തകർക്കണം, മയക്കുമരുന്നുവല!
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, March 15, 2025 12:10 AM IST
ലഹരികളോടുള്ള ആസക്തി ഭീകരസത്വമായി വളരുകയാണ്. രാസലഹരിക്കും മറ്റും അടിമപ്പെടുന്നയാളുടെ ഉള്ളിലിരുന്ന് അത് ലഹരിയടിമകളെ നിയന്ത്രിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഒരാളെ കീറിമുറിക്കുന്ന, ആത്മാവിനെ പറിച്ചെടുക്കുന്ന, ബലഹീനതയിൽ ആർത്തട്ടഹസിക്കുന്ന ഭീകരജീവിയാണത്. എപ്പോഴും പതിയിരിക്കുന്ന, ആക്രമിക്കാൻ കാത്തിരിക്കുന്ന സ്വന്തം നിഴലാണത്.
വിഷാദത്തോടെയോ കുറ്റബോധത്തോടെയോ കുറ്റം വിധിക്കപ്പെട്ടവനായോ ലജ്ജിച്ചവനായോ പരാജിതനായോ അയോഗ്യനായോ ജീവിക്കാൻ ആരും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എല്ലാവരും വിജയിക്കണം. ആരും സ്വയം പരാജയപ്പെടുത്താതിരുന്നാൽ മതി. സ്വയം കുഴിതോണ്ടരുതെന്ന തിരിച്ചറിവാണു പ്രധാനം. ഉപയോഗം നിർത്തുന്നതിലൂടെ മാത്രം ആസക്തികളിൽനിന്നു മുക്തി നേടാനാകില്ല. അവ ഉപയോഗിക്കാതിരിക്കാൻ കഴിയുന്ന പുതിയൊരു ജീവിതം സൃഷ്ടിച്ചുകൊണ്ടാണു സുഖം പ്രാപിക്കേണ്ടത്. പുതിയ ജീവിതം സൃഷ്ടിച്ചില്ലെങ്കിൽ ആസക്തിയിലേക്കു കൊണ്ടുവന്ന എല്ലാ ഘടകങ്ങളും വീണ്ടും ആ വ്യക്തിയെ പിടികൂടും.
രാസ മയക്കുമരുന്നു ഭീകരൻ
കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാസവസ്തുക്കളടക്കം മയക്കുമരുന്നുകളുടെ ദുരുപയോഗം ഭീമാകാരമായ പ്രശ്നമായി വളർന്നുകഴിഞ്ഞു. മദ്യം, കഞ്ചാവ്, കറുപ്പ് എന്നിവയ്ക്കും രാസ മയക്കുമരുന്നുകൾക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ അടിമകളാണ്. മയക്കുമരുന്നിന്റെ ദുരുപയോഗം ഇന്ത്യൻ സമൂഹത്തിൽ വ്യാപക പ്രതിഭാസമാണെന്ന് ഐക്യരാഷ്ട്രസഭയുടെ യുഎൻ ഓഫീസ് ഓണ് ഡ്രഗ്സ് ആൻഡ് ക്രൈമും കേന്ദ്ര സാമൂഹികനീതി മന്ത്രാലയവും സംയുക്തമായി അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
മദ്യം, കഞ്ചാവ്, കറുപ്പ്, ഹെറോയിൻ എന്നിവയാണ് ഇന്ത്യയിലെ പ്രധാന മയക്കുമരുന്നുകളെന്നു ദേശീയ ഗാർഹിക സർവേ റിപ്പോർട്ടിലുണ്ട്. ബ്യൂപ്രെനോർഫിൻ, പ്രൊപ്പോക്സിഫീൻ, ഹെറോയിൻ എന്നിവയാണു സാധാരണയായി കുത്തിവയ്ക്കുന്ന മരുന്നുകൾ. 140 കോടി ജനങ്ങളിൽ പകുതിയോളംപേർ (64.5%) മദ്യം ഉപയോഗിക്കുന്നു. 87.5 ലക്ഷം പേർ കഞ്ചാവിന്റെ ലഹരിയിലാണ്. 20 ലക്ഷം പേരാണു കറുപ്പും ഉറക്കഗുളികകളും ലേഹ്യങ്ങളും (ഓപിയേറ്റുകൾ) മറ്റും ഉപയോഗിക്കുന്നത്. മയക്കാനുള്ള സെഡേറ്റീവുകൾ ദുരുപയോഗിക്കുന്നു.
