ലഹരി, പ്രണയ, തീവ്രവാദ കെണികളുണ്ട് മതം നോക്കാതെ നടപടി ഉണ്ടാകണം
അനന്തപുരി / ദ്വിജൻ
Monday, March 17, 2025 12:18 AM IST
സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അർഥശങ്കയ്ക്കിടയില്ലാതെ പറയുന്നു, കേരളത്തിൽ മതപരിവർത്തനം ലക്ഷ്യമിട്ടും ചില മതവിഭാഗങ്ങളിലെ യുവാക്കളെ ഇല്ലാതാക്കുന്നതിനും ലഹരി - പ്രണയ - തീവ്രവാദ കെണികൾ ഒരുക്കുന്നവരുണ്ട്. ഇത്തരക്കാർക്കെതിരേ മതംനോക്കാതെ നടപടിയെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണം.
ലഹരി എന്ന മാരകവിപത്തിനെതിരേ കെസിബിസിയുടെ മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ 2025 മാർച്ച് ഒന്‍പതിന് പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ, സമൂഹത്തിലെ ലഹരിവ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പി.സി. ജോർജ് പറഞ്ഞ കാര്യങ്ങളുടെ പേരിൽ അദ്ദേഹത്തെ ക്രൂശിക്കാൻ ചിലർ കളത്തിലിറങ്ങിയ സാഹചര്യത്തിലാണ് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ മാർച്ച് 12ന് ഈ പത്രക്കുറിപ്പ് പുറപ്പെടുവിച്ചത്. അതിലൂടെ കമ്മീഷൻ, സഭ നേരിടുന്ന ഈ സത്യങ്ങൾ പൊതുസമൂഹത്തോട് തുറന്നുപറയുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഈ ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് ഗുരുതരമായ സാഹചര്യമാണ്.
ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവ മൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികൾ ഉണ്ടെന്നു ലഹരിയിൽനിന്ന് വിമോചിതനായ യുവാവ് പ്രമുഖ വാർത്താ ചാനലിനു നല്കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് കമ്മീഷൻ ചൂണ്ടിക്കാട്ടി. കൂടാതെ, സംസ്ഥാനത്തു വൻതോതിൽ സ്ഫോടകവസ്തു ശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്കപ്പെടുത്തുന്നതാണ്. ഇവയ്ക്കുള്ള രാജ്യാന്തര ബന്ധങ്ങൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തഃസത്ത സംരക്ഷിക്കാനും ജാതിമത ഭേദമെന്യേ എല്ലാ പൗരന്മാർക്കും കടമയുണ്ട്. അതിനാൽ തീവ്രവാദ പ്രവർത്തനങ്ങളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ന്യായീകരിക്കാതെ രാഷ്ട്രത്തിന്റെ ആഭ്യന്തരസുരക്ഷയെയും പൗരന്മാരുടെ സമാധാനജീവിതത്തെയും സംരക്ഷിക്കാൻ ഉതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്.
ലൗ ജിഹാദ്
അമുസ്ലിംകളായ യുവതികളെ പ്രണയം നടിച്ച് വശത്താക്കി, ലൈംഗികമായി ഉപയോഗിച്ച് വിവാഹം കഴിച്ച് തീവ്രവാദ പ്രവർത്തകരാക്കുകയോ ലൈംഗിക അടിമകളാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന മുസ്ലിം തീവ്രവാദികളുടെ ബോധപൂർവമായ പ്രവർത്തനത്തെ വ്യാപകമായി ‘ലൗ ജിഹാദ്’ എന്നു വിളിച്ചുതുടങ്ങിയത് 2007ൽ കർണാടകയിലാണെങ്കിലും അതിനു വളരെ മുന്‍പ് 1998ൽ ഒരു മലയാള ദിനപത്രത്തിൽ കേരളത്തിൽ നടക്കുന്ന ഈ അസാധാരണ വിവാഹങ്ങളെക്കുറിച്ച് ‘ലൗ ജിഹാദ്’ എന്ന പേരിൽ റിപ്പോർട്ട് വന്നിരുന്നു. അക്കാലത്ത് കേരള പോലീസിലെ ഉന്നതൻ പറഞ്ഞുകൊടുത്ത വിവരങ്ങൾ അനുസരിച്ചാണ് താൻ ആ റിപ്പോർട്ട് തയാറാക്കിയതെന്ന് ലേഖകൻ പിന്നീട് വെളിപ്പെടുത്തുകയുമുണ്ടായി. എന്നാൽ, പിൽക്കാലത്ത് കേരള പോലീസ് ഹൈക്കോടതിയിൽ കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്നുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്.
