ആളോഹരി സന്തോഷം വികസനത്തിന്റെ മാനദണ്ഡം
ബിഷപ് തോമസ് ചക്യത്ത്
Thursday, March 20, 2025 12:41 AM IST
രാജ്യങ്ങളുടെ പുരോഗതി അളന്ന് തിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന പരന്പരാഗത അളവുകോൽ ആളോഹരി വരുമാനമാണ്. ഓരോ രാജ്യത്തിന്റെയും അഭ്യന്തര ഉത്പാദനത്തിന്റെയും സേവനത്തിന്റെയും വിപണിമൂല്യമാണ് ജിഡിപി. വികസനത്തിന്റെ പൊതുവായ അളവുകോൽ. എന്നാൽ, അടുത്തകാലത്ത് പുരോഗതി തിട്ടപ്പെടുത്തുന്നതിനു കൂടുതൽ അർഥവത്തായൊരു മാനം ലോകവ്യാപകമായി സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ആളോഹരി സന്തോഷം വികസനത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്ന രീതിയാണത്. ആനന്ദമാണ് എല്ലാറ്റിനേക്കാളും പ്രധാനം എന്ന കാഴ്ചപ്പാടാണ് അതിന്റെ പിന്നിൽ. ചെറിയ രാജ്യമായ ഭൂട്ടാനാണ് ഈ സങ്കല്പം ആദ്യമായി (1970) പ്രയോഗത്തിലാക്കിയത്. പൗരന്മാർക്കു സന്തോഷം ഉറപ്പുവരുത്താനായി ഒരു മന്ത്രാലയം പോലും ഭൂട്ടാനിലുണ്ട്. ഈ മാതൃകയിൽ പല രാജ്യങ്ങളും പൗരന്മാരുടെ സന്തോഷം മുൻനിർത്തി പലതരത്തിലുളള പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
ലോക സന്തോഷദിനം
എല്ലാ വർഷവും മാർച്ച് 20ന് വേൾഡ് ഡേ ഓഫ് ഹാപ്പിനെസ് (ലോക സന്തോഷദിനം) ആഘോഷിക്കാൻ എക്യരാഷ്ട്രസഭ 2012 ജൂലൈ 12നാണ് തീരുമാനിച്ചത്. ഭൂട്ടാനാണ് നിർദേശം മുന്നോട്ടുവച്ചത്. സന്പത്തിനെക്കാളും അധികാരത്തെക്കാളും മറ്റെന്തിനെക്കാളും പരമപ്രധാനമാണ് എല്ലാ മനുഷ്യരും സന്തോഷത്തോടെയിരിക്കുക എന്ന തിരിച്ചറിവാണിതിനു പിന്നിൽ.
ഹാപ്പിനെസ് ഇൻഡക്സ്
ലോകരാജ്യങ്ങളുടെ സന്തോഷനിലവാരക്കണക്കു പ്രസിദ്ധീകരിക്കുന്നുമുണ്ട്. 2024ൽ 143 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷം നിറഞ്ഞുതുളുന്പുന്ന രാജ്യം ഫിൻലൻഡ് ആയിരുന്നു. ഏഴു വർഷം തുടർച്ചയായി ഈ സ്ഥാനത്തുള്ളതും ആ രാജ്യം തന്നെ. ലോകത്തിലെ ഏറ്റവും സന്പന്നരാജ്യമായ അമേരിക്ക 23-ാം സ്ഥാനത്താണ്. ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യമായി കണക്കാക്കുന്നത് അഫ്ഗാനിസ്ഥാനെയാണ്. ഈ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്.
