കുരിശ് മാത്രമായിരുന്നോ പരുന്തുംപാറയിലെ അനധികൃത നിർമാണം?
വാർത്താവീക്ഷണം/സി.കെ. കുര്യാച്ചൻ
Wednesday, March 19, 2025 1:33 AM IST
ഇടുക്കി പരുന്തുംപാറയിൽ ചാനലുകളെ വിളിച്ചുവരുത്തി ആഘോഷമായി കുരിശ് തകർക്കുകയും അത് തത്സമയം സംപ്രേക്ഷണം ചെയ്യാൻ അവസരമൊരുക്കുകയും ചെയ്ത ജില്ലാ കളക്ടർ അടക്കമുള്ള റവന്യു അധികൃതരോടും സംസ്ഥാന സർക്കാരിനോടും ഒരു ചോദ്യം, കുരിശ് മാത്രമായിരുന്നോ പരുന്തുംപാറയിലെ അനധികൃത നിർമാണം? എന്തേ കുരിശ് മാത്രം തകർത്തു? കൈയേറ്റവും അനധികൃത നിർമാണവും സംരക്ഷിക്കാനായിരുന്നു കുരിശ് സ്ഥാപിച്ചതെങ്കിൽ അതു തെറ്റാണെന്ന് അർഥശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞുകൊണ്ടുതന്നെയാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. കുരിശിനോടു മാത്രമായിരുന്നോ നിങ്ങളുടെ കലിപ്പ്.
പരുന്തുംപാറയിലും വാഗമണിലുമെല്ലാം റവന്യു ഭൂമി കൈയേറി പണിതുയർത്തിയിരിക്കുന്ന കെട്ടിടങ്ങൾക്ക് നൽകിയ പെർമിറ്റുകൾ അന്വേഷണസംഘം പരിശോധിക്കുമെന്നും നടപടിയെടുക്കുമെന്നും സർക്കാർ വീരവാദം മുഴക്കിയിരുന്നു. ജില്ലാ കളക്ടർ വി. വിഘ്നേശ്വരിയുടെ നിർദേശത്തെ തുടർന്ന് അഞ്ച് സർവേ നമ്പരുകളിലെ കെട്ടിടങ്ങളുടെ വിശദാംശങ്ങൾ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്തു.
പാർപ്പിട, വാണിജ്യ കെട്ടിടങ്ങളുടെ തരംതിരിച്ച പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. മഞ്ചുമല വില്ലേജിലെ 441, പീരുമേട് വില്ലേജിലെ 534, വാഗമൺ വില്ലേജിലെ 724, 813, 836 സർവേ നമ്പരുകളിൽ യഥാക്രമം വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ പഞ്ചായത്തുകളിൽ ആണ് കെട്ടിട നിർമാണത്തിനായി പെർമിറ്റ് നൽകിയിരിക്കുന്നത്. ഇതിൽ സ്പെഷൽ റസിഡൻസി പെർമിറ്റുകളും ഉൾപ്പെടുന്നുണ്ട്.
5700 സ്ക്വയർ ഫീറ്റ് വരെയുള്ള ബഹുനില മന്ദിരങ്ങൾ ഇവിടെയുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ വിവരങ്ങൾ. പുൽമേടുകൾ, മല നിരകൾ എന്നിവ ഇടിച്ചു നിരത്തി ബഹുനില മാളികകൾ പണിതുയർത്തിയതായി ഹൈക്കോടതി നിയോഗിച്ച എസ്ഐടി സംഘം കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. മലനിരകൾ കീറി മുറിച്ച് തലങ്ങും വിലങ്ങും റോഡ് നിർമിക്കുകയും ടൈൽ പാകി പ്രകൃതിക്ക് ദോഷകരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. കൂടാതെ വൻ തോതിൽ മേഖലയിൽ പാറഖനനം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ ഇവിടെ തകർത്തത് സജിത്ത് ജോസഫ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലും കൈവശാവകാശത്തിലുമിരിക്കുന്ന ഭൂമിയിലെ ഒരു കുരിശു മാത്രമാണ്. തന്റെ കൈവശമുള്ള ഭൂമിക്ക് പട്ടയമടക്കമുള്ള എല്ലാ രേഖകളും ഉണ്ടെന്നും കെട്ടിട നിർമാണത്തിന് പഞ്ചായത്തിൽനിന്ന് പെർമിറ്റും കെഎസ്ഇബിയിൽനിന്ന് വൈദ്യുതി കണക്ഷനും ലഭിച്ചിട്ടുണ്ടെന്നുമാണ് സജിത്ത് ജോസഫ് വ്യക്തമാക്കുന്നത്.
എന്നാൽ ഇതുസംബന്ധിച്ച് ഒരാഴ്ചയായിട്ടും ജില്ലാ ഭരണകൂടമോ റവന്യു അധികൃതരോ പ്രതികരിക്കാത്തതും ദുരൂഹത വർധിപ്പിക്കുകയാണ്. സജിത്ത് ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ നിര്‍മാണങ്ങള്‍ മുഴുവന്‍ അനധികൃതമാണെന്ന് പറയുമ്പോള്‍ അതിന്റെ ഒരു കല്ലുപോലും ഇളക്കാതെ കുരിശ് മാത്രം തകര്‍ത്ത് പൊടിച്ച് കളഞ്ഞതിനു പിന്നിലെ ചേതോവികാരമെന്തെന്ന് സർക്കാർ വിശദീകരിക്കണം.