ഭീഷണി, ലഹരി, പ്രാണഭയം!
ജോൺസൺ പൂവന്തുരുത്ത്
Monday, March 24, 2025 12:53 AM IST
“പുറത്തേക്ക് ഇറങ്ങിയാൽ സാറിന്റെ പള്ളയ്ക്കു കത്തികയറ്റും. ഇവിടെ ഞാൻ നല്ലതുപോലെ ഇരിക്കും. സ്കൂളിനു പുറത്തിറങ്ങിയാൽ പള്ളയ്ക്കു കത്തികയറ്റിയിട്ടേ ഞാൻ പോകൂ. എനിക്ക് അങ്ങനെയൊരു സ്വഭാവമുണ്ട് സാറേ. നിങ്ങൾ കുറെ വീഡിയോ എടുക്കുകയോ എന്തു തേങ്ങയെങ്കിലും കാണിക്ക്. എന്നെ ഇതിന്റെ ഉള്ളിലിട്ട് മെന്റലി ഹരാസ് ചെയ്തു.
വീഡിയോ എടുത്തു. സാറിനെയൊക്കെ പുറത്തുകിട്ടിയാൽ തീർക്കും ഞാൻ. കൊന്നിടും എന്നു പറഞ്ഞാൽ കൊന്നിടും. എന്റെ ഫോണ് കൊണ്ടാ...” -ഇതു കേൾക്കുന്പോൾ ഏതെങ്കിലും റൗഡിയോ ക്വട്ടേഷൻസംഘമോ സ്കൂളിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തതായിരിക്കാമെന്നാണ് പലർക്കും തോന്നുക. എന്നാൽ, സ്കൂളിൽ താമസിച്ചുവന്ന ഒരു വിദ്യാർഥിയെ അധ്യാപകർ പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിച്ചപ്പോഴുള്ള സീനാണിത്.

താമസിച്ചതിന്റെ കാരണം ബോധിപ്പിക്കാൻ പ്രിൻസിപ്പലിന്റെ മുറിയിൽ വിദ്യാർഥിയെ എത്തിച്ചു സംസാരിക്കുന്നതിനിടെ, വിദ്യാർഥിയുടെ പോക്കറ്റിൽ കിടന്ന സ്മാർട്ട് ഫോണ് ബെല്ലടിച്ചു. സ്കൂളിൽ മൊബൈൽ ഫോണ് കൊണ്ടുവരുന്നതിനു വിലക്കുള്ളതിനാൽ അധ്യാപകർ ഫോണ് വാങ്ങിവച്ചു. ഇതോടെ പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുറിയിൽവച്ച് അധ്യാപകർക്കുനേരേ ഉയർത്തിയ ഭീഷണിയാണിത്.
താൻ പറയുന്നതും ചെയ്യുന്നതും കാമറയിൽ പതിയുന്നുണ്ടെന്ന ബോധ്യത്തോടെ തന്നെയായിരുന്നു വിദ്യാർഥിയുടെ വെല്ലുവിളി. പാലക്കാട്ടെ ഒരു ഹയർ സെക്കൻഡറി സ്കൂളിൽനിന്നു കഴിഞ്ഞ ജനുവരിയിൽ പുറത്തുവന്ന ഈ ദൃശ്യങ്ങൾ ഉൾക്കിടിലത്തോടെയാണ് കേരളം കണ്ടത്.
ലഹരിസംഘങ്ങൾ
സന്തോഷത്തോടെയും സമാധാനത്തോടെയും ജോലി ചെയ്യാമല്ലോ എന്നു കരുതിയാണ് പലരും അധ്യാപകവൃത്തി തെരഞ്ഞെടുക്കുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതു വഴി പൊതുസമൂഹത്തിൽനിന്നു കിട്ടുന്ന മതിപ്പും ബഹുമാനവും മറ്റൊരു പ്രചോദനം. കുട്ടികളിൽനിന്നു ലഭിക്കുന്ന സ്നേഹത്തിനും ആദരവിനും വലിയ വില കല്പിക്കുന്നവരാണ് ബഹുഭൂരിപക്ഷം അധ്യാപകരും. എന്നാൽ, സമീപകാലത്ത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷം മാറിമറിഞ്ഞ് സമാധാനപരമെന്നു കരുതിയിരുന്ന സ്കൂൾ അന്തരീക്ഷത്തെയും അധ്യാപകവൃത്തിയെയുംപോലും സംഘർഷഭരിതമാക്കിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം.