പൗരന്മാർക്കു ലഭ്യമാകുന്ന സന്തോഷത്തിന്റെ തോതാണ് ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനം.സന്തോഷത്തിന്റെ അഭ്യന്തര ഉത്പാദനത്തിനു (GNH) സന്പത്തിന്റെ അഭ്യന്തര ഉത്പാദനം (GDP) വഴിമാറുന്നു. സന്പത്തുകൊണ്ട് അളന്നു തിട്ടപ്പെടുത്താനാകാത്ത മൂല്യമാണ് സന്തോഷം. മിതമായി ഭക്ഷണം കഴിച്ചും കായികാധ്വാനത്തിൽ ഏർപ്പെട്ടും ജീവിക്കുന്ന കർഷകരാകും വലിയ സന്പന്നരെക്കാൾ ആരോഗ്യമുള്ളവരും ജീവിതത്തിൽ സംതൃപ്തി ഉള്ളവരും. എല്ലാ മേഖലയിൽപ്പെട്ടവർക്കും സന്തോഷകരമായി ജീവിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ വേണ്ടത്. ആത്യന്തികമായി സന്തോഷം വ്യാപകമായി ഉത്പാദിപ്പിക്കപ്പെടണം.
മൗലികാവകാശവും കടമയും
മൗലിക പ്രാധാന്യമുളള മനുഷ്യാവകാശങ്ങളിലൊന്നായി സന്തോഷം ലോകമെങ്ങും അംഗീകരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജീവിതം ഒരു ഉത്സവമാക്കുന്നിടത്താണ് ദൈവം സംപ്രീതനാകുന്നതെന്ന ചൊല്ലിനു വലിയ അർഥമുണ്ട്. ആനന്ദിക്കുക എന്നത് ഓരോ മനുഷ്യന്റെയും അവകാശം മാത്രമല്ല കടമകൂടിയാണ്. നിലനിൽക്കുന്ന സന്തോഷം നല്കാൻ ബാഹ്യമായ ആർഭാടങ്ങൾക്കാകില്ല. അതൊരു ആന്തരികഭാവമാണ്. നന്മനിറഞ്ഞ മനസാണ് സന്തോഷത്തിന്റെ ഉറവിടം. കരയാനും അതുപോലെ ചിരിക്കാനും കാരണങ്ങളുണ്ടാകും. എല്ലാ പരിമിതികളുടെയും പ്രതിസന്ധികളുടെയും നടുവിൽ മനസിന്റെ സുഖം നഷ്ടപ്പെടുത്താതെ ജീവിക്കുക ഒരു കലയാണ്.
‘ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ഫ്രാൻസിസ് പാപ്പാ ലോകത്തിനു നല്കുന്ന ആഹ്വാനം ജീവിതത്തെ പോസിറ്റീവായി കാണണമെന്നാണ്. അയൽപക്കത്തെ വിശുദ്ധനെ, വിശുദ്ധയെ കാണുന്നതിന്റെ പുണ്യം പാപ്പാ സൂചിപ്പിക്കുന്നുണ്ട്. അസൂയയും വെറുപ്പും വൈരാഗ്യവും ശത്രുതാമനോഭാവവും മനസിന്റെ എല്ലാ കോണിൽനിന്നും ഉന്മൂലനം ചെയ്ത് അവയുടെ സ്ഥാനത്ത് പരസ്പരാദരവും കരുതലും കാരുണ്യവും പ്രതിഷ്ഠിക്കാനാകണം. ആഴമുള്ള ആനന്ദം സ്വന്തമാക്കാൻ യേശു നിർദേശിക്കുന്ന മാർഗം സ്വയംദാനമാണെന്ന സത്യം ശ്രദ്ധേയമാണിവിടെ.
