ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്രവ്യാപാര കരാര്‍ ലക്ഷ്യം കാണുമോ?
അഡ്വ. വി.സി. സെബാസ്റ്റ്യൻ
Thursday, March 20, 2025 11:54 PM IST
ഇന്ത്യ വീണ്ടും ഉഭയകക്ഷി സ്വതന്ത്രവ്യാപാരക്കരാറുകള്‍ സജീവമാക്കുന്നു. ആസിയാന്‍, ഏഷ്യാ പസഫിക്, ആര്‍സിഇപി തുടങ്ങി വിവിധ രാജ്യങ്ങളുടെ കൂട്ടായ്മകളുമായുള്ള സ്വതന്ത്രവ്യാപാരം തിരിച്ചടിയാകുന്നത് തിരിച്ചറിഞ്ഞതാണു കാരണം. യൂറോപ്യന്‍ യൂണിയന്, ബ്രിട്ടൻ, അമേരിക്ക എന്നിവയുമായി രണ്ടു പതിറ്റാണ്ടു മുമ്പു ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളിൽ പ്രതീക്ഷകളോടൊപ്പം പ്രതിസന്ധികളുമുണ്ട്. ഈ മാസം 10 മുതല്‍ 14 വരെ ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലാണ് പത്താം റൗണ്ട് ചര്‍ച്ച നടന്നത്. 2013ല്‍ അലസിപ്പിരിഞ്ഞ ചർച്ചകൾ 2022 ജൂണില്‍ പുനരാരംഭിക്കുകയായിരുന്നു.
ചര്‍ച്ചകളുടെ ലക്ഷ്യം
യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്ഡെര്ലെയ്ന് ഫെബ്രുവരി 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയാണ് ബ്രസല്‍സിലെ പത്താം റൗണ്ട് ചര്‍ച്ച. ഈ വർഷം അവസാനത്തോടെ കരാർ സാധ്യമാകുമെന്നാണു പ്രതീക്ഷയും അവകാശവാദവും.
ഇന്ത്യ പങ്കാളിയാകുന്ന ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാരക്കരാറായി ഇതു മാറും. 27 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള യൂറോപ്യന്‍ യൂണിയന് ആഗോള വ്യാപാര സാമ്പത്തികലോകത്ത് ഏറെ നിര്‍ണായക ശക്തിയാണ്. അമേരിക്കയുടെ താരിഫ് യുദ്ധത്തെ അതിജീവിക്കാനും വേണ്ടിവന്നാല്‍ വെല്ലുവിളിക്കാനും പുത്തന്‍ കൂട്ടുകെട്ടിനു സാധിക്കുമെന്നുറപ്പാണ്. ട്രംപിന്റെ ധിക്കാരസമീപനത്തിന് പകരംവീട്ടാന്‍ ബ്രസല്‍സിൽ വിട്ടുവീഴ്ചകള്‍ക്കു തയാറായതും പ്രതീക്ഷ നല്കുന്നു.
മുഖ്യവിഷയങ്ങള്‍
നിക്ഷേപ സംരക്ഷണ ഉടമ്പടി, വാണിജ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കല്‍, 2023 സെപ്റ്റംബര്‍ 10ന് ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ തുടര്‍പ്രവര്‍ത്തനം വേഗത്തിലാക്കല്‍, സെമി കണ്ടക്ടര്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, 6ജി, ക്ലീന്‍ എനര്‍ജി, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയോടൊപ്പം ഇന്ത്യ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയുടെ പ്രാധാന്യവും ചര്‍ച്ചയിൽ നിറഞ്ഞു. കാര്‍ഷികമേഖലയിലെ സഹകരണവും വ്യാപാരവും നിക്ഷേപ-സേവനകരാറുകളും ബൗദ്ധിക സ്വത്തവകാശത്തിലെ ധാരണകളും കരാറിന്റെ മുഖ്യവിഷയങ്ങളായി.
