതി ചെയ്യാനോ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി കണക്കാക്കനോ പട്ടിക ഒന്നിലുള്ള കുരങ്ങുകളെ പട്ടിക രണ്ടിലേക്ക് മാറ്റാനോ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ലേഖകനുൾപ്പെടെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞിരുന്നു.
ലോകത്ത് എല്ലാ രാജ്യങ്ങളിലും ആവാസവ്യവസ്ഥയ്ക്കു താങ്ങാനാകുന്നതിലും അപ്പുറത്തേക്ക് പെരുകുന്ന വന്യമൃഗങ്ങളെ നിയന്ത്രിതമായി വേട്ടയാടാൻ അനുവദിക്കാറുണ്ട്. അമേരിക്ക, കാനഡ, ഫ്രാൻസ്, സ്വീഡൻ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത് നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയിലും ഇത് നടപ്പിലാക്കണം. ഒരു കാലത്തു വന്യജീവി സംരക്ഷണം അനിവാര്യമായിരുന്നു. ആ ഘട്ടത്തിൽ തയാറാക്കിയ നിയമത്തിന് അഞ്ചു പതിറ്റാണ്ടു കഴിഞ്ഞിട്ടും മാറ്റം വരുത്താത്തത് അംഗീകരിക്കാനാവില്ല. മാത്രവുമല്ല മുമ്പൊരു കാലത്തും ഉണ്ടായിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനം പരിഗണിക്കപ്പെടേണ്ട പ്രശ്നമാണ്. വന്യജീവികളുടെ എണ്ണവും പെരുകി. ഒപ്പം വന്യജീവി ആക്രമണങ്ങളും ക്രമാതീതമായി വർധിച്ചു.
കേരള സർക്കാർ തിരുത്തലുകൾക്ക് തയാറാകണം
വനവും വന്യജീവികളും ഭരണഘടനയുടെ സമാവർത്തി പട്ടികയിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ കേന്ദ്ര നിയമങ്ങളാണ് ഇവിടെ പ്രാബല്യം എന്ന വാദം അംഗീകരിക്കുമ്പോൾ തന്നെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വത്തിൽനിന്ന് സംസ്ഥാനത്തിന് എങ്ങിനെ ഒഴിഞ്ഞുമാറാനാകും? വനത്തിനു പുറത്തെത്തി നാശം വിതയ്ക്കുന്ന വന്യജീവികളെ പ്രതിരോധിക്കാൻ വന്യജീവി സംരക്ഷണ നിയമത്തിൽ 11 (2) വകുപ്പ് ഫലപ്രദമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും തയാറാവണം.
വന്യജീവികളെ അതിന്റെ ആവാസവ്യവസ്ഥയിൽ നിലനിർത്തുന്നതിനും പ്രജനനം നിയന്ത്രിക്കുന്നതിനും പലപ്പോഴും പ്രായോഗിക ഇടപെടലുകൾ വേണ്ടിവരും. കോടിക്കണക്കിന് രൂപ വനം വകുപ്പ് വർഷംതോറും ചെലവഴിക്കുന്നുണ്ടെങ്കിലും ഒന്നും ഫലത്തിലെത്തുന്നില്ല എന്നതാണ് വസ്തുത. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും വളരെ മുന്നിലാണുതാനും.
മൃഗങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ വനത്തിനുള്ളിൽതന്നെ ഒരുക്കിക്കൊടുക്കുകയാണെങ്കിൽ ഇവ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ഒരു പരിധിവരെ തടയാനാകും. പക്ഷേ, ഇതിനൊന്നും കേരളത്തിലെ വനംവകുപ്പിന് സമയമില്ല. അധിനിവേശ സസ്യങ്ങളായ സെന്ന, യൂക്കാലി, ഗ്രാന്റിസ് എന്നിവ വനത്തിനുള്ളിൽ വച്ചുപിടിപ്പിച്ചതാണ് വനത്തിനുള്ളിലെ ആവാസവ്യവസ്ഥ നഷ്ടപ്പെടാൻ പ്രധാന കാരണം. ജനങ്ങളെ പരമാവധി ദ്രോഹിക്കുക എന്നതാണ് അവരുടെ പ്രധാന അജണ്ട.
16,845 കിലോമീറ്റർ വനാതിർത്തിയുള്ള കേരളത്തിൽ ആകെയുള്ളത് 124 ഫോറസ്റ്റ് സ്റ്റേഷനുകളും 3,825 വനപാലകരും മാത്രമാണ്. ഇവരിൽതന്നെ തോക്കുപയോഗിക്കാൻ അറിയാവുന്നവർ വളരെ കുറവും. അതിനാൽ സംസ്ഥാനത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെക്കൊണ്ടുമാത്രം വന്യമൃഗങ്ങളെ നേരിടാനാവില്ല. അതിനാൽ അധികാരം പോലീസിനും പ്രാദേശിക ഭരണകൂടത്തിനുംകൂടി നൽകണം. ഇതിനു വേണ്ടിവന്നാൽ സംസ്ഥാനം നിയമനിർമാണം നടത്തണം. അതിജീവനത്തിനായുള്ള പോരാട്ടം നടത്തുന്ന മലയോര ജനതയെ സഹായിക്കാൻ കപട പരിസ്ഥിതിവാദക്കാരെ പിന്തുണയ്ക്കുന്ന നടപടികളിൽനിന്നു പുറത്തുവരാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും തയാറാകണം.