വഴിതുറക്കാൻ രാജപാതയിൽ ജനകീയനടത്തം
സിജുമോൻ ഫ്രാൻസിസ്, കോതമംഗലം
Saturday, March 15, 2025 12:56 AM IST
കേരളത്തിന്റെ സാംസ്കാരിക പൈതൃക വഴിയായ ആലുവ-മൂന്നാർ രാജപാത തുറന്നുകിട്ടാൻ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ അങ്കമാലി മുതൽ ദേവികുളം വരെയുള്ള ജനപ്രതിനിധികളോടൊപ്പം നാളെ പൂയംകുട്ടിയിൽ നിന്ന് പെരുമ്പൻകുത്തിലേക്ക് രാജപാതയിലൂടെ ജനകീയമാർച്ച് നടക്കുകയാണ്. വനംവകുപ്പിന്റെ ധാർഷ്ട്യത്തിന്റെ മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതിനായി ജാതി,മത, കക്ഷിരാഷ്ട്രീയത്തിനതീതമായി ആവേശത്തോടെ നടക്കുന്ന ജനകീയമാർച്ച് രാജപാത വീണ്ടെടുക്കുന്നതിന്നുള്ള തടസങ്ങൾ നീക്കുമെന്ന പ്രതീക്ഷയിലാണ്.
കേരളത്തിലെ അവഗണിക്കപ്പെട്ട ചരിത്രയാഥാർഥ്യമാണ് പഴയ ആലുവ-മൂന്നാർ രാജപാത. കേരളത്തിന്റെ വികസനചരിത്രത്തിൽ ശരിക്കുമൊരു രാജകീയപാതയായി വിരാജിക്കേണ്ടിയിരുന്ന ആ രാജപാത ഇനിയെങ്കിലും തുറക്കേണ്ടത് കേരളത്തിന്റെ സാമ്പത്തിക ടൂറിസം ഭൂപടത്തിൽ അനിവാര്യമായിരിക്കുന്നു.
ചരിത്ര പശ്ചാത്തലം
വാക്കുകൾക്കതീതമാണ് രാജപാതയുടെ ചരിത്രം.ഏതാണ്ട് മൂവായിരം വർഷംമുന്പ് ബിസി 300 നും 250 നും ഇടയിലാണ് ആദ്യമായി ഒരു പാത്ത് വേ (Path way) വ്യാപാര ആവശ്യങ്ങൾക്കായി ഉണ്ടാകുന്നത്. ബൈബിൾ പോലും പഴയനിയമമായിരുന്നു അന്ന് പ്രാബല്യത്തിൽ. മധുരയെയും മുസിരിസിനെയും (ഇന്നത്തെ കൊടുങ്ങല്ലൂർ) ബന്ധിപ്പിച്ചിരുന്ന വ്യാപാര ഇടനാഴിയിലേക്കു ചന്ദനമരം കാൽനടയായി എത്തിക്കുന്നതിനായിരുന്നു പാത്ത് വേ ആദ്യമായി നിർമിച്ചത്.
1341 ൽ ഉണ്ടായ വെള്ളപ്പൊക്കം മുസിരിസ് വ്യാപാര ഇടനാഴി പൂർണമായി തകർത്തുകളഞ്ഞു.എന്നാൽ അതുമൂലമുണ്ടായ കുത്തൊഴുക്കിലും വെള്ളപ്പൊക്കത്തിലും രൂപപ്പെട്ടതാണ് വൈപ്പിൻ ദ്വീപസമൂഹവും, പനങ്ങാട്, കുമ്പളം മേഖലകളും. കൊച്ചിൻ പോർട്ട്, കൊച്ചിൻ ഹാർബർ തുടങ്ങി ഇന്ന് കേരളത്തിന്റെ സാമ്പത്തിക ഭൂപപടത്തിലെ തന്ത്രപ്രധാനമായ പല പ്രദേശങ്ങളും രൂപപ്പെട്ടത് ഈ സമയത്താണെന്നു ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു.
