അധ്യാപകർ വടിയെടുക്കണോ ?
Sunday, March 16, 2025 12:07 AM IST
അധ്യാപകര്‍ക്കെതിരേയുള്ള പരാതികളില്‍ കേസെടുക്കും മുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നു ഹൈക്കോടതി. വിദ്യാലയങ്ങളില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍ അധ്യാപകര്‍ ചെറിയ ചൂരല്‍ കൈയില്‍ കരുതട്ടെയെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് നിർദേശിച്ചു.
ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നവരാണ് അധ്യാപകര്‍. കുട്ടികളുടെ മനസും ഹൃദയവുമൊക്കെ രൂപപ്പെടുത്തുന്ന അവര്‍ യഥാര്‍ഥത്തില്‍ പുതുതലമുറയുടെ ശില്പികളാണ്.
കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നല്കിയാല് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകര്‍ ജോലി ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കു സ്വാതന്ത്ര്യം വേണം. അതിനു സഹായമായ അന്തരീക്ഷം സ്കൂളിലും സൃഷ്ടിക്കണം. അധ്യാപകര്‍ ചൂരല്‍ പ്രയോഗിക്കാതെ വെറുതെ കൈയില്‍ കരുതുന്നതു പോലും കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.
ലഹരിയും അക്രമവാസനയും കീഴടക്കുന്ന കേരളത്തിലെ വിദ്യാലയാന്തരീക്ഷത്തിൽ കാതലായ മാറ്റം വേണ്ടതല്ലേ? ഹൈക്കോടതിയുടെ മേൽപ്പറഞ്ഞ പരാമർശം ഗൗരവമായെടുത്ത് നടപ്പാക്കേണ്ടതുണ്ടോ?
പ്രതികരണങ്ങളിലേക്ക്:
വടിഭയം തെല്ലെങ്കിലും നല്ലതാണ്
ചെറുപ്പത്തിൽ അധ്യാപകരുടെ വടിയുപയോഗിച്ചുള്ള തല്ല് പലവട്ടം കിട്ടിയത് അന്നു കയ്പനുഭവമായിരുന്നു. എങ്കിലും അധ്യാപകർ വടി പൂർണമായി ഒഴിവാക്കണമെന്നു തോന്നിയിട്ടില്ല. “രണ്ടടി കൊടുത്താൽ ശരിയാകും” എന്ന് രക്ഷിതാക്കൾ എത്രയോ തവണ തങ്ങളുടെ കുട്ടികളെക്കുറിച്ച് അധ്യാപകരോടു പറയുന്നത് കേട്ടിട്ടുണ്ട്!
ക്ലാസ് മുറിയിലും പുറത്തും അധ്യാപകരോട് ആദരവോടെയുള്ള ഭയം വിദ്യാർഥികൾക്ക് അല്പം നല്ലതാണ്. വിദ്യാർഥികളായ എല്ലാവരെയും ചൂരൽവടി ഉപയോഗിച്ചു നേർവഴിയിലാക്കണമെന്നല്ല; ചിലരുടെ കാര്യത്തിൽ, പ്രയോഗിക്കാനല്ലെങ്കിൽപ്പോലും വടി ആവശ്യമാണ്.
കുട്ടികളുടെ സ്വഭാവ സവിശേഷതകളെ കൂടുതൽ അടുത്തറിയാൻ രക്ഷിതാക്കളുമായി അധ്യാപകർ നല്ല ബന്ധം സ്ഥാപിക്കണം. നിയമപരമായ രീതികൾക്കപ്പുറത്ത് വിദ്യാർഥികളോടുള്ള ഊഷ്മളമായ ഇടപെടലുകളും പ്രധാനമാണ്.
