മണിപ്പുരിലെ രാഷ്ട്രപതി ഭരണത്തിൽ പ്രതീക്ഷ
റൂബെൻ കിക്കോൺ
Friday, March 14, 2025 12:16 AM IST
ഭരണഘടനയനുസരിച്ചുള്ള ഭരണസംവിധാനങ്ങൾ മണിപ്പുരിൽ തകിടംമറിഞ്ഞത് 2023 മേയ് മൂന്നു മുതലാണ്. പോലീസിനെയും പട്ടാളത്തെയും പിൻവലിച്ച് ആക്രമണകാരികൾക്ക് നിർബാധം അഴിഞ്ഞാടാനുള്ള അവസരങ്ങൾ അനുവദിച്ച് മുഖ്യമന്ത്രിയായിരുന്ന ബിരേന്റെ ഭരണം അരാജകത്വത്തിനും അശാന്തിക്കും വഴിമരുന്നിട്ടു.
250ൽപരം പേർ കൊല്ലപ്പെടുകയും 70,000ത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്തിട്ടും ഈ തേർവാഴ്ച 22 മാസത്തോളം ഇംഫാൽ നഗരത്തെയും മണിപ്പുർ സംസ്ഥാനത്തെയും വടക്കു-കിഴക്കൻ മേഖലയെ ആകെയും അസ്ഥിരമാക്കിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനിയായി തുടർന്നു. രണ്ടു പ്രാവശ്യം മണിപ്പുരിൽ വന്നുപോയ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
മൈരാപൈബിസ് പ്രവർത്തകർ ഇംഫാൽ താഴ്വരയിലെ നിരത്തുകൾ കൈയേറുകയും ആരംബായി തെങ്കോൽ, മേയ്തെയ് ലീപൂൺ തുടങ്ങിയ സംഘടനകൾ കൊള്ളയും കൊള്ളിവയ്പും നടത്തുകയും വ്യക്തികളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടേയിരുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരുന്ന മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ നിഷ്ക്രിയത്വം രാഷ്ട്രീയനേതാക്കളും സമാധാന കാംക്ഷികളും ചോദ്യംചെയ്തെങ്കിലും അധികാരസ്ഥാനത്തിരിക്കുന്ന കേന്ദ്ര നേതാക്കൾ അനങ്ങിയില്ല.
മണിപ്പുരിലെ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നറിയിച്ചപ്പോൾ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുന്നവർ വീട്ടിൽ കിടന്നുറങ്ങില്ലെന്ന ഭീഷണിയാണ് ബിരേൻ മുഴക്കിയത്. മാത്രവുമല്ല, ഈ കലാപത്തിന് ആഹ്വാനം ചെയ്തത് താനാണെന്ന അവകാശവാദം മുഴക്കിയ ബിരേന്റെ പ്രസംഗം ഓഡിയോ ടേപ്പായി മണിപ്പുരിലെങ്ങും പടർന്നപ്പോൾ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് അത് ബിരേന്റെതന്നെ ശബ്ദമാണോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതും ബിരേന് വിനയായി.
മണിപ്പുരിലെ ഭരണകക്ഷിയായ ബിജെപിയിലെ പടലപിണക്കങ്ങൾ പുറത്തുവരികയും ബിരേനു പിന്തുണയില്ലെന്ന് സംഖ്യകക്ഷികൾ അറിയിക്കുകയും ചെയ്തപ്പോൾ ബിജെപി കേന്ദ്ര നേതൃത്വത്തിന് അപകടം മണത്തു. ഇത്രയും നാൾ ബിരേനെ സംരക്ഷിച്ചവർ അദ്ദേഹത്തെ തഴഞ്ഞു. സംബിത് പാത്രയെന്ന കേന്ദ്ര നിരീക്ഷകനെ അയച്ച് മറ്റൊരാളെ മുഖ്യമന്ത്രിയായി നാമനിർദേശം ചെയ്യാൻ ശ്രമിച്ചു. എന്നാൽ, ഏകകണ്ഠമായി ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരുപക്ഷേ, കേന്ദ്രപദ്ധതിക്ക് ഒരു പുകമറയായി ഇതെല്ലാം സൃഷ്ടിച്ചതായിരിക്കാം. ഫെബ്രുവരി ഒന്പതിന് മുഖ്യമന്ത്രി ബിരേൻ സിംഗ്, ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് മണിപ്പുരിന്റെ അഖണ്ഡത സംരക്ഷിക്കണമെന്നും നാർക്കോ ടെററിസം അവസാനിപ്പിക്കണമെന്നും ഉൾപ്പെടെയുള്ള അഞ്ചു നിർദേശങ്ങൾ ഉൾപ്പെടുത്തി രാജി സമർപ്പിച്ചു. ഗവർണറുടെ റിപ്പോർട്ട് പ്രകാരം ഭരണഘടനയനുസരിച്ചുള്ള ഭരണം നിർവഹിക്കാൻ സർക്കാർ പര്യാപ്തമല്ലെന്ന നിരീക്ഷണത്തിൽ ഫെബ്രുവരി 13ന് നിയമസഭ മരവിപ്പിച്ച് മണിപ്പുരിൽ പ്രസിഡന്റ് ഭരണം ഏർപ്പെടുത്തി.
