യുഗപ്രഭാവനായ പാറേമ്മാക്കൽ ഗോവർണദോർ : ഇന്ന് 226-ാം ചരമവാർഷികം
റവ. ഡോ. ജയിംസ് പുലിയുറുന്പിൽ
Thursday, March 20, 2025 12:45 AM IST
ഏതു രാജ്യത്തിന്റെയും സമുദായത്തിന്റെയും കുടുംബത്തിന്റെയും വളർച്ചയുടെ പാതയിൽ ചില വലിയ വ്യക്തികളുടെ ത്യാഗോജ്വലമായ ജീവിതങ്ങളുടെ, പരിശ്രമങ്ങളുടെ നീണ്ട ചരിത്രമുണ്ട്. ഇതിനോടു ചേർത്തുവയ്ക്കേണ്ട മറ്റൊരു യാഥാർഥ്യമാണ് വരുംതലമുറകൾ പലപ്പോഴും ഇത്തരം വ്യക്തിത്വങ്ങളെ സ്മരിക്കാൻ മെനക്കെടാറില്ല എന്നത്. മറക്കുക സ്വാഭാവികം. എന്നാൽ അവരെ നിഷേധിക്കുകയും വെറുക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തിൽ പാശ്ചാത്യരാണ് പൗരസ്ത്യരെക്കാൾ മെച്ചം. കാരണം, അവർ എല്ലാം കുറിച്ചുവയ്ക്കുന്നു, ചരിത്രമാക്കുന്നു, ചരിത്രം പഠിക്കുന്നു, ചരിത്രത്തിൽനിന്ന് പാഠങ്ങൾ പഠിക്കുന്നു, ചരിത്രപുരുഷന്മാരെ ആദരിക്കുന്നു. ഇക്കാര്യത്തിൽ നാം വിമുഖരാണ്. ചരിത്രപഠനമെന്നത് ഒരു മനോഭാവം രൂപപ്പെടുത്തലാണ്; മുന്പേ പോയവരെ അനുസ്മരിക്കലാണ്, അവരുടെ സേവനങ്ങളെ അംഗീകരിക്കലാണ്, നന്ദിയുടെ മനോഭാവം രൂപപ്പെടുത്തലാണ്.
ദേശ, സഭാസ്നേഹി
മലയാളിക്കും മലയാളഭാഷയ്ക്കും മലയാളനാടിനും ഒരിക്കലും മറക്കാനാകാത്ത മഹദ്വ്യക്തിയാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ അഥവാ പാറേമ്മാക്കൽ ഗോവർണദോർ. മീനച്ചിൽ താലൂക്കിന്റെ വീരപുത്രനായ പാറേമ്മാക്കൽ തോമ്മാക്കത്തനാർ ഭാരതത്തിലെ സുറിയാനിക്കാരുടെ ആവേശവും അഭിമാനവുമാണ്. കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണദോർ ആയിരുന്ന അദ്ദേഹം അങ്കമാലിയും വടയാറും രാമപുരവും കേന്ദ്രമാക്കി സഭാശുശ്രൂഷ ചെയ്തിരുന്നു. വീട്ടിൽനിന്നും സഭയിൽനിന്നും കിട്ടിയ മൂല്യങ്ങളിൽനിന്നും നിലപാടുകളിൽനിന്നും ഒരുതരത്തിലും മാറാതെ ജീവിച്ച ഒരു ശ്രേഷ്ഠവ്യക്തിയായിരുന്നു പാറേമ്മാക്കൽ. അദ്ദേഹം ഈടുറ്റ പാരന്പര്യത്തിൽനിന്നു രൂപപ്പെട്ടവനും കാതലുള്ള പാരന്പര്യത്തെ സൃഷ്ടിച്ചവനുമാണ്. ബഹുഭാഷാപണ്ഡിതനും സഭാത്മകചിന്തകനുമായിരുന്നു.
