വേണ്ടത് വിശാല-വിസ്തൃത-സാംസ്കാരിക അഭ്യുന്നതി
മണിപ്പുരിലെ രാഷ്ട്രപതിഭരണത്തിൽ പ്രതീക്ഷ-02 / റൂബെൻ കിക്ക
Saturday, March 15, 2025 12:06 AM IST
ഒട്ടേറെ അസന്തുലിതാവസ്ഥകൾ മണിപ്പുരി ഭരണവ്യവസ്ഥയിലും ഭൂവിതരണത്തിലും സാമൂഹ്യക്രമത്തിലുമുണ്ട്. മണിപ്പുർ നിയമസഭയിൽ 60 അംഗങ്ങളാണുള്ളത്. ജനസംഖ്യയിലെ 53 ശതമാനം വരുന്ന മെയ്തെയ്കൾക്ക് അറുപതിൽ നാല്പത് സീറ്റുകളാണ് സംവരണം ചെയ്തിരിക്കുന്നത്. തന്മൂലം എക്കാലവും ഭരണം മെയ്തെയ് സമൂഹത്തിന്റെ കൈയിലാണ്. മണിപ്പുരിന്റെ ഭരണവ്യവസ്ഥ ഇംഫാൽ താഴ്വരയെ ആസ്പദമാക്കി നിലകൊള്ളുന്നു. ബജറ്റിന്റെ 90 ശതമാനവും താഴ്വരയിലാണ് ചെലവാക്കുന്നത്.
നാഗന്മാരും കുക്കികളും, മെയ്തെയ്കളായിരുന്ന പാംഗൽബ് എന്നറിയപ്പെടുന്ന മുസ്ലിംകളും ഉൾപ്പെടുന്ന 47 ശതമാനം വരുന്നവർക്ക് 20 സീറ്റുകൾകൊണ്ട് തൃപ്തിപ്പെടുകയും കുറഞ്ഞ ബജറ്റ് വിഹിതംകൊണ്ട് തൃപ്തിപ്പെടുകയും ചെയ്യണം. യാതൊരു തരത്തിലുള്ള പുരോഗമനവും മലനിരകളിൽ ഉണ്ടാകാൻ മെയ്തെയ്കൾ സമ്മതിക്കില്ല. മാത്രവുമല്ല, മണിപ്പുരിന്റെ 10 ശതമാനത്തോളം വരുന്ന ഭൂഭാഗം മാത്രമേ ഇംഫാൽ താഴ്വരയിൽ മെയ്തെയ്കൾക്കായുള്ളൂ. വർധിച്ചുവരുന്ന ജനസംഖ്യ മെയ്തെയ്കളെ ഞെരുക്കുന്നുണ്ട്.
സംസ്ഥാനം രൂപീകൃതമായ 1949ൽ മെയ്തെയ്കൾക്ക് ട്രൈബൽ എന്ന സംരക്ഷണം വച്ചുനീട്ടിയെങ്കിലും അവരത് നിഷ്കരുണം തള്ളിക്കളഞ്ഞു. 1704ൽ രാജാവുൾപ്പെടെ മെയ്തെയ് വിഭാഗം ഗൗഡീയ വൈഷ്ണവ ഹൈന്ദവരായിത്തീർന്ന് ജാതിവിവേചനം സ്വീകരിച്ചിരുന്നു. ട്രൈബലായ കുക്കികളെയും നാഗന്മാരെയും ശൂദ്രരായി പരിഗണിച്ച് തങ്ങളുടെ സമീപത്തു വരാൻപോലും മെയ്തെയ്കൾ സമ്മതിച്ചിരുന്നില്ല.
