അധ്യാപനംതന്നെ ഉപേക്ഷിച്ചു!
നിർദാക്ഷിണ്യം ഗുരുദക്ഷിണ -2 / ജോൺസൺ പൂവന്തുരുത്ത്
Friday, March 21, 2025 11:51 PM IST
അന്നു ക്ലാസിലേക്കു പോകുന്നതിനിടെ ആ ചെറിയ വടികൂടി കൈയിലെടുക്കുന്പോൾ ആ അധ്യാപിക തീരെ പ്രതീക്ഷിച്ചിരുന്നില്ല അതുമൂലം അധ്യാപനംതന്നെ താൻ ഉപേക്ഷിക്കേണ്ടിവരുമെന്ന്. വെറുതെ ഒന്നു സംസാരിച്ചാൽ തീരേണ്ട ഒരു ചെറിയ പ്രശ്നം ക്രിമിനൽ കേസായി വളരുകയും കോടതി കയറുകയും ചെയ്യുന്നതു കണ്ട് അവർ സ്തംഭിച്ചു നിന്നു.
2018ൽ എറണാകുളം ജില്ലയിലായിരുന്നു സംഭവം. ഒടുവിൽ അധ്യാപനമോഹം പാതിയിൽ ഉപേക്ഷിച്ചു ജോലിതന്നെ രാജിവച്ച് ആ അധ്യാപികയ്ക്കു സ്കൂളിന്റെ പടിയിറങ്ങേണ്ടിവന്നു. തന്റെ വിദ്യാർഥിയുടെ നല്ല ഭാവിക്കുവേണ്ടി ചെയ്ത കാര്യത്തിന്റെ പേരിൽ, സമൂഹത്തിനു മുന്നിൽ ക്രിമിനൽ കേസിലെ പ്രതിയായി നിൽക്കാനുള്ള യാതൊരു തെറ്റും താൻ ചെയ്തിട്ടില്ലെന്നു തെളിയിക്കാൻ, ഒരു അധ്യാപിക വർഷങ്ങളോളം കോടതി കയറിയിറങ്ങി നടത്തിയ പോരാട്ടത്തിന്റെ കഥകൂടിയാണിത്.
പ്രിയപ്പെട്ട ടീച്ചർ
2018ലായിരുന്നു സിസ്റ്റർ ജോമി സിഎസ്സി എന്ന അധ്യാപിക കോടതി കയറേണ്ടിവന്ന സംഭവം. അധ്യാപനം എക്കാലവും സിസ്റ്ററുടെ സ്വപ്നമായിരുന്നു. അങ്ങനെയാണ് കോണ്ഗ്രിഗേഷൻ ഒാഫ് ദ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റി സന്യാസിനീസഭയിലെ അംഗമായ സിസ്റ്റർ ജോമി കോണ്ഗ്രിഗേഷന്റെ ഉടമസ്ഥതയിലുള്ള തോട്ടുവ സെന്റ് ജോസഫ് പബ്ലിക് സ്കൂളിൽ പ്രിൻസിപ്പലായി ചാർജ് എടുക്കുന്നത്.
തന്റെ കുട്ടികളെല്ലാവരും നന്നായി പഠിക്കണമെന്ന കാര്യത്തിൽ നിർബന്ധമുള്ളയാളായിരുന്നു ഈ അധ്യാപിക. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും സമയം ചെലവഴിക്കാനും മടിയില്ലാത്തയാൾ. ഒാരോ കുട്ടിയുടെയും പഠനകാര്യം പ്രത്യേകം ശ്രദ്ധിക്കുന്ന അധ്യാപിക. അതുതന്നെയാണ് സിസ്റ്ററിനു പിന്നീട് വിനയായി മാറിയതും. നന്നായി പഠിക്കാൻ കഴിവുള്ളവർ ഏതെങ്കിലും രീതിയിൽ പിന്നാക്കം പോവുകയോ ഉഴപ്പുകയോ ചെയ്താൽ സിസ്റ്റർ അവരെ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അലസതകൊണ്ടോ ഉദാസീനതകൊണ്ടോ പഠനത്തിൽ പിന്നാക്കം പോകുന്നവരെ അല്പം ശാസിച്ചും കർശന നിർദേശം നൽകിയും വീണ്ടും പഠനത്തിന്റെ പാതയിലേക്കു കൊണ്ടുവരുന്നതും ഈ അധ്യാപികയുടെ രീതിയായിരുന്നു. കുട്ടികളിൽ ചിലർക്ക് അല്പം അസ്വസ്ഥയൊക്കെ തോന്നിയിരുന്നെങ്കിലും രക്ഷിതാക്കൾ പൂർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇതായിരുന്നു ജോമി സിസ്റ്ററുടെ ആത്മബലവും.
