കേരളത്തെയും ഗാന്ധിജിയെയും മാറ്റിമറിച്ച ഗാന്ധിയൻ സഞ്ചാരങ്ങൾ
ഡോ. ജോസ് മാത്യു
Thursday, March 13, 2025 12:23 AM IST
തന്ത്ര്യസമരവുമായി ബന്ധപ്പെട്ട് അഞ്ചു തവണ ഗാന്ധിജി കേരളം സന്ദർശിച്ചിട്ടുണ്ട്. ഓരോ തവണയും വ്യത്യസ്തമായ പരിപാടികളുമായിട്ടായിരുന്നു അദ്ദേഹം കേരളത്തിലൂടെ സഞ്ചരിച്ചത്. അക്കാലത്ത് നമ്മൾ മലബാറികൾ, കൊച്ചിക്കാർ, തിരുവിതാംകൂറുകാർ എന്നിങ്ങനെ പല ദേശക്കാരായിരുന്നു.
1920ൽ ഓഗസ്റ്റ് 18ന് ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി കോഴിക്കോട്ടെത്തിയത്. കടപ്പുറത്ത് പ്രസംഗിച്ച അദ്ദേഹം 20 മണിക്കൂർ മാത്രമേ അന്ന് കേരളത്തിലുണ്ടായിരുന്നുള്ളൂ. ഹിന്ദു, മുസ്ലിം ഐക്യം ഊട്ടിയുറപ്പിക്കുകയും നിസഹരണ പ്രസ്ഥാനത്തിലേക്ക് ആളുകളെ അടുപ്പിക്കുകയുമായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശ്യം.
വൈക്കം സത്യഗ്രഹം
1925 മാർച്ച് എട്ടു മുതൽ 19 വരെ നീണ്ടുനിന്ന രണ്ടാമത്തെ സന്ദർശനം പ്രധാനമായും വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു. ഈ സന്ദർശനത്തിന്റെ നൂറാം വാർഷികമാണിപ്പോൾ. 1924 മാർച്ച് 30ന് ആരംഭിച്ച് 603 ദിവസം നീണ്ടുനിന്ന ജനകീയ മുന്നേറ്റമായിരുന്നു വൈക്കം സത്യഗ്രഹം.
വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള നിരത്തുകൾ അവർണ ജാതികൾ എന്നു വിളിക്കപ്പെടുന്നവർക്ക് വഴിനടക്കാൻ തുറന്നുകൊടുക്കണമെന്നതായിരുന്നു ആവശ്യം. ഗാന്ധിജി രൂപംകൊടുത്ത അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ച് രൂപംകൊണ്ട വൈക്കം സത്യഗ്രഹത്തിന് ശ്രീനാരായണ ഗുരുവിന്റെ ഉറച്ച പിന്തുണയുമുണ്ടായിരുന്നു.
1925 മാർച്ച് എട്ടിന് എറണാകുളത്ത് തീവണ്ടിയിലെത്തിയ ഗാന്ധിജിയും സംഘവും എറണാകുളത്തെ വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം മാർച്ച് പത്തിന് കൊച്ചിയിൽനിന്നും ബോട്ടിലാണ് വൈക്കത്തെത്തിയത്. ഗാന്ധിജി സത്യഗ്രഹികളോടൊപ്പം പ്രഭാത ഭജനയിൽ പങ്കെടുത്തു. ഇണ്ടംതുരുത്തി മനയിലെത്തി അവിടത്തെ യാഥാസ്ഥിതികർ, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടികാഴ്ച നടത്തി. മാർച്ച് 11ന് സത്യഗ്രഹികളുമായി സംവദിച്ചു.ആ സംഭാഷണത്തിലൂടെ അവർക്കുവേണ്ട ധൈര്യം പകർന്നു കൊടുത്തു.
ഹിംസാ മാർഗമുപയോഗിച്ച് ശത്രുക്കളെ എതിർക്കുകയല്ല നമ്മുടെ ലക്ഷ്യമെന്നും അഹിംസാ മാർഗത്തിലൂടെയാണ് ഈ പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും അവരെ ബോധ്യപ്പെടുത്തി. സ്വയം ശാരീരിക പീഡകൾ അനുഭവിക്കുന്നതിന് നാം സന്നദ്ധരാകണം അതാണ് സത്യഗ്രഹത്തിന്റെ അർഥമെന്നും അവരോടു പറഞ്ഞു. സഹനത്തിന്റെയും ക്ഷമയുടെയും ത്യാഗത്തിന്റെയും പ്രാധാന്യം വിശദീകരിച്ചുകൊണ്ട് സത്യഗ്രഹികളുടെ ആത്മവീര്യത്തെ ഉണർത്താൻ ഗാന്ധിജി ശ്രമിച്ചുകൊണ്ടിരുന്നു.
