കാടിറക്കവും കാടുകയറ്റവും തടയാൻ
ഷാജി ഏബ്രഹാം
Monday, March 17, 2025 12:13 AM IST
മനുഷ്യ-വന്യജീവി സംഘർഷം ശാശ്വതമായി ഇല്ലാതാകാൻ വേണ്ട മൂന്നു കാര്യങ്ങൾ. ഒന്ന് - വനത്തിനുള്ളിൽ വേനൽക്കാലത്തും ആവശ്യത്തിനു ഭക്ഷണവും വെള്ളവും. രണ്ട് - ആവർത്തന ച്ചെലവ് ഇല്ലാതെ വനാതിർത്തി സംരക്ഷണം. മൂന്ന് - ക്രമാതീതമായി പെരുകുന്ന വന്യജീവി പ്രശ്നം ഇല്ലായ്മ ചെയ്യൽ. ഇതു മൂന്നും ദീർഘവീക്ഷണത്തോടെ നടപ്പിലാക്കേണ്ട പദ്ധതികളാണ്.
വേനൽക്കാലത്തും ജല-ഭക്ഷണ ലഭ്യത ഉറപ്പാക്കണം
വനത്തിൽ ഭക്ഷണലഭ്യത ഉറപ്പാക്കാനായി ഓരോ ഫോറസ്റ്റ് ഡിവിഷനിലും നിലവിലുള്ള തേക്ക്, യൂക്കാലിപ്റ്റസ്, അക്കേഷ്യ പോലുള്ള മരങ്ങൾ മുറിച്ചു മാറ്റുമ്പോൾ പ്ലാവ്, ആഞ്ഞിലി, മാവ്, കശുമാവ്, ഞാവൽ, ചടച്ചിൽ, മന്തിപ്പുളി, കുളവെട്ടി എന്നിങ്ങനെ സാധ്യമായ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണം. ഒപ്പം മഞ്ഞക്കൊന്ന പോലുള്ള അധിനിവേശ സസ്യങ്ങൾ നശിപ്പിക്കുകയും വേണം. വനത്തിൽ വിത്തുവിതരണത്തിനു സന്ദർശകരുടെ പങ്കാളിത്തവും ഉപയോഗപ്പെടുത്തണം.
നിലവിൽ വനത്തിനുള്ളിലുള്ള കുളങ്ങളും തടയണകളും വയലുകളും മറ്റു ജലസ്രോതസുകളും ജലം ശേഖരിച്ചു നിലനിർത്താൻ പാകത്തിൽ സജ്ജമാക്കണം. അരുവികളിൽ തടയണകൾ നിർമിച്ച് വേനൽക്കാലത്ത് ജലലഭ്യത ഉറപ്പാക്കണം.
ഇതു കൂടാതെ മലയിടുക്കുകൾ/ ജലം ലഭിക്കാൻ ഇടയുള്ള കുഴികൾ ഇവയ്ക്കു താഴെ കുറുകെ മുളകൾ നട്ടുപിടിപ്പിച്ചു സ്വാഭാവിക ചെക്ക് ഡാമുകൾ നിർമിക്കാൻ സാധിക്കും. മുളകൾ വളർന്നുകഴിയുന്നതോടെ കാടും പടലും വളർന്നും മണ്ണും അടിഞ്ഞ് കാലക്രമേണ സ്വഭാവിക ജലസ്രോതസ് രൂപപ്പെട്ടുകൊള്ളും.
ആവർത്തനച്ചെലവില്ലാതെ വനാതിർത്തി സംരക്ഷണം
ആവർത്തനച്ചെലവില്ലാതെ വനാതിർത്തി സംരക്ഷണം. ഇതിന് വനത്തിന്റെ അതിർത്തികളിൽ യോജിച്ച മുളകൾ വ്യാപകമായി നട്ടുപിടിപ്പിക്കണം. മുളകൾ വളർന്നു നിബിഡമായിക്കഴിഞ്ഞാൽ കാട്ടുകള്ളന്മാർക്ക് അനായാസം അകത്തു കടന്ന് മരംമുറിക്കാൻ സാധിക്കില്ല. അതുപോലെ കുരങ്ങുകൾ അല്ലാതെ മറ്റു മൃഗങ്ങൾക്കു നാട്ടുകാരുടെ കൃഷിയിടത്തിലേക്കു പ്രവേശിക്കാനും സാധിക്കില്ല. ആനയുടെ ശല്യമുള്ളിടത്ത് മുള്ളുമുളകളോ സലാക്ക് ചെടികളോ നടണം.
