മണിപ്പുരിൽ നിയമവാഴ്ച വേണം
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Friday, March 21, 2025 11:55 PM IST
തീക്കട്ടയിൽ ഉറുന്പരിക്കുകയോ? സുപ്രീംകോടതി ജഡ്ജിക്കുപോലും സുരക്ഷയില്ലാത്ത സ്ഥിതി ഉണ്ടാകാൻ പാടില്ലാത്തതാണ്. പക്ഷേ, മണിപ്പുരിൽ അതും സംഭവിക്കുന്നു. രാഷ്ട്രപതിഭരണത്തിൻ കീഴിൽ സൈന്യവും അർധസൈനിക വിഭാഗങ്ങളും പോലീസും വലയം തീർത്തിട്ടും രാജ്യത്തെ പരമോന്നത കോടതിയിലെ ന്യായാധിപനു പിന്മാറേണ്ടിവരുന്നു. സുപ്രീംകോടതിയിൽ അടുത്ത ചീഫ് ജസ്റ്റീസ് ആകേണ്ട ജസ്റ്റീസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലാണ് ആറ് ജഡ്ജിമാർ ഇന്നു മണിപ്പുരിലെത്തുന്നത്. സുപ്രീംകോടതിയിലെ ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, എം.എം. സുന്ദരേഷ്, കെ.വി. വിശ്വനാഥൻ, എൻ. കോടീശ്വർ സിംഗ് എന്നിവരാണു സംഘത്തിലുള്ളത്.
മണിപ്പുരിൽനിന്നുള്ള സുപ്രീംകോടതിയിലെ ഏക ജഡ്ജിയായ ജസ്റ്റീസ് കോടീശ്വർ സിംഗ്, ഇന്നു ചുരാചന്ദ്പുരിലെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിക്കുന്ന ജഡ്ജിസംഘത്തിൽ ഉണ്ടാകില്ല. മണിപ്പുർ ഹൈക്കോടതിയിലെ ജഡ്ജിമാരായ എ. ബിമോൾ, ഗുണേശ്വർ ശർമ എന്നിവരും കുക്കി ജനവാസ പ്രദേശങ്ങളിലേക്കു യാത്ര ചെയ്യില്ലെന്നാണു റിപ്പോർട്ട്. കാരണം, മൂവരും മെയ്തെയ് വംശജരാണ്.
പ്രതീക്ഷയായ ജഡ്ജിമാർ
ഗോത്രവിഭാഗങ്ങളുടെ കേന്ദ്രമായ മലയോര മേഖലയിലേക്കു പ്രവേശനമില്ലെന്ന ഗോത്രവക്കീലന്മാരുടെ നിലപാടിനു സുപ്രീംകോടതി ജഡ്ജിയും ഹൈക്കോടതി ജഡ്ജിമാരും വഴങ്ങേണ്ടിവരുന്ന ഗതികേട് നിസാരമല്ല. മെയ്തെയ് ഭൂരിപക്ഷ ഇംഫാൽ താഴ്വരയിലെയും കുക്കി മലയോരങ്ങളിലെയും ദുരിതാശ്വാസ ക്യാന്പുകൾ ഉന്നത ജഡ്ജിമാർ സന്ദർശിക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം.
ഇന്ത്യയിലെ ഏതെങ്കിലുമൊരു കലാപബാധിത സംസ്ഥാനത്ത് ആറു സുപ്രീംകോടതി ജഡ്ജിമാർ ഒരുമിച്ചു സന്ദർശനം നടത്തിയതായി കേട്ടിട്ടില്ല. കലാപം തുടങ്ങി രണ്ടു വർഷത്തോളമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിച്ചിട്ടില്ല. ന്യായീകരിക്കാനാകാത്ത അപരാധമാണിത്.
ആളിക്കത്തി ചുരാചന്ദ്പുർ
2023 മേയ് മൂന്നിനു തുടങ്ങിയ വംശീയാക്രമണങ്ങളുടെ പ്രഭവകേന്ദ്രമായിരുന്ന ചുരാചന്ദ്പുരിലെ ക്യാന്പുകൾ സന്ദർശിക്കുന്ന ജഡ്ജിമാരുടെ പട്ടികയിൽ ജസ്റ്റീസ് സിംഗിന്റെ പേരില്ല. മണിപ്പുർ സംസ്ഥാന നിയമസഹായ സർവീസസ് അഥോറിറ്റിയുടെ പുതുക്കിയ ഷെഡ്യൂളിലാണ് ഇദ്ദേഹം ഒഴിവായത്. “സമാധാനത്തിന്റെയും പൊതുക്രമത്തിന്റെയും താത്പര്യങ്ങൾക്കായി, മെയ്തെയ് സമുദായത്തിലെ ജഡ്ജിമാർ (ലോർഡ്ഷിപ്പുകൾ), അവരുടെ പേരുകൾ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഞങ്ങളുടെ ജില്ലയിലേക്കു പ്രവേശിക്കരുത്” എന്ന ചുരാചന്ദ്പുർ ജില്ലാ ബാർ അസോസിയേഷന്റെ പ്രസ്താവനയ്ക്കു ശേഷമാണ് ഈ തീരുമാനം.