മൂർച്ചയുള്ള ഭാഷയും ആഴമുള്ള ചിന്തകളും അദ്ദേഹത്തിന്റെ സ്ഥാവരസ്വത്തായിരുന്നു. ചരിത്രവും സഭാവിജ്ഞാനീയവും അദ്ദേഹം കൂട്ടിവിളക്കി. സഭാവിജ്ഞാനീയത്തിന്റെ ചരിത്രപരമായ അടിത്തറയും ചരിത്രത്തിന്റെ സഭാത്മകമായ ആവിഷ്കാരവും അദ്ദേഹത്തിന്റെ രചനാശൈലിയാണ്. സഭ ദൈവജനമാണെന്നും ഓരോ സഭയ്ക്കും അതിന്റെ തനിമയുണ്ടെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സഭയിൽ സംഘർഷഭരിതമായ ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നതെങ്കിലും സ്വന്തജീവിതത്തിലും വീക്ഷണത്തിലും സ്വത്വപ്രതിസന്ധി അനുഭവപ്പെട്ടില്ല. മനഃശക്തിയും മനഃശുദ്ധിയും ഉന്നത മാനുഷിക മൂല്യങ്ങളുമുള്ള പ്രവാചകനായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തിന്റെ ധാർമികബോധത്തെയും മൂല്യശ്രേണിയെയും സംരക്ഷിച്ച ദീർഘദർശിത്വമുള്ള ദാർശനികനായിരുന്നു പാറേമ്മാക്കൽ.
18-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ മാതൃസഭയ്ക്കും മലയാളനാടിനും ധാർമികനേതൃത്വവും അഭിമാനവും പകർന്ന വീരനായകനാണ് പാറേ മ്മാക്കൽ ഗോവർണദോർ. മധ്യതിരുവിതാംകൂറിൽ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽപ്പെട്ട കടനാടുഗ്രാമത്തിൽ ക്രിസ്ത്വബ്ദം 1736 സെപ്റ്റംബർ 10ന് പാറേമ്മാക്കൽ ഇട്ടിചാണ്ടി-അന്ന ദന്പതിമാരുടെ ഏഴു മക്കളിൽ നാലാമനായി പാറേ മ്മാക്കൽ ഗോവർണദോർ ഭൂജാതനായി. പന്ത്രണ്ടാമത്തെ വയസിൽ വിദ്യാഭ്യാസം ആരംഭിച്ചു. മീനച്ചിൽ ശങ്കരൻ കർത്താവിൽനിന്നു മൂന്നു വർഷം സംസ്കൃതവും കാനാട്ട് ഐപ്പുകത്തനാരിൽനിന്നു മൂന്നു വർഷം സുറിയാനിയും പഠിച്ചു. 18-ാമത്തെ വയസിൽ അന്നു പ്രസിദ്ധമായിരുന്ന ആലങ്ങാട്ടു സെമിനാരിയിൽ ചേർന്നു വൈദികപഠനം ആരംഭിച്ചു. അവിടെവച്ചു പോർച്ചുഗീസും ലത്തീനും പഠിച്ചു. ദൈവശാസ്ത്രവും സന്മാർഗശാസ്ത്രവും വശമാക്കി.
1761ൽ വൈദികപട്ടം സ്വീകരിച്ചു. അതിനുശേഷം വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1778ൽ കടനാട്ടിൽ വികാരിയായിരിക്കുന്പോഴാണ് കരിയാറ്റിൽ യൗസേപ്പു മല്പാനുമൊത്ത് റോമായാത്ര പുറപ്പെടുന്നത്. എട്ടു വർഷം കഴിഞ്ഞ് 1786ൽ കരിയാറ്റിൽ മെത്രാപ്പോലീത്തയോടൊപ്പം ഗോവയിൽ തിരിച്ചെത്തി. ഗോവയിൽവച്ചുള്ള മാർ കരിയാറ്റിലിന്റെ ആകസ്മിക മരണത്തെത്തുടർന്ന് തോമ്മാക്കത്തനാർ മലങ്കരയിലെ സുറിയാനിക്കത്തോലിക്കരുടെ ഗോവർണദോർ (അഡ്മിനിസ്ട്രേറ്റർ) ആയി നിയമിതനായി. അങ്കമാലി ആസ്ഥാനമാക്കി അദ്ദേഹം സഭാഭരണം ആരംഭിച്ചു. എങ്കിലും ടിപ്പുവിന്റെ ആക്രമണത്തെത്തുടർന്ന്, വൈക്കത്തിനടുത്തുള്ള വടയാർ എന്ന സ്ഥലത്തേക്ക് ആസ്ഥാനം മാറ്റി. 13 വർഷം അദ്ദേഹം മലങ്കരയിലെ നസ്രാണിസഭയ്ക്ക് ധീരനേതൃത്വം നൽകി. ഒടുവിൽ രോഗബാധിതനായതിനെ തുടർന്ന് തന്റെ അവസാനത്തെ മൂന്നുവർഷം പൂർവ ഇടവകയായ രാമപുരത്ത് താമസിച്ചാണ് സഭാഭരണം നിർവഹിച്ചത്. 1799 മാർച്ച് 20ന് പാറേമ്മാക്കൽ തോമ്മാ ഗോവർണദോർ ദിവംഗതനായി.