വർഷംതോറും കൂടുന്ന വിപത്ത്
രാജ്യത്തു പിടിച്ചെടുക്കുന്ന മയക്കുമരുന്നുകളുടെ അളവിലും പിടിക്കപ്പെടുന്ന പ്രതികളുടെ എണ്ണത്തിലും വർഷംതോറും വർധനയുണ്ട്. കഴിഞ്ഞവർഷം മാത്രം 25,330 കോടി രൂപയുടെ മയക്കുമരുന്ന് ഇന്ത്യയിൽ പിടികൂടിയെന്നാണ് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വെളിപ്പെടുത്തൽ. 2023ൽ പിടിച്ചെടുത്തതിനേക്കാൾ 55 ശതമാനം വർധനയാണിതെന്നു കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫെബ്രുവരി പത്തിലെ പത്രക്കുറിപ്പിലുണ്ട്. ആസക്തി ഉളവാക്കുന്ന സിന്തറ്റിക് മരുന്നുകൾ, കൊക്കെയ്ൻ, ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ എന്നിവയുടെ ദുരുപയോഗം ഗണ്യമായി കൂടി.
മെത്താംഫെറ്റാമൈൻ പോലുള്ള മയക്കുമരുന്നുകൾ (ആംഫെറ്റാമൈൻ-ടൈപ്പ് സ്റ്റിമുലന്റുകൾ) 2023ൽ പിടികൂടിയ 34 ക്വിന്റലിൽനിന്നു കഴിഞ്ഞ വർഷം ഇരട്ടിയിലധികമായി (80 ക്വിന്റൽ) വർധിച്ചു. പിടിച്ചെടുത്ത കൊക്കെയ്നിന്റെ അളവ് മുൻവർഷത്തെ 292 കിലോയിൽനിന്ന് 1,426 കിലോയായും മെഫെഡ്രോണിന്റെ അളവ് 2023ലെ 688 കിലോയിൽനിന്ന് 3,391 കിലോ ആയും ഹാഷിഷ് 34 ക്വിന്റലിൽനിന്ന് 61 ക്വിന്റലായും വർധിച്ചു. സൈക്കോട്രോപിക് ലഹരിവസ്തുക്കളായി ദുരുപയോഗം ചെയ്യപ്പെടുന്ന ഫാർമസ്യൂട്ടിക്കൽ ഗുളികകളുടെ എണ്ണം 1.84 കോടിയിൽനിന്ന് 4.69 കോടിയായി ഉയർന്നു.
