കുരിശുതകർക്കൽ ആരുടെ ഗൂഢാലോചന?
അഡ്വ. ജസ്റ്റിന് പള്ളിവാതുക്കൽ
Wednesday, March 19, 2025 12:03 AM IST
ഇടുക്കി പരുന്തുംപാറയിൽ അനധികൃത കൈയേറ്റം ഒഴിപ്പിക്കലെന്ന പേരിൽ കുരിശു തകർത്തതിൽ വലിയ ദുരൂഹതയുണ്ടെന്നത് വ്യക്തമാകുകയാണ്. പരുന്തുംപാറയിൽ പലവിധ കൈയേറ്റവും അനധികൃത നിർമാണങ്ങളും നടക്കുന്നുവെന്ന് മുറവിളികൂട്ടിയ റവന്യു വകുപ്പ് പക്ഷേ, ഒരു കുരിശു മാത്രമാണു തകർത്തത്. ഈ കുരിശു മാത്രമാണോ ഇവിടത്തെ അനധികൃത നിർമാണം എന്നതു സംബന്ധിച്ച് ഒരു വ്യക്തതയും ജില്ലാ ഭരണകൂടം നടത്തിയിട്ടില്ല. പിന്നെ എന്തിനാണ് വളരെ ധൃതിപിടിച്ച് വാർത്താ ചാനലുകളുടെ അകമ്പടിയോടെ ആഘോഷമായി കുരിശു തകർത്തതും അത് തത്സമയ സംപ്രേഷണത്തിന് അവസരമൊരുക്കിയതും എന്ന ചോദ്യം പ്രസക്തമാകുന്നു.
ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിച്ച കുരിശാണ് അനധികൃത നിർമാണമെന്ന പേരിൽ റവന്യു അധികൃതർ തകർത്തത്. എന്നാൽ, തന്റെ ഉടമസ്ഥതയിലുള്ളത് കൈയേറ്റ ഭൂമിയല്ലെന്നാണ് സജിത്ത് വ്യക്തമാക്കുന്നത്. സജിത്ത് ജോസഫിനെതിരേ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് മാധ്യമവിചാരണയുമുണ്ടായി. വ്യക്തിസ്വാതന്ത്ര്യത്തെയും പൗരാവകാശത്തെയും ലംഘിച്ചുകൊണ്ടും ഭരണഘടനാ മൂല്യങ്ങളെ മാനിക്കാതെയുമുണ്ടായ മാധ്യമവിചാരണ തികഞ്ഞ മനുഷ്യാവകാശ ലംഘനവും സാമൂഹ്യവിരുദ്ധവും നിര്ത്തലാക്കപ്പെടേണ്ടതുമാണ്.
ഭൂമിയുടെ രേഖ
വരയാറ്റുകുടി മുഹമ്മദ്കുഞ്ഞു ശിങ്കാരിലംബ എന്ന വ്യക്തിക്ക് LA 2236/61 നമ്പര്‍ നടപടിക്രമങ്ങള്‍ പ്രകാരം അനുവദിച്ചുകിട്ടിയ 968/61 നമ്പര്‍ പട്ടയപ്രകാരം അദ്ദേഹവും തുടര്‍ന്ന് മറ്റ് മൂന്ന് ആധാരങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട് 2021ല്‍ പീരുമേട് സബ് രജിസ്ട്രാർ ഓഫീസിലെ 140/2021 നമ്പര്‍ ആധാര പ്രകാരം സജിത്ത് ജോസഫ് തീറുവാങ്ങി കൈവശം വച്ച് അനുഭവിച്ചുവരുന്ന വസ്തുവകകളെ സംബന്ധിച്ചാണ് തർക്കം. സബ് രജിസ്ട്രാര്‍ ഓഫീസില്‍ നികുതി രസീത് മുതല്‍ കുടിക്കട സര്‍ട്ടിഫിക്കറ്റുകള്‍ വരെയുള്ള എല്ലാ റവന്യു രേഖകളും ഹാജരാക്കി മാത്രമാണ് ഈ വസ്തുവിന്റെ ആധാരങ്ങളെല്ലാം നടന്നിട്ടുള്ളതെന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. 2024-2025 വരെയുള്ള ഭൂനികുതിപോലും അടച്ചിട്ടുള്ളതായി കാണാം.