സഭൈക്യത്തിനായി റോം-ലിസ്ബണ് യാത്ര
പദ്രൊവാദോ - പ്രൊപ്പഗാന്ത ഭരണത്തിൻകീഴിൽ, വിഘടിച്ചുനിന്ന പുത്തൻകൂർ വിഭാഗത്തിന്റെ പേരിൽ മാർത്തോമ്മാക്രിസ്ത്യാനികളുടെ ന്യായമായ അവകാശങ്ങൾപോലും അവഗണിക്കപ്പെട്ട സമയത്താണ് പ്രശ്നപരിഹാരത്തിനായി ഫാ. ജോസഫ് കരിയാറ്റിലും ഫാ. തോമസ് പാറേമ്മാക്കലും ചേർന്ന് സഭാകേന്ദ്രങ്ങളായ റോമിലേക്കും ലിസ്ബണിലേക്കും യാത്രപോകുന്നത്. നസ്രാണി സമുദായത്തെ ഭിന്നിപ്പിച്ചു ഭരിക്കുന്ന വിദേശാധിപത്യ മനോഭാവത്തിൽനിന്നു മോചനം നേടാനും കത്തോലിക്കാസഭയിലേക്ക് പുനരൈക്യപ്പെടാനുമായി പുത്തൻകൂർ വിഭാഗത്തിൽപ്പെട്ട ആറാം മാർത്തോമ്മാ മെത്രാൻ എഴുതി നൽകിയ ‘വിശ്വാസസത്യം’ സ്വീകരിച്ച് അദ്ദേഹത്തെ മാതൃസഭയിലേക്ക് സ്വീകരിക്കുകയായിരുന്നു ഈ യാത്രയുടെ മുഖ്യലക്ഷ്യം.
നിശ്ചയദാർഢ്യത്തോടെയുള്ള ക്ലേശപൂർണമായ ഈ യാത്രയ്ക്ക് അവരെ പ്രേരിപ്പിച്ചത് സഭാസ്നേഹമാണ്; സഭയുടെ ഐക്യവും നല്ല ഭാവിയും. അതിന് സഹായകമായത് മാർത്തോമ്മാ ആറാമന്റെ പുനരൈക്യവുമാണ്. അവരുടെ ആവശ്യങ്ങൾ അവർ രാജ്ഞിക്കു സമർപ്പിച്ച നിവേദനത്തിൽ കാണാം. അവർ റോമിൽ സമർപ്പിച്ച ഒരു കത്തിൽ നാം വായിക്കുന്നു. “റോമാപട്ടണത്തിന്റെ പ്രൗഢി കാണാനല്ല ഞങ്ങൾ വന്നത്. പിന്നെയോ, പരിശുദ്ധ പിതാവിന്റെ പാദാന്തികത്തിൽ മാർത്തോമ്മാ ആറാമന്റെ വിശ്വാസ പ്രഖ്യാപനം സമർപ്പിക്കാനാണ്.” അവരുടെ ഉദ്ദേശ്യശുദ്ധിയും ലക്ഷ്യവും കാണിക്കുന്ന ഒരു സംഭവമാണ് പ്രൊപ്പഗാന്തായിൽനിന്ന് തിരസ്കരിക്കപ്പെട്ട് അവർ കർദിനാൾ പോഷ്കിയുടെ അടുത്തുചെന്നപ്പോൾ അദ്ദേഹം പറഞ്ഞത്. “നിങ്ങൾക്കാർക്കും കരിയാറ്റിയെ അറിയില്ല; എന്നാൽ, എനിക്കറിയാം; അദ്ദേഹത്തിന്റെ ബുദ്ധിയും അറിവും അനുസരണയും സത്സ്വഭാവവും സത്യസന്ധതയുമെല്ലാം. അദ്ദേഹം തന്റെ സുഹൃത്തുമൊത്ത് വളരെ ദൂരെയുള്ള രാജ്യത്തുനിന്ന് ഏറെ ക്ലേശങ്ങൾ സഹിച്ച് ഇവിടെയെത്തിയതു സത്യമായ ലക്ഷ്യത്തോടുകൂടിയാണെന്നതിൽ എനിക്ക് സംശയമില്ല.”