കേരളത്തിലെ രണ്ടു പ്രബല സമുദായങ്ങളിൽ ലൗ ജിഹാദ് സംബന്ധിച്ച് ആശങ്കകളുണ്ട്. കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്നു വരുത്താൻ പലരും ശ്രമിക്കുന്നുമുണ്ട്. ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നീ വാക്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി കൊടുത്തത് അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന പോപ്പുലർ ഫ്രണ്ട് സംഘടനയാണ്. ഈ സംഘടന ഇപ്പോൾ നിരോധിക്കപ്പെട്ടിരിക്കുന്നു. അവരുടെ ഹർജി പക്ഷേ ജസ്റ്റീസ് കെ.ടി. ശങ്കരൻ തള്ളി. ഒരു പദവും നിരോധിച്ചില്ല.
2020 ഫെബ്രുവരി മൂന്നിന് ലോക്സഭയിൽ കേരളത്തിൽനിന്നുള്ള എംപി ബെന്നി ബഹനാൻ ഒരു ചോദ്യം ചോദിച്ചു. കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തെക്കുറിച്ച് കേന്ദ്രസർക്കാരിന് വിവരമുണ്ടോ? കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസി തെക്കെ ഇന്ത്യയിൽ ലൗ ജിഹാദ് നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ? കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ഇതിനു മറുപടിയായി പറഞ്ഞത്, നിയമത്തിൽ നിർവചനമുള്ള ഒരു പദമല്ല ലൗ ജിഹാദ് എന്നാണ്. ലൗ ജിഹാദ് കേസുകൾ ഒരു കേന്ദ്ര ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, രണ്ടു മിശ്രവിവാഹ കേസുകൾ എൻഐഎ അന്വേഷിക്കുന്നുണ്ട് എന്നായിരുന്നു. ഇതിന്റെകൂടി ചുവടുപിടിച്ചാണ് കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്ന പ്രചാരണം ശക്തമാക്കുന്നത്.
പ്രണയം നടിച്ച് യുവതികളെ വശത്താക്കി മതം മാറ്റി തീവ്രവാദികളാക്കി സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തിച്ചതിന്റെ സംഭവങ്ങൾ കേരളം അറിഞ്ഞതാണ്. അതിനു സാധിക്കാതെ ഇവിടെത്തന്നെ ജീവിക്കുന്നവരിൽ പലരും രണ്ടും മൂന്നും തവണ മൊഴി ചൊല്ലപ്പെടുന്നതിന്റെ കഥകളും ഇത്തരം കുട്ടികളിൽ ചിലർ മയക്കുമരുന്നു കച്ചവടത്തിന്റെ കാരിയർമാരായി പിടിക്കപ്പെടുന്ന കഥകളും കൂട്ടിവായിക്കുന്പോൾ ആ കുട്ടികളോടു കാണിച്ചതായി പറയപ്പെടുന്ന പ്രണയം ശരിക്കും കെണിയായിരുന്നു എന്ന് അവരെങ്കിലും കരുതുന്നു. അതുകൊണ്ടാണ് കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ക്രൈസ്തവരിലും ഹിന്ദുക്കളിലും നല്ലൊരു വിഭാഗം ഭയപ്പെടുന്നത്. ഇങ്ങനെ ഭയപ്പെടുന്നവരിൽ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസുകാരും ഉണ്ട്.
മിശ്രവിവാഹമല്ല വിഷയം
മതം നോക്കാതെ പരസ്പരം സ്നേഹിച്ചു വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കുന്നവരും കേരളത്തിലുണ്ട്. മക്കൾ സ്വന്തം സമുദായത്തിൽനിന്നുതന്നെ വിവാഹം കഴിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഇത്തരം വിവാഹങ്ങളെ എതിർക്കുക സ്വാഭാവികമാണ്. എങ്കിലും കുറെ കഴിയുന്പോൾ അത്തരം എതിർപ്പ് ഇല്ലാതാകും. അത്തരം ധാരാളം സംഭവങ്ങളുണ്ട്. ഒരിക്കലും അനുരഞ്ജനപ്പെടാത്തവരും ഉണ്ട്.
