പ്രാണൻ എല്ലാവർക്കും തുല്യം
വാർത്താവീക്ഷണം/സി.കെ. കുര്യാച്ചൻ
Tuesday, March 18, 2025 1:50 AM IST
മനുഷ്യജീവൻ എല്ലാ ജീവനേക്കാളും വിലയുള്ളതാണെന്നും ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ കടുവയെ വെടിവച്ചു കൊന്നത് പ്രാണരക്ഷാർഥമാണെന്നുമുള്ള കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷിന്റെ ഏറ്റുപറച്ചിലിന് നന്ദി. ഒപ്പം, ഒരു ഓർമപ്പെടുത്തൽകൂടി:
വനംവകുപ്പു ജീവനക്കാർ മാത്രമല്ല, ആദിവാസികളും കർഷകരും മലയോരനിവാസികളുമെല്ലാം മനുഷ്യരാണ്. അവരുടെയെല്ലാം പ്രാണനും വിലപ്പെട്ടതാണ്. കടുവ കൊന്നുതിന്ന വയനാട്ടിലെ രാധയും ആറളത്തെ വെള്ളിയും ഭാര്യ ലീലയുമെല്ലാം മനുഷ്യർതന്നെയാണ്. വനം ഉദ്യോഗസ്ഥരുടെ പ്രാണന്റെ അതേ വിലയാണ് ഇവർക്കെല്ലാം ഉള്ളതെന്ന് രാജേഷ് അടക്കമുള്ള വനംവകുപ്പിലെ ഉദ്യോഗസ്ഥ മേധാവികൾക്കും മന്ത്രിക്കുമെല്ലാം ബോധ്യമുണ്ടാകണം.
ഞങ്ങളും മനുഷ്യരാണ്, ഞങ്ങളുടെ ജീവന് വന്യജീവികളുടെ ജീവനേക്കാൾ വില കല്പിക്കണം എന്ന മുറവിളിയാണ് ലക്ഷക്കണക്കിനു വരുന്ന മലയോരജനത നിരന്തരം ഉയർത്തുന്നത്. നിങ്ങളുടെ നേരേ ചാടിയ കടുവയെ വെടിവയ്ക്കാൻ നിങ്ങളുടെ കൈയിൽ തോക്കുണ്ട്. നിങ്ങൾ വെടിവച്ചാൽ അത് പ്രാണരക്ഷാർഥമാകും. എന്നാൽ, കൈയിൽ തോക്കുപോയിട്ട് കറിക്കത്തിപോലുമില്ലാത്ത പാവപ്പെട്ടവർ എങ്ങനെയാണ് കടുവയെയും പുലിയെയും ആനയെയും കാട്ടുപോത്തിനെയും കാട്ടുപന്നിയെയും നേരിടേണ്ടത്? അവർ എന്തെങ്കിലും തരത്തിൽ പ്രതിരോധിച്ചാൽ ജാമ്യമില്ലാ കുറ്റം ചുമത്തി അഴിയെണ്ണിക്കും. ഒരു വന്യജീവി ഏതെങ്കിലും കൃഷയിടത്തിൽ ചത്തുവീണാൽ ഉടമസ്ഥനെ നിങ്ങൾ സ്ഥിരം വേട്ടക്കാരനാക്കി ചിത്രീകരിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും.
ആറളത്ത് വെള്ളിയെയും ലീലയെയും കാട്ടാന ചവിട്ടിക്കൊന്നതിന്റെ പിറ്റേന്ന് അർധരാത്രി ആദിവാസി വീട്ടമ്മയായ ശ്യാമ വനം മന്ത്രിയുടെ മുഖത്തുനോക്കി ചോദിച്ചതും ഇതേ ചോദ്യമായിരുന്നു. രണ്ടു പേർ മരിച്ചുവീണിട്ടും തിരിഞ്ഞുനോക്കാത്ത വനപാലകർ പന്നി ചത്താൽ ഓടി വരും. ഡിഎഫ്ഒ മുതൽ ഉദ്യോഗസ്ഥർ, ഡോക്ടർ, പോസ്റ്റ്മോർട്ടം, അന്വേഷണം, സംസ്കാരം എന്നിങ്ങനെ ലക്ഷങ്ങൾ മുടക്കി ഓടിനടക്കും. ആദിവാസികളുടെ അടുക്കളയിൽ കയറി അരച്ചുവച്ചിരിക്കുന്ന ചമ്മന്തിയടക്കം പരിശോധിക്കും. ഫാമിൽ 14 ജീവൻ നഷ്ടപ്പെട്ടിട്ടും വനംവകുപ്പ് എന്ത് അന്വേഷണമാണു നടത്തിയത്? ശ്യാമയ്ക്ക് ഉത്തരം നൽകാനാകാതെ നിർവികാരനായി കേട്ടിരുന്ന മന്ത്രി ശശീന്ദ്രന് ഇപ്പോഴും അതേ ഭാവമായിരിക്കും.
കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്ത് നാട്ടിലിറങ്ങുന്ന വന്യജീവികളെ നേരിടുമെന്നു പ്രഖ്യപിച്ചപ്പോൾ മന്ത്രിയുടെയും വനം ഉദ്യോഗസ്ഥരുടെയും നെറ്റി ചുളിയുന്നത് നാം കണ്ടതാണ്. ജീവനു ഭീഷണിയായി നാടിറങ്ങുന്ന വന്യമൃഗങ്ങളിൽനിന്ന് പാവപ്പെട്ട മനുഷ്യരെ രക്ഷിക്കുന്നതിനുകൂടി തോക്കെടുക്കാൻ വനം ഉദ്യോഗസ്ഥർ തയാറാകണം. അപ്പോൾ മാത്രം കേന്ദ്രനിയമത്തിന്റെ നൂലാമാലകളും ചട്ടങ്ങളുടെ കാർക്കശ്യങ്ങളും പുലമ്പരുത്. അത് ഇരട്ടത്താപ്പും കാട്ടുനീതിയുമാണ്.