1341 ലെ വെള്ളപ്പൊക്കം കേരളചരിത്രത്തെ രണ്ടു രീതിയിൽ മാറ്റിയെഴുതി. പലതും പുതുതായി രൂപപ്പെട്ടു. അതേസമയം, ചരിത്രത്തിൽ തങ്കലിപികളിൽ എഴുതേണ്ടിയിരുന്ന പലതും അപ്രത്യക്ഷമാകുകയും ചെയ്തു.
മൺറോ സായിപ്പും വഴിമാറിയ ചരിത്രവും
1877 ജൂലൈ 11 ന് ജോൺ ഡാനിയേൽ മൺറോ എന്ന സായിപ്പ് അന്ന് അഞ്ചുനാട് മല എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മൂന്നാർ ഉൾപ്പെട്ട 256 ചതുരശ്രകി.മീ (1, 37, 600 ഏക്കർ) ഭൂമി പൂഞ്ഞാർ കേരളവർമ വലിയ തമ്പുരാനിൽ നിന്ന് 99 വർഷത്തേക്കു പാട്ടത്തിനെടുക്കാൻ തീരുമാനിച്ചു. 1878 നവംബർ 28ന് അന്തിമകരാറായി. തിരുവിതാംകൂർ രാജാവ് അത് അംഗീകരിച്ചതോടെ ഇടുക്കിയുടെ ചരിത്രഗതി മാറുകയും ചെയ്തു.
1790 ലാണ് യൂറോപ്യൻമാർ ആദ്യമായി കണ്ണൻദേവൻ മലകളിൽ വരുന്നത്. 1833 ൽ ചൈന ബ്രിട്ടനുമായുള്ള തേയില വ്യവസായത്തിന്റെ കുത്തക അവസാനിപ്പിച്ചതോടെ അധിനിവേശപ്രദേശങ്ങളിൽ അതിനുപറ്റിയ സാഹചര്യങ്ങൾ തേടുകയായിരുന്നു ബ്രിട്ടൻ. ഈ കാലഘട്ടത്തിലാണ് സിങ്കോണ (Cinchona)യുടെ ഇല മലേറിയ രോഗത്തിന് ഔഷധമാണെന്നു കണ്ടെത്തുന്നതും കൃഷി വ്യാപകമാകുന്നതും. 1888ൽ സിങ്കോണയുടെ ലോകമാർക്കറ്റ് തകർന്നു.
അന്നുവരെ പിടിച്ചുനിന്ന ആയിരക്കണക്കിന് ഏക്കർ കാപ്പിത്തോട്ടങ്ങൾ (നീലഗിരി, വയനാട് ഉൾപ്പെടെ) സ്വർണഖനനത്തിനായി ഉഴുതുമറിച്ചപ്പോൾ കാപ്പിക്കൃഷിയും ഇല്ലാതായി. ഇതോടെയാണ് സായിപ്പ് തേയിലകൃഷിയിലെത്തിയത്. ഇതും ഇടുക്കിയുടെ വികസനത്തിന് ആക്കംകൂട്ടി. പിന്നീടുവന്ന വികസനമൊക്കെയും അഞ്ചുനാട് മലകളെ അടിസ്ഥാനമാക്കിയായിരുന്നു.

ആ സ്വപ്നങ്ങൾ തകരാതിരുന്നെങ്കിൽ
ബ്രിട്ടീഷുകാർ കണ്ട വികസനസ്വപ്നങ്ങൾ പിന്നീടുവന്ന അധികാരികൾ തുടർന്നിരുന്നുവെങ്കിൽ ഇടുക്കി ജില്ലയുടെയും ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും മുഖച്ഛായതന്നെ മാറുമായിരുന്നു. 1902 ൽ ഇന്ത്യയിൽ ആദ്യമായി മോണോറെയിൽ സംവിധാനം നിലവിൽ വന്നത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്. 35 കിലോമീറ്ററായിരുന്നു കുണ്ടറവാലി മോണോറെയിൽ.