വനാതിർത്തിയിൽ കിടങ്ങുകൾ കുഴിക്കുകയോ സോളാർ വേലി നിർമിക്കുകയോ ആണിപ്പോൾ ചെയ്യുന്നത്. കിടങ്ങുകൾ മണ്ണിടിച്ചിലിലും മണ്ണൊലിപ്പും മൂലം നശിക്കുന്നു. സോളാർ വേലികൾ മരച്ചില്ലകൾ വീണും വള്ളികൾ പടർന്നും പ്രവർത്തനരഹിതമാകുന്നു. സോളാർ വേലി, ബാറ്ററി മുതലായവയ്ക്ക് നിരന്തര പരിചരണം വേണം, യഥാസമയം വേലികളിലെ കാടും പടലും പറിച്ചു കളഞ്ഞാലെ പ്രയോജനം ലഭിക്കൂ. തൂങ്ങുന്ന സൗരവേലി ആണെങ്കിൽ കുറച്ചുകൂടി ഭേദമാണ്.
2,994 കി.മീ വനാതിർത്തി അടിക്കാട് വെട്ടിയും ജീവനക്കാരെ നിയോഗിച്ചും ഓരോ വർഷവും സംരക്ഷിക്കണമെങ്കിൽ ഭാരിച്ച ആവർത്തനച്ചെലവ് ഉണ്ടാകും. മുളകളോ സലാക് ചെടികളോ ആണെങ്കിൽ ഒരിക്കൽ വ്യാപകമായി വളർന്നുകഴിഞ്ഞാൽ യാതൊരു പരിചരണവും ആവശ്യമില്ല. ഒപ്പം ഇവ മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ മൂലമുള്ള നാശങ്ങൾകൂടി തടയും. സലാക് ചെടി നടാൻ സാധിച്ചാൽ പഴം ലഭിക്കാൻ തുടങ്ങുമ്പോൾ അധികവരുമാനവും ലഭിക്കും. മുളകൾ അധികമാവുമ്പോൾ കരകൗശലവസ്തുക്കളുടെ നിർമാണത്തിനും കടലാസ് ഫാക്ടറിക്ക് അസംസ്കൃത വസ്തുവുമാകും.
ഇപ്പോൾ ചെയ്തുതുടങ്ങിയാൽ 10 വർഷം കഴിയുമ്പോൾ മുതൽ ഫലം കിട്ടിത്തുടങ്ങും. വനാതിർത്തിയിൽ മുളകൾ വച്ചുപിടിപ്പിക്കുന്ന ദൗത്യം വനാതിർത്തി പങ്കിടുന്ന കർഷകർ, പഞ്ചായത്ത്, തൊഴിലുറപ്പ് ജീവനക്കാർ, വനംവകുപ്പ് എന്നിവർ യോജിച്ചു നടത്തണം. അനുയോജ്യമായ മുളകളുടെ തൈകൾ വനം വകുപ്പ് സംഘടിപ്പിച്ച് നൽകണം. മുളത്തൈകൾ നശിച്ചുപോകാതിരിക്കാൻ കർഷകർ ജാഗ്രത പുലർത്തണം.
വനാതിർത്തിയിൽ മുള പിടിപ്പിക്കുന്ന ദൗത്യം മഴക്കാലം ആരംഭിക്കുന്ന ജൂൺ മുതൽ മൂന്നു മാസം എല്ലാ വർഷവും നടത്തണം. ജൂൺ അഞ്ച് പരിസ്ഥിതിദിനത്തിൽ ലക്ഷക്കണക്കിന് തൈകൾ നടുന്നതിനു പകരം വനാതിർത്തിയിൽ മുളകൾ നടാൻ തുടങ്ങണം. സമൂഹ വനവത്കരണ വിഭാഗം, പരിസ്ഥിതി പ്രവർത്തകർ, സ്കൂൾ-കോളജ് എൻഎസ്എസ് യൂണിറ്റ് എന്നിങ്ങനെ എല്ലാവരെയും ഇതിൽ പങ്കാളികളാക്കണം. അങ്ങനെ പത്തുവർഷം കൊണ്ട് ഇത് വിജയിപ്പിക്കാൻ സാധിക്കും.
മുള വളർന്നു വലുതാകുന്നതുവരെ നിലവിൽ കിടങ്ങുകളോ സോളാർ വേലികളോ ഉണ്ടെങ്കിൽ അവ അറ്റകുറ്റപ്പണി ചെയ്തു നിലനിർത്തണം. ആനയുടെ ശല്യം നേരിടുന്ന കർഷകർ തങ്ങളുടെ അതിർത്തികളിൽ വൻ തേനീച്ചക്കൂടുകൾകൂടി സ്ഥാപിക്കണം. ഇതുവഴി അധികവരുമാനവും ലഭിക്കും. ഒപ്പം ആനയെയും ഓടിക്കാം. തേനീച്ചയുടെ മൂളലും കുത്തും ആനയ്ക്കു ഭയമാണ്. മുളകൾ വളർന്ന് നിബിഡമായി കഴിഞ്ഞാൽ ഇപ്പോൾ ഉള്ളതുപോലെ വന്യമൃഗശല്യമുണ്ടാവില്ല.