ക്രൈസ്തവ മിഷണറിമാർ വന്നപ്പോൾ നിങ്ങൾ മലമുകളിലേക്ക് പോയി നാഗ-കുക്കികളെ ക്രൈസ്തവരാക്കൂ എന്ന നിർദേശമാണ് രാജാവ് ബ്രിട്ടീഷുകാർക്ക് നൽകിയത്. പക്ഷേ, ക്രൈസ്തവരായിത്തീർന്ന കുക്കികളും നാഗന്മാരും വിദ്യാഭ്യാസം ലഭിച്ച് ട്രൈബൽ എന്ന ലേബലിൽ ഐഎഎസ്, ഐപിഎസ് തുടങ്ങി ഉയർന്ന ഉദ്യോഗങ്ങളിൽ കയറിപ്പറ്റിയപ്പോൾ മെയ്തെയ്കൾ തങ്ങൾ ശുദ്രരായി പരിഗണിച്ചവരിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കേണ്ടതായി വന്നത് കുറച്ചിലായി കരുതി. തങ്ങൾക്കും തന്മൂലം ട്രൈബൽ സ്റ്റാറ്റസ് വേണമെന്നും അതു ലഭിച്ചാൽ മണിപ്പുരിലെവിടെയും സ്ഥലം വാങ്ങാൻ തങ്ങൾക്കു സാധിക്കുമെന്നും കരുതിയാണ് ട്രൈബൽ സ്ഥാനത്തിനായി അവർ യത്നിച്ചത്.
വെല്ലൂരിൽനിന്നെത്തിയ ആക്ടിംഗ് ചീഫ് ജസ്റ്റീസ് മുരളീധരൻ പുറപ്പെടുവിച്ച, മെയ്തെയ്കൾക്ക് നാലാഴ്ചയ്ക്കകം ട്രൈബൽ സ്റ്റാറ്റസിനായി കേന്ദ്രത്തിലേക്ക് ശിപാർശ ചെയ്യണം എന്ന വിധിന്യായമാണ് മണിപ്പുരിനെ കലാപത്തിലേക്കെത്തിച്ചത്. നാഗായും കുക്കിയും ഈ വിധിന്യായത്തിനെതിരേ സംയുക്തമായി പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും സാവധാനം നാഗന്മാർ പിൻവലിഞ്ഞ് മെയ്തെയ്-കുക്കി സംഘർഷത്തിലേക്കതു നീങ്ങി. തങ്ങളെ നാർക്കോ ഭീകരരായി ചിത്രീകരിച്ച ബിരേനെതിരേ കുക്കികൾ ശക്തമായി പ്രതികരിച്ചു.
നാഗന്മാരാകട്ടെ നിഷ്പക്ഷമതികളുടെ വേഷമണിഞ്ഞു. ഇനി തങ്ങൾക്ക് യൂണിയൻ ടെറിട്ടറി എന്ന പദവി ലഭിക്കാതെ സമാധാനസന്ധിയിലേർപ്പെടില്ലെന്ന് കുക്കികൾ പ്രതികരിക്കുന്നു. മെയ്തെയ്കളാകട്ടെ മണിപ്പുരിന്റെ അഖണ്ഡതയ്ക്കുവേണ്ടി നിലകൊള്ളുന്നു. പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ എളുപ്പമല്ല. സങ്കീർണമായ ഒട്ടേറെ സാഹചര്യങ്ങളും ആശയസംഹിതകളും ജാതിവ്യവസ്ഥകളും ഉൾപ്പിരിഞ്ഞു കിടക്കുന്നതാണ് മണിപ്പുർ സംഘർഷം.
നാഗാലിം-കുക്കി സാലെൻഗാം
വിസ്തൃത നാഗാലാൻഡിനുവേണ്ടി യാണ് നാഗന്മാർ നിലകൊള്ളുന്നത്. തങ്ങൾക്കായി കുക്കിലാൻഡ് അഥവാ കുക്കി സാലെൻഗം സൃഷ്ടിക്കണമെന്നാണ് കുക്കി-സോ വർഗക്കാർ ആഗ്രഹിക്കുന്നത്. അതിനായി ഇരുകൂട്ടരും ആയുധമെടുക്കുകയും ചെയ്യുന്നു. കേന്ദ്രസർക്കാരുമായി ചേർന്ന് വിശാല നാഗാലാൻഡിനു വേണ്ടി സംയുക്ത ചർച്ചയ്ക്ക് ഐസക് മെയ്വയുടെ നേതൃത്വത്തിൽ മുതിർന്നിട്ടുണ്ട്.
