ആർലേക്കറുടെയും നിർമലയുടെയും സ്നേഹം
അനന്തപുരി / ദ്വിജൻ
Sunday, March 23, 2025 12:38 AM IST
സിപിഎമ്മിൽ ഒരു വിലക്കുകളും ഇല്ലാത്ത നേതാവായി മാറുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ ‘രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ’ ബിജെപി നീക്കം ആരംഭിച്ചിരിക്കുന്നുവോ? ഈ മാസം 17ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ഡൽഹിയിലെ കേരളാ ഹൗസിൽ മുഖ്യമന്ത്രി ഒരുക്കിയ പ്രഭാതവിരുന്നും അതിൽ കേരളാ ഗവർണർ ആർലേക്കർ പങ്കെടുത്തതുമെല്ലാം ഇതിനുള്ള നീക്കങ്ങളല്ലേ? ഈ നീക്കങ്ങളിൽ ഇപ്പോൾ കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്ന നിഗൂഢതയുടെ അടയളമല്ലേ പിറ്റേന്ന് കേന്ദ്ര ധനമന്ത്രി കേരളത്തിൽ നടമാടുന്ന നോക്കുകൂലിയെക്കുറിച്ചും അതുമൂലം കേരളത്തിന്റെ വ്യവസായവത്കരണത്തിനുണ്ടാകുന്ന തിരിച്ചടികളെക്കുറിച്ചും രാജ്യസഭയിൽ സുദീർഘമായി പ്രസംഗിച്ചത്? അതോടെ പ്രഭാതവിരുന്നിനെ സംബന്ധിച്ച് രാഷ്ട്രീയ വിവാദം ഉണ്ടാക്കാൻ നോക്കിയവരെല്ലാം ഒരു ദിവസം മാത്രം ദീർഘിച്ച പുത്തൻ ബന്ധത്തെക്കുറിച്ചുള്ള പരിഹാസത്തിലായി.
പക്ഷേ, ശ്രദ്ധേയനായ സിപിഎമ്മിന്റെ എംപി ജോൺ ബ്രിട്ടാസ് അന്നു രാവിലെ രാജ്യസഭയിൽ കേന്ദ്ര ധനമന്ത്രിയെ പ്രശംസിച്ചിരുന്നു. എന്നാൽ, നോക്കുകൂലിയെക്കുറിച്ച് പ്രസംഗിച്ചപ്പോൾ കേരളത്തിലെ വ്യവസായമന്ത്രിയെ പ്രതിരോധിക്കാൻ അദ്ദേഹം ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് സിപിഐയുടെ സന്തോഷ് കുമാർ മാത്രം. ഇതിലൊക്കെ ഒരു കളിയില്ലേ?
തെന്നിന്ത്യ ഒന്നാകെ ഒരു വിഷയത്തിൽ കേന്ദ്രത്തിനെതിരേ തിരിയുകയാണ്. അപകടകരമായ ഒരു സൂചനയാണിത്. ലോക്സഭാ മണ്ഡലങ്ങൾ ജനസംഖ്യാനുപാതികമായി പുനർനിർണയം ചെയ്യാനുള്ള നീക്കത്തിൽ തെന്നിന്ത്യ ആകെ അസ്വസ്ഥമാണ്. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച നയം നടപ്പാക്കിയതുകൊണ്ട് തെക്കേ ഇന്ത്യയിൽ ജനം കുറഞ്ഞു. വടക്കേ ഇന്ത്യയിൽ നിയന്ത്രണം നടപ്പാക്കാത്തതുകൊണ്ട് ജനം കൂടുകയും ചെയ്തു. ഉദാഹരണം തമിഴ്നാടാണ്. 1971ൽ തമിഴ്നാട്ടിലും ബിഹാറിലും ജനസംഖ്യ ഒന്നുപോലെയായിരുന്നു. എന്നാൽ, 2024ൽ തമിഴ്നാടിന്റെ ഒന്നര ഇരട്ടിയായി ബിഹാറിലെ ജനം.
