പ്രണയം
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, March 19, 2025 12:08 AM IST
“വാതിൽ തുറന്ന പുഞ്ചിരിക്ക് മഴതോർന്ന ആകാശത്തിന്റെ സ്വച്ഛത” എന്നു വായിച്ചത് കോളജ് പഠനകാലത്താണ്. കോളജിലെ ജനറൽ ലൈബ്രറിയിൽവച്ചു വായിച്ച ആ പുസ്തകം ഒരു നോവലായിരുന്നു. സി. രാധാകൃഷ്ണന്റെ ‘മുൻപേ പറക്കുന്ന പക്ഷികൾ’. ഇതുവായിച്ചയുടനെ എന്റെ വായന മുറിഞ്ഞു. പേനയെടുത്ത് ആ വാക്യം ഉള്ളംകൈയിലെഴുതി ക്ലാസിലേക്ക് ഞാൻ കുതിക്കുകയായിരുന്നു. നോട്ട്ബുക്കിൽനിന്ന് ഒരു പേജ് കീറിയെടുത്ത് വിയർപ്പിൽ കുതിർന്ന ആ അക്ഷരങ്ങൾ പെറുക്കിയെഴുതി. അപ്പോൾ മഴ തോർന്ന ആകാശംപോലെയായി മനസ്. ഇനിയിത് പരമരഹസ്യമായി കോളജിൽത്തന്നെയുള്ള ഒരു പെൺകുട്ടിയെ ഏൽപ്പിക്കണം. എങ്കിൽ മാത്രമേ എന്റെ മനസിന്റെ ആകാശം സ്വച്ഛമാകുകയുള്ളൂ. പ്രണയം, വല്ലാത്ത പ്രണയം.
ഒരു പഴയ പാഠപുസ്തകത്തിൽ വച്ച് ഞാനത് അവൾക്കു കൊടുക്കുമ്പോൾ വാതിൽ തുറന്നുവരുന്ന പുഞ്ചിരിപോലെ അവളെന്നെ നോക്കിനിന്നു. രണ്ടുദിവസം കഴിഞ്ഞ് കൊടുത്ത പുസ്തകം അവൾ തിരിച്ചുതന്നു. അതിൽ ഞാൻ കൊടുത്ത കുറിപ്പിന്റെ മറുപുറത്ത് അവളെഴുതി “ഒപ്പമെത്താൻ എന്റെ നിഴലിൽ ചവിട്ടി നീ നടക്കണമെന്നില്ല” എന്ന്. പുസ്തകം തന്ന് നടന്നുപോകുമ്പോൾ അവളെന്നെ തിരിഞ്ഞുനോക്കിയിരുന്നു. ആ തിരിഞ്ഞുനോട്ടം എന്റെ കലാലയജീവിതം മുഴുവനുമുണ്ടായിരുന്നു. “ആയുർ നശ്വതി പശ്യതാം പ്രതിദിനം” എന്ന് സംസ്കൃതത്തിൽ പറയും. അതെ, അവളെ കണ്ടുകണ്ടങ്ങനെ എന്റെ ആയുസിന്റെ യൗവനം നശിക്കുകയായിരുന്നു. ബാക്കി ആയുസിനെ ജഗദ്ഭക്ഷകനായ കാലത്തിന് വിഴുങ്ങാനായി വിട്ടുകൊടുത്തു. ഇതല്ലേ പ്രപഞ്ചത്തിൽ ഉൾച്ചേർന്ന കാവ്യനീതി.
