മാർ ആന്റണി പടിയറ കാലംചെയ്തിട്ട് നാളെ 25 വർഷം
ആർച്ച്ബിഷപ് തോമസ് തറയിൽ
Friday, March 21, 2025 11:58 PM IST
ചങ്ങനാശേരി അതിരൂപതയുടെ ആറാമത് മേലധ്യക്ഷനും സീറോമലബാർ സഭയുടെ ആദ്യ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ആന്റണി പടിയറ പിതാവ് നമ്മിൽനിന്നു വേർപിരിഞ്ഞിട്ട് നാളെ 25 വർഷങ്ങൾ പൂർത്തിയാകുകയാണ്. ദൈവനിയോഗത്തിന്റെ അപ്രതീക്ഷിത വഴികളിലൂടെ സഞ്ചരിച്ച് ദൈവഹിതം നിറവേറ്റിയ വലിയ ഇടയനാണ് പടിയറ പിതാവ്. ദൈവഹിതം പലപ്പോഴും മനുഷ്യന്റെ ചിന്താശക്തിക്കതീതമാണെന്ന് അദ്ദേഹം ജീവിതംകൊണ്ടു പഠിപ്പിച്ചു. ആഴമുള്ള ആത്മീയതയും ദൃഢമായ വിശ്വാസവും പ്രേഷിതതീക്ഷ്ണതയും ദീനാനുകമ്പയും അനന്യസാധാരണമായ നർമബോധവും അദ്ദേഹത്തിനു കൈമുതലയായിരുന്നു.
1921 ഫെബ്രുവരി 11ന് മണിമല പടിയറ കുരുവിള അന്തോനി-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച കുഞ്ഞച്ചൻ 1945 ഡിസംബർ 19ന് കോയമ്പത്തൂർ ലത്തീൻ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച് ഫാ. ആന്റണി പടിയറയായി മാറി. പുതുതായി രൂപംകൊണ്ട ഊട്ടി രൂപതയുടെ മെത്രാനായി 1955 ഒക്ടോബർ 16ന് തന്റെ 34-ാം വയസിൽ അഭിഷിക്തനായി.
1970 ഓഗസ്റ്റ് 15ന് ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമതലയേറ്റ പടിയറ പിതാവ് ഉത്തമമായ ദിശാബോധത്തോടെ അതിരൂപതയെ നയിച്ചു. അനാഥരോടും ദിന്നശേഷിക്കാരോടും പ്രത്യേകം താത്പര്യമുണ്ടായിരുന്ന പിതാവ് അവരുടെ സംരക്ഷണത്തിനായി ചെത്തിപ്പുഴ മേഴ്സിഹോം, ഇത്തിത്താനം ആശാഭവൻ എന്നിവ ആരംഭിച്ചു. സെന്റ് ജോസഫ്സ് ഓർഫനേജ് സൗകര്യപ്രദമായ കെട്ടിടം പണിത് കല്ലൂപ്പാറയിലേക്ക് മാറ്റി സ്ഥാപിച്ചു.
സന്യാസജീവിതത്തെ ആഴമായി സ്നേഹിച്ച പിതാവ് ASMI, Little Sisters of Christ, FDSHJ, LSDP എന്നീ സന്യാസിനീ സമൂഹങ്ങൾക്ക് ആരംഭം കുറിക്കുകയും നെടുംകുന്നം നിത്യാരാധനാ സമൂഹം (മിണ്ടാമഠം) ഉൾപ്പെടെ ധാരാളം വിദേശ സന്യാസിനീ സമൂഹങ്ങളുടെ മഠങ്ങൾ ചങ്ങനാശേരി അതിരൂപതയിൽ ആരംഭിക്കുകയും ചെയ്തു.
ഒരു മിഷണറിയായി പൗരോഹിത്യ ജീവിതം ആരംഭിച്ച പടിയറ പിതാവിന്റെ മിഷൻ തീക്ഷ്ണത കന്യാകുമാരി മിഷന്റെ വലിയ പുരോഗതിക്കും ഉത്തർപ്രദേശിലെ അഞ്ചു ജില്ലകൾ ഏറ്റെടുത്തുകൊണ്ട് ആരംഭിച്ച ആഗ്ര മിഷന്റെ രൂപീകരണത്തിനും കാരണമായി. ഇതേ മിഷൻ തീക്ഷ്ണതയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സീറോമലബാറുകാരുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി പടിയറ പിതാവിനെ നിയമിക്കാൻ പരിശുദ്ധ സിംഹാസനത്തിനു പ്രേരണയായിത്തീർന്നതും. സീറോമലബാർ സഭയ്ക്ക് ഇന്ത്യ മുഴുവനും അജപാലനാധികാരം ലഭിക്കാൻ പിതാവ് നിരന്തരം ശബ്ദമുയർത്തിയിരുന്നു.
