ബാബുസാർ എവിടെ മറഞ്ഞു?
നിർദാക്ഷിണ്യം ഗുരുദക്ഷിണ / ജോൺസൺ പൂവന്തുരുത്ത്
Thursday, March 20, 2025 11:58 PM IST
2022 ഡിസംബർ 11. അതൊരു ഞായറാഴ്ചയായിരുന്നു. സ്കൂളിൽ നടക്കുന്ന സ്കോളർഷിപ് പരീക്ഷയുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ചയായിരുന്നിട്ടും ബാബുമാഷ് കാസർഗോഡ് തൃക്കരിപ്പൂർ വലിയപറന്പ് പടന്നകടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലേക്കു ചെന്നത്. അന്നാണ് എം. ബാബു എന്ന ബാബുമാഷിനെ ആളുകൾ അവസാനമായി കണ്ടത്. അല്ലെങ്കിലും ബാബുമാഷ് അങ്ങനെയാണ്. സ്കൂളിന്റെയും കുട്ടികളുടെയും കാര്യത്തിനുവേണ്ടി അവധിയും സമയവുമൊന്നും നോക്കാതെ ഇറങ്ങിത്തിരിക്കുന്നതാണ് ശീലം. പന്ത്രണ്ട് വർഷമായി പടന്നകടപ്പുറം ജിഎഫ്എച്ച്എസ്എസിന്റെ എല്ലാമായിരുന്നു നാട്ടുകാരുടെ പ്രിയപ്പെട്ട ഈ അധ്യാപകൻ. അദ്ദേഹം സ്കൂളിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ മുതൽ നേട്ടങ്ങളുടെ കഥകളായിരുന്നു സ്കൂളിനു പറയാനുണ്ടായിരുന്നത്.
അക്കാദമിക രംഗത്തും മറ്റു പ്രവർത്തനങ്ങളിലുമെല്ലാം സമയവും സൗകര്യവും നോക്കാതെ അദ്ദേഹം പാഞ്ഞുനടന്നതിന്റെ ഗുണം നേട്ടങ്ങളായി സ്കൂളിലേക്ക് ഒഴുകിയെത്തിയതിന് അധ്യാപകരും വിദ്യാർഥികളും സാക്ഷി. പ്രവൃത്തിപരിചയമേള, സ്കൗട്ട് ആൻഡ് ഗൈഡ്, മീൻസ് കം മെറിറ്റ് സ്കോളർഷിപ് തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ നേതൃത്വമുണ്ടായിരുന്നു.
തിരുത്താൻ മടിച്ചില്ല
സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഈ 43കാരൻ, കുട്ടികൾ പഠനത്തിൽ മാത്രമല്ല പെരുമാറ്റത്തിലും സ്വഭാവത്തിലും മൂല്യബോധത്തിലുമെല്ലാം മികച്ചവരാകണമെന്ന ആഗ്രഹവും കാഴ്ചപ്പാടും ഉള്ളയാളായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികൾ തെറ്റു ചെയ്യുന്നതു കണ്ടാൽ അവരെ തിരുത്താനും വേണമെങ്കിൽ ശാസിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. അത് അവരോടുള്ള ദേഷ്യംകൊണ്ടായിരുന്നില്ല, മക്കളോടെന്നപോലുള്ള സ്നേഹംകൊണ്ടായിരുന്നു. സ്കൂളിൽ ഈ തെറ്റുതിരുത്തൽ നടക്കുന്നില്ലെങ്കിൽ കുട്ടികൾ കൂടുതൽ തെറ്റിലേക്കു പോകുമെന്നും അതവരുടെ ഭാവിക്കു വിനയായി മാറുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ആത്മാർഥതയും സ്നേഹവും കുട്ടികളിൽ ചിലരെങ്കിലും തിരിച്ചറിയാതെപോയോ എന്നു സംശയം.
കുട്ടികൾ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതു കണ്ടാലും എന്തെങ്കിലുമായിപ്പോട്ടെ നമ്മൾ നമ്മുടെ കാര്യം നോക്കിയാൽ പോരേ എന്ന മനോഭാവം പല കാരണങ്ങൾക്കൊണ്ടും അധ്യാപകർക്കിടയിൽ പോലും വളർന്നുവന്നുകൊണ്ടിരുന്ന കാലത്ത് അവരിൽനിന്നു വ്യത്യസ്തനായിരുന്നു ബാബുസാർ എന്നു രക്ഷിതാക്കളും പറയുന്നു. ആ ആത്മാർഥതതന്നെ പൊറോപ്പാട് കണ്ണങ്കൈ സ്വദേശിയായ അദ്ദേഹത്തിനു വിനയായി മാറിയെന്നതാണ് വിരോധാഭാസം.
