ഇന്ന് ലോകവൃക്കദിനം: വൃക്കകളെ തിരിച്ചറിയുക
ഡോ. മാത്യു ജോർജ് കുന്തറ
Thursday, March 13, 2025 1:52 AM IST
വൃക്കരോഗത്തെക്കുറിച്ചും വൃക്കകളുടെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തൽ ലക്ഷ്യമിട്ടുളള ആഗോള പ്രചാരണത്തിന്റെ ഭാഗമായാണ് എല്ലാവർഷവും മാർച്ചിലെ രണ്ടാം വ്യാഴാഴ്ച ലോക വൃക്കദിനമായി ആചരിക്കുന്നത് 2006 മുതലാണ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്നി ഫൗണ്ടേഷനും സംയുക്തമായി ഈ ദിനാചരണം നടത്തുന്നത്. ഓരോ വർഷവും വൃക്കദിനത്തോടനുബന്ധിച്ച് വ്യത്യസ്തവിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വർഷം ചർച്ച ചെയ്യുന്ന വിഷയം."നിങ്ങളുടെ വൃക്കകൾ ശരിയാണോ? വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുക, വൃക്കരോഗം തുടക്കത്തിലേ കണ്ടെത്തുക.'
രോഗലക്ഷണങ്ങൾ
വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ
1. ശരീരത്തിൽ, പ്രത്യേകിച്ചു കണ്ണുകൾക്കു ചുറ്റും കാലുകളിലും നീര്.
2. മൂത്രത്തിൽ രക്തവും പതയും.
3. കടുത്ത ക്ഷീണം, വിശപ്പില്ലായ്മ.
4. തുടർച്ചയായ ഛർദി, ഉയർന്ന രക്തസമ്മർദം, പേശീവലിവ്, പേശീ വേദന, ശ്വാസംമുട്ടൽ.
ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ രക്തം, മൂത്രം എന്നിവയുടെ പരിശോധനയും വൃക്കകളുടെ സ്കാനിംഗും രോഗനിർണയത്തിന് ആവശ്യമാണ്.
വൃക്കരോഗത്തിന്റെ കാരണങ്ങൾ
പ്രമേഹം: പ്രമേഹം ഇപ്പോൾ പ്രായമായവരുടെ മാത്രം രോഗമല്ല; മറിച്ച്, ഇപ്പോൾ കൂടുതലായി യുവജനങ്ങളിലും കണ്ടുവരുന്നു. അതിനാൽ നിരന്തരമായി വൃക്കരോഗനിർണയം പ്രമേഹരോഗികൾ നിർബന്ധമായും നടത്തേണ്ടതാണ്. പ്രമേഹരോഗികളിൽ 90 ശതമാനം പേർക്കും വൃക്കരോഗം ബാധിക്കുന്നതോടൊപ്പം കണ്ണുകൾക്കും തകരാർ സംഭംവിക്കാറുണ്ട്. അതിനാൽ കണ്ണുകളുടെ പരിശോധനയും ഇതോടൊപ്പം അനിവാര്യമാണ്. പ്രമേഹം കണ്ടുപിടിക്കുന്നതോടൊപ്പം വൃക്കകളുടെ പ്രവർത്തനം അറിയുന്നതിനായി രക്തവും മൂത്രവും പരിശോധിക്കേണ്ടതുണ്ട്.
ഉയർന്ന രക്തസമ്മർദം: അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദം വൃക്കരോഗത്തിൽ കാണാറുണ്ട്. ചില സന്ദർഭങ്ങളിൽ ഉയർന്ന രക്തസമ്മർദം വൃക്ക തകരാറിന്റെ പ്രഥമലക്ഷണമായും കാണാറുണ്ട്.
ഗ്ലോമെറുലാർ നെഫ്രൈറ്റീസ്, ഇന്റർസ്റ്റീഷ്യൽ നെഫ്രൈറ്റിസ്, പോളിസിസ്റ്റിക് കിഡ്നി അസുഖങ്ങൾ, നിരന്തരമായുള്ള വൃക്കകളിലെ കല്ലുകൾ എന്നിവയാണ് മറ്റു കാരണങ്ങൾ.
ലോകമെന്പാടും ആഗോളതാപനം ഉയരുന്നതും, വളരെയധികം ചൂടുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതും സ്ഥിരമായുള്ള ഭക്ഷണപദാർഥങ്ങളിൽ രാസവസ്തുക്കൾ കലരുന്നതും വൃക്കരോഗത്തിനു കാരണമാണ്.
