മതപരിവർത്തന നിരോധന നിയമത്തിനെതിരേ അരുണാചൽ ജനത
Tuesday, March 18, 2025 12:11 AM IST
ക്രൈസ്തവരെ ലക്ഷ്യമിട്ട് വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത മതപരിവർത്തന നിരോധന നിയമവുമായി ബിജെപിയും ബിജെപിക്കു പങ്കാളിത്തമുള്ള സർക്കാരുകളും മുന്നോട്ടു പോകുകയാണ്. മതപരിവർത്തനത്തിന് വധശിക്ഷ ലഭിക്കുംവിധം നിയമം പരിഷ്കരിക്കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമത്തിന്റെ മറവിൽ ക്രൈസ്തവർ അറസ്റ്റിലാകുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. ഉത്തരേന്ത്യക്കു പിന്നാലെ ക്രൈസ്തവർക്കു വേരോട്ടമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടും ബിജെപിയും സംഘപരിവാറും പദ്ധതികൾ ആവിഷ്കരിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉദാഹരണമാണ് ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ള അരുണാചൽ പ്രദേശിൽനിന്നു കേൾക്കുന്നത്.
മതപരിവർത്തന നിരോധന നിയമം കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തി നടപ്പാക്കാനാണു പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ തീരുമാനം. ഇതിനെതിരേ സംസ്ഥാനത്തെ ക്രൈസ്തവർ രംഗത്തു വന്നുകഴിഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ പത്തിന് തലസ്ഥാനമായ ഇറ്റാനഗറിനടുത്ത ബോറമിൽ നടന്ന റാലിയിൽ രണ്ടു ലക്ഷത്തോളം ക്രൈസ്തവരാണു പങ്കെടുത്തത്. ഇറ്റാനഗറിൽ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്നാണു നഗരപ്രാന്തപ്രദേശമായ ബോറത്തേക്കു പരിപാടി മാറ്റിയത്. വിവിധ ഗോത്രവിഭാഗങ്ങളിൽപ്പെട്ട ആയിരക്കണക്കിന് ആദിവാസി ക്രൈസ്തവർ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണു റാലിക്കെത്തിയത്.
അധികാരികളെ ഞെട്ടിച്ച വിശ്വാസസ്ഥൈര്യം
മതസ്വാതന്ത്ര്യത്തിനുള്ള ഞങ്ങളുടെ അവകാശം സംരക്ഷിക്കുക, ഞങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കുക, മതസൗഹാർദത്തിനായി ഞങ്ങൾ നിലകൊള്ളുന്നു... എന്നിങ്ങനെയുള്ള പ്ലക്കാർഡുകളുമായി ഇറ്റാനഗർ വഴി ബോറമിലേക്കു നടത്തിയ മാർച്ച് അധികാരികളെ ഞെട്ടിച്ചതായാണു റിപ്പോർട്ട്. രസകരമെന്നു പറയട്ടെ, ഈ റാലിയെ നേരിടാനായി മതപരിവർത്തന നിയമം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഇൻഡിജിനസ് പീപ്പിൾസ് നെറ്റ്വർക്ക് ഓഫ് അരുണാചൽപ്രദേശ് എന്ന സംഘടനയുടെ മറവിൽ സംഘപരിവാർ സംഘടനകൾ കഴിഞ്ഞ ഒന്നിന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ പങ്കെടുപ്പിച്ചാണു റാലി നടത്തിയത്. ആർഎസ്എസ് മേധാവിയുടെ സാന്നിധ്യമുണ്ടായിട്ടും രാഷ്ട്രീയപ്രേരിതമായി നടന്ന ഈ റാലിയിൽ വളരെക്കുറച്ച് ആളുകൾ മാത്രമേ പങ്കെടുത്തുള്ളൂവെന്നത് സംസ്ഥാനത്തിന്റെ പൊതുവികാരം എന്തെന്ന് വ്യക്തമാക്കുന്നു.