കുടുംബപ്രേഷിതത്വവും പിതാവ് ശ്രദ്ധവച്ച മേഖലയായിരുന്നു. തന്റെ ഇടവകസന്ദർശന വേളകളിൽ കുടുംബജീവിതത്തെക്കുറിച്ചും കുടുംബപ്രാർഥന, ദമ്പതികളുടെ കടമകൾ, പരസ്പര സ്നേഹം, കുടുംബ ഭദ്രത എന്നിവയെക്കുറിച്ചും ലളിതമായി പഠിപ്പിച്ചിരുന്നു. അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡിപ്പാർട്ട്മെന്റിന് ആരംഭം കുറിച്ചതും പിതാവാണ്. യുവജന പ്രേഷിതത്വത്തിനായി യുവദീപ്തി പ്രസ്ഥാനം ആരംഭിച്ചതും ഐതിഹാസികമായ കോളജ് സമരം നടത്തപ്പെട്ടതും പടിയറ പിതാവിന്റെ കാലത്തായിരുന്നു. ഇവയ്ക്കു ചുക്കാൻ പിടിച്ചത് അന്നു സഹായമെത്രാനായിരുന്ന പവ്വത്തിൽ പിതാവായിരുന്നു.
സാമൂഹികക്ഷേമ രംഗത്തും പിതാവ് വലിയ ശ്രദ്ധ കൊടുത്തു. മൂന്ന് ഐടിസികളും 36 തയ്യൽ പരിശീലന കേന്ദ്രങ്ങളും ആരംഭിച്ചു. തൊഴിലാളികൾക്കുവേണ്ടിയും ദളിത് കത്തോലിക്കർക്കുവേണ്ടിയും പ്രസ്ഥാനങ്ങൾ ആരംഭിച്ചു. ഇവ ഇന്നു കെഎൽഎം, ഡിസിഎംഎസ് എന്നീ പേരുകളിൽ യഥാക്രമം അതിരൂപതയിൽ പ്രവർത്തിച്ചുവരുന്നു.
അതിരൂപതയിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കും പിതാവ് നേതൃത്വം നൽകി. മാങ്ങാനം എംഒസി, കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരി എന്നിവയുടെ സ്ഥാപനം, അരമനക്കെട്ടിടം, പാറേൽ പള്ളി, സെന്റ് ജോസഫ്സ് ഓർഫനേജ് പ്രസ് എന്നിവയുടെ നവീകരണം, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കൽ എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.
ആത്മീയജീവിതത്തിൽ പിതാവ് വളരെ കണിശമായ നിഷ്ഠകൾ പുലർത്തിയിരുന്നു. അദ്ദേഹം തനിക്കായിത്തന്നെ ജീവിതനിയമങ്ങൾ എഴുതിയുണ്ടാക്കി. ആത്മാക്കളുടെ രക്ഷ, ദൈവമഹത്വം, തന്റെയും മറ്റുള്ളവരുടെയും വിശുദ്ധീകരണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ആത്മീയലക്ഷ്യങ്ങൾ. ഒരുക്കമില്ലാതെ പ്രസംഗപീഠത്തിലേക്ക് അദ്ദേഹം കടന്നുചെന്നിരുന്നില്ല. മനസാക്ഷിക്കെതിരായ തീരുമാനങ്ങളും എടുത്തിരുന്നില്ല. സുകൃതജപങ്ങൾ പ്രാർഥനയുടെ ഭാഗമാക്കുക, വിശുദ്ധ കുർബാനയിൽ ജീവിതത്തിന്റെ അടിത്തറ ഉറപ്പിക്കുക, പൗരോഹിത്യ സ്വീകരണത്തിലെടുത്ത പ്രതിജ്ഞ എല്ലാ ഞായറാഴ്ചയും നവീകരിക്കുക, എല്ലാ ആഴ്ചയും കുമ്പസാരിക്കുക തുടങ്ങിയ നിഷ്ഠകൾ അദ്ദേഹത്തിന്റെ ജീവിതവ്രതമായിരുന്നു. ക്രിസ്ത്യാനിയുടെ പാദങ്ങൾക്കു ചിറകുകൾ വേണമെന്നും ഓരോ നിമിഷവും നിത്യതയിലേക്കുള്ള മുതൽക്കൂട്ടാകയാൽ അവ പാഴാക്കരുതെന്നും പിതാവ് പഠിപ്പിച്ചിരുന്നു.
1985 ജൂലൈ മൂന്നിന് പിതാവ് എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമലയേറ്റു. 1988 ജൂൺ 28ന് കർദിനാളായി. റോമിന്റെ കാനൻ നിയമപരിഷ്കരണ കമ്മീഷൻ അംഗമായി പ്രവർത്തിച്ചു. 1992 ഡിസംബർ 16ന് സീറോമലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി മാറിയപ്പോൾ മാർ പടിയറ ആദ്യ മേജർ ആർച്ച്ബിഷപ്പായി. 1996 നവംബർ 11ന് അദ്ദേഹം മേജർ ആർച്ച്ബിഷപ് സ്ഥാനം രാജിവച്ച് വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചു. 1998ൽ പദ്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2000 മാർച്ച് 23ന് 79-ാമത്തെ വയസിൽ കാലംചെയ്തു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ അന്ത്യവിശ്രമംകൊള്ളുന്നു. പടിയറ പിതാവിന്റെ പാവനസ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.