മൂല്യങ്ങളെ മൂലധനമാക്കി പഠിക്കാം
സിസ്റ്റർ ഗ്ലോറി സിഎംസി
Saturday, March 15, 2025 11:56 PM IST
“ആകാശത്തിൽ പക്ഷികളെപ്പോലെ പറക്കാനും വെള്ളത്തിൽ മത്സ്യങ്ങളെപ്പോലെ സ്വൈര്യമായി സഞ്ചരിക്കാനും മനുഷ്യൻ പഠിച്ചുകഴിഞ്ഞു. പക്ഷേ, ഭൂമിയിൽ മനുഷ്യനെപ്പോലെ നടക്കാൻ ഇപ്പോഴും അവനറിഞ്ഞുകൂടാ!” വിങ്ങുന്ന ഹൃദയത്തിനുള്ളിലെ നെരിപ്പോടിൽനിന്ന് ചിതറിവീണ കനൽക്കട്ടകൾ! എവിടെയോ നഷ്ടപ്പെട്ട സമാധാനത്തിന്റെ തുരുത്തുകളല്ല, സ്വന്തം ഹൃദയത്തിലും കുടുംബത്തിലും അയൽവീടുകളിലും ഉയരുന്ന വിലാപത്തിന്റെ മൗനനൊന്പരം ഇന്നു മലയാളിക്ക് സ്വന്തം. ഓരോ പ്രഭാതവും പിറന്നുവീഴുന്നത് ദീനരോദനത്തിന്റെ പ്രകന്പനത്തിലേക്ക്. ‘ദൈവത്തിന്റെ സ്വന്തം നാട് ’ഇന്നു മറ്റാരുടേതോ ഒക്കെ ആയിക്കഴിഞ്ഞിരിക്കുന്നു.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ആർക്കും കൊടുക്കാത്ത ഒന്നാംസ്ഥാനം സ്വന്തമാക്കിയ കേരളം കൈവരിച്ചിട്ടുള്ള മറ്റ് ഒന്നാംസ്ഥാനങ്ങൾ ഞെട്ടലുണ്ടാക്കും. ഇന്ത്യയിൽ കുറ്റകൃത്യനിരക്ക് ഏറ്റവും ഉയർന്ന സംസ്ഥാനം; അതും ദേശീയ ശരാശരിയുടെ അനേകം ഇരട്ടി; സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കും, അക്രമസ്വഭാവമുള്ള കുറ്റകൃത്യങ്ങൾക്കും ഒന്നാംസ്ഥാനം. 60നുമേൽ പ്രായമുള്ള ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം. കുടുംബമൊന്നിച്ച് ആത്മഹത്യ ചെയ്യുന്നതിൽ, ഇന്റർനെറ്റിൽ അശ്ലീലം പോസ്റ്റ് ചെയ്യുന്നതിൽ, സൈബർ കുറ്റകൃത്യങ്ങളിൽ... എല്ലാമെല്ലാം ഒന്നാംസ്ഥാനം കൈവിടാത്ത സംസ്ഥാനം.
മദ്യപാനത്തിന്റെ കാര്യത്തിലും ലഹരി-രാസലഹരി ഉപയോഗത്തിലും സ്ഥാനം ഒന്നാമതു തന്നെ. അതിനാൽ കുടുംബത്തകർച്ച, വിവാഹമോചനം, സ്ത്രീപീഡനം എല്ലാം തുടർക്കഥകൾ.
വിദ്യാഭ്യാസം വിദ്യയുടെ ആഭാസമാകുന്നോ?
ഒരു ദുർഭൂതം ആവേശിച്ചാലെന്നപോലെ താറുമാറായിരിക്കുകയാണ് കേരളീയരുടെ വിദ്യാഭ്യാസരംഗം. അതിന്റെയും ഒന്നാംസ്ഥാനം മറ്റാർക്കും കൊടുക്കില്ലെന്ന വാശിയിലാണ് നാം. വിദ്യാലയങ്ങളിൽ കൊലപാതകത്തിനും റാഗിംഗിനും ആത്മഹത്യക്കുമൊക്കെ പ്രത്യേക പരിശീലനം തന്നെയുണ്ടോയെന്ന് സംശയം തോന്നിക്കുംവിധമുള്ള അരങ്ങേറ്റങ്ങൾ! എങ്ങനെ, മക്കളെയും കൊച്ചുമക്കളെയുമൊക്കെ വിദ്യാലയങ്ങളിലേക്കയയ്ക്കും എന്നു ചങ്കുതകർന്ന് ചോദിക്കുന്ന രക്ഷാകർത്താക്കൾ! വിദ്യാഭ്യാസമെന്നത് കുത്തഴിഞ്ഞ പാഠപുസ്തകമായിക്കഴിഞ്ഞിരിക്കുന്നു.