5,500 കോടിയുടെ വന്പൻ വേട്ട
കഴിഞ്ഞ വർഷം ഒക്ടോബറിൽ 5,500 കോടിയിലധികം രൂപയുടെ 540 കിലോഗ്രാം കൊക്കെയ്നാണ് ഡൽഹിയിലെ സ്പെഷൽ സെൽ പോലീസ് മഹിപാൽപുരിൽനിന്നു പിടിച്ചെടുത്തത്. തെക്കേ അമേരിക്കയിലെ കൊളംബിയയിൽനിന്നു കൊണ്ടുവന്നതാണിത്. 40 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും റെയ്ഡുകളിൽ കിട്ടി. ഇതേ ദിവസംതന്നെ ദുബായിൽനിന്നു ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 24.9 കോടി രൂപയുടെ 1,660 ഗ്രാം കൊക്കെയ്നുമായെത്തിയ ലൈബീരിയൻ പൗരനെയും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
ഡൽഹി, മുംബൈ, ഗോവ, ബംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളിലെ ചില ബിസിനസുകാർ, പ്രഫഷണലുകൾ, സിനിമാക്കാർ തുടങ്ങിയവർക്കും സന്പന്നരുടെ പാർട്ടികളിലും സംഗീതക്കച്ചേരികളിലും വിതരണം ചെയ്യുന്നതിനാണ് ഇവ എത്തിച്ചതെന്നു പോലീസ് പറഞ്ഞു. സ്കൂൾ, കോളജ് കുട്ടികൾക്കും നൽകും. നാല്പതുകാരനായ തുഷാർ ഗോയൽ എന്നയാളാണ് എ ഗ്രേഡ് കൊളംബിയൻ കൊക്കെയ്ൻ കടത്തിയ ഇന്ത്യൻ കാർട്ടലിന്റെ പ്രധാനിയെന്നും പോലീസ് അറിയിച്ചു. ദുബായിലെ മയക്കുമരുന്നു കാർട്ടലുമായുള്ള ബന്ധമാണു പ്രസിദ്ധീകരണ ബിസിനസുകാരനായ തുഷാർ ഗോയലിനെ കൊക്കെയ്ൻ കടത്തിനു പ്രേരിപ്പിച്ചത്. മുംബൈയിലെ അധോലോക ബന്ധമുള്ള വിതരണക്കാരനായ ഭരത് കുമാർ ജെയിനിന് (48) 15 കിലോഗ്രാം കൊക്കെയ്ൻ കൈമാറുന്നതിനിടെയാണു പോലീസ് പിടികൂടിയത്. ഗോയലിനെയും അംഗരക്ഷകൻ ഹിമാൻഷു കുമാർ (27), ഡ്രൈവർ ഒൗറംഗസേബ് സിദ്ദിഖി (23) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
അന്താരാഷ്ട്ര കാർട്ടലുകൾ സജീവം
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ‘ഗോൾഡൻ ക്രസന്റ്’, മ്യാന്മാർ, ലാവോസ്, തായ്ലൻഡ് എന്നിവയുൾപ്പെടുന്ന ‘ഗോൾഡൻ ട്രയാംഗിൾ’ എന്നറിയപ്പെടുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖലകളിൽനിന്നാണ് ഇന്ത്യയിലെ മയക്കുമരുന്നു കാർട്ടലുകളുടെ പ്രധാന ഉത്ഭവം. ഇതിനു പുറമെയാണ് മെക്സിക്കോ, കൊളംബിയ, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു വ്യാപകമായി മയക്കുമരുന്നു കടത്തുന്നത്. പാക്കിസ്ഥാൻ, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നും മയക്കുമരുന്നുകൾ എത്തിക്കുന്നുണ്ട്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു കഴിഞ്ഞവർഷം ആദ്യം ഏകദേശം 3,000 കിലോഗ്രാം ഹെറോയിനാണു പിടിച്ചെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിൽ ഒന്നായിരുന്നു ഇത്. തമിഴ്നാട്, കേരളം തുടങ്ങിയ തീരസംസ്ഥാനങ്ങളിലൂടെയും മയക്കുമരുന്നു കള്ളക്കടത്തു സജീവമാണ്. ഡൽഹി, മുംബൈ, കോൽക്കത്ത, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽനിന്നു ട്രെയിനുകളിലും ബസുകളിലും മറ്റു വാഹനങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കു മയക്കുമരുന്നുകൾ എത്തിക്കുന്നതും പതിവാണ്.
നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയും നാവികസേനയും 2023ൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഗുജറാത്തിൽനിന്നു 12,000 കോടി രൂപ വിലമതിക്കുന്ന 2,500 കിലോഗ്രാം ഒന്നാം ഗ്രേഡ് മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തിരുന്നു. 2022ൽ 1,000 കോടി രൂപയിലധികം വിലമതിക്കുന്ന മെത്താംഫെറ്റാമൈൻ അടങ്ങിയ കയറ്റുമതി മുംബൈ പോലീസ് തടഞ്ഞു. മെത്ത് എന്നറിയപ്പെടുന്ന മെത്താംഫെറ്റാമൈൻ കഞ്ചാവിനെ മറികടന്ന് കേരളത്തിലെ ഏറ്റവും വിൽക്കപ്പെടുന്ന മയക്കുമരുന്നായി മാറിയെന്നു റിപ്പോർട്ടുണ്ട്.