1920 കളിൽ കോതമംഗലം - മൂന്നാർ അഞ്ചൽ സംവിധാനം (ഇന്നത്തെ തപാൽ സംവിധാനം) നിലവിൽവന്നതും ഈ രാജപാതയിലൂടെ. 1923ൽ കണ്ണൻദേവൻ കമ്പനി കാറും ലോറിയും കൊണ്ടുവന്നു. വെറ്ററിനറി സർവീസ് ആരംഭിക്കുന്നു. 1928 ൽ മൂന്നാറിൽനിന്ന് ടോപ് സ്റ്റേഷനിലേക്കും ഉദുമൽപെട്ടിൽനിന്ന് മൂന്നാറിലേക്കും ബസ് സർവീസ് ആരംഭിച്ചു. 1930ൽ ‘ദേശബന്ധു’ എന്ന ബസ് വണ്ടൻമേട്ടിലേക്കു കയറിച്ചെന്നു. ‘സ്വരാജ്’ ബസ് പാലായിൽനിന്ന് വണ്ടൻമേട്ടിലെത്തിയതും ആ വർഷംതന്നെ.
രാജപാതയും 1924ലെ പ്രളയവും രാജവിളംബരവും
1924 ലെ മഹാപ്രളയത്തിൽ മൂന്നാറിന്റെ അഭിമാനമായിരുന്ന കുണ്ടറ വാലി മോണോറെയിൽ തരിപ്പണമായി. അത് പുനർനിർമിക്കാൻ കഴിയാതിരുന്നത് കേരളത്തെ പിറകോട്ടടിച്ചു.
രാജപാത കടന്നുപോയിരുന്ന പെരുമ്പൻകുത്ത്, കരിന്തിരി ഭാഗവും പ്രളയത്തിൽ തകർന്നു. ആ വഴി ഗതാഗതയോഗ്യമാക്കാതെ മറ്റു വഴികൾക്കായി പരിശ്രമം തുടങ്ങി. 1931 ൽ കോട്ടയം- കുമളി ഗാപ് റോഡുകൾ വിട്ട് നേര്യമംഗലം വഴിയുള്ള മൂന്നാർ റോഡ് നിർമാണം ആരംഭിച്ചു. 1936 ൽ നേര്യമംഗലം പാലം പൂർണമായി ഗതാഗത സജ്ജമായി. ഇതൊക്കെ രാജപാത അപ്രസക്തമാകാൻ കാരണമായി.
അക്കാലത്ത് തിരു-കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലംഗം ആയിരുന്ന തര്യത് കുഞ്ഞിത്തൊമ്മൻ മന്നാംകണ്ടം പഞ്ചായത്ത് മുതലിങ്ങോട്ട് അഞ്ച് ഏക്കർ വരെയെങ്കിലും ഭൂമി കാടു വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി കർഷകർക്ക് കൊടുക്കണമെന്നും പട്ടിണിയകറ്റാൻ ഇതല്ലാതെ മറ്റൊരു മാർഗമില്ലെന്നും കൗൺസിലിൽ പ്രമേയം കൊണ്ടുവന്നു. പ്രമേയം ഏകകണ്ഠമായി പാസാക്കി. 1822 ഏപ്രിൽ 22 ന് ഏലമലക്കാര്യങ്ങൾ വിഷയമാക്കിയ /”രാജവിളംബരത്തി’’’’’’’’ലൂടെ തിരുവിതാംകൂർ റീജന്റ് റാണി ഗൗരി പാർവതി ഭായി സന്നദ്ധരായ കർഷകരോട് ഹൈറേഞ്ചിൽ, നേര്യമംഗലം മുതൽ കമ്പം വരെ ഏലം കൃഷി ചെയ്യാനായി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു കൗൺസിലിലെ പ്രമേയം. അതോടെ നേര്യമംഗലം-അടിമാലി പാത കൂടുതൽ പ്രസക്തമായി. രാജപാത സാവധാനം ചരിത്രത്തിലേക്കു മറയുകയുംചെയ്തു.

