മരണത്തിലും വെളിച്ചമായി ഫാ. സേവ്യർ വടക്കേക്കര
ജോണ്‍ മാത്യു
Tuesday, March 18, 2025 12:18 AM IST
അറിവിന്റെയും അച്ചടിയുടെയും ലോകത്ത് വിസ്മയം പകര്‍ന്ന ഫാ. സേവ്യര്‍ വടക്കേക്കര കപ്പൂച്ചിന്‍ ഓര്‍മയായി. ഏറെക്കാലം തന്റെ കര്‍മമണ്ഡലമായിരുന്ന ഡല്‍ഹിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു വിയോഗം. പരിമിതമായ കാഴ്ചശക്തിയുടെ പരിമിതിയെ തോല്‍പ്പിച്ച അച്ചന് തനിക്കു മുന്നിലെത്തുന്ന അനേകര്‍ക്ക് ജീവിതവഴികളില്‍ തെളിച്ചം പകര്‍ന്നു.
തന്റെ ശരീരം ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥികള്‍ക്ക് വിട്ടുനല്‍കണമെന്നും കാഴ്ചശക്തി ഇല്ലാതാകാന്‍ ഇടയായ രോഗത്തിനു കാരണം കണ്ടെത്തിയാല്‍ ഭാവിചികിത്സയില് പലര്‍ക്കും പ്രയോജനപ്പെട്ടേക്കാമെന്നും രോഗാവസ്ഥയില്‍ അച്ചന് സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.
1987ല്‍ സിബിസിഐയുടെ മുഖപത്രമായിരുന്ന ഇന്ത്യന്‍ കറന്റ്സ് മാസിക ഫാ. ജോണ്‍ വള്ളമറ്റത്തില്നിന്ന് ഏറ്റെടുത്ത് സ്വതന്ത്ര രാഷ്ട്രീയ വാരികയായി പ്രസിദ്ധീകരണം ആരംഭിച്ചതു മുതല്‍ ഡല്‍ഹി നഗരത്തില്‍ ഫാ. സേവ്യര്‍ വടക്കേക്കര എന്ന മലയാളി വൈദികന് സജീവസാന്നിധ്യമായി. തുടക്കംമുതല്‍തന്നെ മതനിരപേക്ഷതയ്ക്കും മാനവിക മൂല്യങ്ങള്‍ക്കുംവേണ്ടി ഇന്ത്യന്‍ കറന്റ്സ് നിലകൊണ്ടു. ഡല്‍ഹി അതിരിടുന്ന നോയിഡയില്‍ ആരംഭിച്ച ജ്യോതി പ്രിന്റേഴ്സ് എന്ന അച്ചടി സംരംഭത്തിലൂടെ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ഒട്ടനവധി പുസ്തകങ്ങള്‍ വെളിച്ചം കണ്ടു.
പദ്മശ്രീ ഓംചേരി എന്‍.എന്‍. പിള്ളയുടെ സമ്പൂര്‍ണ കൃതികള്‍, ദീപിക മുന്‍ ചീഫ് എഡിറ്റര്‍ അലക്സാണ്ടര്‍ പൈകട സിഎംഐയുടെ പുസ്തകങ്ങള്‍, ഡോ. ജോണ്‍ ദയാലിന്റെ ഗുജറാത്ത് കലാപം സംബന്ധിച്ച ബൃഹത്ഗ്രന്ഥം, മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ പുസ്തകങ്ങള്‍ തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ വടക്കേക്കര അച്ചന് സ്ഥാപിച്ച അച്ചുകൂടത്തിലൂടെ അക്ഷരവെളിച്ചം കണ്ടു. പത്രപ്രവര്‍ത്തനം പഠിപ്പിക്കാന്‍ ഡല്‍ഹിയില്‍ ഒരു അക്കാദമിയും അദ്ദേഹം നടത്തിയിരുന്നു. ഇക്കാലത്ത് മുന്‍നിര മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പത്രപ്രവര്‍ത്തകരെ രൂപപ്പെടുത്തിയത് സേവ്യറച്ചനാണ്.