നിരന്തര പരിശോധന വേണ്ടവർ
☛ പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഉള്ളവർ പതിവ് പരിശോധനയും സ്കാനിംഗ് ഉൾപ്പെടെയും നടത്തണം.
☛ വൃക്കകളിൽ കല്ല് ബാധിച്ചവർ.
☛ സ്ഥിരമായി വൃക്കകളിൽ അണുബാധയുണ്ടാകുന്നവർ.
☛ സ്ഥിരമായ വേദനസംഹാരികളും മറ്റു മരുന്നുകളും ഉപയോഗിക്കുന്നവർ.
☛ അമിതവണ്ണമോ, അനാരോഗ്യകരമായ പ്രോട്ടീൻ സപ്പീമെന്റസ് ഉപയോഗമോ ഉള്ളവർ.
☛ കുടുംബത്തിൽ വൃക്കരോഗമുള്ളവർ.
വൃക്കാരോഗ്യം നിലനിർത്താൻ
വൃക്കകളുടെ സംരക്ഷണത്തിന് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തണം. ആവശ്യത്തിനുളള വെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാനും ശരിയായ പ്രവർത്തനം നിലനിർത്താനും വൃക്കകളെ സഹായിക്കുന്നു. ദിവസം രണ്ട് മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കാവുന്നതാണ്. എന്നാൽ, വൃക്കസ്തംഭനം വളരെയധികം മൂർച്ഛിച്ചു കഴിയുന്പോൾ ഡോക്ടറുടെ നിർദേശപ്രകാരം നിയന്ത്രിക്കേണ്ടതുണ്ട്.
അമിതമായുളള ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, കാർബണേറ്റഡ് പാനീയങ്ങൾ തുടങ്ങിയവയുടെ സ്ഥിരമായ ഉപയോഗം കാലക്രമേണ വൃക്കകളെ ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സംസ്കരിച്ച ഭക്ഷണം വാങ്ങിക്കുന്പോൾ എപ്പോഴും അതിലുള്ള ചേരുവകളെപ്പറ്റി വായിച്ചു മനസിലാക്കിയതിനു ശേഷം മാത്രം വാങ്ങിക്കുക.
3. സമീകൃതാഹാരം പിന്തുടരുക. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ എന്നിവയാൽ സന്പന്നമായ ഭക്ഷണക്രമം വൃക്കകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. എന്നാൽ വൃക്കരോഗം മൂർച്ഛിച്ചുകഴിഞ്ഞാൽ പൊട്ടാസ്യം ഫോസ്ഫറസ് കൂടുതലായി അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ഉപ്പ് കുറയ്ക്കുന്നതു വഴി വൃക്കരോഗത്തിനുള്ള പ്രധാന അപകടഘടകമായ ഉയർന്ന രക്തസമ്മർദം തടയാൻ സഹായിക്കുന്നു.
അമിതമായ പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ സ്ഥിരം ഉപയോഗം ഒഴിവാക്കേണ്ടതുണ്ട്. സ്ഥിരമായി നെല്ലിക്ക, ഇലുന്പിക്ക, ഓക്സലേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ നിയന്ത്രിക്കേണ്ടതാണ്.
പതിവായി വ്യായാമം ചെയ്യുക. നടത്തം, നീന്തൽ, സൈക്ലിംഗ് പോലുളള മിതമായ വ്യായാമം ദിനചര്യയിൽ ഉൾപ്പെടുത്തണം. ആഴ്ചയിൽ 150 മിനിറ്റെങ്കിലും മിതമായ രീതിയിൽ വ്യായാമം ചെയ്യുക. അതായത്, ദിവസം 30 മിനിറ്റ് വച്ച് ആഴ്ചയിൽ അഞ്ചു ദിവസം ചെയ്യുക.
പുകവലിയും മദ്യപാനവും ഒഴിവാക്കുക. സ്ഥായിയായ വൃക്കസ്തംഭനം മൂർച്ഛിച്ചാൽ ഒടുവിൽ ഡയാലിസിന് അല്ലെങ്കിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടിവരും. അതിനാൽ വൃക്കരോഗം തുടക്കത്തിലേ കണ്ടുപിടിക്കുകയും ചികിത്സ തേടുകയും ചെയ്യുക.
(കോട്ടയം കാരിത്താസ് ആശുപത്രിയിൽ നെഫ്രോളജിസ്റ്റാണ് ലേഖകൻ)