ഒട്ടേറെ ചർച്ചകൾ നടന്നെങ്കിലും ക്രിയാത്മകമായ പുരോഗതി ഉണ്ടായിട്ടില്ല. തങ്ങൾക്കായി പ്രത്യേകം പതാകയും ഭരണഘടനയും വേണമെന്ന മെയ്വയുടെ ആഗ്രഹം കേന്ദ്രത്തിലെ ഒരു സർക്കാരും അംഗീകരിച്ചിട്ടില്ല. വൃദ്ധനായ അദ്ദേഹത്തിന്റെ മരണത്തോടുകൂടി നാഗ പോരാളികളുടെയും നേതാക്കളുടെയും ശൗര്യം കുറയുമെന്നും സാവധാനത്തിൽ വിസ്തൃതമായ നാഗാലാൻഡിന്റെ ആവശ്യംതന്നെ മറന്നുപോകുമെന്നും കേന്ദ്രം കരുതുന്നു. വളർന്നുവരുന്ന യുവജനതയ്ക്കാകട്ടെ ഇത്തരമൊരു ആവശ്യത്തോട് പ്രതിപത്തി കുറഞ്ഞുവരുകയുമാണ്.
കലാപം മൂലമുണ്ടായ കുടിയൊഴിപ്പിക്കലും പലായനവും മണിപ്പുരിലെ കുക്കികളെ ആശങ്കാകുലരാക്കുകയും വിസ്തൃതമായ മിസോറാമിനുവേണ്ടിയും കുക്കിലാൻഡ് കുക്കി സാലെൻഗം സംസ്ഥാനത്തിനുവേണ്ടിയും കുക്കി സോ വിഭാഗങ്ങൾ ശബ്ദമുയർത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. മിസോറാമിലെ മുൻ മുഖ്യമന്ത്രി ഇതിന് ഔദ്യോഗിക പിന്തുണയും നൽകിയിരുന്നു.
മിസോറാമിലെ സോ ജനവിഭാഗത്തിൽപ്പെട്ടവരാണ് കുക്കി-സോകളെന്നും മ്യാൻമർ, ചിറ്റഗോംഗ് പ്രദേശങ്ങളിലും ഇവർ ചിതറിക്കിടക്കുന്നുവെന്നും കരുതപ്പെടുന്നു. ഇവരുടെ ഒന്നാകെയുള്ള ഉയിർത്തെഴുന്നേൽപ്പിനായാണ് കുക്കി-സാലെൻഗം എന്ന വിശാല മിസോറാമിനുവേണ്ടി അവർ യത്നിക്കുന്നത്. തങ്ങളെ പരിഗണിക്കുന്നില്ലെന്നും അർഹമായ ബജറ്റ് വിഹിതവും അവകാശങ്ങളും ലഭിക്കുന്നില്ലെന്നുമുള്ള ആവലാതിയിൽനിന്നുമാണ് വിശാല മിസോറാമും വിശാല നാഗാലാൻഡും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉടലെടുക്കുന്നത്. അതു പരിഹരിക്കാനാവശ്യമായ സാധ്യതകൾ ഇല്ലാതെവരുന്പോൾ സംഘർഷത്തിലേക്കും ആയുധമേന്തിയുള്ള പരാക്രമങ്ങളിലേക്കും നീങ്ങും.
വടക്കു-കിഴക്കൻ മേഖലയുടെ ഒരു നിതാന്ത പ്രശ്നമാണ് അവഗണനയും പുരോഗതിയുടെ അഭാവവും. നീതിയുക്തനായ, വിശാലഹൃദയനായ, ആശയസന്പന്നനായ ഒരു തന്ത്രജ്ഞന്റെ അഭാവമാണ് ഈ പ്രശ്നങ്ങളുടെ മൂലഹേതു.
കിഴക്കൻ രാജ്യങ്ങളിലേക്കുള്ള തുറവി
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെല്ലാവരും തന്നെ യാങ്ടിസ്-ഹുവാങ് ഹോ നദികളുടെ ഇടയിൽനിന്നുള്ള താഴ്വരയിൽനിന്ന് രാജ്യ വേർതിരിവുകൾ ഇല്ലാതിരുന്ന കാലത്ത് കുടിയേറിയവരാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. മെയ്തെയ്കൾ തായ്ലൻഡിലെ ഗോത്രക്കാരോടൊപ്പം ഭാഷയിലും ജീവിതസന്പ്രദായത്തിലും സാമ്യപ്പെട്ടവരാണെന്ന് കരുതപ്പെടുന്നു.