കാഴ്ചയുമായി ബന്ധപ്പെട്ട് ദശലക്ഷത്തില്‍ ഒരാളെ മാത്രം ബാധിക്കുന്ന അത്യപൂര്‍വ രോഗമായിരുന്നു സേവ്യര്‍ വടക്കേക്കരയ്ക്ക്. സ്യൂഡോ സാന്തോമാ ഇലാസ്തിക്യം എന്ന ഈ രോഗം അദ്ദേഹത്തിന്റെ സഹോദരങ്ങളായ പരേതരായ ഫാ. ക്ലീറ്റസ് (ആശീര്‍വനം, ബംഗളൂരു), ഫാ. ജോ വടക്കേക്കര (ആഗ്ര രൂപത) എന്നിവര്‍ക്കും ഉണ്ടായിരുന്നു.
പൂര്‍ണമായി കാഴ്ചയില്ലെന്നു പറയാനാവില്ല. മുന്നിലുള്ള ആളെയും വസ്തുക്കളെയും നിഴല്‍പോലെ കാണാം. ഈ പരിമിതിയെ അതിജീവിച്ചാണ് ഡല്‍ഹിയില്‍ അച്ചന് ഇത്ര വലിയൊരു സംരംഭത്തിന് ചുക്കാന്‍ പിടിച്ചത്. അക്ഷരങ്ങളെ തിരിച്ചറിയാന്‍ പ്രത്യേകയിനം കണ്ണാടി വച്ചു. ടിവി സ്ക്രീനില്‍ അക്ഷരങ്ങള്‍ കാണാവുന്ന പ്രത്യേക സ്കാനര്‍ ഉപയോഗിച്ചും പ്രത്യേകം നിര്‍മിച്ച ഫോണുകള്‍ ഉപയോഗിച്ചും മുന്നേറിയ സേവ്യറച്ചന് തലങ്ങും വിലങ്ങും പായുന്ന ഡല്‍ഹി മെട്രോ ട്രെയിനില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുകയും ചെയ്തു. മഹാനഗരത്തിലെ ഗലികളില്‍ ചോദിച്ചും കേട്ടും സൈക്കിള്‍ റിക്ഷയിലും കാല്‍നടയായും യാത്ര ചെയ്തു.
വഴിയോര ഡാബയില്‍ കയറി വടക്കേ ഇന്ത്യന്‍ ലളിതഭക്ഷണമായ ചപ്പാത്തിയും പരിപ്പുകറിയും ശീലമാക്കി. വാക്കിലും നോക്കിലും നടപ്പിലും തികഞ്ഞ ലാളിത്യം പുലര്‍ത്തിയ സന്യാസവര്യനായിരുന്നു അച്ചന്. പാലാ നീലൂര്‍ വടക്കേക്കര വര്‍ക്കി-ഏലി ദമ്പതിമാരുടെ ഒന്‍പത് മക്കളില്‍ സേവ്യര്‍ അച്ചന് ഉള്‍പ്പെടെ ഏഴുപേരും സഭാസേവനത്തിനായി വൈദികരും സന്യാസിനികളുമായി എന്നൊരു പ്രത്യേകതയും കുടുംബത്തിനുണ്ട്.
സണ്‍ഡേ ദീപിക 2022 ഫെബ്രുവരി 20നു റവ. ഡോ. സേവ്യര്‍ വടക്കേക്കരയെക്കുറിച്ച് കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. തന്റെ ശരീരം വൈദ്യപഠനത്തിനു നല്‍കണമെന്ന വില്‍പ്പത്രം പ്രതിപാദിച്ചുകൊണ്ടായിരുന്നു അതിന്റെ തുടക്കം.