കൗമാരതലമുറയിലടക്കം ലഹരിമാഫിയ പിടിമുറുക്കിത്തുടങ്ങിയതോടെ സൗഹാർദപരമായ സ്കൂൾ അന്തരീക്ഷം പോലും പിരിമുറുക്കമുള്ളതായി മാറുന്നു. ലഹരിമാഫിയയുമായി ബന്ധമുള്ള കുട്ടിസംഘങ്ങൾ ഇന്നു പല സ്കൂളുകളിലുമുണ്ട്. തങ്ങളുടെ പ്രവർത്തനങ്ങൾക്കും ഇടപാടുകൾക്കും തടസം നിൽക്കുന്നത് അധ്യാപകർ ആണെങ്കിൽപോലും കായികമായി കൈകാര്യം ചെയ്യാൻ തുനിയുന്ന സംഭവങ്ങളും കുറവല്ല. ഈ വിദ്യാർഥികൾക്കു പുറത്തുനിന്നുള്ള ക്രിമിനൽ, ലഹരി സംഘങ്ങളുടെ പിന്തുണയുമുണ്ട്. തങ്ങളുടെ ഏറ്റവും കടുത്ത എതിരാളികളായിട്ടാണ് അധ്യാപകരെ ലഹരിസംഘങ്ങൾ കാണുന്നത്.
ഭീഷണി വകവയ്ക്കാതെ
പ്രാണഭയത്തോടെ മാത്രമേ ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യാൻ കഴിയൂയെന്ന് അധ്യാപകർ പറയുന്നു. എണ്ണത്തിൽ കുറഞ്ഞ പുരുഷ അധ്യാപകരാണ് പലപ്പോഴും സ്കൂളുകളിൽ ഇത്തരം കുട്ടികളെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെടുന്നത്. ലഹരി ഉപയോഗിച്ച് സ്കൂളിലെത്തുന്ന വിദ്യാർഥികളും ലഹരിവസ്തുക്കൾ സ്കൂളുകളിൽ കൊണ്ടുവന്ന് മറ്റു കുട്ടികൾക്കു വിതരണം ചെയ്ത് അവരെക്കൂടി ലഹരിവലയിൽ വീഴ്ത്താൻ ശ്രമിക്കുന്നവരുമുണ്ട്. ഇതൊക്കെ നിരീക്ഷിക്കാനും തടയാനും ശ്രമിക്കുന്നതോടെ പ്രശ്നമാകും.
സംശയകരമായ സാഹചര്യത്തിൽ കാണപ്പെടുന്ന വിദ്യാർഥികളെ ചിലപ്പോൾ ചോദ്യം ചെയ്യേണ്ടിവരും, അവരുടെ പോക്കറ്റുകളും ബാഗുകളുമൊക്കെ പരിശോധിക്കേണ്ടി വരും. ഇന്നത്തെ സാഹചര്യത്തിൽ ഇതു സാഹസികമായ ഒരു ദൗത്യമാണെന്ന് അധ്യാപകർ പറയുന്നു. എന്നിട്ടും ഭീഷണിയൊന്നും വകവയ്ക്കാതെ നിരവധി അധ്യാപകർ കുട്ടികളെ നേർവഴിക്കു നടത്താൻ ശ്രമിക്കുന്നുണ്ട്. അതിനിടയിലാണ് നിസാര കാര്യങ്ങൾ പൊലിപ്പിച്ചു പരാതികളും പ്രക്ഷോഭങ്ങളുമാക്കി പലരും അധ്യാപകരെ വേട്ടയാടുന്നത്. അധ്യാപകസമൂഹം നിർവീര്യമാക്കപ്പെട്ടാൽ അതിന്റെ തിരിച്ചടി നേരിടേണ്ടി വരുന്നത് വിദ്യാർഥി സമൂഹം തന്നെയായിരിക്കുമെന്നതാണ് യാഥാർഥ്യം.
കസേരയും സ്ക്രൂ ഡ്രൈവറും
എറണാകുളത്ത് ഒരു അധ്യാപകൻ, തന്റെ ബാഗു പരിശോധിച്ചു കഞ്ചാവ് കണ്ടെടുത്തതിന് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചാണ് ഒരു വിദ്യാർഥി മറുപടി നൽകിയത്. സ്ക്രൂ ഡ്രൈവർ കൊണ്ടുള്ള കുത്തേറ്റ് അധ്യാപകന്റെ ഷർട്ട് കീറി. ഭാഗ്യത്തിനു ഗുരുതരമായ മുറിവേറ്റില്ലെന്നു മാത്രം. സ്കൂളിൽ ലഹരിവസ്തുക്കൾ കൊണ്ടുവരുന്നതു കർശനമായി വിലക്കിയതിന്റെ പേരിൽ സ്കൂട്ടറിൽ പോകുന്പോൾ ലഹരിസംഘം തടഞ്ഞു ഭീഷണിപ്പെടുത്തിയതിന്റെ കഥയാണ് മറ്റൊരു അധ്യാപകനു പറയാനുള്ളത്.