അതുപോലെതന്നെ മറ്റു ജനവിഭാഗങ്ങളും മ്യാൻമറിലെ ചിൻ വിഭാഗവുമായും വിയറ്റ്നാം, കൊറിയ, ചൈന, ടിബറ്റ് എന്നീ ജനതതികളുമായും ബന്ധമുള്ളവരാണെന്നും സംശയിക്കുന്നുണ്ട്. പക്ഷേ, ഇതിനെല്ലാം കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. വടക്കു-കിഴക്കൻ ജനവിഭാഗത്തിന് കിഴക്കനേഷ്യൻ ജനസഞ്ചയവുമായി അടുത്ത ബന്ധമുണ്ടെന്ന് ഒറ്റനോട്ടത്തിൽത്തന്നെ സ്ഥിരീകരിക്കാവുന്നതാണ്. തന്മൂലം ഇന്ത്യയിലെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളെ സംയോജിപ്പിക്കാനായി ചിന്താസന്പന്നനായ ഡോ. മൻമോഹൻ സിംഗ് ആസൂത്രണം ചെയ്തതാണ് കിഴക്കോട്ടുള്ള നോട്ടം - ലുക്ക് ഈസ്റ്റ് പദ്ധതി. അതിന്റെ ഭാഗമായാണ് ഐഎംടി എന്ന സൂപ്പർ ഹൈവേ.
ഇംഫാലിൽനിന്ന് ആരംഭിച്ച് മ്യാൻമറിലൂടെ തായ്ലൻഡിലേക്കെത്തുന്നതാണ് ഈ സൂപ്പർ ഹൈവേ. തായ്ലൻഡിന് ലാവോസ് കംബോഡിയ, വിയറ്റ്നാം, കൊറിയ എന്നിവയുമായി ഗതാഗതബന്ധമുണ്ട്.
മ്യാൻമറിലുണ്ടായ സംഘർഷം പദ്ധതിയെ ആകെ അവതാളത്തിലാക്കി. നരേന്ദ്ര മോദി, ലുക്ക് ഈസ്റ്റ് പദ്ധതി തുടർന്ന് ആക്ട്-ഈസ്റ്റ് പദ്ധതിയായി വിഭാവനം ചെയ്തെങ്കിലും ക്രിയാത്മകമായ ഒരു പ്രവർത്തനവും നടന്നിട്ടില്ല. മ്യാൻമറിലെ സംഘർഷം അവസാനിപ്പിച്ച് കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കു വ്യവസായ-വ്യാപാര ശൃംഖല ഘട്ടംഘട്ടമായി വിപുലീകരിച്ചാൽ ഇന്ത്യക്കും മേഖലയ്ക്കു മുഴുവനും അതു വലുതായ വികസനവിപ്ലവം കൊണ്ടുവരും.
ലഘുവായ സംഘർഷങ്ങളിലേർപ്പെട്ട് ജീവനും സ്വത്തിനും നാശം സംഭവിച്ചു കലാപകലുഷിതമാകുന്നതിനു പകരം വികസിതമായ, വിസ്തൃതമായ ഒരു സാംസ്കാരിക അഭ്യുന്നതിയിലേക്ക് അത് നാഗരികതകളെ വിളക്കിച്ചേർക്കും. യൂറോപ്പും അമേരിക്കയും നമ്മുടെ മുന്നിൽ ഉദാഹരണങ്ങളായി തിളങ്ങിനിൽക്കുന്നു. അത്തരമൊരു വിശാല-വിസ്തൃത-സാംസ്കാരിക അഭ്യുന്നതിയിലേക്കു നമ്മുടെ രാജ്യം ഉണരട്ടെയെന്നു നമുക്കു പ്രത്യാശിക്കാം. പക്ഷേ, അതിനു ചുക്കാൻ പിടിക്കാൻ തക്ക ആശയസന്പന്നരും വിശാലഹൃദയരുമായ രാഷ്ട്രീയ തന്ത്രജ്ഞർ ഉണ്ടാകേണ്ടിയിരിക്കുന്നു.
(അവസാനിച്ചു)