പരീക്ഷയും ശിക്ഷയും
സ്കൂളിൽ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസ് കൊടുക്കുന്ന ദിവസമായിരുന്നു അന്ന്. നല്ല കഴിവുണ്ടായിട്ടും പരീക്ഷയിൽ ഒരു കുട്ടി പിന്നാക്കം പോയത് സിസ്റ്റർ ശ്രദ്ധിച്ചു. സംസാരിച്ചപ്പോൾ പഠനത്തിൽ വീഴ്ച വരാൻ മാത്രം ഗൗരവതരമായ കാരണങ്ങളൊന്നും ഇല്ല. കുട്ടിയുടെ അലസതകൊണ്ടാവാം പഠനത്തിൽ പോരായ്മയുണ്ടാകുന്നതെന്നു തോന്നിയപ്പോൾ അല്പം ജാഗ്രതപ്പെടുത്താനും പഠനത്തിൽ ശ്രദ്ധിക്കാനും വേണ്ടിയാണ് കൈയിലുണ്ടായിരുന്ന ചെറിയ വടി ഉപയോഗിച്ച് ഒന്നു തല്ലിയത്. സ്കൂളിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായ ചെറിയൊരു സംഭവം എന്നതിൽ കവിഞ്ഞ് ആരും അതിനു വലിയ പ്രാധാന്യം കൊടുത്തില്ല. എന്നാൽ, പിറ്റേന്നു കുട്ടിയുടെ രക്ഷിതാക്കൾ സ്കൂളിലെത്തി. ആ സമയം ക്ലാസിലായിരുന്നതിനാൽ സിസ്റ്റർക്ക് അവരുമായി സംസാരിക്കാൻ കഴിഞ്ഞില്ല. അവർ തിരികെ പോവുകയും ചെയ്തു. ഒരുപക്ഷേ, അന്നു സംസാരിച്ചിരുന്നെങ്കിൽ വളരെ നിസാരമായി പരിഹരിക്കപ്പെടേണ്ടതായിരുന്നു ഈ വിഷയം. പിന്നീട് സിസ്റ്ററും സ്കൂൾ അധികൃതരും അറിയുന്നത് സംഭവം വലിയ വിവാദമായി വളർന്നു എന്നാണ്.
രാഷ്ട്രീയ ഇടപെടൽ
ഇതിനകം വിഷയം രക്ഷിതാക്കളുടെയും കൈവിട്ട് ചില രാഷ്ട്രീയക്കാർ ഏറ്റെടുത്തിരുന്നു. അധ്യാപികയെ ഒരു പാഠം പഠിപ്പിച്ചിട്ടേ ബാക്കി കാര്യമുള്ളൂ എന്ന മട്ടിലാണ് പിന്നീടു കാര്യങ്ങൾ നീങ്ങിയത്. പോലീസിലേക്കു പരാതിയെത്തി. ശിശുക്ഷേമ സമിതിയും ചൈൽഡ് ലൈനും വിഷയത്തിൽ ഇടപെട്ടു. വിദ്യാർഥിനിയെ അധ്യാപിക ക്രൂരമായി മർദിച്ചു എന്ന മട്ടിലായി പ്രചാരണങ്ങൾ.