-പ്രഫ. എം.കെ. സാനു
ശാസിക്കാം, മൃദുവായി ശിക്ഷിക്കാം
വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം കുട്ടികളുടെ സ്വഭാവരൂപീകരണമാണ്. സ്വഭാവരൂപീകരണം എന്നുള്ളത് അച്ഛനമ്മമാർക്കു കഴിയുന്നതിലധികം അധ്യാപകർക്കു കഴിയുന്നതാണ്. കാരണം, അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാനും പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമാണ് കുട്ടികളെ സ്കൂളിലയയ്ക്കുന്നത്. കുട്ടികൾ തമ്മിൽ പെരുമാറുന്പോഴോ അധ്യാപകരോട് പെരുമാറുന്പോഴോ ബസിലോ ചായക്കടയിലോ പെരുമാറുന്പോഴോ ഒക്കെയുള്ള അവരുടെ ഗുണദോഷങ്ങൾ ശ്രദ്ധിച്ച് അതിനെപ്പറ്റി അഭിപ്രായം പറയാനും അവരെ അഭിനന്ദിക്കാനും വിമർശിക്കാനും ഒക്കെ ഉത്തരവാദപ്പെട്ട ആളുകളാണ് അധ്യാപകർ. കുട്ടികളെ ശാസിക്കാനും അധ്യാപകർക്ക് ചുമതലയുണ്ട്.
ഇന്ന് രാഷ്ട്രീയ പാർട്ടികളുടെയോ മതസംഘടനകളുടെയോ ജാതിസംഘടനകളുടെയോ വേറെ വല്ലതിന്റെയുമൊക്കെയോ പേരിൽ പൊതുവെ അധ്യാപകർക്ക് വിദ്യാർഥികളെ ശാസിക്കാൻതന്നെ പേടിയാണ്. ശിക്ഷിക്കാം എന്നു പറയുന്നത് അതിന്റെ ഭാഗമായിട്ട് ചിലപ്പോൾ വേണ്ടിവരും.
കൈയിൽ ഒരു ചൂരലുമായി അധ്യാപകൻ വരുന്പോൾ, ചില കുട്ടികൾക്കെങ്കിലും തല്ലുകൊള്ളാൻ പാടില്ല എന്നതിനെക്കുറിച്ച് ഒരു കരുതലുണ്ടാകും. നിലവിട്ട് വൈരാഗ്യംവച്ച് പെരുമാറുന്ന അധ്യാപകരുണ്ടാകാം. അത്തരം സാഹചര്യങ്ങളെപ്പറ്റി കരുതേണ്ടത് അധ്യാപകരോ അധ്യാപകസംഘടനകളോ ആണ്. ശാസിക്കാനും മൃദുവായി ശിക്ഷിക്കാനുമുള്ള അധ്യാപകന്റെ അവകാശം, ചുമതല കേരള ഹൈക്കോടതി ഉയർത്തിപ്പിടിച്ചതു നന്നായി എന്നാണ് എന്റെ അഭിപ്രായം.
അതൊരിക്കലും വിരോധം ഉണ്ടാകുന്ന തരത്തിലാകരുത്. കുട്ടികൾക്കു പരിക്കുപറ്റുന്ന തരത്തിൽ അതു വഴിവിട്ടുപോകരുത് എന്ന കരുതൽ വേണ്ടത് അധ്യാപകരുടെ ഭാഗത്തുനിന്നാണ്. അതിൽ രക്ഷാകർത്താക്കൾ ഇടപെടാനുള്ള അവസരം അധ്യാപകർ ഉണ്ടാക്കാൻ പാടില്ല. അധ്യാപകർ ഓർക്കേണ്ടത് അവരുടെ കുട്ടികളും ഏതെങ്കിലും സ്കൂളിൽ പഠിക്കുന്നുണ്ട് എന്ന വസ്തുതയാണ്.
-ഡോ. എം.എൻ.കാരശ്ശേരി
വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരോട് ആദരവുണ്ടാകണം
സ്കൂളില്‍ വിദ്യാര്‍ഥികളുടെ അച്ചടക്കമുറപ്പാക്കാന്‍ അധ്യാപകര്‍ കൈയില്‍ ചൂരല്‍ കരുതട്ടെ എന്ന ഹൈക്കാടതിയുടെ നിരീക്ഷണം സമൂഹത്തിലെ നിലവിലെ അവസ്ഥയുടെ ഒരു പ്രതീകമാണ്. അധ്യാപകരോടുള്ള ആദരവ് കുറഞ്ഞുകൊണ്ടിരിക്കുന്നത് വിദ്യാര്‍ഥികളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.