കാര്യമായ ദൂഷ്യഫലങ്ങളുള്ള എംഡിഎംഎ പോലുള്ള മയക്കുമരുന്നുകൾ മലയാളി യുവാക്കളുടെ ഹരമായി മാറുകയാണെന്നു നാഷണൽ നാർക്കോട്ടിക് കോ-ഓർഡിനേഷൻ പോർട്ടലിന്റെ റിപ്പോർട്ടിലുണ്ട്. കേരളത്തിൽ മെത്ത് പോലുള്ള ആംഫെറ്റാമൈൻ മയക്കുമരുന്നുകളുടെ ഉപയോഗത്തിൽ പ്രകടമായ വർധനയുണ്ട്. നിലവിലെ നാർക്കോട്ടിക് ഫീൽഡ് ടെസ്റ്റ് കിറ്റിന് എംഡിഎംഎ കണ്ടെത്താൻ കഴിയില്ലെന്നും അതിനാൽ അതിന്റെ കടത്തും ഉപഭോഗവും മിക്കവാറും കണ്ടെത്താനാകാതെ പോകുന്നുവെന്നും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി.
പൊളിവാക്കുകളുടെ സർക്കാർ
‘മയക്കുമരുന്നുരഹിത ഇന്ത്യ’ സൃഷ്ടിക്കുന്നതിനായി മോദി സർക്കാർ സന്പൂർണ സമീപനവ ുമായി മുന്നോട്ടു പോകുകയാണെന്നാണു കേന്ദ്രസർക്കാരിന്റെ അവകാശവാദം. കേരള സർക്കാരിന്റെ പ്രഖ്യാപനങ്ങളും സമാനമാണ്. ഉരുക്കുമുഷ്ടി ഉപയോഗിച്ചു ലഹരിമാഫിയയെ നേരിടുമെന്നാണു കേരളം അവകാശപ്പെട്ടത്. ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും വാഗ്ദാനമുണ്ട്. ഇതൊക്കെ എത്ര കേട്ടതാണ്. ലഹരിമാഫിയ എവിടെയും പിടിമുറുക്കുകയാണ്. പെണ്കുട്ടികൾ ഉൾപ്പെടെ സ്കൂൾ വിദ്യാർഥികളെയാണു കൂടുതലായി ലക്ഷ്യംവയ്ക്കുന്നത്. ബസ് സ്റ്റാൻഡുകളും മുറുക്കാൻകടകളും മുതൽ വീടുകളും ഹോട്ടലുകളും വരെ കേന്ദ്രീകരിച്ചാണു ചെറുപ്പക്കാരെ ചിലന്തിവലയിലെന്നപോലെ കുരുക്കുന്നത്.
മയക്കുമരുന്നുകൾക്കെതിരായ കേന്ദ്രസർക്കാരിന്റെ സീറോ ടോളറൻസ് നയത്തിന് അനുസൃതമായി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള എല്ലാ ഏജൻസികളും നടപടി സ്വീകരിച്ചു എന്നാണു കേന്ദ്രം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പറയുന്നതൊന്നും വിശ്വസിക്കാനാകില്ലെന്നു കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സമീപകാല സംഭവങ്ങൾ തെളിയിച്ചു. മയക്കുമരുന്നിന്റെ ലഹരിയിൽ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും വെട്ടിക്കൊല്ലുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നതു തുടർക്കഥയാവുന്നു. വിശ്വസിക്കാൻപോലും കഴിയാത്ത സംഭവങ്ങൾ കേട്ട് കേരളം തരിച്ചിരിക്കുകയാണ്.
