രക്ഷിക്കാൻ ശ്രമിച്ചതു ശിക്ഷയായി
നിർദാക്ഷിണ്യം ഗുരുദക്ഷിണ -3 / ജോൺസൺ പൂവന്തുരുത്ത്
Sunday, March 23, 2025 12:29 AM IST
“ഇപ്പ ശരിയാക്കിത്തരാം...” എന്ന മട്ടിലാണ് സ്കൂളുകളിലെ കൊച്ചുകൊച്ചു വിഷയങ്ങളിൽ പലപ്പോഴും പുറത്തുനിന്നുള്ള ഗ്രൂപ്പുകൾ കയറി ഇടപെടുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചു യാതൊരു ധാരണയും ഇല്ലാത്തവരാകും പലരും.
ഫലമോ, രാഷ്ട്രീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഇടപെട്ടു മുഴുവൻ വിവാദമാക്കും. ഒടുവിൽ നിരപരാധികളായ അധ്യാപകർപോലും പ്രതികളായി മാറും. നിക്ഷിപ്ത താത്പര്യക്കാരായ രാഷ്ട്രീയക്കാർ തന്നെയാണ് ഇങ്ങനെ പ്രശ്നം വഷളാക്കുന്നതിൽ മുൻപന്തിയിൽ. യാതൊരു പങ്കുമില്ലാത്ത കേസുകളിൽ പോലും രക്തസാക്ഷികളായി മാറിയ നിരവധി അധ്യാപകർ കേരളത്തിലുണ്ട്.
അനാവശ്യ ഇടപെടൽ
കുട്ടികൾ അറിഞ്ഞോ അറിയാതെയോ ഗുരുതരമായ ചില പ്രശ്നങ്ങളിലൊക്കെ ചെന്നു ചാടുന്നതു പലപ്പോഴും കണ്ടുപിടിക്കുന്നതും തിരിച്ചറിയുന്നതും അധ്യാപകരാണ്. തങ്ങൾ ചെയ്തതിന്റെയോ അകപ്പെട്ടതിന്റെയോ ഗൗരവമോ അപകടമോ ഒന്നും കുഞ്ഞുങ്ങൾക്കു മനസിലാകണമെന്നില്ല. ഇത്തിരി വഴക്കൊക്കെ പറഞ്ഞാലും പുത്രസഹജമായ വാത്സല്യത്തോടെ അധ്യാപകർ കുഞ്ഞുങ്ങളെ ആ കുഴപ്പത്തിൽനിന്നു രക്ഷപ്പെടുത്തുകയും മേലിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നു താക്കീതു നൽകുകയുമാണു പതിവ്.
ചില കുട്ടികൾ അതോടെ നന്നാവും. എന്നാൽ, പുറത്തുനിന്നുള്ള സംഘങ്ങൾ അനാവശ്യമായി ഇത്തരം കാര്യങ്ങളിൽ ഇടപെട്ടാൽ ചിലപ്പോൾ പിടിച്ചാൽ കിട്ടാത്ത വിവാദമായി അതു വളരും. അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് അധ്യാപകരും. ഇടപെട്ടാൽ തിരുത്താൻ കഴിയുന്ന പല സംഭവങ്ങളും കണ്മുന്നിൽ അരങ്ങേറുന്പോഴും അധ്യാപകരിൽ പലരും കണ്ടില്ലെന്നു നടിച്ചു കടന്നുപോകുന്നത് ഇത്തരം ദുരനുഭവങ്ങൾ മൂലമാണ്.
അതും കുറ്റമായി
ഗുരുതരമായ ഒരു കുഴപ്പം കാണിച്ച കുട്ടിയെ അവന്റെ ഭാവിയെ ദോഷകരമായി ബാധിക്കാത്ത രീതിയിൽ ആ പ്രശ്നത്തിൽനിന്നു രക്ഷിക്കാൻ ശ്രമിച്ചതാണ് മധ്യകേരളത്തിലെ ഒരു അധ്യാപകൻ ചെയ്ത കുറ്റം! അദ്ദേഹത്തെ നമുക്കു രാജേഷ് (യഥാർഥ പേരല്ല) എന്നു വിളിക്കാം. അദ്ദേഹത്തിനു വേണമെങ്കിൽ കൈയോടെ പോലീസിലോ മറ്റോ എല്പിക്കാമായിരുന്നു. അങ്ങനെ ചെയ്താൽ അവന്റെ ഭാവിക്കു ദോഷമാകുമെന്നു കണ്ടാണ് ആരുമറിയാതെ പരിഹരിക്കാൻ ശ്രമിച്ചത്. എന്നാൽ, പുറത്തുനിന്നുള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കം ഇടപെട്ടതോടെ തെറ്റ് ചെയ്ത വിദ്യാർഥി വാദിയും രാജേഷ് സാർ പ്രതിയുമായി. ജീവിതത്തിൽ ഒരിക്കലും ഒാർക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം ആയതിനാൽ മാധ്യമങ്ങൾക്കു മുന്നിൽ വരാനോ ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാനോപോലും ഈ അധ്യാപകനു താത്പര്യമില്ല.