രാഷ്ട്രീയക്കാർ പ്രക്ഷോഭത്തിനു കോപ്പുകൂട്ടി. തന്റെ ശിഷ്യയെ പഠനത്തിന്റെ പേരിൽ ചെറുതായൊന്നു തല്ലിയതിനു സിസ്റ്റർ ക്രിമിനൽ കേസിൽ പ്രതിയായി മാറി. ഇന്ത്യൻ ശിക്ഷാനിയമം, ബാലനീതി നിയമം എന്നിവയുടെ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി. ഇത്തരം സാഹചര്യങ്ങളിൽ ഒരു അധ്യാപിക നേരിടേണ്ടിവരുന്ന മാനസികവ്യഥ ഉൗഹിക്കാവുന്നതേയുള്ളൂ.
സന്യാസിനികൂടിയായ ആ അധ്യാപികയ്ക്ക് പോലീസും കോടതിയും എന്നതൊക്കെ അതുവരെ കേട്ടുപരിചയം മാത്രമുള്ള കാര്യങ്ങളായിരുന്നു. ക്രിമിനൽ കേസ് ചുമത്തിയതോടെ ഏതാനും മാസം മാത്രം ജോലി ചെയ്ത സ്കൂളിൽനിന്ന് നിറമിഴികളോടെ ഈ അധ്യാപിക രാജിവച്ചു. കേസിൽ പ്രതിയായ അധ്യാപിക എങ്ങനെ പഠിപ്പിക്കും? വലിയ മാനസിക സംഘർഷത്തിന്റെ ദിനങ്ങളെ അതിജീവിച്ച് നിയമപരമായി പോരാടാൻ അവർ തീരുമാനിച്ചു.
കോടതി പറഞ്ഞത്
വർഷങ്ങൾ നീണ്ട കേസിനും വാദങ്ങൾക്കും ശേഷം 2024 ജൂണിൽ ഹൈക്കോടതി സിസ്റ്റർക്കെതിരായ എല്ലാ കേസുകളും റദ്ദാക്കി. അധ്യാപനമോഹം പൊലിഞ്ഞ സിസ്റ്റർ ഇതിനകം മഹാരാഷ്ട്രയിലേക്കു പോയിരുന്നു. കേസ് റദ്ദാക്കി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. ബദറുദീൻ പറഞ്ഞത് സമൂഹം ചെവിതുറന്നു കേൾക്കേണ്ടതാണ്: “തെറ്റുതിരുത്തുന്നതിന്റെയും അച്ചടക്കത്തിന്റെയും ഭാഗമായി സദുദ്ദേശ്യത്തോടെ അധ്യാപകർ കുട്ടികളെ ശിക്ഷിക്കുന്നതു കുറ്റമായി കാണാനാവില്ല. ലളിതവും ചെറുതുമായ തിരുത്തൽ നടപടികൾ അധ്യാപകർ സ്വീകരിക്കുന്പോൾ അതിനെ ബാലനീതി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നാൽ സ്കൂളുകളും സ്ഥാപനങ്ങളും കഷ്ടത്തിലാകും.”
വിദ്യാർഥിയും അധ്യാപകരും രക്ഷിതാക്കളും വളരെ നിസാരമായി സംസാരിച്ചു തീർക്കേണ്ട ഒരു വിഷയം പുറത്തുനിന്നുള്ളവരുടെ ഇടപെടൽകൂടി വരുന്നതോടെ എങ്ങനെ ഒരു വിവാദമായി വളരുന്നു എന്നതിന്റെ ഉദാഹരണംകൂടിയായിരുന്നു സിസ്റ്റർ നേരിട്ട ദുരിതപർവം.
ഇതിനു സമാനമായി, പുറത്തുനിന്നുള്ളവർ ഇടപെട്ടു കുരുക്കിലാക്കിയതോടെ അഞ്ചു വർഷം ശേഷിക്കെ അധ്യാപക ജോലിതന്നെ ഉപേക്ഷിച്ചു കൃഷിപ്പണിയിലേക്കു തിരിഞ്ഞ മറ്റൊരു അധ്യാപകന്റെ കഥ ഇതിനേക്കാൾ ഹൃദയഭേദകമാണ്.
(തുടരും)