നിയമഭേദഗതിക്കുള്ള തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ഇതിനെതിരേ ഹിതപരിശോധനാ റാലി നടത്താൻ നിർബന്ധിതരാകുമെന്നാണ് എക്യുമെനിക്കൽ അരുണാചൽ ക്രിസ്ത്യൻ ഫോറം (എസിഎഫ്) കത്തോലിക്കാ പ്രസിഡന്റ് മിർ സ്റ്റീഫൻ ടാർ വ്യക്തമാക്കിയത്. സംസ്ഥാനത്തെ മതസ്വാതന്ത്ര്യത്തിനും ഐക്യത്തിനും നേരേയുള്ള ഭീഷണിക്കെതിരേ ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രകടനമായിരുന്നു കഴിഞ്ഞ പത്തിനു നടന്ന പ്രതിഷേധമാർച്ചെന്ന് ഇറ്റാനഗർ ബിഷപ് ഡോ. ബെന്നി വർഗീസ് എടത്തട്ടേൽ പറഞ്ഞു.
പൊടിതട്ടിയെടുക്കുന്നത് 46 വർഷം പഴക്കമുള്ള നിയമം
1978ൽ ജനതാ പാർട്ടി ഭരണത്തിലിരിക്കെ മുഖ്യമന്ത്രിയായിരുന്ന പി.കെ. തുംഗോൺ ആണ് മതംമാറ്റം തടയുന്ന നിയമം കൊണ്ടുവന്നത്. 1978 ഒക്ടോബർ 25ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും ചട്ടം രൂപീകരിച്ചിരുന്നില്ല. ജനതാ പാർട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന അരുണാചൽ പ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് നടപ്പാക്കാനുള്ള മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നീക്കമാണ് ഇപ്പോഴത്തെ പ്രതിഷേധത്തിനു പിന്നിൽ. രാജ്യത്ത് ഒരു നിയമം നടപ്പാക്കണമെങ്കിൽ ഇതിനുള്ള ചട്ടങ്ങൾ രൂപീകരിച്ച് വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. എന്നാൽ, അരുണാചൽ പ്രദേശിൽ ഈ പ്രക്രിയ പാലിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഗോഹട്ടി ഹൈക്കോടതിയുടെ ഇറ്റാനഗർ ബെഞ്ച് ഇതുമായി ബന്ധപ്പെട്ട് ഒരു ഹർജിയില്‍ വാദം കേൾക്കുകയും ആറു മാസത്തിനുള്ളിൽ നിയമങ്ങൾ രൂപീകരിക്കാൻ സർക്കാരിന് നിർദേശം നൽകുകയും ചെയ്തു. കേട്ടപാതി നിയമങ്ങൾ ഉടൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു പ്രഖ്യാപിക്കുകയും ചെയ്തു.
നിയമനിർമാണനീക്കത്തിനെതിരേ ഫെബ്രുവരിയിൽ സംസ്ഥാനത്തെ ക്രൈസ്തവജനത പ്രാർഥനാവാരമാചരിച്ചും നിരാഹാരസമരം നടത്തിയും ശബ്ദമുയർത്തിയിരുന്നു. എല്ലാ ജില്ലകളിലും പ്രകടനവും നടത്തി. തുടർന്നാണ് തലസ്ഥാനമായ ഇറ്റാനഗറിനടുത്ത് സംസ്ഥാനമെങ്ങുംനിന്നുള്ളവരെ പങ്കെടുപ്പിച്ച് വൻ റാലി നടത്തിയത്. ക്രൈസ്തവരെ പ്രതികൂലമായി ബാധിക്കുന്ന ഒരു നിയമനിർമാണവും നടത്തില്ലെന്ന മുൻ പ്രഖ്യാപനത്തിൽനിന്നു വ്യതിചലിച്ചാണ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ഇപ്പോഴത്തെ നീക്കം. ഇതിനു പിന്നിൽ ശക്തമായ സമ്മർദമുണ്ടെന്നു വേണം അനുമാനിക്കാൻ.
നിയമം ക്രൈസ്തവർക്കെതിരേ
ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ മതപരിവർത്തനം നിരോധിക്കുന്നതാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമം. ലംഘിക്കുന്ന പക്ഷം രണ്ടു വർഷം തടവോ 10,000 രൂപ വരെ പിഴയോ ലഭിക്കും. ഓരോ മതപരിവർത്തനവും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യണമെന്നും വീഴ്ച വരുത്തിയാല്‍ പിഴ ചുമത്തണമെന്നും നിയമം നിര്‍ദേശിക്കുന്നു.