പോലീസ് വന്നപ്പോൾ
2022 ഡിസംബർ 11 ഞായറാഴ്ചയും എന്നും വരുന്നതുപോലെ പുഞ്ചിരിയോടെ തന്നെയാണ് അദ്ദേഹം ബൈക്കിൽ സ്കൂളിലേക്കു വന്നത്. അതിന് ഒരു ദിവസം മുന്പ് സ്കൂളിൽ ചെറിയൊരു സംഭവം നടന്നിരുന്നു. ഒരു വിദ്യാർഥിയെ അദ്ദേഹം കർശനമായി ശാസിക്കുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നതായി പറയുന്നു. എന്നാൽ, മാഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വിദ്യാർഥിയുടെ നിലപാട്. തിരക്കുള്ള സ്കൂൾ പരിസരത്ത് ഇങ്ങനെയൊരു സംഭവം ഉണ്ടായതായി ആരും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ആരും അതിനു വലിയ പ്രാധാന്യം കൊടുത്തില്ല. സ്കൂളിലോ അധ്യാപകർക്കിടയിലോ ഇതൊരു പരാതിയായോ ചർച്ചയായോ പോലും എത്തിയിരുന്നുമില്ല.
ആ ഞായറാഴ്ച സ്കൂളിലേക്കു വന്ന് അല്പം കഴിഞ്ഞപ്പോൾ ബാബുമാഷിനെ തേടി ഒരു ഒരു ഫോൺ കോൾ എത്തി. അദ്ദേഹത്തെ അന്വേഷിച്ചു പോലീസ് വന്നിരിക്കുന്നു. ഉടൻ സ്റ്റേഷനിലേക്കു ചെല്ലണമെന്ന് അറിയിച്ചിട്ട് പോലീസ് മടങ്ങിയത്രേ. വിദ്യാർഥിയുടെ കുടുംബത്തിന്റെ പരാതി കിട്ടിയപാടേ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ വാർത്ത കേട്ട ബാബുമാഷ് ഞെട്ടിത്തരിച്ചുപോയി. പോലീസ് അന്വേഷിച്ചു വന്നു എന്നതിനേക്കാൾ തന്റെ വിദ്യാർഥിയുടെ ഭാഗത്തുനിന്നുതന്നെ തനിക്കെതിരേ പോലീസിൽ ഇത്ര ഗുരുതരമായ പരാതി വന്നിരിക്കുന്നു എന്നതാണ് അദ്ദേഹത്തെ നടുക്കിയത്. പരാതിയെക്കുറിച്ചു കേട്ടതോടെ അദ്ദേഹം ആകെ അസ്വസ്ഥനായി. കുട്ടികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട അധ്യാപകൻ ഒറ്റ ദിവസംകൊണ്ട് കുറ്റവാളിയായി മാറുകയോ? അതും വിദ്യാർഥികളെ സ്വന്തം മക്കളെപ്പോലെ കണ്ടൊരാൾ... പോലീസ് വേണ്ടത്ര അന്വേഷണം നടത്താതെ പരാതി കിട്ടിയപാടേ വ്യാജ പോക്സോ കേസ് രജിസ്റ്റർ ചെയ്തെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. സിസിടിവി ഉൾപ്പെടെയുള്ള സ്ഥലത്ത് ഇങ്ങനെയൊരു സംഭവം നടന്നെന്നു പറയുന്നതു അവിശ്വസനീയമാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
ആശ്വസിപ്പിച്ചിട്ടും
കൂടെയുണ്ടായിരുന്നവരിൽ ചിലർ ഇതു ഗൗരവമായി എടുക്കേണ്ടെന്നും പോലീസുകാരോടു കാര്യം പറഞ്ഞാൽ മതിയാകുമല്ലോയെന്നും പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മാത്രമല്ല, സ്റ്റാഫ് റൂമും ഒാഫീസ് പരിസരവുമെല്ലാം സിസിടിവി കാമറ വലയത്തിലാണ്. അതുകൊണ്ട് ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതുകൊണ്ടൊന്നും ബാബുമാഷിന്റെ മുഖം തെളിഞ്ഞില്ല. ശിഷ്യഗണത്തിന്റെ ഭാഗത്തുനിന്നു തനിക്കെതിരേ പരാതി വന്നു എന്നതിനെ ഒട്ടും ഉൾക്കൊള്ളാൻ അദ്ദേഹത്തിന്റെ അധ്യാപകമനസിനു കഴിയുമായിരുന്നില്ല.