ലോകമാതൃക
ഏഴുവർഷമായി സന്തോഷത്തിന്റെ ലോകകിരീടം അണിയുന്ന ഫിൻലൻഡ് ഏവർക്കും മാതൃകയാകണം. അന്പത്തേഴു ലക്ഷം ജനങ്ങളുള്ള ആ കൊച്ചു രാജ്യത്തിന്റെ പ്രത്യേകത അവിടെ നിലനിൽക്കുന്ന പരസ്പരവിശ്വാസവും പരസ്പരബന്ധങ്ങളിൽ അവർ പുലർത്തുന്ന സുതാര്യതയുമാണ്. ആർക്കും ആരെയും ഭയപ്പെടേണ്ടതില്ല. അഴിമിതിയും തട്ടിപ്പും അന്യമാണ്. വനങ്ങളും പാർക്കുകളും കൊണ്ടു സന്പന്നമായ അവിടത്തെ ജനങ്ങൾ പ്രകൃതിയുടെ മടിത്തട്ടിൽ വിശ്രമിക്കുന്നവരാണ്. ശുദ്ധമായ ചുറ്റുപാടും സ്ഫടികതുല്യമായ ജലസ്രോതസുകളും ആനന്ദജനകമാണ്.നമ്മുടെ ജീവിതരീതികളും സാഹചര്യങ്ങളും ഫിൻലൻഡിന്റേതിൽനിന്ന് ഏറെ ദൂരത്താണ്!
സന്തോഷത്തിന്റെ വഴികൾ
മാനസികാരോഗ്യം, സമയത്തിന്റെ ശരിയായ ഉപയോഗം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സാംസ്കാരിക വൈവിധ്യങ്ങളോടു പൊരുത്തപ്പെടാനുളള കഴിവ്, നല്ല ഭരണക്രമം, ഊഷ്മളമായ സാമൂഹിക ബന്ധങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങളെ പ്രതിരോധിക്കാനുളള കഴിവ്, നല്ല ജീവിത നിലവാരം എന്നീ ഒൻപതു കാര്യങ്ങളാണു സന്തോഷം ഉറപ്പാക്കാനുളള മാർഗങ്ങളായി ഭൂട്ടാൻ പരിഗണിച്ചത്. സന്പത്ത് ഉത്പാദിപ്പിക്കുന്നതുപോലെ സന്തോഷവും ഉത്പാദിപ്പിക്കപ്പെടാനാകും. ഉദാഹരണത്തിനു മാനസികാരോഗ്യം ഉറപ്പാക്കുന്നതിനു ധ്യാനത്തിനും പ്രാർഥനയ്ക്കും കാര്യമായ പങ്കു വഹിക്കാനുണ്ട്. ഭൂട്ടാൻ ജനത എല്ലാ ദിവസവും കുറച്ചു സമയം ധ്യാനത്തിൽ ചെലവഴിക്കണമെന്ന നിബന്ധനയുണ്ട്.
ലളിതമായ ജീവിതരീതികൾ അഭ്യസിക്കുന്നതുവഴി സംതൃപ്തമായ മാനസികാവസ്ഥ വളർത്തിയെടുക്കാനാകും.
ഭയം ജനിപ്പിക്കുന്ന കാലം
നമ്മുടെ രാജ്യത്ത് ആളോഹരി ഭയവും വ്യസനവും വർധിക്കുകയാണ്. അക്രമാസക്തരും വിഷാദരോഗികളുമായി മാറുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. പണ്ടു മനുഷ്യനിൽ ഭയം ജനിപ്പിച്ചിരുന്നതു വന്യമൃഗങ്ങളും ഇടിമിന്നലും മറ്റുമായിരുന്നു. വിഷപ്പാന്പുകളെ ഭയന്നു രാത്രിയിൽ മുറ്റത്തിറങ്ങാൻപോലും മനുഷ്യർ ഭയന്നിരുന്നു. എങ്കിലും, ഒരു ചൂട്ടും ചൂരൽ വടിയുംകൊണ്ടു പരിഹരിക്കാവുന്ന പ്രശ്നം മാത്രമായിരുന്നു അത്. എന്നാൽ ഇന്നത്തെ മനുഷ്യൻ കൂടുതൽ ഭയക്കുന്നതു സഹജീവികളെയാണ്. തികച്ചും വ്യത്യസ്തവും തീവ്രവുമായ സ്വഭാവം അതിനുണ്ട്. മനുഷ്യന്റെ നിഴലുപോലും നമ്മിൽ ഭയം ഉണർത്താൻ തുടങ്ങിയിരിക്കുന്നു. കൊലപാതങ്ങളുടെയും ക്രൂരമായ സ്ത്രീപീഡനങ്ങളുടെയും തുടരെത്തുടരെയുളള വാർത്തകൾ ഉറക്കംകെടുത്തുന്ന സ്വപ്നങ്ങൾക്കു കാരണമാകുന്നു. മലയോരപ്രദേശങ്ങളിലെ ജനങ്ങൾക്ക് ആന, കടുവ തുടങ്ങിയ വന്യമൃഗങ്ങളിൽനിന്നു നേരിടുന്ന ഭീഷണിയുടെ കാര്യം ഇവിടെ മറക്കുന്നില്ല.