അധ്യാപകരോടുള്ള ആദരവും ഭീതിയും വിദ്യാര്‍ഥികളില്‍ ഉണ്ടാക്കിയെടുക്കുക എന്നതായിരിക്കാം കോടതി ഉദ്ദേശിച്ചത്. ഇത്തരത്തിലുള്ള ഒരു പഠനസമ്പ്രദായം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. അതു വളരെ അനിവാര്യവുമാണ്. അതേസമയം അച്ചടക്കത്തിന്റെ പേരില്‍ മാത്രം വിദ്യാര്‍ഥികളെ ദ്രോഹിക്കരുത്. വിദ്യാര്‍ഥികളെ സ്നേഹിച്ചുകൊണ്ടുതന്നെ അവരെ പഠിപ്പിക്കാനും ആദരവ് പിടിച്ചുപറ്റാനും അധ്യാപകര്‍ക്കു കഴിയണം. ഇന്നത്തെ അച്ചടക്കരാഹിത്യത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകണമെങ്കില്‍ അധ്യാപകര്‍ കൈയില്‍ ചൂരല്‍ കരുതിയേ തീരൂ എന്നതിനോട് യോജിക്കുന്നു.
-യു.കെ. കുമാരന്
ഉചിതമായ ശിക്ഷകൾ ആത്മസംയമനം വളർത്തും
അധ്യാപനരംഗത്ത് അധ്യാപകര്‍ പാലിക്കേണ്ട സുവര്‍ണതത്വം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റേതാണ്. സിലബസ് പാഠങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം കാരുണ്യവും സഹതാപവും പരക്ലേശ വിവേകവും വിദ്യാര്‍ഥികളില്‍ അങ്കുരിപ്പിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യണം.
നന്മ നിറഞ്ഞ വ്യക്തിത്വത്തിന്റെ മാതൃകകളാകാന്‍ അധ്യാപകര്‍ പരമാവധി പരിശ്രമിക്കുകയും വേണം. അതിനായി രക്ഷിതാക്കളും സമൂഹവും ചെയ്യേണ്ടത് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അധ്യാപകരെ ഒരിക്കലും തള്ളിപ്പറയാതിരിക്കലാണ്, അവഹേളിക്കാതിരിക്കലാണ്. മതിപ്പും ആദരവും ഉത്പാദിപ്പിക്കാത്ത അധ്യാപകര്‍ പകരുന്ന വിദ്യ വിദ്യാര്‍ഥികള്‍ക്ക് ഒരിക്കലും ഉപകരിക്കില്ലെന്ന് അറിയുക.
കടുത്ത തെറ്റുകള്‍ക്ക് കൊച്ചുശിക്ഷകളെല്ലാം നമ്മുടെ മക്കള്‍ക്ക് നല്‍കാമെന്നാണ് അഭിപ്രായം.ആ ശിക്ഷ നല്കുമ്പോള് അതിന്റെ പൊള്ളല്‍ അവരേക്കാള്‍ നമുക്ക് അനുഭവപ്പെടുന്ന തരത്തില്‍ അന്തരാത്മാവില്‍ സ്നേഹം തിളയ്ക്കണം. അത് അവര്‍ മനസിലാക്കുകയും ചെയ്യും. ഉചിതമായ ശിക്ഷകള്‍ തന്നില്‍ വളര്‍ത്തിയ ആത്മസംയമനത്തെയും അച്ചടക്കബോധത്തെയുംകുറിച്ച് മഹാത്മാഗാന്ധി നന്ദിയോടെ സ്മരിച്ചതും ഓര്‍മിപ്പിക്കുന്നു.
-കെ.പി. രാമനുണ്ണി
അധ്യാപകർ വടി കരുതുന്നതിൽ തെറ്റില്ല
സ്കൂളിൽ അധ്യാപകരുടെ കൈയിലൊരു വടിയിരുന്നതുകൊണ്ട് തെറ്റൊന്നുമില്ല. പണ്ടുകാലത്ത് കുട്ടികള്‍ സ്കൂളിൽ പോകാന്‍ ഭയക്കുന്ന രീതിയില്‍ അടിക്കുന്ന അധ്യാപകര്‍ ഉണ്ടായിരുന്നു. അത്തരം കഠിനമായ ശിക്ഷകളിലേക്കു പോകാൻ പാടില്ല.