യാന്ത്രികമായിട്ടാണ് അതിനു ശേഷം പല കാര്യങ്ങളും അദ്ദേഹം ചെയ്തത്. ഇതിനിടെ, സ്കൂളിനു വിളിപ്പാട് അകലെയുള്ള കടപ്പുറത്തേക്ക് അദ്ദേഹം നടക്കുന്നതു ചിലർ കണ്ടു. കടലിലേക്കു കണ്ണും നട്ടിരുന്നാൽ എത്ര സംഘർഷഭരിതമായ മനസുകളും പതിയെ ശാന്തമാകുമെന്നു കരുതിയവർ സാർ കടപ്പുറത്തേക്കു പോകുന്നതിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാൽ, അസ്വസ്ഥമായ മനസുമായി കടപ്പുറത്തേക്കു നടന്ന ബാബുമാഷിനെ പിന്നെ ആരും കണ്ടിട്ടില്ല. അദ്ദേഹം എവിടെ പോയി മറഞ്ഞു എന്നത് ഇനിയും ആർക്കും ഉത്തരം പറയാനാവാത്ത ദുരൂഹതയായി അവശേഷിക്കുന്നു.
അവർ കാത്തിരിക്കുന്നു
കുട്ടികൾക്കു നല്ല വഴി പറഞ്ഞുകൊടുക്കാൻ ശ്രമിച്ചു ജീവിച്ചതിനിടയിൽ പ്രതിക്കൂട്ടിലാക്കപ്പെട്ട ഈ മനുഷ്യനിലേക്കുള്ള വഴി കണ്ടെത്താൻ രണ്ടു വർഷത്തിലേറെയായി അന്വേഷണത്തിലാണ് കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും. അദ്ദേഹത്തിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂളിനു സമീപം ഉണ്ടായിരുന്നു. മൊബൈൽ ഫോണിൽ വിളിക്കുന്പോൾ സ്വിച്ച് ഒാഫ് ചെയ്ത നിലയിലും. ചന്തേര പോലീസ് പ്രാഥമികാന്വേഷണം പൂർത്തിയാക്കി തുടരന്വേഷണത്തിന് അഞ്ചംഗ ടീമിനെ നിയോഗിച്ചിരുന്നു. എന്നാൽ, പുരോഗതിയുണ്ടായില്ല. ഇതിനെത്തുടർന്ന് ബാബുസാറിന്റെ ഭാര്യ ടി. രമ്യ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം നൽകി. ആക്ഷൻ കൗണ്സിലും ഇതേ ആവശ്യവുമായി രംഗത്തുവന്നു. അപ്പോഴത്തെ മാനസികവിഷമത്തിന്റെ പേരിൽ നാട്ടിൽനിന്നു മാറിനിന്നതാകാമെന്നും അദ്ദേഹം തിരികെ വരുമെന്നുമുള്ള പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും ഉറ്റവരും.
ബാബുസാറിന്റേത് ഒറ്റപ്പെട്ട കഥയല്ല, വിദ്യാർഥികളെ മക്കളെപ്പോലെ കരുതി തിരുത്താനും നേർവഴിക്കു നയിക്കാനും ശ്രമിച്ചതിന്റെ പേരിൽ ജീവിതംതന്നെ നരകമായി മാറിയ നിരവധി അധ്യാപകർ രക്തസാക്ഷികളെപ്പോലെ ഈ നാട്ടിൽ ജീവിക്കുന്നുണ്ട്. പലപ്പോഴും അധ്യാപകരെ കുരുക്കിലാക്കുന്നതു വിദ്യാർഥികളല്ല, കുട്ടികളുടെ കുഞ്ഞുപരാതികളെ ഊതിവീർപ്പിച്ച് വലിയ വിവാദമാക്കുന്ന ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, രക്ഷാകർത്താക്കൾ അങ്ങനെ പലരുമാണ്... പഠനത്തിൽ മനപ്പൂർവമായ ഉഴപ്പ് കാണിക്കുന്നു എന്നു തോന്നിയതിനാൽ വിദ്യാർഥിനിയെ ഒന്നു തല്ലിയതിന്റെ പേരിൽ അധ്യാപനംതന്നെ അവസാനിപ്പിക്കേണ്ടി വന്ന ഒരു അധ്യാപിക എറണാകുളം ജില്ലയിലുണ്ട്. അക്കഥ നാളെ.