വനംവകുപ്പിന്റെ കൈയേറ്റം
പൂയംകുട്ടിയിൽനിന്ന് 27 കിലോമീറ്റർ മാത്രമാണ് വനത്തിലൂടെ രാജപാത കടന്നുപോകുന്നത്.ബാക്കി ഭാഗങ്ങളൊക്കെയും ജനവാസ മേഖലയും റവന്യു ഭൂമിയുമാണ്. കോതമംഗലം മുതൽ പെരുമ്പൻകുത്ത് വരെയുള്ള രാജപാത പൊതുമരാമത്ത് വകുപ്പിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടു കിടക്കുന്നതും റവന്യു രേഖകളിൽ കൃത്യമായി അതിർത്തി നിശ്ചയിച്ച്, അതിരടയാളങ്ങൾ സ്ഥാപിച്ചിട്ടുള്ളതുമാണ്. പല അതിർത്തിക്കല്ലുകളും സർവേക്കല്ലുകളും വനംവകുപ്പ് ജീവനക്കാർതന്നെ മാന്തിയെന്ന് ആദിവാസികൾക്കുപോലും അറിയാം.
1990കൾവരെ ഈറ്റ വെട്ടി ഇറക്കിയിരുന്നത് പുലിമുരുകൻ സിനിമയുടെ ലൊക്കേഷനായ പീണ്ടിമേട് മുതൽ പൂയംകുട്ടിവരെയുള്ള രാജപാതയിലൂടെയായിരുന്നു. എന്നാൽ 90കളിൽ എപ്പൊഴോ വനംവകുപ്പ് പൂയംകുട്ടിയിൽ ജനവാസമേഖല അവസാനിക്കുന്ന സിമന്റ് പാലത്ത് ഒരു ഇരുമ്പുകമ്പിയിട്ട് (Crossbar) ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. വൈകാതെ പൂർണമായി അടച്ച് വനംവകുപ്പ് സ്വന്തമാക്കുകയുംചെയ്തു.
പെട്ടിമുടി ദുരന്തം കണ്ണുതുറപ്പിച്ചില്ല
കേരളത്തിലെ ഒരേയൊരു ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള പ്രവേശനകവാടമായിരുന്നു പെട്ടിമുടി. 2020 ഓഗസ്റ്റ് ആറിന് പെട്ടിമുടിയിൽ ഉരുൾപൊട്ടി രണ്ട് കിലോമീറ്റർ ദൂരം ജനവാസമേഖല താഴ്ചയിലേക്ക് ഒലിച്ചുപോയപ്പോൾ വീടുകൾക്കൊപ്പം മണ്ണിനടിയിലായത് 66 പാവങ്ങൾ.
വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ പോലും രക്ഷാപ്രവർത്തനത്തിന് ഉപകാരപ്പെട്ടില്ല. രക്ഷാപ്രവർത്തനം ഭാഗികമായെങ്കിലും പൂർത്തിയാക്കാൻ രണ്ടുമാസമെടുത്തു.
രാജപാത ഗതാഗതയോഗ്യമായിരുന്നെങ്കിൽ ഇടമലക്കുടിയിൽനിന്ന് കോതമംഗലത്തെത്താൻ ഒരുമണിക്കൂർപോലും വേണ്ടിവരുമായിരുന്നില്ല. ഇടമലക്കുടിയിലെ ആദിവാസി സഹോദരങ്ങളുടെ കുടുംബബന്ധങ്ങളും സംസ്കാരവും ചിതറിക്കിടക്കുന്നത് രാജപാത കടന്നുപോകുന്ന മാങ്കുളം പഞ്ചായത്തിൽ 13 ഉം, കുട്ടമ്പുഴ പഞ്ചായത്തിൽ 11 ഉം, അടിമാലി പഞ്ചായത്തിലെ 3 ഉം ആദിവാസി കുടികളിലാണ്.