കടുവയുടെ അക്രമത്തെ നേരിടാൻ വലിയ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്തെക്കാളും പ്രശ്നസങ്കീർണമാണ് ആധുനികമനുഷ്യൻ തങ്ങളിൽനിന്നുതന്നെ നേരിടുന്ന പ്രശ്നമെന്ന ചരിത്രകാരൻ അർനോൾഡ് ടോയൻബിയുടെ വിലയിരുത്തൽ ശ്രദ്ധേയമാണ്. അടുത്തദിവസങ്ങളിൽ കേരളത്തിൽ നടന്ന ദാരുണമായ കൊലപാതകങ്ങൾ ഈ വസ്തുതയാണ് അടയാളപ്പെടുത്തുന്നത്. താമരശേരിയിൽ മുഹമ്മദ് ഷഹബാസ് എന്ന 15 വയസു പ്രായമുളള വിദ്യാർഥിയെ ആറു വിദ്യാർഥികൾ മർദിച്ചു കൊലപ്പെടുത്തിയതും കഴിഞ്ഞ ഫെബ്രുവരി 24നു രാത്രിയിൽ തിരുവനന്തപുരത്തിനടുത്ത് വെഞ്ഞാറമൂടിൽ നടന്ന അഞ്ചു കൊലപാതകങ്ങളും കേരളജനതയിലുണ്ടാക്കിയ ഭീതി ചെറുതല്ല. ഇത്തരം ഭയജനകമായ വാർത്തകൾ നിത്യേന നമ്മുടെ നാട്ടിൽ നടക്കുന്നുവെന്നതു വ്യസനത്തിന്റെയും ഭയപ്പാടിന്റെയും അളവു വർധിപ്പിക്കുന്നു.
സന്തോഷനിർമിതി: കർമപദ്ധതികൾ
മനസിന്റെ സുഖം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അതു പരിപോഷിപ്പിക്കാൻ എല്ലാവരും കടപ്പെട്ടവരുമാണെന്ന അവബോധം സമൂഹത്തിൽ വ്യാപകമാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.
സന്പത്തും സുഖസൗകര്യങ്ങളും ഉറപ്പാക്കുന്നതിനെക്കാൾ ശ്രദ്ധിക്കേണ്ടത് എല്ലാവർക്കും ജീവിതം സന്തോഷപ്രദമാക്കാനുളള സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ്. ‘ഒരുമിച്ചു കൂടുതൽ സന്തോഷമുളളവരാകുക’ (Happier Together) എന്ന അന്താരാഷ്ട്ര ഹാപ്പിനെസ് ദിനത്തിന്റെ ആപ്തവാക്യം അർഥവത്താണ്. എല്ലാവരും സന്തോഷമുള്ളവരായിരിക്കണമെന്ന ചിന്ത സമൂഹത്തിൽ രൂഢമൂലമാകണം. ഇതൊരു കൂട്ടുത്തരവാദിത്വമാണ്. ഓരോ സാഹചര്യത്തിനും യോജിച്ച ഇടപെടലുകളും കർമപദ്ധതികളും പ്രാദേശിക-ദേശീയ-അന്തർദേശീയ തലങ്ങളിൽ ആസൂത്രണം ചെയ്യാനാകും. അത്തരം പ്രവർത്തനങ്ങളിലേർപ്പെടാനുളള ദൗത്യബോധമാണ് പ്രധാനം.