പഠനം എന്നാൽ...
ഗാർഹികവിദ്യാലയത്തിൽനിന്ന് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഉദ്ഘാടനകർമം നിർവഹിക്കുന്ന പ്രാഥമിക വിദ്യാലയത്തിന്റെ പടികൾ ചവിട്ടിക്കയറുന്ന വിദ്യാർഥിക്കും രക്ഷിതാവിനും ഒരു വലിയ സ്വപ്നം തന്നെയുണ്ട്. സ്വപ്നസാക്ഷാത്കാരത്തിന് മേല്പറഞ്ഞ ഘടകങ്ങളെല്ലാം കൈകോർക്കണം. അറിവിന്റെ നിർമാണമാണല്ലോ പഠനം. അതു നേടുന്നത് പുസ്തകത്തിലൂടെ മാത്രമല്ല; മനുഷ്യന്റെ ജൈവികവും സാമൂഹ്യവുമായ ചുറ്റുപാട്, അവന്റെ അറിവുഘടന, മുന്നറിവുകൾ, അനുഭവങ്ങൾ ഇവയുടെ അടിത്തറയിൽ വ്യക്തി നിർമിച്ചെടുക്കുന്ന അറിവിന്റെ അന്തഃസത്തയാണു പഠനം. ഇതിന് അനുയോജ്യമായ അന്തരീക്ഷം, പശ്ചാത്തലം എന്നിവയുടെ പ്രാധാന്യം ഒരിക്കലും അവഗണിക്കാനാവില്ല.
വിദ്യാഭ്യാസ വിചക്ഷണരുടെ കാഴ്ചപ്പാടിൽ
“വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സ്വഭാവഗുണമാണ്. സ്വഭാവഗുണം പ്രദാനം ചെയ്യാത്ത വിദ്യാഭ്യാസപദ്ധതി ഉപയോഗശൂന്യവും ആപത്കരവുമാണ്”-ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന ഡോ.എസ്. രാധാകൃഷ്ണന്റെ ഈ വാക്കുകൾ നമ്മുടെ സമകാലിക വിദ്യാഭ്യാസത്തെക്കുറിച്ചും വിദ്യാഭ്യാസപ്രവർത്തകരെക്കുറിച്ചും ഒരു താരതമ്യപഠനം നടത്തുന്നതിന് സഹായകമാണ്.
“വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാർഗജീവിതം നയിക്കാനുമുള്ള ഒരു മാർഗമാണ്” എന്നു പറഞ്ഞുവച്ച സ്വാമി ദയാനന്ദ സരസ്വതിയും “ആത്മാവിന്റെ പൂർണ വികസനത്തിനുള്ള മാർഗമാണ് വിദ്യാഭ്യാസം” എന്നു നിർവചിച്ച ശ്രീ അരവിന്ദനും “മനുഷ്യനിൽ കുടികൊള്ളുന്ന ദൈവികമായ പൂർണതയുടെ പ്രകടനമാണ് വിദ്യാഭ്യാസം” എന്നു നിർവചിച്ച സ്വാമി വിവേകാനന്ദനുമെല്ലാം മനുഷ്യനിലെ സമഗ്ര വ്യക്തിത്വത്തിന്റെ വളർച്ചയാണു ലക്ഷ്യംവച്ചത്. അജ്ഞതയെ ജ്ഞാനകുരുടത്വമായി കണ്ട്, മനുഷ്യമനസിനെ പ്രഭാപൂരിതമാക്കി ദൈവത്തിന്റെയും മനുഷ്യരുടെയും മുന്നിൽ നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന്, കേരളം കണ്ട നവോത്ഥാന നായകരിൽ അഗ്രഗണ്യനായ വിശുദ്ധ ചാവറയച്ചൻ പറഞ്ഞുവച്ചതും മറ്റൊന്നുകൊണ്ടല്ല.
മൂല്യങ്ങൾ അടിത്തറയാകണം
“ശരീരത്തിലെ അവയവങ്ങൾ കൃത്യമായി പ്രവർത്തിച്ചാൽ മാത്രമേ ശരീരചലനം സാധ്യമാകൂ. അതുപോലെ മൂല്യങ്ങൾ ഇല്ലാതായാൽ ക്രമം തെറ്റും; സമൂഹത്തിന്റെ താളം തെറ്റും” എന്ന് നിത്യചൈതന്യയതി പറഞ്ഞു. ക്രമം തെറ്റിയാൽ അക്രമമാണല്ലോ. ഇതാണ് ഇന്നു കാണുന്നതെന്ന് ആർക്കാണ് മനസിലാകാത്തത്.