‘ഗ്രഹങ്ങള്‍ യോജിക്കുന്നു’
“ഗ്രഹങ്ങള്‍ യോജിക്കുന്നു, യൂറോപ്പും ഇന്ത്യയും അങ്ങനെതന്നെ” എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല പ്രതികരിച്ചത്. അമേരിക്കയുടെ താരിഫ് യുദ്ധവും റഷ്യയും ചൈനയുമായി തുടരുന്ന സംഘര്‍ഷങ്ങളും കാരണം യൂറോപ്യന്‍ യൂണിയന് മുന്നിലുള്ള മുഖ്യസാധ്യത ഇന്ത്യ മാത്രമായി. നമുക്കിത് വിലപേശാനുള്ള അവസരമാണ്. കൃഷി, ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലെ അഭിപ്രായവ്യത്യാസമാണ് 2013ല്‍ കരാര്‍ ചര്‍ച്ച നിര്‍ത്തിവയ്ക്കാനുള്ള കാരണം. ഇപ്പോള്‍ മുഖ്യ വ്യാപാര എതിരാളി അമേരിക്കയായപ്പോള് വിട്ടുവീഴ്ചയ്ക്കു സാധ്യതയേറെയാണ്.
വ്യാപാര ചരിത്രം
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്. 2024ല്‍ 124 ബില്യണ്‍ പൗണ്ടിന്റെ ചരക്കു വ്യാപാരം. ഇന്ത്യയുടെ മൊത്തവ്യാപാരത്തിന്റെ 12.2 ശതമാനമാണിത്. അമേരിക്കയുമായി 10.8 ശതമാനവും ചൈനയുമായി 10.5 ശതമാനവുമാണ് വ്യാപാരക്കണക്ക്. സേവനവ്യാപാരമാകട്ടെ 2020ലേതിൽനിന്ന് 2023ല്‍ ഇരട്ടിയായി, 60 ബില്യണ്‍ പൗണ്ട്. യൂറോപ്യന്‍ യൂണിയന്റെ ഒന്‍പതാമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യ. ഒരു പതിറ്റാണ്ടിനിടയില്‍ ഇരുകൂട്ടർക്കുമിടയിൽ വ്യാപാരം 90 ശതമാനം വളര്‍ന്നു. യൂറോപ്യന്‍ യൂണിയനുമായി നിലവിലുള്ള വ്യാപാരം ഇന്ത്യക്കു നേട്ടമാണ്.
യൂറോപ്പിന്റെ ഡിമാന്‍ഡുകള്‍
തീരുവ അഥവാ ചുങ്കമില്ലാതെയുള്ള ഇറക്കുമതിയാണ് സ്വതന്ത്രവ്യാപാരത്തിന്റെ മുഖ്യലക്ഷ്യം.ലോകം നിയന്ത്രണവും നിരോധനവുമില്ലാത്ത ഒറ്റവിപണിയായി മാറേണ്ടതുണ്ട്. എന്നാല്‍, നിലവിലുള്ള ഇറക്കുമതിച്ചുങ്കം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ പ്രായോഗികമായി സാധ്യമല്ല. പകരം നിലവിലുള്ള ചുങ്കം നിശ്ചിത സമയപരിധിക്കുള്ളില്‍ പടിപടിയായി കുറയ്ക്കുകയാണു തന്ത്രം.