തെന്നിന്ത്യയില്ലാതെ വടക്കേ ഇന്ത്യക്ക് ഇന്ത്യ ഭരിക്കാനാവും എന്ന നിലയാണ് വരുന്നത്. 543 സീറ്റിൽ അംഗസംഖ്യ പരിമിതപ്പെടുത്തിക്കൊണ്ട് സീറ്റുകൾ പുനർവിഭജിച്ചാൽ 543ൽ വെറും 105 സീറ്റുകളാണ് തെക്കേ ഇന്ത്യയിൽ ഉണ്ടാവുക. 430ഓളം സീറ്റുകൾ വടക്കേ ഇന്ത്യയിലാവും. ഇനി പത്തു ലക്ഷം പേർക്ക് ഒരു പ്രതിനിധി എന്ന കണക്കിൽ 843 മണ്ഡലങ്ങൾ ഉണ്ടാക്കിയാൽ തെന്നിന്ത്യയിൽ ഉണ്ടാവുക 180 സീറ്റുകൾ, വടക്കേ ഇന്ത്യക്കോ 700ഓളം സീറ്റുകൾ!
നിയോജകമണ്ഡലം പുനഃസംഘടനയിൽ ആർഎസ്എസും ശക്തമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ മുഖപത്രമായ ഓർഗനൈസറിൽ എഴുതിയ മുഖപ്രസംഗത്തിൽ ഏറെ ജാഗ്രതയോടെ ചെയ്യേണ്ട കാര്യമാണിതെന്ന് സംഘടന വ്യക്തമാക്കി. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ ജനസംഖ്യാ നിയന്ത്രണം അവർക്കു ദോഷകരമാകരുതെന്ന് ഓർമിപ്പിച്ചു.
ബംഗാൾ, ബിഹാർ, ആസാം, ഉത്തരാഖണ്ഡ് എന്നീ അതിർത്തി സംസ്ഥാനങ്ങളിൽ അസ്വാഭാവിക ജനസംഖ്യാ വളർച്ചയുണ്ടെന്നും ചില മതവിഭാഗങ്ങൾ അധിവസിക്കുന്നിടത്ത് മാത്രം മണ്ഡലം കൂടരുതെന്നും ഓർഗനൈസർ മോദി സർക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അനധികൃത കുടിയേറ്റത്തിലൂടെ വന്ന മുസ്ലിംകളെയാണ് ഓർഗനൈസർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. മുസ്ലിം ജനസംഖ്യ ഉയരുന്നത് അസന്തുലിതാവസ്ഥയുണ്ടാക്കും.
ജനസംഖ്യാ വളർച്ച ഏതെങ്കിലും മതസമൂഹത്തെയോ പ്രദേശത്തെയോ ആനുപാതികമായി ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്നും ഓർഗനൈസർ ആവശ്യപ്പെട്ടു. ഇത് സാമൂഹിക-സാന്പത്തിക അസമത്വങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും ഇടയാക്കുമെന്ന് അവർ മുന്നറിയിപ്പു നൽകി. മമത ബാനർജിക്കു മുസ്ലിം കാർഡ് കളിക്കാനാകുന്നതും ദ്രാവിഡ പാർട്ടികൾക്ക് സനാതന ധർമത്തെ അധിക്ഷേപിക്കുന്നതിൽ അഭിമാനം കൊള്ളാൻ സാധിക്കുന്നതും ന്യൂനപക്ഷ വോട്ടിന്റെ ഏകീകരണം മൂലമാണെന്ന് ഓർഗനൈസർ കുറ്റപ്പെടുത്തി.
തെക്കേ ഇന്ത്യ-വടക്കേ ഇന്ത്യ എന്ന വികാരം ഒരു ആഭ്യന്തര സംഘർഷത്തിലേക്ക് നയിക്കത്തക്കവിധം ആപത്കരമായാണ് ശക്തിപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടിനിടെ തെന്നിന്ത്യയിൽനിന്നുണ്ടായത് ഒരു പ്രധാനമന്ത്രിയാണ്; ദേവഗൗഡ. പ്രധാനമന്ത്രി വടക്കേ ഇന്ത്യക്കാരനാകുന്പോൾ രാഷ്ട്രപതി തെക്കേ ഇന്ത്യക്കാരനാവുക എന്ന ചിന്തയും ഇപ്പോഴില്ല. അതെല്ലാം വലിയ വിഷയങ്ങളായി പരിണമിക്കാവുന്നവയാണ്. എതിർപ്പിന്റെ അലയൊലികൾ ഉയർന്നുകഴിഞ്ഞു. ലോക്സഭാ മണ്ഡലങ്ങളുടെ ഡിലിമിറ്റേഷനെതിരേ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്നലെ ഇന്ത്യയിലെ 29 രാഷ്ട്രീയ പാർട്ടികളുടെയും ഏഴ് മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു. സംയുക്ത കർമസമതി ഉണ്ടാക്കുകയാണ് ലക്ഷ്യം.