ഗാന്ധിജി വൈക്കത്തെത്തിയതോടെ രാജ്യത്തിന്റെ ഒട്ടാകെയുള്ള ശ്രദ്ധ വൈക്കത്തേക്കായി. മദിരാശിയിൽനിന്ന് ഇ.വി. രാമസ്വാമി നായ്ക്കർ, സബർമതിയിൽനിന്ന് ബാരിസ്റ്റർ ജോർജ് ജോസഫ്, പഞ്ചാബിൽനിന്ന് അകാലിദൾ പ്രവർത്തകർ എന്നിങ്ങനെ നിരവധി പേർ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വൈക്കത്തേക്ക് പ്രവഹിച്ചു. വലിയ തോതിലുള്ള മാധ്യമ ശ്രദ്ധയും സമരത്തിനു ലഭിക്കുകയുണ്ടായി. സമരം പൂർണ വിജയമായിരുന്നില്ലെങ്കിലും സമൂഹത്തിൽ ഒട്ടാകെ വലിയ ചലനങ്ങൾ സൃഷ്ടിക്കാനും നാട്ടിലാകെ സാമൂഹിക പരിഷ്കരണത്തിനുള്ള നീക്കങ്ങൾക്ക് ആക്കം കൂട്ടാനും അതുപകരിച്ചു.
ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ച
1925 മാർച്ച് 12നാണ് ശിവഗിരി ആശ്രമത്തിൽ ഗാന്ധിജി ശ്രീനാരായണ ഗുരുവുമായി കൂടിക്കണ്ടത്. സത്യാന്വേഷകനായ ഗാന്ധിജിയും വിശ്വമാനവികതയുടെ പ്രവാചകനും ധർമാന്വേഷകനുമായ ശ്രീനാരായണ ഗുരുവും പരസ്പരം ആശ്ലേഷിച്ചപ്പോൾ അതൊരു ചരിത്രസംഭവവുമായി മാറി. ശിവഗിരി കുന്നിനു താഴെയുള്ള വനജാക്ഷി മന്ദിരത്തിലായിരുന്നു കൂടിക്കാഴ്ച. സ്വീകരണമുറിയിൽ നിലത്ത് ഖദർ വിരിച്ച പുൽപ്പായയിൽ ഇരുന്നാണ് ഈ രണ്ട് മഹാത്മാക്കളും സംസാരിച്ചത്.
ചാതുർവാർണ്യം ദൈവദത്തവും കർമബന്ധിതവുമാണെന്നു വിശ്വസിക്കുന്ന ഒരു കുടുംബത്തിലായിരുന്നു ഗാന്ധിജിയുടെ ജനനം. ചാതുർവർണ്യം ഇല്ലാതായാൽ ജാതിവ്യവസ്ഥയും അതോടൊപ്പം ഓരോ ജാതിക്കും കല്പിച്ചിട്ടുള്ള തൊഴിൽവ്യവസ്ഥയും തകരുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ, ഗുരുവാകട്ടെ തികഞ്ഞ ഒരു ജാതിനിഷേധകനായിരുന്നു. മനുഷ്യന് ജാതി ഒന്നേയുള്ളൂ-അതാണ് മനുഷ്യജാതി എന്ന കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത്. മനുഷ്യന്റെ സന്താനപരന്പര മനുഷ്യവർഗത്തിൽനിന്നാണ് ജന്മംകൊള്ളുന്നത്. അതുകൊണ്ടുതന്നെ മനുഷ്യവർഗം മുഴുവനും ഒരേയൊരു ജാതിയിലുള്ളതാണെന്നായിരുന്നു ഗുരുവിന്റെ നിലപാട്.
“ഗുരോ, ജാതിവ്യത്യാസം പ്രകൃതിയിലും മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും സഹജമല്ലേ?” ഗാന്ധിജി സംഭാഷണമധ്യേ ചോദിച്ചു.
“അങ്ങ് അങ്ങനെ പറയുന്നതിനെന്താണ് അടിസ്ഥാനം”. ഗുരു മറുചോദ്യം ഉന്നയിച്ചു. അതിനുള്ള ഉത്തരം തെല്ലകലെ നിൽക്കുന്ന ഒരു മാവ് ചൂണ്ടിക്കാണിച്ചിട്ടാണ് ഗാന്ധിജി പറഞ്ഞത്.
“നോക്കൂ, ആ മാവിനു പൂങ്കുലയുണ്ട്, തളിരിലയുണ്ട്, പച്ചിലയുണ്ട്, പഴുത്തിലയുണ്ട്, തണ്ടുണ്ട്, വേരുണ്ട് ഒന്നുതന്നെയാണെങ്കിലും എത്ര വിഭിന്നം.”