കല്ലറങ്ങാട്ട് മെത്രാന്റെ മുന്നറിയിപ്പ്
മുന്പൊക്കെ പുരുഷന്മാരിലും ആണ്കുട്ടികളിലും ഒതുങ്ങിയിരുന്ന മയക്കുമരുന്നിന്റെ ദുരുപയോഗം പെണ്കുട്ടികളിലും വീട്ടമ്മമാരിലും കൂടി വളരുകയാണ്. ഭയാനകമായ സാമൂഹികസ്ഥിതിയാണു സംജാതമായിരിക്കുന്നത്. രാജ്യത്തെ 12 മുതൽ 60 വയസു വരെയുള്ള 40,000ത്തിലധികം പേരുമായി സർക്കാരും സന്നദ്ധ സംഘടനാ പ്രവർത്തകരും നടത്തിയ അഭിമുഖത്തിൽ ഇതിനു സ്ഥിരീകരണം കണ്ടത്തിയിരുന്നു. സാന്പത്തിക തട്ടിപ്പുകൾ, ഗാർഹിക - ലൈംഗിക പീഡനങ്ങൾ തുടങ്ങിയവ മുതൽ ചിന്തിക്കാനാകാത്ത അക്രമങ്ങൾ വരെയാണു മയക്കുമരുന്നിന്റെ ദുരന്തങ്ങളായി കാണുന്നത്.
മയക്കുമരുന്നിന്റെ ദുരുപയോഗത്തെക്കുറിച്ചു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുന്പേതന്നെ നൽകിയ മുന്നറിയിപ്പുകളെ കേരളം വേണ്ടപോലെ സ്വീകരിച്ചില്ല. നഗരങ്ങൾക്കും ജയിലുകൾക്കും പുറമെ ഗ്രാമപ്രദേശങ്ങളിലും സ്കൂളുകളിലും വരെ മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചു. ഇന്ത്യയിലെ 17 മുതൽ 26 ശതമാനം വരെയാളുകൾ അടിയന്തരചികിത്സ ആവശ്യമുള്ള ലഹരി അടിമകളാണ്. പക്ഷേ, നാലിലൊന്നു പേർപോലും ചികിത്സ തേടാറില്ല. ലഹരിക്കടിമപ്പെടുന്നവരിൽ കുറേപ്പേരെങ്കിലും ആശാസ്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നതും സാമൂഹികപ്രശ്നമായി വളരുകയാണ്.
തലമുറകൾക്കായി കൈ കോർക്കാം
ദേശീയ തലത്തിലോ പ്രാദേശിക തലത്തിലോ മയക്കുമരുന്നുകളുടെ ദുരുപയോഗത്തിനെതിരേ കൃത്യവും ഫലപ്രദവുമായ ബോധവത്കരണമോ നിരീക്ഷണ - നിയന്ത്രണ സംവിധാനങ്ങളോ ഇല്ല. ചികിത്സാകേന്ദ്രങ്ങൾ നിർമിച്ചാൽ മാത്രം പോരെന്നും രോഗികളായവരെ കൃത്യമായ നിരീക്ഷണത്തോടെ ചികിത്സ തേടാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സെന്റർ ഫോർ ബിഹേവിയറൽ സയൻസസിന്റെ തലവൻ ഡോ. രജത് റേ പറഞ്ഞു. സുഖം പ്രാപിക്കുന്നവരെ പുനരധിവസിപ്പിക്കാനും വീണ്ടും ലഹരികൾക്കും മയക്കുമരുന്നിനും അടിമയാകാതിരിക്കാനുമുള്ള കരുതലും പ്രധാനമാണ്.
മയക്കുമരുന്നുകളുടെ വിതരണവും വിൽപനയും ഉപയോഗവും പൂർണമായി തടയാൻ കുടുംബങ്ങളും വിദ്യാലയങ്ങളും മത, സാമുദായിക, സാമൂഹിക, സന്നദ്ധ സംഘടനകളും മാധ്യമങ്ങളും സർക്കാരുകളും കൈകോർക്കുക. മയക്കുമരുന്നുകൾക്കെതിരേ ദീപികയടക്കം തുടങ്ങിയ പോരാട്ടം വിജയിപ്പിക്കാം.