യൂറോപ്യന്‍ യൂണിയന് ഇന്ത്യക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നതും ഇതേ നിര്‍ദേശം തന്നെ.പാലുത്പന്നങ്ങള്‍, വൈന്‍, ഓട്ടോമൊബൈലുകള്‍ എന്നിവയുടെ തീരുവ കുറയ്ക്കുക. ബിഎംഡബ്ലിയു, മെഴ്സിഡസ് ബെന്‍സ് പോലുള്ള ഓട്ടോമൊബൈല്‍ കമ്പനികള്‍ 100-125 ശതമാനത്തില്‍നിന്ന് 10-20 ശതമാനമായി ചുങ്കം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. നിലവില്‍ ഇറക്കുമതി വൈനിന്റെ ചുങ്കം 150 ശതമാനമുള്ളത് 30-40 ശതമാനമായി കുറയ്ക്കുക തുടങ്ങി പൂജ്യം ചുങ്കവും യൂറോപ്യന്‍ യൂണിയന് ചര്‍ച്ചകളില്‍ ഉയര്‍ത്തുന്നു.
കരാര്‍ നടപ്പിലാക്കുന്നതിന്റെ ആദ്യദിനംതന്നെ എല്ലാ തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും മേലുള്ള താരിഫ് ഒഴിവാക്കാന്‍ ഇരുകൂട്ടരും തയാറാകുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയുടെ തുണിത്തരങ്ങള്‍ക്ക് 12-16 ശതമാനം വരെ താരിഫുണ്ട്.
ഇന്ത്യയുടെ നിലപാട്
ഫാര്‍മസ്യൂട്ടിക്കല്‍സ്, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് താരിഫ് കുറയ്ക്കണമെന്നുള്ള ഇന്ത്യയുടെ എക്കാലത്തെയും നിലപാട് പത്താം റൗണ്ടിലും ആവര്‍ത്തിച്ചു.സ്റ്റീല്‍, അലുമിനിയം, സിമന്റ് എന്നിവയുടെ കാര്‍ബണ്‍ നികുതി ഉള്‍പ്പെടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി യൂറോപ്യന്‍ യൂണിയന് നിയമങ്ങളോട് ഇന്ത്യയുടെ എതിര്‍പ്പിൽ മാറ്റമില്ല.
വൈദഗ്ധ്യമുള്ള പ്രഫഷണലുകള്‍ക്ക് ജോലിക്കായി യൂറോപ്യന്‍ യൂണിയനിലേക്കു പ്രവേശനം ഉറപ്പാക്കുന്ന സേവനക്കരാറും ഇന്ത്യ ആവര്‍ത്തിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ പരിസ്ഥിതി നിയന്ത്രണങ്ങളും കാര്‍ബണ്‍ നികുതി, വനനശീകരണ നിയമങ്ങള്‍, വിതരണ ശൃംഖലയിലെ ജാഗ്രതാനിയമങ്ങള് തുടങ്ങിയ നൂലാമാലകള്‍ അവസാനിപ്പിക്കണമെന്ന നിർദേശവും ഇന്ത്യ മുന്നോട്ടുവച്ചതായി സൂചനകളുണ്ട്.
സേവനമേഖലയില്‍ ഇന്ത്യന്‍ കമ്പനികള്‍ യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളില്‍ പ്രാദേശിക ഓഫീസുകള്‍ തുറക്കണമെന്നും ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് ഉയര്‍ന്ന മിനിമം ശമ്പളപരിധി നിലനിര്‍ത്തണമെന്നും ആവശ്യമുണ്ട്. യൂറോപ്യന്‍ യൂണിയന് ഇന്ത്യയെ ഒരു ഡേറ്റ സുരക്ഷിത രാജ്യമായി അംഗീകരിക്കണം. ഹ്രസ്വകാലത്തേക്ക് യൂറോപ്യന്‍ യൂണിയനിലേക്ക് പോകുന്ന ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് ബിസിനസ് വീസ എളുപ്പം ലഭ്യമാക്കണം. അതേസമയം, യൂറോപ്യന്‍ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ ബാങ്കിംഗ്, നിയമം, അക്കൗണ്ടന്‍സി, ഓഡിറ്റിംഗ്, സാമ്പത്തിക സേവന മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തം തേടുന്നുണ്ട്. കരാറിലൂടെ മെഡിസിന്, എൻജിനിയറിംഗ്, അക്കൗണ്ടന്‍സി പ്രഫഷണലുകള്‍ക്ക് 27 യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലും ജോലിസാധ്യതകള്‍ എളുപ്പത്തിലാകുമെന്ന പ്രതീക്ഷയുമുണ്ട്.