കേസും പ്രക്ഷോഭവും നൂലാമാലകളുമായി രാജേഷ് സാറിന്റെ നിരവധി വർഷങ്ങൾ ഈ വിവാദം കവർന്നെടുത്തു. ജുവനൈൽ ബോർഡ്, ബാലാവകാശ കമ്മീഷൻ, ചൈൽഡ് ലൈൻ, പോലീസ് സ്റ്റേഷൻ അടക്കമുള്ള ഇടങ്ങളിൽ കയറിയിറങ്ങേണ്ടി വന്നത് നിരവധിത്തവണ. പല തലങ്ങളിൽനിന്നു പീഡനങ്ങളും മാനസിക സമ്മർദങ്ങളും ഏറ്റുവലഞ്ഞപ്പോൾ മനംമടുത്ത് ഒടുവിൽ, വിരമിക്കാൻ വർഷങ്ങൾ ഏറെ ബാക്കി നിൽക്കെ ജോലി അവസാനിപ്പിച്ച് രാജേഷ് സാർ സ്കൂളിന്റെ പടിയിറങ്ങി. പാറ പോലെയുള്ള മാനസങ്ങളേക്കാൾ ചതിക്കാത്ത മണ്ണാണ് സംതൃപ്തി നൽകുന്നതെന്നു ചിന്തിച്ച ആ മനുഷ്യൻ ഇഷ്ടപ്പെട്ട കൃഷികളൊക്കെ ചെയ്തു ജീവിക്കുന്നു.
അഴിയാത്ത കുരുക്ക്
പുതുതായി കടന്നുവന്ന ഒരു അധ്യാപികയോട് ഒരു വിദ്യാർഥി മോശമായി പെരുമാറിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. മേലധികാരികളുടെ നിർദേശത്തെത്തുടർന്ന് രാജേഷ് സാർ ഈ വിഷയം അന്വേഷിക്കുകയും വിദ്യാർഥിയെ കണ്ടെത്തുകയും ചെയ്തു. വിദ്യാർഥി കുറ്റവും സമ്മതിച്ചു. കുട്ടി ചെയ്ത തെറ്റ് രക്ഷാകർത്താവിനും ബോധ്യപ്പെട്ടു. അവന്റെ ഭാവിയെ കരുതി, ആരുമറിയേണ്ടെന്നും ഇനി ആവർത്തിക്കാതിരുന്നാൽ മതിയെന്നും രാജേഷ് സാർ പറഞ്ഞു.
എല്ലാം സമ്മതിച്ച് അവനും രക്ഷിതാവും മടങ്ങി. ഒരു വിദ്യാർഥിയെ വലിയൊരു കുഴപ്പത്തിൽനിന്നു രക്ഷിച്ചതിന്റെ സംതൃപ്തിയിലായിരുന്നു അധ്യാപകൻ. എന്നാൽ, വീട്ടിലെ സംസാരത്തിനിടെ വിവരം കുട്ടിയുടെ ചില ബന്ധുക്കൾ അറിയാൻ ഇടവന്നതോടെ വിദ്യാർഥി നിലപാട് മാറ്റി. അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും അധ്യാപകൻ നിർബന്ധിച്ചു കുറ്റം സമ്മതിപ്പിച്ചതാണെന്നും വിദ്യാർഥി ബന്ധുക്കളോടു പറഞ്ഞു.