ഭാഷാപ്രശ്നത്തിൽ തമിഴ്നാട് ആഗ്രഹിക്കുന്ന ഐക്യം ഉണ്ടായില്ലെങ്കിലും ലോക്സഭയിലെ സീറ്റ് വിഷയത്തിൽ സ്റ്റാലിനെ പിടിക്കാനാവില്ലെന്ന് മോദിക്കറിയാം. അദ്ദേഹം ശരിക്കും ബിജെപി വിരുദ്ധതയും കേന്ദ്രവിരുദ്ധതയും കളിച്ച് വോട്ടാക്കുകയാണ്. ഈ പ്രതിസന്ധി തരണം ചെയ്യാൻ പിണറായിയെ ഉപയോഗിക്കാമോ എന്നാവും ബിജെപിയുടെ ആലോചന.
ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണിയെ 2024ലെ തെരഞ്ഞെടുപ്പിൽ പരമാവാധി ദുർബലമാക്കാൻ ബിജെപി പലരെയും ഉപയോഗിച്ചു. ബംഗാളിലെ മമത, കേരളത്തിലെ പിണറായി, ഡൽഹിയിലെ കേജരിവാൾ തുടങ്ങിയവർ ബിജെപിയേക്കാൾ എതിർത്തത് കോണ്‍ഗ്രസിനെയാണ്. ഹരിയാനയിലും പഞ്ചാബിലും കോണ്‍ഗ്രസ് തോറ്റതിനും ബിജെപി നില മെച്ചപ്പെടുത്തിയതിനും കേജരിവാൾ വഹിച്ച പങ്ക് ആരാണ് മറക്കുക.
അവസാനം ഡൽഹിയിൽ ഈ നയം മൂലം തോറ്റുതൊപ്പിയിട്ടു. ഇപ്പോൾ രൂപംകൊള്ളുന്ന നീക്കത്തിലെ സുത്രധാരന്മാരിൽ ഒരാളായ പിണറായിയെ ട്രോജൻ കുതിരയാക്കാനാകുമോ എന്നാണ് അവരുടെ നോട്ടം. പിണറായിക്ക് ഒരു വലിയ ലക്ഷ്യവും കുറെ ചെറിയ ലക്ഷ്യങ്ങളുമുണ്ട്. 2026ലെ തെരഞ്ഞെടുപ്പിൽ മൂന്നാമൂഴം പിടിക്കുക എന്നത് വലിയ ലക്ഷ്യം. കെ റെയിൽപോലുള്ള സ്വപ്നപദ്ധതികൾക്ക് അംഗീകാരം നേടണം. പിണറായിക്കെതിരായ നിരവധി കേസുകൾ കേന്ദ്രത്തിന്റെ കൈകളിലുണ്ട്.
സുപ്രീംകോടതി 40 തവണയിലേറെ മാറ്റിവച്ച ലാവ്ലിൻ കേസ്, സ്വർണക്കടത്ത് കേസിലടക്കം നടക്കുന്ന ഇഡി അന്വേഷണം, പിണറായിയുടെ മകൾക്കെതിരായി നടക്കുന്ന സീരിയസ് ഫ്രോഡ് അന്വേഷണം. വിജയന് കേന്ദ്രസഹായംകൊണ്ട് വ്യക്തിപരമായും ഭരണപരമായും പലതും നേടാനുണ്ട്. പിണറായി വളരെ സൂക്ഷിച്ചു കളിക്കുന്നവനായതുകൊണ്ട് എന്തു ചെയ്യുമെന്ന് ആർക്കും തിട്ടമില്ല. യുദ്ധത്തിലും പ്രണയത്തിലും എന്നപോലെ രാഷ്ട്രീയത്തിൽ പിണറായിക്കു പിണറായിയുടെ നിയമങ്ങളാണ്. അതിലൂടെ എങ്ങനെ ജേതാവാകാമെന്ന് തെളിയിച്ചവനുമാണ് അദ്ദേഹം.