ദ്വിരാഷ്ട്ര നിക്ഷേപ ഉടമ്പടി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും യൂറോപ്യന്‍ പ്രതീക്ഷകള്‍ക്ക് അനുസൃതമായ ഇളവുകൾ ചർച്ച ചെയ്യേണ്ടതുണ്ട്. വ്യാപാര-ബന്ധിത ബൗദ്ധിക സ്വത്തവകാശ കരാറിനപ്പുറമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാനുള്ള കനത്ത സമ്മർദവും ഇന്ത്യക്കുമേലുണ്ടാകും.
റബറിനും വെല്ലുവിളി
ഇന്ത്യയിലെ റബര്‍ കര്ഷകന് വെല്ലുവിളിയായിരുന്നു യൂറോപ്യന്‍ യൂണിയന്റെ ചട്ടങ്ങളും നിയമങ്ങളും. പരിസ്ഥിതി താത്പര്യവും സംരക്ഷണവുമാണ് ഇതിന്റെ അടിസ്ഥാനം. 2026 ജനുവരി ഒന്നു മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള റബര്‍ കയറ്റുമതിക്ക്, വനം നശിപ്പിക്കാതെ കൃഷിചെയ്ത റബര്ത്തോട്ടങ്ങളില്നിന്നുള്ള ഉത്പന്നങ്ങള്‍ മാത്രം സ്വീകരിക്കുകയെന്ന ഡീഫോറെസ്റ്റേഷന് റെഗുലേഷന് ബാധകമാകും. ഈ വിഷയം പുത്തൻ ചർച്ചയിലുണ്ടോ എന്നു വ്യക്തമാകേണ്ടതുണ്ട്. 2020നു ശേഷം കൃഷി തുടങ്ങിയ തോട്ടങ്ങള്ക്കുമാത്രമേ ഈ ചട്ടം ബാധകമാകൂവെന്ന് പറയുന്നുവെങ്കിലും ഫലത്തില്‍ റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയാകും.
കൃഷി സെന്‍സിറ്റീവ്
കാര്‍ഷികോത്പന്നങ്ങളുടെ നികുതിരഹിത ഇറക്കുമതിയാണു പത്താം റൗണ്ട് ചര്‍ച്ചയിലും വഴിമുടക്കുന്നത്. 2013ലും കാര്‍ഷിക വിപണിയാണ് വ്യാപാരചര്‍ച്ചകളുടെ വാതില്‍ അടച്ചത്. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷേറ്റീവിന്റെ അഭിപ്രായത്തില്‍, കാര്‍ഷികമേഖലയ്ക്കുള്ള താരിഫ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകവും സെന്‍സിറ്റീവുമാണ്. പാല്, വൈന്‍, ഇറക്കുമതി തീരുവകള്‍ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിക്കില്ലെന്നു ബ്രസല്‍സിലും ആവര്‍ത്തിച്ചിട്ടുണ്ട്. ക്ഷീരമേഖലയെ ഇന്നും സംരക്ഷിക്കുന്നതു കാര്‍ഷിക ഇറക്കുമതിയിലെ ഉയര്‍ന്ന തീരുവയാണ്. ചീസ്, കൊഴുപ്പ് നീക്കംചെയ്ത പാല്‍പ്പൊടി എന്നിവയുടെ തീരുവ കുറയ്ക്കാന്‍ ഇന്ത്യയെ സമ്മർദത്തിലാക്കുന്ന തന്ത്രമാണു ചര്‍ച്ചകളിലുടനീളം യൂറോപ്യന്‍ യൂണിയന് സ്വീകരിച്ചതെന്നറിയുന്നു.