ഇങ്ങനെ വിവാഹം കഴിച്ച പ്രമുഖ മുസ്ലിം യുവാവ് കുറേക്കഴിഞ്ഞപ്പോൾ മതം മാറണമെന്ന് പറഞ്ഞു പെണ്‍കുട്ടിയുടെ കുടുംബത്തെപ്പോലും നിർബന്ധിക്കുന്നതിനെക്കുറിച്ച് കേരളത്തിലെ സംസ്കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ സോഷ്യൽ മീഡിയ പോസ്റ്റിൽ ഉദ്ധരിക്കുന്നുണ്ട്. ചലച്ചിത്രരംഗവുമായി ബന്ധമുള്ള കുടുംബത്തിലെ പെണ്‍കുട്ടിയുടെ കുടുംബമാണ് കെണിയിലായത്.
മുസ്ലിം സങ്കടങ്ങൾ
പ്രണയക്കെണിയിലൂടെ തങ്ങളുടെ സമുദായത്തിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ കേരളത്തിൽ ഗൂഢനീക്കങ്ങൾ നടക്കുന്നതായി കേരളത്തിലെ മുസ്ലിം നേതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പരാതി ഉന്നയിച്ചത് ചില്ലറക്കാരനല്ല. കേരളത്തിലെ സുന്നി മുസ്ലിംകളുടെ പണ്ഡിത സംഘടനയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ യുവജന സംഘം സെക്രട്ടറി നാസർ ഫൈസി കൂടത്തായിയാണ്. കൊയിലാണ്ടിയിൽ 2023 ഡിസംബർ ആറിന് നടന്ന സുന്നി മഹൽ ഫെഡറേഷൻ ജില്ലാ സാരഥികളുടെ യോഗത്തിലാണ് അദ്ദേഹം സിപിഎമ്മുകാർ നടത്തുന്ന ഈ പ്രണയ തട്ടിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞത്. മുസ്ലിം പെണ്‍കുട്ടികളുടെ സ്വത്വം നശിപ്പിക്കുന്ന ഇത്തരം തട്ടിക്കൊണ്ടുപോകലുകൾക്കെതിരേ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം പെണ്‍കുട്ടികളെ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കന്മാർ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോകുന്നു എന്നായിരുന്നു ഫൈസിയുടെ പരാതി. ഇതിനു പാർട്ടി പിന്തുണ കൊടുക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുക്കൾ മുസ്ലിം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതാണ് മതേതരത്വം എന്നാണ് സിപിഎമ്മുകാരുടെ ന്യായീകരണമെന്നും ഫൈസി പറഞ്ഞു.
എല്ലാ മതങ്ങളെയും കൂട്ടിക്കുഴയ്ക്കുന്നതല്ല മതേതരത്വം. ഓരോ മതത്തിനും അതിന്റേതായ സ്വത്വമുണ്ട്. ഇവിടെ ഓരോ മതത്തിലുള്ളവരും അവരുടെ മതത്തിലുള്ളവരെ വിവാഹം കഴിക്കുന്ന രീതിയാണുള്ളത്. മിശ്രവിവാഹങ്ങളിലൂടെ സംസ്കാരങ്ങളെ കൂട്ടിക്കലർത്തുന്നതിനുള്ള നീക്കങ്ങളെ ഞങ്ങൾ ശക്തമായി എതിർക്കും. അത്തരം വിവാഹങ്ങൾ മതത്തിന്റെ സത്ത നശിപ്പിക്കും. അവർ ഇത്തരം വിവാഹങ്ങൾ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നതായും ഫൈസി പറഞ്ഞു.
ഇതാണ് ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും നിലപാടും. മതത്തെ നശിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമാണ്. പെണ്‍കുട്ടികളുടെ സ്വത്വം നശിപ്പിക്കുന്ന നീക്കം. ഇതിനെതിരേ സംസാരിക്കാൻപോലും അനുവദിക്കാത്ത മനുഷ്യാവകാശലംഘനമാണ് പ്രമുഖ മാധ്യമങ്ങൾ വരെ നടത്തുന്നത്. പ്രസംഗം വിവാദമായതിനെത്തുടർന്ന് മുസ്ലിം പെണ്‍കുട്ടികളെ മസ്തിഷ്കപ്രക്ഷാളനം നടത്തുന്നു എന്നാണു താൻ ഉദ്ദേശിച്ചതെന്ന് ഫൈസിതന്നെ വിശദീകരിച്ചതായി വാർത്ത വന്നു.