എഡിജിപിയായിരിക്കുന്ന സമയത്ത് തിരുവനന്തപുരത്തെ പ്രമുഖ സ്കൂളിലെ അധ്യാപകര്‍ കാണാൻ വന്നത് ഓർക്കുന്നു. സ്കൂളിലെ ക്യാന്പിൽ ഒരു പെണ്‍കുട്ടിയുടെ കൈയില്‍നിന്ന് അരുതാത്തത് എന്തോ പിടിച്ചെടുത്തതായിരുന്നു പ്രശ്നം. ഇത്തരം ഘട്ടങ്ങളിൽ അധ്യാപകരുടെ ഇടപെടൽ സൂക്ഷ്മതയോടെയാകണം. അധ്യാപകർ ശിക്ഷിച്ചതിന്റെ പേരിൽ കേസെടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കുട്ടികള്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍, തന്റെ കുട്ടി അതു ചെയ്യില്ലെന്നു പറഞ്ഞ് രക്ഷിതാക്കള്‍ സ്കൂളിലേക്കെത്തുന്ന അവസ്ഥയുണ്ട്. അതു മാറണം. കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്താന്‍ പാടില്ലെന്നതിന് അധ്യാപകര്‍ക്കും പരിശീലനം ആവശ്യമാണ്. കുട്ടികളോടു സംസാരിക്കുന്നതില്‍ അധ്യാപകര്‍ക്കു ജാഗ്രത വേണം.
പല സ്കൂള്‍ പരിസരങ്ങളും ഇന്ന് ലഹരിയുടെ പിടിയിലാണെന്നത് ആശങ്കപ്പെടുത്തുന്നു. അതിനെതിരേ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം.
-ബി. സന്ധ്യ, മുന്‍ ഡിജിപി
ചൂരൽകഷായം കൂടിയേ തീരൂ
ചൂരൽകഷായം എന്നൊരു ചൊല്ലുതന്നെ പണ്ട് നാട്ടിൻപുറത്തുണ്ടായിരുന്നു. എല്ലാ അധ്യാപകരുടെയും ചൂരൽകഷായം നിത്യേന കിട്ടുമ്പോൾ അതും “കരിക്കുല”ത്തിൽ ഉൾപ്പെട്ട ഒന്നല്ലേ എന്നു പണ്ട് തോന്നിയിരുന്നു. ഇന്നും പഴയ അധ്യാപകരെ കാണുമ്പോൾ അവർ പഠിപ്പിച്ച പാഠഭാഗങ്ങളെക്കാളേറെ ഓർമ വരുന്നത് ഇത്തരം കഷായസ്മരണകളാണ്. അതൊക്കെ നല്ലതായിരുന്നു.
അടിച്ചു പഠിപ്പിക്കുക എന്നല്ല, അതൊരു ഓർമപ്പെടുത്തലാണ്. നോവുള്ള ശാസനയാണ്. അതു നല്ല ജീവിതത്തിലേക്കുള്ള വഴിയൊരുക്കൽ കൂടിയാണ്. അധ്യാപകർക്ക് പാതി വടിയെടുക്കാമെന്നു കഴിഞ്ഞദിവസം കോടതി പറഞ്ഞു. നല്ല തീരുമാനമാണ്. പക്ഷേ, പാതിയല്ല, വടി മൊത്തമായിത്തന്നെ അധ്യാപകർക്ക് മടക്കിക്കൊടുക്കണം. പഴയകാലത്തെ മടക്കിക്കൊണ്ടുവരാനല്ല; അച്ചടക്കവും ഗുരുത്വവുമുള്ള, സംസ്കാരസമ്പന്നരായ പുത്തൻ തലമുറയെ സൃഷ്ടിക്കാൻ. അതിന് ചൂരൽകഷായം കൂടിയേ തീരൂ.
-ഡോ. മുഞ്ഞിനാട് പത്മകുമാർ