വർത്തമാനപ്പുസ്തകം എന്ന പ്രവാചക ഗ്രന്ഥം
കരിയാറ്റിൽ ജോസഫ് മല്പാനും പാറേമ്മാക്കൽ തോമ്മാക്കത്തനാരും ഒരുമിച്ച് 1778 മുതൽ 1786 വരെ എട്ടുവർഷക്കാലം നടത്തിയ റോമാ-ലിസ്ബണ് യാത്രയുടെ വിവരണമാണ് ‘വർത്തമാനപ്പുസ്തകം’. മലയാളത്തിലെന്നല്ല, ഭാരതീയ ഭാഷകളിൽതന്നെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥമാണ് ഇത്. 1785ൽ വിരചിതമായ ‘വർത്തമാനപ്പുസ്തകം’ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ അക്കാലത്തെ സ്ഥിതിഗതികൾ വളരെ തന്മയത്വത്തോടുകൂടി പ്രതിപാദിക്കുന്നു. ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, മെഡിറ്ററേനിയൻ കടൽ എന്നീ സമുദ്രങ്ങളിലൂടെ പായ്ക്കപ്പലുകളിൽ കാറ്റിന്റെ ഗതിക്കനുസരിച്ചു നടത്തിയ മാസങ്ങളോളം ദീർഘിക്കുന്ന സംഘർഷപൂർണമായ യാത്രയുടെ അനുഭവസാക്ഷ്യങ്ങൾ. പല വിദേശികളും ഇന്ത്യയെക്കുറിച്ച് ഇതിനുമുന്പേ എഴുതിയിട്ടുണ്ടെങ്കിലും ഭാരതത്തിനു വെളിയിൽ നാലു ഭൂഖണ്ഡങ്ങളും മൂന്നു മഹാസമുദ്രങ്ങളും ചുറ്റിസഞ്ചരിച്ച് അവയെക്കുറിച്ചു സഞ്ചാരവൃത്താന്തം രചിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ് പാറേമ്മാക്കൽ ഗോവർണദോർ.
വിദേശഭാഷകൾ ഉൾപ്പെടെ പല ഭാഷകൾ നന്നായറിയാവുന്ന ഭാഷാപണ്ഡിതൻകൂടിയായിരുന്നു ഗോവർണദോരച്ചൻ. ഈ ഗ്രന്ഥത്തിൽ പാണ്ഡിത്യം പ്രകടിപ്പിക്കാനല്ല അദ്ദേഹം ശ്രമിച്ചിട്ടുള്ളത്.
സ്വജനങ്ങൾ വായിച്ചറിയണമെന്ന ചിന്തയാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. 18-ാം നൂറ്റാണ്ടിൽ കേരളത്തിലെ ക്രൈസ്തവസമൂഹങ്ങൾക്കിടയിൽ നിലവിലിരുന്ന സംസാരഭാഷയാണ് ഈ കൃതിയിൽ നാം കാണുന്നത്. സാഹിത്യപരമായും ചരിത്രപരമായും മതപരമായും ഇത്രയേറെ മൂല്യസന്പത്തുള്ള മറ്റൊരു പ്രാചീന കൈയെഴുത്തുരേഖ ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും ഭാഷയുടെ അപരിചിതത്വസ്വഭാവം ഈ കൃതിയുടെ പ്രചാരത്തിനു തടസമായി നിൽക്കുന്നു. ബൈബിളും ദൈവശാസ്ത്രവും ചരിത്രവും ഒരേ ചരടിൽ ചേർത്തു പിടിച്ചപ്പോഴാണ് അതിൽനിന്ന് ഒരു മേൽത്തരം സഭാവിജ്ഞാനീയം പുറത്തുകൊണ്ടുവരാൻ പാറേമ്മാക്കലിന് കഴിഞ്ഞത്.
