പാട്ടുകൾകൊണ്ടൊരു ലക്ഷാർച്ചന
ബിജോ ജോ തോമസ്
Tuesday, March 18, 2025 12:03 AM IST
മലയാളസിനിമയിൽ പാട്ടുകൾകൊണ്ട് ലക്ഷാർച്ചന തീർത്ത കലാകാരനായിരുന്നു മങ്കൊന്പ് ഗോപാലകൃഷ്ണൻ. ഒട്ടേറെ ജനപ്രിയ ഗാനങ്ങളുടെ രചയിതാവ് . തലമുറകൾ പാടിനടക്കുന്ന ഗാനങ്ങളുടെ ശില്പി.
പക്ഷേ ഇത്രയും ഹിറ്റുകൾ ഒരുക്കിയ അദ്ദേഹം ലൈംലൈറ്റിൽ നിന്നൊക്കെ അകന്ന് തന്റേതായ പാതയിലൂടെയാണ് സഞ്ചരിച്ചത്. അതുകൊണ്ടു തന്നെയാകാം മങ്കൊന്പ് എന്ന കലാകാരൻ മലയാളത്തിന് നല്കിയ സംഭാവനകളെക്കുറിച്ച് പലരും അറിയാതെ പോയത്. ‘ലക്ഷാർച്ചന കണ്ടു മടങ്ങുന്പോഴൊരു ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു’... എന്ന പാട്ടുമൂളാത്ത മലയാളികളുണ്ടാവില്ല. ശ്രോതാക്കളുടെ ഹൃദയത്തിൽ അത്രമേൽ കുടിയേറിയ ഈ ഗാനത്തിന്റെ രചയിതാവ് മങ്കൊന്പ്ഗോപാലകൃഷ്ണനാണെന്ന് എത്രപേർക്കറിയാം.
മലയാളചലച്ചിത്രഗാനശാഖയിൽ ഒട്ടേറെ ജനപ്രിയഗാനങ്ങളൊരുക്കിയ മങ്കൊന്പിന് പക്ഷേ അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും സംശയമാണ്. മലയാളസിനിമയിലെ ആഘോഷവേദികളിലോ ചാനൽ അഭിമുഖങ്ങളിലോ ഒന്നും ഈ കലാകാരനെ കണ്ടിട്ടുണ്ടാവില്ല. അദ്ദേഹത്തിന്റെ പാട്ടുകൾ കാണാപ്പാഠമായവർക്കും ആ മുഖം പരിചിതമായിരിക്കില്ല. പക്ഷേ ഒരു കാലഘട്ടം മുഴുവൻ മലയാളസിനിമയുടെ ടൈറ്റിൽ കാർഡിൽ മങ്കൊന്പ് ഗോപാലകൃഷ്ണൻ എന്ന പേര് നിറഞ്ഞു നിന്നിരുന്നു.
ഗാനരചയിതാവ്, തിരക്കഥാകൃത്ത്, അന്യഭാഷകളിൽ നിന്നും മലയാളത്തിലേക്കു മൊഴിമാറ്റുന്ന സിനിമകളുടെ സംഭാഷണരചയിതാവ് എന്നിങ്ങനെ സിനിമാലോകത്ത് അദ്ദേഹത്തിന്റെ വേഷങ്ങൾ വൈവിധ്യങ്ങളുടേതായിരുന്നു. അവിടെയെല്ലാം തന്റെ തൊഴിലിനെ മാത്രം സ്നേഹിച്ച് ബഹളങ്ങളില്ലാതെ പോകാനായിരുന്നു അദ്ദേഹത്തിനു താത്പര്യം. കുട്ടനാട്ടിൽ ജനിച്ചുവളർന്ന അദ്ദേഹം മദ്രാസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അന്വേഷണം എന്ന മാഗസിനിൽ എഡിറ്റായി ചേർന്നതോടെയാണ് ചെന്നൈ ജീവിതം ആരംഭിച്ചത്. തുടർന്ന് ഫിലിംനാദം, ചിത്രപൗർണമി എന്നീ മാസികളിൽ ജോലി ചെയ്തു. അവിടെ നിന്നാണ് സിനിമയിലേക്കു ചുവടുവയ്ക്കുന്നത്.
ഗായകൻ കെ.പി.ഉദയഭാനുവിന്റെ സഹോദരൻ ചന്ദ്രമോഹനുമായുള്ള അടുപ്പമാണ് സിനിമാ ഗാനരചനയ്ക്ക് അവസരമൊരുക്കിയത്. പല സിനിമകൾക്കുവേണ്ടിയും ഗാനങ്ങളൊരുക്കിയെങ്കിലും അതൊന്നും അഭ്രപാളിയിലെത്തിയില്ല. എന്നാൽ ഹരിഹരൻ ഒരുക്കിയ അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ലക്ഷാർച്ചന കണ്ടു മടങ്ങുന്പോഴൊരു ... എന്ന യേശുദാസ് പാടിയ ഗാനം ഹിറ്റായി. ഇതോടെ മങ്കൊന്പിനെ തേടി ഒട്ടേറെ അവസരങ്ങളെത്തി. വർഷത്തിൽ ഇരുപതോളം സിനിമകൾക്കുവരെ അദ്ദേഹം ഗാനങ്ങളെഴുതി.
നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ ഇളം മഞ്ഞിൽ കുളിരുമായൊരു ... എന്ന ഗാനം മങ്കൊന്പിന്റെ ഏറെ ജനപ്രീതി നേടിയ പാട്ടാണ്. ബാബുമോൻ എന്ന ചിത്രത്തിലെ പദ്മതീർഥക്കരയിൽ, നാടൻപാട്ടിലെ മൈനേ, ഇവിടമാണീശ്വര സന്നിധാനം തുടങ്ങിയ ഗാനങ്ങൾ എഴുപതുകളിലെ ഹിറ്റുകളായി.
നാടൻ പാട്ടിന്റെ മടിശീല കിലുങ്ങുമീ നാട്ടിൻപുറമൊരു യുവതി എന്ന ഗാനവും എക്കാത്തേയും ഹിറ്റുകളിലൊന്നാണ്. സുജാതയിലെ കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലന്പണിയിച്ച... യുദ്ധഭൂമി എന്ന ചിത്രത്തിലെ ആഷാഢമാസം ആത്മാവിൽ മോഹം എന്നീ ഗാനങ്ങളും ഏറെ ഹിറ്റായി. ഇതൊടൊപ്പം ഒട്ടേറെ മൊഴിമാറ്റ സിനിമകളിലും അദ്ദേഹം ഗാനരചയിതാവായി. കമലാഹാസനും ശ്രീദേവിയും ഒന്നിച്ച കുറ്റവും ശിക്ഷയും, റൂബി മൈ ഡാർലിംഗ് തുടങ്ങി അഞ്ചു സിനിമകൾക്ക് തിരക്കഥ രചിച്ചു.
ചെന്നൈയിലെ ജീവിതത്തിനിടയിൽ തമിഴും തെലുങ്കും കന്നഡയുമെല്ലാം നന്നായി പഠിച്ച അദ്ദേഹം പതുക്കെ സിനിമയുടെ മറ്റൊരു മേഖലയിൽ പരീക്ഷണം നടത്തി. തെലുങ്കിൽ നിന്നും തമിഴിൽ നിന്നുമൊക്കെ അക്കാലത്ത് ഒട്ടേറെ സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറിയെത്തിയിരുന്നു. ഇത്തരം സിനിമകളുടെ സംഭാഷണവും ഗാനരചനയും നിർവഹിച്ച് മങ്കൊന്പ് ഈ രംഗത്ത് ഏറെ ശ്രദ്ധനേടി. ഡബ്ബിംഗ് സിനിമയെന്നാൽ മങ്കൊന്പ് എന്നതായിരുന്നു അന്നും ഇന്നും സ്ഥിതി.
അടുത്തകാലത്ത് ബാഹുബലി എന്ന ഹിറ്റ് തെലുങ്ക് സിനിമയുടെ മലയാളത്തിലേക്കുള്ള മൊഴിമാറ്റത്തിൽ മുഖ്യപങ്കുവഹിച്ചത് മങ്കൊന്പായിരുന്നു. ചിരംജീവി മുതൽ അല്ലുഅർജുൻ വരെയുള്ളവരുടെ തെലുങ്ക് സിനിമകൾക്ക് മലയാളമൊഴി നല്കി അദ്ദേഹം സജീവമായി. ഇരുനൂറോളം മൊഴിമാറ്റ സിനിമകളും അതിലെ എണ്ണുറോളം പാട്ടുകളും... അത് മങ്കൊന്പിന്റെ മാത്രം സംഭാവനയാണ്.
മലയാളസിനിമയിൽ ഒട്ടേറെ മഹാരഥന്മാർ അരങ്ങുവാണ കാലത്താണ് മങ്കൊന്പ് തനത് ശൈലിയിൽ ശ്രദ്ധനേടിയത്. വയലാറും പി.ഭാസ്കരനും ശ്രീകുമാരൻതന്പിയുമൊക്കെ തിളങ്ങിനിന്ന കാലത്ത് പാട്ടെഴുത്തിൽ പുതിയവർക്ക് കഴിവുതെളിയിക്കാൻ ഏറെ വെല്ലുവിളികളുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ച് സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം ശ്രദ്ധനേടി.
ദീർഘകാലം ചൈന്നൈവാസിയായിരുന്ന അദ്ദേഹം കൊച്ചിയിലേക്ക് താമസം മാറ്റിയിട്ട് ഏതാനും വർഷങ്ങളേയായുള്ളൂ. സുദീർഘമായ ഒരു കരിയറിന്റെ ഓർമകളുമായി വൈറ്റിലയിലെ ‘ലക്ഷാർച്ചന’ എന്ന വീട്ടിൽ വിശ്രമജീവിതം നയിക്കുന്പോഴും സിനിമാആഘോഷവേദികളിൽ നിന്നെല്ലാം അദ്ദേഹം അകന്നു നിന്നു.