നാഷണൽ ഹൈവേകൾ സ്വതന്ത്രമാക്കുക
വ്യക്തികളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തി പണം പിരിച്ചെടുത്തുകൊണ്ടിരിക്കുന്നതുപോലെ നാഷണൽ ഹൈവേയിൽ വാഹനങ്ങൾ തടഞ്ഞ് അനധികൃത ചുങ്കം പിരിച്ചുകൊണ്ടിരിക്കുന്നത് നിർത്തലാക്കാനുള്ള ഉദ്യമവും പ്രസിഡന്റ് ഭരണത്തിൽ ശക്തമാക്കിയിട്ടുണ്ട്. ഇംഫാൽ മുതൽ സിരെപ്പുർ വരെയുള്ള ഹൈവേ കോഹിമയിലെത്തുന്നതുവരെ മണിപ്പുരിലൂടെയാണ് കടന്നുപോകുന്നത്.
ഇംഫാൽ താഴ്വര കഴിഞ്ഞ് കാങ്പോക്പിയിലെത്തിയാൽ സേനാപതി മുതൽ കോഹിമവരെ നാഗാ ഭൂഭാഗത്തുകൂടിയാണു പോകുന്നതെങ്കിലും കുക്കി ഒളിപ്പോരാളികൾ ഈ ഭാഗങ്ങളിൽ നിയന്ത്രണം ഏറ്റെടുക്കാറുണ്ട്. തന്മൂലം താഴ്വരയിലേക്കുള്ള സാധനസാമഗ്രികൾ തടയുക, അനാവശ്യ ചുങ്കംപിരിവിലൂടെ സാധനങ്ങളുടെ വിലയുയർത്തുക, കൃത്രിമ ക്ഷാമമുണ്ടാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് തങ്ങളുടെ ശത്രുക്കളായ മെയ്തെയ്കളെ മെരുക്കാൻ കുക്കി-സോ നേതൃത്വം ഒരുക്കുന്ന മാർഗങ്ങൾ.
അനാവശ്യ തടസങ്ങൾ സൃഷ്ടിച്ച് ഹൈവേ നിയന്ത്രിക്കാൻ ശ്രമിക്കുന്നവരെ തടയും എന്ന ശക്തമായ താക്കീതുമായി പോലീസ്-പട്ടാള സന്നാഹത്തെ പ്രസിഡന്റ് ഭരണകൂടം വിന്യസിച്ചിട്ടുണ്ട്. മാർച്ച് ഒന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിൽ കൂടിയ അവലോകനയോഗത്തിൽ ഗവർണറും പ്രധാന ഗവൺമെന്റ് സെക്രട്ടറിമാരും പോലീസ്-സൈനിക നേതൃത്വവും പങ്കെടുത്ത് സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയും ശക്തമായ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു.
(തുടരും)
ക്രമസമാധാനത്തിന് മുൻഗണന
അഞ്ചുവർഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ആസാം-മേഘാലയ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അജയ്കുമാർ ഭല്ലയെ ജനുവരി മൂന്നിന് മണിപ്പുരിന്റെ ഗവർണറായി നിയമിച്ചു. പഞ്ചാബിലെ ജലന്ധറിൽ ജനിച്ച ഭല്ല 1984 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോൾ മണിപ്പുരിലെ കലാപവും പ്രശ്നങ്ങളും കൃത്യമായി അറിയാവുന്ന ഭല്ലയെ ഗവർണറാക്കിയത് കരുതിക്കൂട്ടിയുള്ള നീക്കമായാണ് നിരീക്ഷകർ കരുതുന്നത്. പ്രസിഡന്റ് ഭരണം ഏറ്റയുടന്തന്നെ സെക്രട്ടേറിയറ്റിൽ തനിക്കായി ഓഫീസ് സംവിധാനം ഒരുക്കുകയും രാഷ്ട്രീയ പ്രമുഖരെയും ഉദ്യോഗസ്ഥരെയും വിളിച്ചു കാണുകയും ചെയ്തു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന ബിരേനെ മാത്രം ഗവർണർ നേരിൽ കണ്ടില്ല.