നിയമവ്യവസ്ഥ നിലവിലുള്ള ഒരിടത്തും ഇത്തരമൊരു തിട്ടൂരം ഉണ്ടാകരുതായിരുന്നു. ചുരാചന്ദ്പുർ സന്ദർശിക്കണമെന്നും ദുരിതാശ്വാസ ക്യാന്പുകളിലുള്ള ജനങ്ങളോടു നേരിട്ടു സംസാരിക്കണമെന്നും അതിയായി ആഗ്രഹിച്ച ജസ്റ്റീസ് സിംഗിനു ചുരാചന്ദ്പുരിലേക്കു പോകാൻ കഴിയില്ലെന്നു ഹിന്ദുസ്ഥാൻ ടൈംസ് പത്രം ഇന്നലെ റിപ്പോർട്ട് ചെയ്തു.
കുക്കി ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം ഒരാൾ കൊല്ലപ്പെട്ടതിനെത്തുടർന്നു ചുരാചന്ദ്പുർ ജില്ലയിൽ തുടരുന്ന ബന്ദും കർഫ്യുവും ശമിക്കാത്ത സംഘർഷങ്ങളും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നു. ദേശീയപാതകളിലെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനംപോലും നടപ്പാക്കാനായില്ല. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ഭരണത്തിലും പട്ടാള, പോലീസ് വാഴ്ചയിലും അക്രമങ്ങളും കൊലപാതകങ്ങളും തുടരുന്നതു നിയമവാഴ്ച തകർന്നതിന്റെ നേർചിത്രമാകും.
ഇരകൾക്ക് തെല്ലാശ്വാസം
ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, ഉക്രുൾ ജില്ലകളിലെ നിയമസഹായ ക്ലിനിക്കുകളും ദുരിതാശ്വാസ കേന്ദ്രങ്ങളിലെ നിയമ, മെഡിക്കൽ ക്യാന്പുകളും ജഡ്ജിമാർ ഉദ്ഘാടനം ചെയ്യും. കലാപത്തിനിടെ നഷ്ടമായ തിരിച്ചറിയൽ, റേഷൻ കാർഡുകളും ആധാരം പോലുള്ള രേഖകളും സ്കൂൾ കോളജ് സർട്ടിഫിക്കറ്റുകളും ലഭ്യമാക്കാൻ ജഡ്ജിമാർ സഹായം നൽകും. ഇതിനായി ദുരിതാശ്വാസ ക്യാന്പുകളിൽ 273 നിയമസഹായ ക്ലിനിക്കുകൾ നടത്തുന്നുണ്ട്. ചെന്നൈയിൽനിന്നെത്തിയ 25 വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ സേവനവും ഇന്നുമുതൽ ആറു ദിവസം ലഭ്യമാക്കിയിട്ടുണ്ട്.
പരിഹാരം ഇനി നീളരുത്
മുന്നൂറോളം പേർ കൊല്ലപ്പെട്ടതും 60,000ത്തിലേറെ പേർ ഭവനരഹിതരുമായ കലാപം രണ്ടു വർഷമായിട്ടും നിയന്ത്രിക്കാനാകാത്തതു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വലിയ വീഴ്ചയാണ്. കൊല്ലപ്പെട്ടവരുടെ കൃത്യം എണ്ണം ഒരിക്കലും പുറത്തറിയാനിടയില്ല. സംഘർഷം പരിഹരിക്കാൻ നീളുന്നതു കൂടുതൽ രക്തച്ചൊരിച്ചിലിനും കുടിയിറക്കത്തിനും കാരണമാകുമെന്നു കഴിഞ്ഞയാഴ്ചയിലെ സംഭവങ്ങൾ തെളിയിക്കുന്നു.
പക്ഷപാതപരമായി പ്രവർത്തിച്ച മുൻമുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ചതും സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായതുമായ സാഹചര്യം സമാധാനം പുനഃസ്ഥാപിക്കാനായി ഉപയോഗപ്പെടുത്തണം. ഭരിക്കുന്നവരുടെ വർഗീയ, പ്രാദേശിക, രാഷ്ട്രീയ താത്പര്യങ്ങൾ വിഘാതമാകരുത്. വീടുകളും പള്ളികളും പുനർനിർമിക്കാൻ ആവശ്യമായ ഫണ്ടും കർമപദ്ധതിയും ഉണ്ടാകണം. മണിപ്പുരിൽ സമാധാനവും നീതിയും ഇനിയും നടപ്പാക്കാനാകുന്നില്ലെങ്കിൽ ഭരിക്കുന്നവർ സ്വയം രാജിവച്ചു രാജ്യത്തോടു മാപ്പു പറയണം.
സമാധാനം പുലരട്ടെ
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മണിപ്പുരിലും വംശീയ സംഘർഷങ്ങൾ മുന്പും ഉണ്ടായിട്ടുണ്ടെന്ന വാദം സർക്കാരിന്റെ കപടതയാണ്. മണിപ്പുരിലെ പഴയ കലാപങ്ങളൊക്കെ ഗോത്രവർഗങ്ങൾ തമ്മിലായിരുന്നു. പ്രത്യേകിച്ചു കുക്കികളും നാഗകളും തമ്മിൽ. എന്നാൽ ഇപ്പോഴത്തേത് അങ്ങനെയല്ല. മെയ്തെയ്-കുക്കി കലാപമാണ്.
ഇരുവിഭാഗങ്ങളെയും നിരായുധീകരിച്ചു ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു കേന്ദ്രം നേരിട്ടു രംഗത്തിറങ്ങിയേ മതിയാകൂ. ഇതിനു പ്രേരകമായ ശക്തികളെ തിരിച്ചറിയാം. സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാരുടെ മണിപ്പുർ സന്ദർശനം നല്ല തുടക്കവും അവസരവുമാകട്ടെ. സമാധാനത്തിനുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്.