കേട്ടാൽ ഞെട്ടുന്ന റാഗിംഗ് സന്പ്രദായവും ക്രൂരതയുടെ കഠാരത്തുന്പിൽ അറ്റുവീഴുന്ന സൗഹൃദങ്ങളും കണ്ണിൽചോരയില്ലാത്ത മതമൗലികവാദവും ജീവന് പുല്ലുവിലപോലും നല്കാത്ത തീവ്രവാദങ്ങളും ഇന്ന് മുതിർന്നവരുടെ മാത്രമല്ല, വളരുന്ന തലമുറയുടെയും രക്തധമനികളെ ത്രസിപ്പിക്കുകയാണ്. ഇവിടെ സത്യസനാതന മൂല്യങ്ങളെല്ലാം പടിക്കു പുറത്താണ്. ശാസന പാടില്ല, ശിക്ഷ പാടില്ല, എന്തിന് തിരുത്തൽപോലും പാടില്ല എന്നതിനാൽ എന്തും ആകാമെന്ന് വിചാരിക്കുന്ന കൗമാരക്കാർക്കു മുന്നിൽ നിസഹായരായി നില്ക്കുന്ന മുതിർന്നവർ.
സമഗ്രവികാസത്തെ ലക്ഷ്യമാക്കി ഒരു മൂല്യബോധന ക്ലാസ് - മോറൽ സയൻസ് പാഠങ്ങൾ - പഠിക്കുന്നതും പഠിപ്പിക്കുന്നതും പോലും അനുവദനീയമല്ലാത്തതിനാൽ വളരെ ക്ലേശിച്ച് വിശ്രമസമയം വെട്ടിച്ചുരുക്കിയിട്ട് അത് നടത്തുന്നവരെ കണ്ടിട്ടുണ്ട്. ബുദ്ധിയും മനസും ശരീരവും ആത്മാവും ചേർന്ന മനുഷ്യന്റെ സമഗ്രവികാസം എന്നതു ലക്ഷ്യമാക്കുന്പോൾ ഈ മൂല്യബോധനവും അത്യാവശ്യമാണല്ലോ. കണക്കും സയൻസും ഭാഷാവിഷയങ്ങളും മാത്രം പഠിച്ചാൽ സമഗ്ര വ്യക്തിവികാസം സാധ്യമല്ലെന്നറിഞ്ഞ വിദ്യാഭ്യാസ വിചക്ഷണരുടെ പാത പിന്തുടർന്ന് ഭാവിതലമുറയെ നന്മമരങ്ങളാക്കാൻ വേണ്ടി പരിശ്രമിക്കുന്ന അധ്യാപകരെയും മാനേജ്മെന്റിനെയും പ്രതിക്കൂട്ടിലാക്കുന്ന വിദ്യാഭ്യാസവകുപ്പും ലക്ഷ്യബോധമില്ലാത്ത വിദ്യാർഥികളും അവരുടെ ഇഷ്ടത്തിനു വഴങ്ങുന്ന രക്ഷിതാക്കളും വരുത്തുന്ന വിനകൾ കുറച്ചൊന്നുമല്ല. കുട്ടികൾക്ക് ആവശ്യമായത് കൊടുക്കുന്നതിനു പകരം ഇഷ്ടമുള്ളത് കൊടുത്തുകൊണ്ട് ഇവർ വളർച്ചയ്ക്കു പകരം വിളർച്ചയ്ക്ക് വഴിതെളിക്കുന്നു. തിന്മയുടെ പുഴുക്കുത്തേറ്റ് അകാലത്തിൽ ഇല്ലാതാകുന്നു. കുറ്റവാളികൾക്കു തക്ക ശിക്ഷ നൽകാതെ ക്രിമിനലുകളെ വളർത്തിവിട്ട് അതിനും ഒന്നാംസ്ഥാനം വിടാതെ പിടിച്ചെടുക്കുന്ന കേരളം.