കുട്ടിക്കു നാണക്കേട് ഉണ്ടാകേണ്ടെന്നു കരുതിയാവണം മാതാപിതാക്കളും മൗനം പാലിച്ചു. ഇതോടെ രാഷ്ട്രീയബന്ധമുള്ള ബന്ധുക്കൾ വിഷയം ഏറ്റെടുത്തു. അവർ അധ്യാപകനെ പാഠം പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങി. തന്റെ നിരപരാധിത്വം തെളിയിക്കാൻ നെട്ടോട്ടമോടേണ്ടിവന്നു ഈ അധ്യാപകന്. മാനസിക സമ്മർദവും കേസിന്റെ നൂലാമാലകളും വേറെ. മനംമടുത്താണ് രാജേഷ്സാർ അധ്യാപനം ഉപേക്ഷിച്ചു മടങ്ങിയതെന്ന് സഹ അധ്യാപകർ പറയുന്നു.
ആളാകാൻ ആളുണ്ട്
കുട്ടികളുടെ അത്ര ഗൗരവമില്ലാത്ത കൊച്ചു പരാതികൾ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ചേർന്നു സ്കൂളിൽത്തന്നെ പരിഹരിക്കുകയാണു വേണ്ടത്. ചെറിയ വിഷയങ്ങളെ നാട്ടിലേക്കു വലിച്ചുകൊണ്ടുപോയി രാഷ്ട്രീയക്കാരെയും സമ്മർദഗ്രൂപ്പുകളെയുമൊക്കെ ഇതിൽ കക്ഷികളാക്കുന്നതു കുറേക്കാലമായി നമ്മുടെ നാട്ടിൽ വ്യാപകമായി കാണുന്ന രീതിയാണ്.
ആളാകാനും മിടുക്കു തെളിയിക്കാനും കിട്ടിയ അവസരം പോലെയാണ് ഇതിനെ പല നിക്ഷിപ്ത താത്പര്യമുള്ള വ്യക്തികളും പിന്നെ ദുരുപയോഗിക്കുന്നത്. പരാതിക്കാരനായ വിദ്യാർഥിയോ വീട്ടുകാരോ വിചാരിച്ചാൽപോലും പിന്മാറാൻ പറ്റാത്ത രീതിയിലുള്ള വിവാദമായി അവർ ഇത്തരം സംഭവങ്ങളെ മാറ്റിക്കളയും.
സത്യം എന്താണെങ്കിലും പലപ്പോഴും മാധ്യമപിന്തുണ കിട്ടാറുള്ളത് പരാതിയുമായി ആദ്യം രംഗത്തിറങ്ങുന്നവർക്കാണ്. സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള ആക്രമണമായിരിക്കും മറ്റൊരു കെണി. പരാതിയുടെ കടുപ്പം കൂട്ടാൻ ഇല്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേർക്കും. സ്കൂളിനോടോ മാനേജ്മെന്റിനോടോ ഏതെങ്കിലും രീതിയിൽ അഭിപ്രായവ്യത്യാസമോ അസഹിഷ്ണുതയോ ഉള്ളവരെല്ലാം അവസരം മുതലാക്കി ചാടിവീഴും. ഒടുവിൽ ബലിയാടുകളായി മാറുന്നത് അധ്യാപകർ മാത്രമായിരിക്കും.
ആരോപണങ്ങളിൽനിന്നും നിയമക്കുരുക്കുകളിൽനിന്നും പുറത്തു കടക്കാൻ വർഷങ്ങൾ വേണ്ടിവരും. അഞ്ചോ ആറോ വർഷം കഴിയുന്പോൾ കോടതിയിൽനിന്ന് ഒരുപക്ഷേ അനുകൂല വിധി കിട്ടിയേക്കാം. എന്നാൽ, അനുഭവിക്കാനുള്ളതു മുഴുവൻ അതിനകം അധ്യാപകർ അനുഭവിച്ചിട്ടുണ്ടാകും. അധ്യാപകർക്കും ഒരു കുടുംബം ഉണ്ടെന്നതുപോലും പരിഗണിക്കാതെയാണ് ഇരയെ കിട്ടിയ സന്തോഷത്തിൽ വേട്ടക്കാർ ചാടിവീഴുന്നത്. ഇക്കാര്യത്തിൽ പോലീസും ശിശുസംരക്ഷകരുമെല്ലാം ഒറ്റക്കെട്ടാണെന്നതാണ് പല അധ്യാപകരുടെയും അനുഭവം. അതേക്കുറിച്ചു നാളെ.
(തുടരും)