ക്രമാതീതമായി പെരുകുന്ന വന്യജീവികൾ
കാട്ടുപന്നി, കാട്ടുപോത്ത് മുതലായവ ക്രമാതീതമായി പെരുകി കൃഷി നശിപ്പിക്കുന്ന അവസ്ഥ ഉണ്ടായാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവച്ച് കൊന്ന് വില്പന നടത്തുകയാണെങ്കിൽ പഞ്ചായത്തിന് അധികവരുമാനവും നാട്ടുകാർക്കു നല്ല മാംസവും ലഭിക്കും. മറ്റു മൃഗങ്ങളാണെങ്കിൽ അന്യസംസ്ഥാനത്തോ വിദേശത്തോ കയറ്റി അയച്ച് കുടുതൽ വരുമാനം കിട്ടുമോ എന്നും ശ്രമിക്കാവുന്നതാണ്. ക്രമാതീതമായി പെരുകുന്ന കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയെ കൊല്ലരുതെന്നു പറയുന്നതിൽ യാതൊരു യുക്തിയുമില്ല. അങ്ങനെയെങ്കിൽ കടലിൽനിന്ന് മീൻ പിടിക്കുന്നതിനെയും ഇവർ എതിർക്കേണ്ടതല്ലേ.
ഓരോ വർഷം കഴിയുന്തോറും വന്യമൃഗങ്ങളുടെ ശല്യം വർധിക്കുകയേയുള്ളൂ. ഇതു മൃഗങ്ങൾ കൂടുന്നതുകൊണ്ട് ആകണമെന്നില്ല. തീറ്റ ഇല്ലാത്തതുകൊണ്ടും വേനൽക്കാലമാവുമ്പോൾ ജലം ലഭിക്കാത്തതുകൊണ്ടുമാണ്. വിമാനത്തിലിരുന്നു ഫോട്ടോ എടുത്താൽ ഇവിടം കൊടുംകാടാണ്. എന്നാൽ, യാഥാർഥ്യം പകുതി സ്ഥലത്ത് ജൈവവൈവിധ്യം തകിടംമറിക്കുന്ന വെള്ളം ഊറ്റിക്കുടിക്കുന്ന തേക്ക്, യൂക്കാലിപ്റ്റസ് പോലുള്ള ഏകവിള തോട്ടങ്ങളാണ്. ഇത് ഒരു ജീവിക്കും യോജിച്ചതല്ല. ബാക്കിയുള്ളിടത്ത് അധിനിവേശ സസ്യങ്ങളും കാട്ടുവള്ളികൾ മൂടിക്കിടക്കുന്ന ചെറുമരങ്ങളും.
വൻ മരങ്ങളുള്ള നല്ല വനമാണെങ്കിലും ഉള്ളിൽക്കൂടി നടന്നാൽ ഒരു കാര്യം ബോധ്യമാവും, പക്ഷിമൃഗാദികൾക്ക് തീറ്റ ലഭിക്കുന്ന മരങ്ങൾ വളരെ വിരളമാണ്. കാട്ടിനുള്ളിൽ ജലം നിലനിർത്താൻ ഉതകുന്ന വയലുകളും കുളങ്ങളും ഇല്ല. അതുപോലെ പുൽമേടുകളും കുറവാണ്. ഒരു പശുവിന് ഒരു ദിവസം 20 കി.ഗ്രാം പച്ചപ്പുല്ല് ആവശ്യമെങ്കിൽ കാട്ടുപോത്തിനും ആനയ്ക്കും ഒരു ദിവസം എത്ര തീറ്റ വേണമെന്ന് ഊഹിക്കാമല്ലോ.
വന്യജീവികൾക്ക് യോജിച്ച ആവാസവ്യവസ്ഥയും ആവശ്യത്തിന് തീറ്റയും വെള്ളവും കാട്ടിൽ ലഭിക്കാതെവന്നാൽ എത്രതവണ ഓടിച്ചുവിട്ടാലും അവ വിശക്കുകയും ദാഹിക്കുകയും ചെയ്യുമ്പോൾ നാട്ടിലിറങ്ങും. അതുകൊണ്ടു കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കണമെങ്കിൽ വന്യജീവികൾക്ക് ആവശ്യത്തിന് തീറ്റയും വെള്ളവും കാട്ടിൽ ലഭിക്കാനുള്ള നടപടികൾകൂടി സർക്കാർ ഉറപ്പാക്കണം.
(ലേഖകൻ റബർ ബോർഡിലെ റിട്ട. എൻജിനിയറിംഗ് ഡെപ്യൂട്ടി ഡയറക്ടറാണ്.)