2006 ലെ വനാവകാശ നിയമപ്രകാരമാണെങ്കിൽപോലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ രാജപാത അടയ്ക്കാൻ അവകാശമില്ലാത്തതാണ്. നിയമപ്രകാരം, ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കാൻ പാടില്ല. സ്വപ്നതുല്യമായ അടിസ്ഥാന വികസനപ്രവർത്തനങ്ങൾ തകർത്തിട്ട് പുതിയ ഭരണകർത്താക്കൾ 53 വർഷം കൊണ്ട് ഇടുക്കിക്കു സമ്മാനിച്ചത് ചെറുതും വലുതുമായ 20 ഡാമുകളും എട്ടു വന്യജീവി സങ്കേതങ്ങളുമാണ്.
റബർകൃഷിയും രാജപാതയും
ബ്രിട്ടീഷുകാരുടെ കാലത്താണ് ഇന്ത്യയിൽ ആദ്യമായി റബർകൃഷി പരീക്ഷിച്ചു നടപ്പാക്കിയത്. 1873 ൽ ഇന്ത്യയിൽ റബർ കൃഷി വിജയിക്കുമോ എന്നറിയാൻ കോൽക്കത്തയിലെ ബൊട്ടാണിക്കൽ ഗാർഡനിലും 1895ൽ കേരളത്തിലെ മലഞ്ചെരുവുകളിലും പരീക്ഷണം നടത്തിയിരുന്നു. അതൊന്നും വിജയം കണ്ടിരുന്നില്ല.
പിന്നീടാണ് 1902 ൽ ആലുവ- മൂന്നാർ രാജപാത കടന്നുപോകുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ തട്ടേക്കാട് ഇന്ത്യയിൽ ആദ്യത്തെ റബർ പ്ലാന്റേഷൻ ബ്രിട്ടീഷുകാർ ആരംഭിക്കുന്നത്. രാജപാതയുടെ ഓരംചേർന്നുള്ള റബർ കൃഷി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായതു മറ്റൊരു ചരിത്രം.
തുടർന്നങ്ങോട്ട് തിരുവിതാംകൂറിനേയും കൊച്ചിയേയും മലബാറിനേയും ബന്ധിപ്പിച്ചുകൊണ്ട് സമാനതകളില്ലാത്ത വികസനക്കുതിപ്പായിരുന്നു.
പുതിയ രാജപാത തുറക്കുന്നു
തകർന്ന നടവഴി പുനഃസൃഷ്ടിക്കുവാൻ 1891 ൽ ബ്രിട്ടീഷുകാർ തീരുമാനിച്ചു. മുസിരിസ് വ്യാപാര ഇടനാഴി കൂടുതൽ ശക്തിപ്പെടുത്തി കാളവണ്ടി ഓടുന്നതിനുള്ള വീതിയോടുകൂടിയാണ് രാജപാത പുനർനിർമിച്ചത്. അന്ന് കേരളത്തിൽ സുലഭമായിരുന്ന സുഗന്ധദ്രവ്യങ്ങളുടെ നീക്കമായിരുന്നു ലക്ഷ്യം. മധുര വഴിയായിരുന്നു പ്രധാന ചരക്കുനീക്കമെങ്കിലും മധ്യതിരുവിതാംകൂറുമായുള്ള വ്യാപാരബന്ധം നിലനിന്നിരുന്നത് ഈ രാജപാതവഴിയായിരുന്നു.
വ്യാപാരം പോലെതന്നെ ബ്രിട്ടീഷുകാർക്ക് പ്രാധാന്യമേറിയതായിരുന്നു വിനോദവും വിശ്രമവും നായാട്ടുമൊക്കെ. പെരിയാറിനു സമാന്തരമായി ഒട്ടും കയറ്റം ഇല്ലാതെ 1:10 എന്ന അനുപാതത്തിലാണ് റോഡിന്റെ വിന്യാസം നിശ്ചയിച്ചിരുന്നത്. കയറ്റമോ പരിസ്ഥിതിക്കു കോട്ടമോ ഇല്ലാതെ കോതമംഗലത്തുനിന്ന് മൂന്നാർവരെ സുഗമയാത്ര.