ഈ വസ്തുവിന്റെ രണ്ട് അതിരുകള്‍ ഫോറസ്റ്റ് അതിര്‍ത്തി പങ്കിടുന്നതും കൃത്യമായ ജണ്ടയും അതിര്‍ത്തി കയ്യാലയും ഉള്ളതുമാണ്. ഈ രേഖകളുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ വസ്തുവില്‍ കെട്ടിടനിര്‍മാണ അനുമതി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് നല്കിയിട്ടുള്ളതും കെഎസ്ഇബി വൈദ്യുതി കണക്ഷന് അനുവദിച്ചിട്ടുള്ളതും. ഇത്രമാത്രം കൃത്യതയോടെ നിയമപ്രകാരം കൈവശം വച്ച് അനുഭവിച്ചു വരുന്ന സ്ഥലത്ത് പഞ്ചായത്ത് പെര്‍മിറ്റോടെ നടത്തപ്പെട്ട നിര്മാണപ്രവര്ത്തനങ്ങളെയാണ് കൈയേറ്റമെന്നും അനധികൃതനിര്മാണമെന്നും റവന്യു വകുപ്പ് മുദ്രകുത്തിയത്.
1961 മുതല്‍ കൈവശമിരിക്കുന്ന പട്ടയഭൂമിയെ കൈയേറ്റഭൂമി എന്നു വിളിക്കുന്നെങ്കില്‍ കേരളത്തിലെ എല്ലാ പട്ടയഭൂമികളും കൈയേറ്റ ഭൂമികളായി മാറ്റപ്പെടും, മുദ്രകുത്തപ്പെടും. അത് ഒരു വലിയ കുടിയിറക്കിന് തുടക്കമാകുകയും ചെയ്യും. പരുന്തുംപാറയില്‍ കൈയേറ്റ ഭൂമികള്‍ ഉണ്ടെങ്കില്‍ അവ ഒഴിപ്പിക്കുക തന്നെ വേണം. അത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ധാരാളമുള്ളപ്പോഴും അതെല്ലാം മറച്ചുവച്ച് സജിത്ത് ജോസഫിനെതിരേ നടത്തുന്ന ഇപ്പോഴത്തെ നീക്കത്തെ ആരുടെയൊക്കെയോ പദ്ധതികളുടെ ഭാഗമായി മാത്രമേ മനസിലാക്കാന്‍ സാധിക്കൂ. സര്‍ക്കാര്‍ നിയോഗിച്ച എസ്ഐടി റിപ്പോര്‍ട്ട് പ്രകാരം നാല്പതോളം കടുത്ത നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതൊന്നും പരാമര്‍ശിക്കാതെ സജിത്തിനെതിരേ മാത്രം നടത്തുന്ന നീക്കങ്ങള്‍ ഈ സംശയം ബലപ്പെടുത്തുന്നു.
യാഥാര്‍ഥ്യമെന്ത്?
സജിത്ത് ജോസഫിന് 140/2021 തീറാധാര പ്രകാരം ലഭിച്ച വസ്തുവിന്റെ അടിസ്ഥാനപ്രമാണമായ 968/61 പട്ടയം ലഭിക്കുമ്പോള്‍ ഈ വസ്തു കോട്ടയം ജില്ലയ്ക്കുള്ളിലായിരുന്നു. പിന്നീട് ഇടുക്കി ജില്ല രൂപീകരിക്കപ്പെട്ടപ്പോള്‍ വസ്തു ഇടുക്കി ജില്ലയില്ലായി. പീരുമേട് വില്ലേജ് വിഭജിച്ച് മഞ്ചുമല വില്ലേജ് രൂപീകരിക്കപ്പെട്ടു. കോട്ടയം ജില്ലയിലായിരിക്കുമ്പോള്‍ പീരുമേട് വില്ലേജിലെ 534-ാം സര്‍വേ നമ്പറില്‍ പെട്ടിരുന്ന വസ്തുക്കള്‍ മഞ്ചുമല വില്ലേജിലെ 441-ാം സര്‍വേ നമ്പറിലാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വാദം. അങ്ങനെ ഒരു മാറ്റം വില്ലേജ് വിഭജനം മൂലം വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ടതും ആവശ്യമായ നടപടികള്‍ സ്വീകരികേണ്ടതും സര്‍ക്കാര്‍ മാത്രമാണ്.
സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ പട്ടയഭൂമി വിലകൊടുത്തു വാങ്ങി കൈവശം വച്ച് അനുഭവിച്ചുവരുന്നവരെ കൈയേറ്റക്കാരായി ചിത്രീകരിക്കുകയും അവര്‍ക്കെതിരേ കേസുകള്‍ എടുക്കുകയും പീഡിപ്പിക്കുകയും ചെയുന്ന നടപടികള്‍ ക്രൂരവും മനുഷ്യത്വരഹിതവും നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്നതുമാണ്. ഈ യാഥാര്‍ഥ്യം അംഗീകരിക്കാതെ ഭൂഉടമകളെ പ്രതികളാക്കുന്ന നടപടിയാണ് സജിത്ത് ജോസഫിനെതിരേയും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് അഴിമതിനിരോധന നിയമപ്രകാരം ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സാധിക്കുന്ന കാര്യവുമാണ്.