മണിപ്പുരിന്റെ വിഭജിതമായ പ്രദേശങ്ങളിലെല്ലാം ഗവർണർ നേരിട്ടെത്തി വ്യക്തികളെയും സംഘടനകളെയും സന്ദർശിക്കുകയും ശ്രദ്ധാപൂർവം അവരെ കേൾക്കുകയും ചെയ്തു. ജനങ്ങളുടെയിടയിൽ ആയുധങ്ങൾ ഉണ്ടാവരുതെന്നും അത് സമാധാനത്തിനും സുരക്ഷയ്ക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഉദ്ബോധിപ്പിച്ച് ഫെബ്രുവരി 20ന് ആയുധങ്ങൾ വച്ചു കീഴടങ്ങണമെന്നും അങ്ങനെ കീഴടങ്ങിയവരെ കേസിൽ ഉൾപ്പെടുത്തില്ലെന്നും ഗവർണർ അറിയിച്ചു. ഇതിനെതിരേ മൈരാപൈബിസും മറ്റു സംഘടനകളും എതിർപ്പറിയിച്ച് പ്രതിഷേധ മാർച്ചുകൾ നടത്തിയെങ്കിലും ഗവർണർ ഉറച്ചുതന്നെയാണെന്നു മനസിലായതോടെ ആരംബായി തെങ്കോലിന്റെ നേതൃത്വത്തിൽ വലിയൊരു ആയുധശേഖരം ഗവൺമെന്റിന് അടിയറവച്ചു.
നിരീക്ഷകരുടെ അഭിപ്രായപ്രകാരം ഇംഫാൽ താഴ്വരയിലെ പോലീസ്-പട്ടാള ആയുധശേഖരം കവർച്ച ചെയ്തെടുത്തതിലെ അത്യാധുനിക ആയുധങ്ങൾ ഒന്നുംതന്നെ സമർപ്പിച്ചിട്ടില്ല. മാത്രമല്ല, മാർച്ച് ഒന്നിന് മെയ്തെയ്കളുടെ നിയന്ത്രണത്തിലുള്ള ഇംഫാൽ താഴ്വരയിലെ മലമുകളിൽ ആരാധനയ്ക്കു ചെന്ന ഭക്തരെ കുക്കികൾ വെടിവച്ചു ഭയപ്പെടുത്തിയെന്നും തങ്ങളുടെ ഗ്രാമസംരക്ഷകരുടെ ആയുധങ്ങൾ അടിയറവച്ച് തങ്ങളുടെ ജീവിതം അപകടത്തിലാക്കിയെന്നുമൊക്കെ മൈരാപൈബിസ് പുലന്പിയെങ്കിലും ഗവർണർ കുലുങ്ങിയില്ല.
വീണ്ടും ഏഴു ദിവസം കൂടി കീഴടങ്ങാൻ അനുവദിച്ച് മാർച്ച് ആറിനകം ആയുധങ്ങൾ സമർപ്പിച്ചില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് ശക്തമായ താക്കീത് ഗവർണറും ചീഫ് സെക്രട്ടറിയും നൽകിയതുമൂലം മാർച്ച് രണ്ടോടുകൂടി 690 ആയുധങ്ങൾ മൊത്തമായി സമർപ്പിച്ചിട്ടുണ്ട്. താഴ്വരയിൽ മാത്രം നാലായിരത്തിലധികം ആയുധങ്ങൾ ആരംബായി തെങ്കോൽ, മെയ്തെയ് ലീപൂൺ തുടങ്ങിയ സംഘടനകളുടെയും ഒളിപ്പോരാളികളുടെയും കൈയിലുണ്ടെന്നാണ് ഔദ്യോഗിക നിഗമനം.
ഭരണകൂടത്തിന്റെ ശക്തമായ നടപടി കാരണം വഴിയരികുകളിൽ മൈരാപൈബിസിന്റെയോ ആരംബായിയുടെയോ സംഘടനാ പ്രവർത്തകരെ കാണാനില്ല. പ്രശ്നങ്ങൾ ഉണ്ടാക്കാതെ കൂട്ടമായി അവർ ഇപ്പോഴും അവിടെയുമിവിടെയുമൊക്കെ നിൽക്കുന്നതു കണാനാകും.
കാങ്പോക്പിയിലും ലംകാ എന്നിപ്പോൾ അറിയപ്പെടുന്ന ചുരചാന്ദ്പുരിലും കുക്കികൾ ആയുധങ്ങൾ വച്ചു കീഴടങ്ങാൻ തുടങ്ങിയിട്ടില്ല. തങ്ങൾക്ക് യൂണിയൻ ടെറിട്ടറി പദവി ലഭിച്ചാൽ മാത്രമേ സമാധാനത്തിന്റെയും സഹകരണത്തിന്റെയും പാതയിലേക്ക് തങ്ങൾ വരൂ എന്നറിയിച്ച് കുക്കി-സോ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധമാർച്ച് നടത്തിയിരുന്നു.