സർവതന്ത്ര സ്വതന്ത്രൻ
കൊല്ലത്തു നടന്ന 24-ാമത് സിപിഎം സംസ്ഥാന സമ്മേളനത്തോടെ 1998ൽ കേരളത്തിലെ സിപിഎമ്മിൽ ആരംഭിച്ച പിണറായി യുഗം പിണറായി എന്ന രാഷ്ട്രീയക്കാരനെയും ഭരണാധികാരിയെയും എല്ലാ നിയന്ത്രണങ്ങൾക്കും മുകളിലാക്കി. പാർട്ടി എന്നാൽ പിണറായി എന്നും പിണറായി എന്നാൽ പാർട്ടി എന്നും അടിവരയിട്ടുകൊണ്ടാണ് കൊല്ലം സമ്മേളനം പൂർത്തിയായത്. ഇനി ബാക്കി മധുരയിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് മാത്രം. അവിടെയും പാർട്ടി പിണറായിസത്തിന് സമർപ്പിച്ചുകൊണ്ട് എല്ലാവരും കൈയടിക്കാനാണ് സാധ്യത. ഒരിക്കൽ കീഴടക്കി വാണിരുന്ന ബംഗാളിലും ത്രിപുരയിലും അടക്കം ദേശീയതലത്തിൽ പിന്നോട്ടടിക്കുന്ന പാർട്ടിക്ക് കേരളത്തിലെങ്കിലും ഭരണം പിടിക്കേണ്ടത് ജീവന്മരണ പ്രശ്നമാണ്. അതിന് പിണറായി അല്ലാതെ വേറൊരാൾ പാർട്ടിക്കില്ല.
കേരള ഭരണം പിടിക്കുന്നതിനുവേണ്ടി എല്ലാ നിയന്ത്രണങ്ങളിൽനിന്നു പിണറായിയെ പാർട്ടി ഒഴിവാക്കുന്നു. ജനം ഇടതുമുന്നണിക്ക് വീണ്ടും ഭരണം കൊടുത്തില്ലെങ്കിൽ പിണറായിയുടെ ശത്രുക്കളെല്ലാം സടകുടഞ്ഞുണരും. പിന്നെ സംഭവിക്കുന്നത് എന്താവുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. അതുകൊണ്ട് പിണറായിയെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാകും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ്. അതിന് അദ്ദേഹം എല്ലാ ആയുധങ്ങളും പുറത്തെടുക്കും. അതിനുള്ള സാഹചര്യവും അധികാരവും പാർട്ടി നൽകിയിരിക്കുന്നു എന്നത് ഏതു പോരാട്ടത്തിലും അതിലെ ക്യാപ്റ്റനു ലഭിക്കാവുന്ന ഏറ്റവും നല്ല സാഹചര്യമാണ്.
വികസനരേഖ
കൊല്ലം സമ്മേളനം കഴിഞ്ഞതോടെ പിണറായിയുടെ നില കൂടുതൽ ശക്തമായി. ഇനി അദ്ദേഹം പറയുന്നതു മാത്രമാകും ഇടതുമുന്നണിക്ക് നിയമം. പാർട്ടി സമ്മേളനത്തിൽ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനേക്കാൾ പ്രധാനം സിഎം അവതരിപ്പിച്ച വികസന രേഖയായി. പഴയകാല കമ്യൂണിസ്റ്റുകാർക്ക് ചിന്തിക്കാനാവാത്ത കാര്യങ്ങളാണ് അതിലുള്ളത്. സ്വകാര്യ സർവകലാശാലകൾ, സ്വകാര്യ മുതലാളിമാരുമായി കൂട്ടായി പൊതുമേഖലാ സ്ഥാപനങ്ങൾ, സെസുകൾ തുടങ്ങി വലിയ വിപ്ലവകരമായ ആശയങ്ങളാണ് അദ്ദേഹം ആ രേഖയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഇതെല്ലാം കമ്യൂണിസമാണോ എന്നു ചോദിച്ചാൽ ആർക്കും തീർച്ചയില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ തുടങ്ങിയിരുന്നു ഇത്തരം നീക്കങ്ങൾ. സ്വാശ്രയ കേളജുകൾക്ക് അവർ ആഗ്രഹിക്കുന്നതിലും വലിയ ഫീസ് അനുവദിച്ചതടക്കം സ്വകാര്യ മേഖലയ്ക്ക് ഇഷ്ടപ്പെടുന്ന പലതും പിണറായി ചെയ്തു. മൂന്നാമൂഴത്തിനായി അദ്ദേഹം പുറത്തിറക്കുന്ന കാർഡുകൾ കാണാനിരിക്കുന്നതേയുള്ളൂ. കേന്ദ്രവുമായി ലൈനിലായി എന്നതാണ് ഒന്നാമത്തെ വിപ്ലവകരമായ മാറ്റം. കളികൾ ഇനിയും വരും. കാത്തിരിക്കുക.1987ലും 1996ലും ഭൂരിപക്ഷ വർഗീയത വോട്ടാക്കി ജയിച്ചവരാണ് സിപിഎമ്മുകാർ.