കള്ളത്തരവും വെട്ടിപ്പും മൂല്യനിരാസംതന്നെ
പ്ലസ്ടു പരീക്ഷാ ഡ്യൂട്ടി നിർണയം കഴിഞ്ഞ സമയം. ഒരു ടീച്ചറുടെ മുഖം വല്ലാതെ വാടിയിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. കാരണം തിരക്കിയപ്പോഴാണറിഞ്ഞത്; അധികം അകലത്തിലല്ലാത്ത യാത്രാസൗകര്യമുള്ള നഗരപ്രാന്തത്തിലുള്ള സ്കൂൾ തന്നെ ടീച്ചറിനു കിട്ടിയിരിക്കുന്നു. എന്നാൽ, പരസ്യമായും രഹസ്യമായും കോപ്പിയടിക്ക് ലൈസൻസുള്ള സ്കൂൾ. പിടിച്ചാൽ തല പോയതുതന്നെ. അതിനാൽ കാണാത്തപോലെ കടന്നുപോയേ തീരൂ. കോപ്പിയടിക്കു വശം കുറവാണെങ്കിൽ എഴുതിക്കൊടുക്കുക എന്ന ഡ്യൂട്ടിയും ടീച്ചറിന് വരും. പോരാൻനേരം ഇൻസെന്റീവുമുണ്ട്.
മനഃസാക്ഷിയുള്ളവർക്ക് പറ്റുമോ?
തെറ്റു കണ്ടുപിടിച്ചതിനും തിരുത്താൻ ശ്രമിച്ചതിനും “നീ പുറത്തേക്കു വാടാ, ഇതിനുള്ളത് തന്നുകൊള്ളാം” എന്നു പറഞ്ഞ് പ്രിൻസിപ്പലിനെ വെല്ലുവിളിച്ച വിദ്യാർഥിയെ തിരുത്താൻ സ്വന്തം മാതാവുപോലും തയാറായില്ല എന്ന ഭീകരസത്യം മറനീക്കി പുറത്തുവന്നിട്ട് അധികം നാളായില്ല. ഇത്തരം തിന്മകൾക്കായി കാലം കരുതിവച്ച ശിക്ഷാവിധികൾ ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചിന്റെ നാടാക്കി മാറ്റുകയാണ്.
ജാഗരൂകരാകാം
അക്ഷരം പഠിച്ചുതീർന്നെങ്കിലും ജീവിതപാഠമറിയാത്ത, മൂല്യങ്ങളുടെ ലാഭനഷ്ടങ്ങൾ കൂട്ടിക്കിഴിക്കാനറിയാത്ത ഇന്നത്തെ വിദ്യാർഥിസമൂഹത്തെ തിരിച്ചറിവിന്റെ പാഠങ്ങൾ പഠിപ്പിക്കേണ്ടത് അധ്യാപകരുടെ കടമയാണ്. അവരോടൊപ്പം കൈകോർക്കേണ്ടത് മാതാപിതാക്കളുടെയും കടമയാണ്. സുഖദുഃഖങ്ങളും വിജയപരാജയങ്ങളും ഇടകലർന്നേ ജീവിതത്തിന്റെ നൈരന്തര്യം സാധ്യമാകൂ എന്ന് വിദ്യാർഥി പഠിക്കണം.
“നീ വായിക്കുന്ന പുസ്തകവും നിന്റെ കൂട്ടുകാരും ആരെന്നു പറയുക, നീ ആരെന്നു ഞാൻ പറയാം” എന്ന ചാവറസൂക്തം രണ്ടു നൂറ്റാണ്ട് മുൻപുള്ളതാണെങ്കിലും കാലികപ്രസക്തി നഷ്ടപ്പെടാത്തതല്ലേ? മൂല്യങ്ങളുടെ അടിത്തറയിൽ ജീവിതസൗധം പടുത്തുയർത്തേണ്ടതിന് വിദ്യാഭ്യാസത്തെ ധാർമികതയുടെ കണ്ണുകൾകൊണ്ട് നോക്കിക്കാണേണ്ടിയിരിക്കുന്നു. ഉത്തരവാദിത്വമുള്ളവരുടെ കണ്ണു തുറക്കട്ടെ.
ലക്ഷ്യത്തിലേക്കുള്ള പാത മറക്കുന്പോൾ, അഥവാ അപഥസഞ്ചാരം ചെയ്യുന്പോൾ ജീവിതം നാശത്തിലേക്ക് കൂപ്പുകുത്തുന്നു. മറ്റുള്ളവർക്കും അതു നാശം വരുത്തുന്നു. അതിനാൽ വളരുന്ന തലമുറയെ നേരായ പാതയിലേക്ക് തിരിച്ചുവിടാം. മാനുഷികമൂല്യങ്ങളെ മുറുകെ പിടിക്കാം. മൂല്യങ്ങളുടെ മൂലധനത്തിൽ ജീവിതസൗധം കെട്ടിപ്പടുക്കാം.