ഗുരു പറഞ്ഞു, “ശരിയാണ്. ഇലകൾ വളരെ വ്യത്യസ്തങ്ങളാണ്. എങ്കിലും അങ്ങ് ഒന്ന് പരിഷിച്ചുനോക്കൂ; ഇവയെല്ലാം വിഭിന്നമാണെങ്കിലും ഇവയുടെ സത്തയുടെ രുചി ഒന്നായിരിക്കും.
ശൂദ്രനു ബ്രാഹ്മണത്വം കൈവരിക്കാം, ബ്രാഹ്മണൻ ശുദ്രനായെന്നു വരാം. ജന്മംകൊണ്ടൊരാൾ ബ്രാഹ്മണനാകുന്നില്ല.”
ഗുരു ആദ്ധ്യാത്മികതയുടെയും ശാസ്ത്രീയതയുടെയും തെളിവുകൾ നിരത്തി ഗാന്ധിജിയെ ബോധ്യപ്പെടുത്തുകയായിരുന്നു. ചാതുർവർണ്യത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാട് തിരുത്താൻ ഗുരുവുമായുള്ള ആശയവിനിമയം വഴിതെളിച്ചു. ഗാന്ധിജി ഹരിജനോദ്ധാരണം പ്രധാന കർമപരിപാടിയായി സ്വീകരിച്ചതും "നവജീവൻ' മാസികയുടെ പേര് "ഹരിജൻ' എന്നാക്കി മാറ്റിയതും ശിവഗിരി സന്ദർശിച്ചതിനു ശേഷമായിരുന്നു.
കോട്ടയം സന്ദർശനം
ഗാന്ധിജി മാർച്ച് 15നാണ് കോട്ടയത്തെത്തിയത്. കോട്ടയം ബിഷപ് മാർ അലക്സാണ്ടർ ചൂളപ്പറന്പിലുമായും സിഎംഎസ് കോളജിന്റെ പ്രിൻസിപ്പൽ റവ. സക്കീറുമായും ആശയവിനിമയം നടത്തുകയുണ്ടായി. ദേശീയ പ്രസ്ഥാന പ്രവർത്തകരെയും പൗരപ്രമുഖരെയും അഭിസംബോധന ചെയ്ത ഗാന്ധിജി, നാട് നേരിടുന്ന സമൂഹിക പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയും സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ഏവരും കണ്ണിചേരണമെന്ന് ആ യോഗത്തിൽ പങ്കെടുത്തവരോട് അഭ്യർഥിക്കുകയും ചെയ്തു.
തുടർസന്ദർശനങ്ങൾ
1927ലായിരുന്നു ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശനം. കേരളം പോലെ ഇത്ര മനോഹരമായ ഒരു പ്രദേശത്ത് അയിത്തം അതിന്റെ നികൃഷ്ടമായ രീതിയിൽ കാണപ്പെടുന്നു എന്നത് ഗാന്ധിജിയെ വളരെയധികം വേദനിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഖാദിപ്രചാരണത്തെക്കൂടാതെ തിരുവാർപ്പ് ക്ഷേത്രനിരത്തുകളിൽ അയിത്ത ജാതിക്കാർക്ക് വഴിനടക്കാൻ അനുവദിക്കുന്നതിനായി തിരുവിതാംകൂർ രാജാവിനെയും റാണിയെയും കണ്ട് ചർച്ച നടത്തുകയായിരുന്നു ഗാന്ധിജിയുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഗാന്ധിജിയുടെ നാലാമത് കേരള സന്ദർശനം നടന്നത് 1934ലായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ കൂടെ കസ്തൂർബാ ഗാന്ധിയും ഉണ്ടായിരുന്നു. ഹരിജനോദ്ധാരണവും ഹരിജനക്ഷേമ ഫണ്ട് ശേഖരണവും ഉന്നംവച്ച് ഇന്ത്യ മുഴുവനായുള്ള യാത്രയ്ക്കിടയ്ക്കാണ് അദ്ദേഹം ആ വർഷം കേരളത്തിലെത്തിയത്.
ഒലവക്കോട് ശബരി ആശ്രമം, നാരായണഗുരു ആശ്രമം, ശ്രീരാമകൃഷ്ണാശ്രമം, ഹരിജൻ ഗ്രാമങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനം, അയിത്തോച്ചാടനം ക്ഷേത്രപ്രവേശനം മുതലായവ സംബന്ധിച്ച് സാമൂതിരിയുമായി ചർച്ച, പൊതുയോഗങ്ങൾ എന്നീ പരിപാടികളുമായി ജനുവരി 10 മുതൽ 12 വരെ ഗാന്ധിജി കേരളത്തിലുണ്ടായിരുന്നു.
ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം 1937 ജനുവരി 12നാണ് ഗാന്ധിജി അഞ്ചാം തവണ കേരളം സന്ദർശിച്ചത്. “പരിശുദ്ധമായ ഒരു മതകർമമെന്ന നിലയ്ക്കാണ് ഈ വിളംബരത്തെ ഞാൻ സമീപിക്കുന്നത്. ഇപ്പോഴത്തെ എന്റെ തിരുവിതാകൂർ സന്ദർശനം ഒരു തീർഥാടനമാണന്ന് ഞാൻ കരുതുന്നു.
ഇന്നുവരെ തൊട്ടുകൂടാത്തവനായിരുന്ന ഒരാൾ പെട്ടെന്ന് തൊടാവുന്ന ഒരാളായിത്തീരുന്ന മട്ടിലാണ് ഞാൻ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത്. നിങ്ങളും അതേ മനോഭാവത്തോടെ ഈ വിളംബരത്തെ സമീപിക്കുകയാണെങ്കിൽ സവർണരും അവർണരും തമ്മിലുള്ള വ്യത്യാസങ്ങൾ നിങ്ങൾക്ക് തുടച്ചുമാറ്റാം”- ഗാന്ധിജി പറഞ്ഞു.
അയ്യങ്കാളിയെ ആദരിക്കാൻ വെങ്ങാനൂരിൽ
ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചതിനെത്തുടർന്ന് അതിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഗാന്ധിജി അധഃസ്ഥിതരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയിരുന്ന ധീരനായ പോരാളിയും വില്ലുവണ്ടി സമരനായകനുമായ അയ്യങ്കാളിയെ കാണാൻ വെങ്ങാനൂരിലെത്തിയത്.
1937 ജനുവരി 14ന് വെങ്ങാനൂർ സ്കൂൾ അങ്കണത്തിലെത്തിയ ഗാന്ധിജിയെ അയ്യങ്കാളിയും സാധുജന പരിപാലന സംഘം നേതാക്കാളും ചേർന്നു സ്വീകരിച്ചു. പതിനായിരക്കണക്കിനാളുകൾ ഗാന്ധിജിയെ കാണുന്നതിനായി തടിച്ചുകൂടിയിരുന്നു.
അയ്യങ്കാളിയെ കണ്ടപ്പോൾ ഗാന്ധിജി അദ്ദേഹത്തെ സന്തോഷത്തോടെ കെട്ടിപ്പുണർന്നു. ആ ധന്യനിമിഷത്തിൽ അയ്യങ്കാളിയുടെ കണ്ണുകൾ നിറഞ്ഞുതുളുന്പി. ആനന്ദാശ്രുക്കൾ മേൽമുണ്ടുകൊണ്ടുതുടച്ച് ഗ്രന്ഥാലയത്തിനു മുന്നിലെ പ്ലാവിൻചുവട്ടിൽ ഒരുക്കിയിരുന്ന മേശയ്ക്കു സമീപത്തേക്ക് അദ്ദേഹം ഗാന്ധിജിയെ ആനയിച്ചു.
അയിത്തോച്ചാടനം എന്ന തന്റെ ജീവിതലക്ഷ്യം സഫലമായി എന്നു പറഞ്ഞ ഗാന്ധിജി, ഹരിജനസേവനത്തെപ്പറ്റിയും ഹിന്ദുമതത്തെപ്പറ്റിയും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. ജനുവരി 21ന് തിരികെപ്പോയി.
അധികാര കൈമാറ്റത്തിനുള്ള രാഷ്ട്രീയ വിപ്ലവത്തിന്റെ എൻജിനോടൊപ്പം സാമൂഹിക വിപ്ലവത്തിന്റെ വാഗണുകൾ കൂട്ടിച്ചേർത്തുള്ള സാമൂഹിക മാറ്റത്തിനുള്ള സമരമായിരുന്നു ഗാന്ധിജിയുടെ ഓരോ സഞ്ചാരവും. 1917ലെ ചന്പാരൻ സമരത്തിലും ഉപ്പ് സത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടിയുള്ള സത്യഗ്രഹങ്ങളിലും ഇതു കാണാൻ സാധിക്കും.
ഗാന്ധിജിക്കുശേഷം സാമൂഹിക വിപ്ലവത്തിന്റെ വാഗണുകൾ ഉപേക്ഷിച്ച് അധികാരത്തിന്റെ എൻജിൻ മാത്രം ഓടിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഭരണകൂടങ്ങൾ ഗാന്ധിജിയുടെ യാത്രയിൽനിന്നും സഞ്ചാരങ്ങളിൽനിന്നും ഒന്നും സ്വാംശീകരിച്ചിട്ടില്ലന്നുള്ളതാണ് വർത്തമാനകാല യാഥാർഥ്യം.