ഇന്ദിരാ യുഗം പോലെ...
പക്ഷേ ഒന്നുണ്ട്. ഇതോടെ സിപിഎമ്മിൽ പഴയകാല കോണ്‍ഗ്രസിലെ ഇന്ദിരാദിനങ്ങൾക്ക് കവാടം തുറന്നു. പാർട്ടി എന്നാൽ ഇന്ദിര എന്നും ഇന്ദിര എന്നാൽ പാർട്ടി എന്നും വാഴ്ത്തിപ്പാടിയിരുന്ന അക്കാലത്ത് അധികാരം നിലനിർത്താൻ ഇന്ദിര രാജ്യത്ത് അടിയന്തരാവസ്ഥവരെ പ്രഖ്യാപിച്ചു. അവർ അധികാരം പിടിച്ചെങ്കിലും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനമില്ലാതായി. കൂട്ടായി ആലോചിച്ച് തീരുമാനിക്കാനും ആ തീരുമാനം നടപ്പാക്കാനും കോണ്‍ഗ്രസിനു കഴിയാതെയായി. ഇന്ദിര പോയതോടെ അവർക്ക് ഇന്ദിരയുടെ കുടുംബത്തിലെ ആരെങ്കിലും ഇല്ലെങ്കിൽ ജീവിക്കാനാവാതെയായി.
കോണ്‍ഗ്രസിന്റെ സംഘടനാശക്തി നഷ്ടപ്പെട്ടത് കോണ്‍ഗ്രസിനു മാത്രമല്ല, ഇന്ത്യക്കാകെയും വലിയ ദുരന്തമായി. അന്ന് സ്തുതിപാടി മത്സരിച്ചവരും ഈ ദുരന്തത്തിന് ഉത്തരവാദികളാണെന്ന് ഇന്നത്തെ വാഴ്ത്തുപാട്ടുകാർ ഓർക്കണം. മോദി എന്ന ‘നവ ഇന്ദിര’ ഇന്ത്യയിൽ ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരിയായി മാറുന്നത് അതുകൊണ്ടാണ്. ഇന്നും സംഘടനാ സംവിധാനങ്ങളും തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കളും ഭിന്നാഭിപ്രായങ്ങളും സാധ്യമാകുന്ന സിപിഎം, കോണ്‍ഗ്രസു പോലായാൽ അവർക്കു മാത്രമല്ല നാടിനും ഇന്ത്യയിലെ ജനാധിപത്യത്തിനും വലിയ ദുരന്തമാകും.
1967 മുതൽ 1980 വരെ ഇന്ദിര കോണ്‍ഗ്രസിനെ അധികാരത്തിൽ നിലനിർത്തി. കോണ്‍ഗ്രസിനേക്കാൾ അവർ അധികാരത്തിൽ തുടർന്നു എന്നതാണ് സത്യം. അതാവും പിണറായിയുടെ കാര്യത്തിലും സംഭവിക്കുന്നത്. അതിലൂടെ അവർ കോണ്‍ഗ്രസ് സംഘടനയെ തകർത്തു. കോണ്‍ഗ്രസിൽ എല്ലാവരും വല്ലാത്ത മാനസിക അടിമത്തത്തിലായി. പാർട്ടി ഹൈക്കമാൻഡിനെ ഒന്നുമല്ലാതാക്കി. അവരെ കുറ്റപ്പെടുത്തുന്നവരുടെപോലും രാഷ്ട്രീയ മാതൃകയായി ഇന്ദിര മാറി. അതാണ് മോദി നടപ്പാക്കുന്നത്. കേരളത്തിലെ പിണറായി നടപ്പാക്കപ്പെടുന്നതിന് സിപിഎം സ്വയം വിട്ടുകൊടുക്കുന്നത്.