കാലത്തിന്റെ മുദ്രപതിഞ്ഞ കൃതിയാണ് ‘വർത്തമാനപ്പുസ്തകം’. 250 വർഷം പിന്നിട്ടിട്ടും ഈ കൃതിയുടെ പ്രസക്തി അല്പംപോലും കുറഞ്ഞിട്ടില്ല. കേവലം ഒരു യാത്രാവിവരണഗ്രന്ഥമെന്നതിലുപരി ഇതിന്റെ സാമുദായിക പ്രസക്തി, സാഹിത്യമൂല്യം, ചരിത്രപരത എന്നിവയാണ് കാലം അടയാളപ്പെടുത്തിയത്. ഇന്ന് ‘വർത്തമാനപ്പുസ്തകത്തെ’ അവഗണിച്ചു ചരിത്രപഠനമോ സാഹിത്യപഠനമോ നടത്താനാകില്ല.
ദേശീയതയും സമുദായബോധവും
ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് ദേശീയത തുളുന്പുന്ന വികാരം വായനക്കാരിൽ ജനിപ്പിക്കാൻ ഇത്രയേറെ പര്യാപ്തമായ ഒരു സഞ്ചാരകൃതി വേറെയില്ല. തന്റെ ജനത്തെ ആത്മബോധമുള്ളവരാക്കിത്തീർക്കുകയും അവർ ചുമന്നുകൊണ്ടു നടക്കുന്ന അടിമത്ത നുകത്തിന്റെ വലിപ്പം അവർക്കു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തുകൊണ്ട് ഒരു വിമോചനസമരത്തിനു നേതൃത്വം നൽകുകയാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ ചെയ്തത്. ഇതു വായിക്കുന്നവരുടെ ഹൃദയം സമുദായസ്നേഹത്താൽ തുടിക്കും, ദേശസ്നേഹത്താൽ പുളകിതമാകും.
“ഞങ്ങൾ നമ്മുടെ നാട്ടിൽനിന്ന് പുറപ്പെട്ട് യൂറോപ്പിലും പോയ വഴിയിലും പോർത്തുഗൽ രാജ്യത്തും റോമാനഗരത്തിലും ശേഷമുള്ള എല്ലാ സ്ഥലങ്ങളിലും നമുക്കു നേരിടേണ്ടിവന്ന സംഭവങ്ങളും ഉടയതന്പുരാന്റെ പ്രത്യേകമുള്ള സഹായങ്ങളും ഈ പുസ്തകത്തിലെഴുതി നമ്മുടെ ജ്യേഷ്ഠാനുജന്മാരെ എല്ലാവരെയും അറിയിപ്പാൻ നിശ്ചയിക്കുകയും ചെയ്തു” -യാത്രയുടെ ഉദ്ദേശ്യം ഈ പുസ്തകത്തിന്റെ മുഖവുരയിൽ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാം തുടർന്നു വായിക്കുന്നു: “നമ്മുടെ ജ്യേഷ്ഠാനുജന്മാരൊക്കെയും ഈ പുസ്തകത്തിലെഴുതിയിരിക്കുന്ന കാര്യങ്ങളും ഉടയതന്പുരാന്റെ പ്രത്യേകമുള്ള സഹായങ്ങളും വായിച്ചറിഞ്ഞ് ഭാവിയിൽ നമ്മുടെ സമുദായത്തിന്റെ ഗുണത്തിനും ഐക്യത്തിനും ആവശ്യമായിട്ടുള്ളതൊക്കെയും ചെയ്യുവാനായി ഏകമനസോടും മനോരമ്യതയോടുംകൂടി ദൃഢനിശ്ചയം ചെയ്തുകൊള്ളണമെന്ന് തങ്ങൾ എല്ലാവരോടും വളരെ താത്പര്യപൂർവം അപേക്ഷിക്കുകയും ആയതിന് നമ്മെ രാവും പകലും അനുദിനവും അനുഗ്രഹിക്കണമെന്ന് ഉടയതന്പുരാനോട് നാം പ്രാർഥിക്കുകയും ചെയ്യുന്നു.” വർത്തമാനപ്പുസ്തകം നാം കൈയിലെടുക്കുന്പോൾ, ഇതിന് കാരണക്കാരായ ആ രണ്ട് വലിയ വ്യക്തിത്വങ്ങളുടെ, കാരിയാറ്റിലിന്റെയും പാറേമ്മാക്കലിന്റെയും, ത്യാഗപൂർണമായ ജീവിതങ്ങൾ നാം അനുസ്മരിക്കുകയാണ് ചെയ്യുന്നത്; ഈ സ്മരണയാണ് നമുക്ക് അവരോടു കാണിക്കാവുന്ന വലിയ ആദരവും.