മാധ്യമവിചാരണയും സര്‍ക്കാരിന്റെ തിടുക്കവും
മാധ്യമങ്ങളിലൂടെ സജിത്ത് ജോസഫിന്റെ ഭൂമി കൈയേറ്റമാണെന്നും അവിടെ അനധികൃത നിര്‍മാണം നടക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നത്തിനെത്തുടര്ന്ന് ഈ മാസം നാലിന് പീരുമേട് വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്കി. വസ്തുവിന്റെ രേഖകളും കെട്ടിടനിര്മണ പെര്‍മിറ്റും അടക്കം ഭൂരേഖാ തഹസില്‍ദാര്‍ മുന്‍പാകെ ഏഴു ദിവസത്തിനകം ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാല്‍, മാധ്യമ വാര്‍ത്തകളുടെ സമ്മര്‍ദത്തില്‍ അന്നുതന്നെ അതേ വില്ലേജ് ഓഫീസര്‍ നിര്‍മാണനിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരിയിൽ കരാര്‍ കൊടുത്ത് ഫെബ്രുവരിയില്‍ നിര്‍മാണമാരംഭിച്ച കുരിശ് നിർമാണം നിരോധനത്തിനു ശേഷമാണെന്ന പ്രചാരണവും മാധ്യമങ്ങൾ നടത്തി.
കുരിശ് നിര്‍മാണ വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ മേലും കീഴും നോക്കാതെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു നോട്ടീസ് പോലും നല്‍കാതെ കുരിശ് പൊളിച്ചുനീക്കുകയാണുണ്ടായത്. ഒരു രീതിയിലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല മേല്‍നടപടികള്‍. സജിത്ത് ജോസഫിന്റെ ഉടമസ്ഥതയിലും കൈവശാവകാശത്തിലുമിരിക്കുന്ന ഭൂമിയിലെ നിര്‍മാണങ്ങള്‍ മുഴുവന്‍ അനധികൃതമാണെന്നു പറയുമ്പോള്‍ അതിന്റെ ഒരു കല്ലുപോലും ഇളക്കാതെ കുരിശ് മാത്രം തകര്‍ത്ത് പൊടിച്ചു കളഞ്ഞത് ഒട്ടുംതന്നെ നിഷ്കളങ്കമാണെന്ന് പറയാനാകില്ല. മാത്രവുമല്ല, പരുന്തുംപാറ മേഖലയില്‍ നൂറോളം കൈയേറ്റങ്ങള്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുമ്പോള്‍ സജിത്ത് ജോസഫിന്റെ വസ്തുവിലെ കുരിശ് മാത്രം തകര്‍ത്ത നടപടി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.
ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നുവോ?
ക്രൈസ്തവസഭയ്ക്കും വിശ്വാസി സമൂഹത്തിനുമെതിരേ വാര്‍ത്തകള്‍ ചമച്ചുണ്ടാക്കുന്നതില് ചില മാധ്യമങ്ങള്‍ കാട്ടുന്ന അമിത താത്പര്യമാണ് പരുന്തുംപാറയിലും മറനീക്കിപുറത്തുവന്നത്. ക്രൈസ്തവസമൂഹത്തെ നിരന്തരം വേട്ടയാടി മാനസികമായി തളര്‍ത്തി സമുദായത്തിന്റെയും ഈ നാടിന്റെയും സമഗ്ര പുരോഗതിയെ ഇല്ലാതാക്കുക എന്നത് മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇതിന് മതതീവ്രവാദികളുടെയും വര്‍ഗീയവാദികളുടെയും യുക്തിവാദികളുടെയും ഇടത് ലിബറല്‍ ആശയക്കാരുടെയും പിന്തുണയുണ്ട് എന്നത് ശ്രദ്ധാപൂര്‍വം വീക്ഷിക്കേണ്ടതും പ്രതിരോധിക്കപ്പെടേണ്ടതുമാണ്. ആഗോള തലത്തിലും ഇന്ത്യയിലും ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ ഇതുമായി കൂട്ടിവായിക്കാം. അതുകൊണ്ടുതന്നെ ഒരു ജനകീയ പ്രതിരോധം ഇതിനെതിരേ രൂപപ്പെടേണ്ടതുണ്ട്.