അദ്ഭുതമനുഷ്യൻ

ഡോ. സിറിയക് തോമസ്
ആദരണീയനായിരുന്ന വടക്കേക്കര അച്ചൻ ഏതർഥത്തിലും ഒരു അദ്ഭുതമനുഷ്യനായിരുന്നു; യഥാർഥ സന്യാസിയും. കാഴ്ചപരിമിതികളെ നിശ്ചയദാർഢ്യത്തോടെ ഒരാൾക്ക് എങ്ങിനെ അതിവർത്തിക്കാനാകുമെന്നു തെളിയിച്ച ഒരു ദാർശനികനുമായിരുന്നു അച്ചൻ. സേവ്യർ വടക്കേക്കര അച്ചനെക്കുറിച്ച് കേട്ടിരുന്നെങ്കിലും ആദ്യമായി കാണുന്നത് 2010ൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപന കമ്മീഷൻ അംഗമായി ഡൽഹിയിൽ ചെന്ന സമയത്താണ്.
കടുത്ത കാഴ്ചപരിമിതിയിലും സർദാർ പട്ടേൽ മാർഗിലെ എൻസിഎംഇഐ ഓഫീസിലെ രണ്ടാം നിലയിയിലേക്കുള്ള പടികൾ കയറി വരുന്ന വടക്കേക്കരയച്ചൻ എനിക്കെന്നും അദ്ഭുതവും അച്ചന്റെ സന്ദർശനങ്ങൾ വലിയ സന്തോഷവുമായിരുന്നു. ഡൽഹിക്കാലത്ത് ഞാനെഴുതിയ രണ്ടു പുസ്തകങ്ങൾ - ഭൂമിയിലെ നക്ഷത്രങ്ങൾ, ഡൽഹി ഡയറി - കോഴിക്കോട്ടെ ആത്മ പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്. അച്ചനായിരുന്നു അതിനു മധ്യസ്ഥനായത്.
വടക്കേക്കരയച്ചന്റെ ധന്യമായ ഓർമകളിലേക്ക് എന്റെ സ്നേഹപ്രണാമം.
വാക്കിലും പ്രവൃത്തിയിലും സ്നേഹത്തിന്റെ പ്രകാശം

വി.പി. ജോയി
അഗാധമായ മനുഷ്യസ്നേഹത്തിന്റെയും ആതുരസേവനത്തിന്റെയും പ്രതീകമായിരുന്ന ഫാ. സേവ്യർ വടക്കേക്കരയുടെ നിര്യാണം വളരെ ദുഃഖജനകമാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹം ആത്മാർഥമായ സേവനത്തിലൂടെ കപ്പൂച്ചിൻ സഭയുടെ സ്ഥാപകനായ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ഉത്തമശിഷ്യനായി പ്രവർത്തിച്ചു. ഉണർന്ന മനസോടെ എപ്പോഴും കർമനിരതനായിരുന്ന അദ്ദേഹം, വാക്കിലും പ്രവൃത്തിയിലും സ്നേഹത്തിന്റെ പ്രകാശം പരത്തിയ വ്യക്തിത്വമാണ്.
ഫാ. സേവ്യർ വടക്കേക്കര, വിദ്യാഭ്യാസ-മാധ്യമ-സാമൂഹ്യ മേഖലകളിൽ അദ്വിതീയമായ സംഭാവനകൾ നൽകിയ ക്രാന്തദർശിയായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി മീഡിയ ബുക്ക്ഹൗസ് എന്ന പ്രസാധനസ്ഥാപനം രൂപംകൊണ്ടു. ആശയവിനിമയത്തിനും അറിവിന്റെ പ്രചാരണത്തിനും നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ അദ്ദേഹം വഴിയൊരുക്കി. കൂടാതെ, പരിശീലന, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി പുരോഗമനോന്മുഖമായ സമൂഹം കെട്ടിപ്പടുക്കുന്നതിനു പരിശ്രമിക്കുകയും ചെയ്തു.
ഒരു ദശാബ്ദത്തോളം അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞത് സൗഭാഗ്യമായി ഞാൻ കരുതുന്നു. ആ നിർമലജീവിതത്തിന്റെ പ്രകാശം എന്നും കെടാതെ നിലനിൽക്കും.
അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്ക് ശ്രദ്ധാഞ്ജലി!