സി. രാധാകൃഷ്ണൻ സാറിനെ കാണുമ്പോഴെല്ലാം ‘മുൻപേ പറന്നുപോയ ആ പക്ഷി’യെക്കുറിച്ച് ഞാനോർക്കും. ഓർക്കുമ്പോൾ സങ്കടത്തിന്റെ ഒരു തുള്ളി കണ്ണിൽ വീഴും. പക്ഷേ, അത് കൺനിറയെ പടരില്ല. പാറയിൽ കൊത്തിവച്ച ശില്പംപോലെ അത് അടരാതെ നിൽക്കും. ഇപ്പോഴിതെല്ലാം ഓർക്കാൻ കാരണം മാർക്വേസിന്റെ ഒരു കഥയാണ്; ‘മീറ്റിംഗ് ഇൻ ഓഗസ്റ്റ്’ എന്ന കഥ. കഥാനായിക മധ്യവയസ്കയും സുന്ദരിയുമാണ്. അവർക്കു രണ്ടാൺമക്കൾ. സ്നേഹസമ്പന്നനും ആരോഗ്യവാനുമായ ഭർത്താവുമുണ്ട്. അവർ വളരെ കുലീനയായ സ്ത്രീയാണ്. പരപുരുഷന്മാരുമായി ഒരു ബന്ധവുമില്ല. അവർ എല്ലാ വർഷവും ടൂറിസ്റ്റുകൾ വന്നുപോകുന്ന ഒരു ദ്വീപിൽ വരും. എന്നാൽ അവരവിടെ വരുന്നത് ടൂറിസ്റ്റായിട്ടല്ല. അവരുടെ അമ്മയെ അടക്കംചെയ്ത സെമിത്തേരി ആ ദ്വീപിലാണ്. അമ്മയുടെ ശ്രാദ്ധദിനമാണ് അവരവിടെ എത്തുന്നത്. ദ്വീപിലെ ഒരു റസ്റ്ററന്റിലിരുന്നു ഭക്ഷണം കഴിക്കുമ്പോൾ അവരുടെ മേശയ്ക്ക് എതിർവശമിരുന്ന് ഒരു ചെറുപ്പക്കാരൻ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവർ അവനെ പരിചയപ്പെട്ടു. പിരിയാൻനേരം അവർ അവരുടെ റൂം നമ്പർ അവന് കുറിച്ചുനൽകി. അന്നു രാത്രി ആ ചെറുപ്പക്കാരൻ അവരോടൊപ്പം കഴിഞ്ഞു. അടുത്തദിവസം രാവിലെ അവരെഴുന്നേൽക്കുംമുമ്പ് അവൻ എഴുന്നേറ്റു പോയിരുന്നു. അവരവനെ അന്വേഷിച്ചില്ല. ദ്വീപിൽനിന്ന് അവർ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി.
ഒരദ്ഭുതവും ഈ കഥയിലില്ല. ഒരു മാജിക്കും ഇതിലില്ല. പക്ഷേ, ഈ കഥ നമുക്കു പിന്നാലെ വരുന്നുണ്ട്. അല്ലെങ്കിൽ ഈ കഥയെ നമുക്ക് ഉള്ളിൽനിന്ന് ഇറക്കിവിടാൻ കഴിയാതെവരുന്നു. മുറിവേറ്റ ആത്മാവിന്റെ ഏകാന്തഭാഷണംപോലെ ഇതു നമുക്കുള്ളിൽ പെയ്യാനൊരുങ്ങിനിൽക്കുന്നു. ഓർമയും ഭാവനയുമാണ് ഒരാൾക്ക് ജീവിതത്തിൽ പൊരുതി മുന്നേറാനുള്ള ആയുധങ്ങളെന്നു വായിച്ചിട്ടുണ്ട്. മാർക്വേസിന്റെ കഥ ഓർമയോ ഭാവനയോ ആകാം. പക്ഷേ, അതിൽ പ്രച്ഛന്നമായൊരു ആനന്ദമുണ്ട്. ആ ആനന്ദഹേതു പ്രണയമാണ്. ഒരു നിമിഷത്തിൽ അനേക ജന്മം ജീവിച്ചതിന്റെ പ്രണയപ്പൊരുളാണത്. കഥയിലൊരിടത്തുപോലും പ്രണയം എന്നൊരു വാക്കില്ല. പക്ഷേ, ആ സ്ത്രീയും ചെറുപ്പക്കാരനും കണ്ടുമുട്ടുന്ന നിമിഷം മുതൽ വായനക്കാർ അതനുഭവിച്ചുതുടങ്ങുന്നു. അതാണു പ്രണയത്തിന്റെ മാജിക്.