46 വർഷമായി അരുണാചൽ ക്രിസ്ത്യൻ ഫോറം നിയമനിർമാണത്തെ എതിർത്തിരുന്നുവെന്നും ഇതു നടപ്പാക്കുന്നത് ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്നതു വ്യക്തമാണെന്നും കത്തോലിക്കനും എസിഎഫ് നേതാവുമായ ലിഖ് തബ് പറഞ്ഞു. “ഈ ക്രൂരമായ നിയമം ഞങ്ങൾ പൂർണമായും തള്ളിക്കളയുന്നു. കാരണം, ഇതു ഞങ്ങൾക്കെതിരേ ദുരുപയോഗം ചെയ്യപ്പെടും. ഈ നിയമം നടപ്പിലാക്കിയ 11 സംസ്ഥാനങ്ങളിൽ, ഈ നിയമപ്രകാരം ക്രിസ്ത്യാനികളെയോ മുസ്ലിംകളെയോ അല്ലാതെ മറ്റാരെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ? അതിനാൽ, അരുണാചൽ പ്രദേശിലും അവരുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്” -തബ് ചൂണ്ടിക്കാട്ടി.
“തദ്ദേശീയ സംസ്കാരം സംരക്ഷിക്കാൻ മതപരിവർത്തന നിരോധന നിയമം പുനരുജ്ജീവിപ്പിക്കേണ്ട ആവശ്യമില്ല. ഞങ്ങൾ വിഡ്ഢികളല്ല. യേശുക്രിസ്തു ജീവിക്കുന്ന ദൈവമാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ തനത് സംസ്കാരം നഷ്ടപ്പെടുത്താതെ ഈ വിശ്വാസം മുറുകെപ്പിടിച്ചു ജീവിക്കാൻ ഞങ്ങൾക്കറിയാം”-അദ്ദേഹം വ്യക്തമാക്കി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാഗാലാൻഡ്, മേഘാലയ, മിസോറം എന്നിവ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളാണ്. മണിപ്പുരിലും ഗണ്യമായ ക്രിസ്ത്യൻ ജനസംഖ്യയുണ്ട്. അതിനാൽ മതപരിവർത്തന വിരുദ്ധ നിയമത്തെക്കുറിച്ചുള്ള പുതിയ വിവാദം ഈ സംസ്ഥാനങ്ങളില്‍ ചലനം സൃഷ്ടിക്കും.
നിയമം ശക്തമായിട്ടും ക്രൈസ്തവരുടെ എണ്ണം വർധിക്കുന്നു
മലനിരകളാൽ ചുറ്റപ്പെട്ട്, ചൈനയോടും മ്യാൻമറിനോടും ഭൂട്ടാനോടും അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് അരുണാചൽപ്രദേശ്. ഒരുകാലത്ത് പ്രത്യേക മതമൊന്നുമില്ലാതെ തികച്ചും ഗോത്രാചാരങ്ങളുമായി ഇഴകലർന്നതായിരുന്നു ഇവിടുത്തെ ജനജീവിതം.
1978 മുതൽ ഇവിടെ ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനം നിരോധിച്ചിട്ടുണ്ട്. എന്നിട്ടും ക്രൈസ്തവർ ഇവിടെ വർധിക്കുകയാണ്. 19-ാം നൂറ്റാണ്ടു മുതൽ ഇവിടെ ക്രിസ്തുമതം വേരൂന്നിത്തുടങ്ങിയതായാണ് റിപ്പോർട്ട്. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ 30.26 ശതമാനം ക്രൈസ്തവരാണ്. നിലവിൽ 40 ശതമാനത്തോളം പേർ ക്രൈസ്തവരാണെന്നാണു റിപ്പോർട്ട്.
ഗോത്രസംസ്കാരം നിലനിർത്താനാണു മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്നതെന്നാണ് സർക്കാർ പറയുന്നതെങ്കിലും ഗോത്രവിശ്വാസത്തിന്റെ പേരു പറഞ്ഞ് ഹിന്ദുമതം അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നാണ് ക്രൈസ്തവ സംഘടനാ നേതാക്കൾ പറയുന്നത്.