പുതിയ സ്കൂളിൽ അച്ചടക്ക കാര്യങ്ങളിൽ അല്പം ശ്രദ്ധിച്ചതോടെ ഒരു ദിവസം ഒരു ഹയർ സെക്കൻഡറി വിദ്യാർഥി നേരേ മുന്നിലെത്തി. “സാർ എന്നെപ്പറ്റി പഴയ സ്കൂളിൽ ഒന്ന് അന്വേഷിച്ചേക്ക്”- എന്നു പറഞ്ഞിട്ട് നടന്നുപോയി. “ഞാനെന്തിനു നിന്നെപ്പറ്റി അന്വേഷിക്കണം”- എന്നു മറുപടി പറഞ്ഞിട്ട് സാറും കടന്നുപോയി. അടുത്ത ദിവസം അവൻ വീണ്ടുമെത്തി. “സാർ എന്നെപ്പറ്റി അന്വേഷിച്ചോ”- എന്നു ചോദിച്ചു. ഇതോടെ അധ്യാപകൻ അവൻ നേരത്തേ പഠിച്ചിരുന്ന സ്കൂളിൽ ഒന്നന്വേഷിച്ചുകളയാമെന്നു തീരുമാനിച്ചു.
അന്വേഷണത്തിൽ അറിഞ്ഞ കാര്യം കേട്ട് അധ്യാപകൻ ഞെട്ടിപ്പോയി. ആദ്യ സ്കൂളിൽ പ്രശ്നമുണ്ടാക്കിയിട്ട് അവൻ ഒരു അധ്യാപകന്റെ തലയ്ക്ക് കസേര എടുത്ത് അടിച്ചിരുന്നു. തലയിൽ തുന്നലുകളുമായി അധ്യാപകൻ ആഴ്ചകളോളം ആശുപത്രിയിൽ കിടന്നു. തനിക്ക് ഇങ്ങനെയൊരു പൂർവചരിത്രമുണ്ടെന്നും അതുകൊണ്ട് വലിയ അച്ചടക്ക പരിപാടിയൊന്നും തന്നോടു വേണ്ടെന്നും പറയാതെ പറയുകയായിരുന്നു ഈ വിദ്യാർഥി.
ക്ഷമിച്ചും സഹിച്ചും
ഇത്തരം മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടാകുന്പോഴും കുട്ടികളല്ലേയെന്നു കരുതി കാര്യമായ പരാതിക്കു പോകാതെ ക്ഷമിച്ചും സഹിച്ചും സ്കൂളിൽതന്നെ സംസാരിച്ചു തീർക്കുകയാണ് അധ്യാപകരിൽ മിക്കവരും ചെയ്യാറുള്ളത്. എന്നാൽ, ഇതുപോലെ പ്രശ്നക്കാരനായ വിദ്യാർഥി അധ്യാപകനെതിരേ എന്തെങ്കിലും പരാതി പറഞ്ഞാൽ, ഉടനെ അതിനു പിന്തുണ കൊടുക്കാനും നടപടിയെടുക്കാനുമായി അധികൃതരും ബാലാവകാശ പ്രവർത്തകരും ചൈൽഡ് ലൈനുമെല്ലാം ചാടിയിറങ്ങും. പരാതിയിൽ കഴന്പുണ്ടോയെന്ന് ഉറപ്പാക്കുന്നതിനേക്കാൾ നടപടിക്കു ധൃതികൂട്ടുന്ന രീതിയാണ് പലപ്പോഴും പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നു കാണാറുള്ളതെന്ന് അധ്യാപകർ പറയുന്നു.
പോക്സോ കേസിലടക്കം കുരുങ്ങിക്കിടക്കുന്ന നിരവധി അധ്യാപകരുണ്ട്. തെറ്റ് ചെയ്തവരാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ, നിസാര സംഭവങ്ങളുടെ പേരിൽ അധ്യാപകരെ വേട്ടയാടുന്നത് നല്ല പ്രവണതയല്ല. കുട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടണം എന്നതിൽ സംശയമില്ല. എന്നാൽ, അനാവശ്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ആവശ്യവും അനാവശ്യവും തിരിച്ചറിയപ്പെടുന്നില്ലെങ്കിൽ അതു സമൂഹത്തിനുതന്നെ ദോഷമായി മാറും.
(തുടരും)