“ഹിമാലയത്തിന്റെ കാഞ്ചനശൃംഗങ്ങൾ കാണുന്നതിനേക്കാൾ എനിക്കിഷ്ടം പ്രിയപ്പെട്ടവളെ നോക്കിയിരിക്കുന്നതാണ്” എന്നൊരിക്കൽ എഴുതിയപ്പോൾ ഒരു കൂട്ടുകാരൻ എന്നെ വല്ലാതെ ശകാരിച്ചു. “ഉണങ്ങിക്കരിഞ്ഞ മരത്തിന്റെ നിഴൽപോലെ അർഥശൂന്യം” എന്നാണ് എന്റെ വരികളെ അവൻ വിശേഷിപ്പിച്ചത്. ഞാനവനെ തിരുത്തിയില്ല. അവൻ നല്ല വായനക്കാരനും ആദർശനിഷ്ഠനും കലാലയത്തിലെ പ്രിയപ്പെട്ട സഖാവുമായിരുന്നു. അവനെന്നും പ്രണയത്തിനെതിരായിരുന്നു. കോളജിൽ പ്രണയിക്കുന്നവരെ കണ്ടാൽ അവൻ കലിതുള്ളുമായിരുന്നു. കാമക്രോധലോഭമോഹങ്ങളിൽനിന്ന് ആവുന്നത്ര അകന്നുനടന്ന അവനെ ‘ദൈവത്തിന്റെ ഒരപൂർവസൃഷ്ടി’ എന്ന് ഞങ്ങൾ വിശേഷിപ്പിച്ചു.
ഒരുപാടു കാലത്തിനുശേഷം ഒരു തീവണ്ടിയാത്രയ്ക്കിടെ ഒരു പെൺകുട്ടിയെ ഞാൻ പരിചയപ്പെട്ടു. പരിചയപ്പെട്ടതല്ല; പരിചയം പുതുക്കി. അവൾ ഞാൻ പഠിക്കുന്ന കാലത്ത് കോളജിലുണ്ടായിരുന്ന ആളാണ്. പലതും സംസാരിച്ചിരുന്ന കൂട്ടത്തിൽ അവൾ പറഞ്ഞു; “അവന് എന്നോടു വലിയ ഇഷ്ടമായിരുന്നു. ആരോടും പറയില്ല എന്നു സത്യം ചെയ്യിച്ചിട്ടാണ് എന്നോടുള്ള ഇഷ്ടം തുറന്നുപറഞ്ഞത്.” ഞാനതു കേട്ട് ഞെട്ടിപ്പോയി. പ്രണയത്തിന് എതിരു നിന്നിരുന്ന, പ്രണയിക്കുന്നവരെ കണ്ടാൽ വിറകൊള്ളുന്ന, പ്രണയകവിതകൾ വലിച്ചുകീറുന്ന അവനോ ഇവൻ എന്നറിയാതെ ചോദിച്ചുപോയി.
ചിലരങ്ങനെയാണ്. ഒന്നും വിളിച്ചുപറയില്ല. അവർ പ്രണയിക്കും; നിശബ്ദരായി. അവർ കാമിക്കും; നിശബ്ദരായി. അവർ ആനന്ദിക്കും; നിശബ്ദരായി. ഒരു പൂവിനോടു ശലഭം കൊഞ്ചുന്നതുപോലെയാണവർ. ചിലർ വണ്ടുകളെപ്പോലെയാണ്. പൂവിനരികിലെത്തുന്നതിനു മുമ്പേ ആ വരവ് മൂളലിലൂടെ ലോകത്തെ അറിയിക്കും. അതെല്ലാവരും അറിയും. എല്ലാവരും അറിയുന്നതാണോ അറിയാത്തതാണോ അറിയിക്കുന്നതാണോ പ്രണയം? അറിയില്ല.