ഓർമ
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, March 12, 2025 12:26 AM IST
ജീവിച്ചിരിക്കെ കാലഹരണപ്പെടുന്നതിനേക്കാൾ സങ്കടകരമാണ് ജീവിച്ചിരിക്കേ എല്ലാവരാലും വിസ്മരിക്കപ്പെടുന്നത്. അരനൂറ്റാണ്ടു പിന്നിട്ട ആയുസിന്റെ ഉമ്മറപ്പടിമേലിരുന്നുകൊണ്ടാണ് ഞാനിത് ആലോചിക്കുന്നത്. ആലോചനയ്ക്ക് ആദിയും അന്തവുമില്ലെന്നു പറയും. ആലോചനയ്ക്ക് ചിന്തയുമായി ഒരു ബന്ധവുമില്ലെന്നാണു പണ്ഡിതമതം.
ചിന്തയിലെത്തുംമുമ്പുള്ള വഴിയമ്പലം മാത്രമാണ് ആലോചന. ആ വഴിയമ്പലത്തിൽ ഇരുന്നുകൊണ്ടുകൂടിയാണ് ഞാനിത് ചിന്തയിലേക്കു കടത്തിവിടുന്നത്. ബെർട്രന്റ് റസൽ എഴുതിയത് ഒരിക്കൽ വായിക്കുകയുണ്ടായി. “ഉന്നതമായി ചിന്തിക്കേണ്ടിവരുമ്പോൾ ഞാൻ ആൽപ്സ് പർവതങ്ങളെയാണ് നോക്കിയിരിക്കാറ്”എന്ന്. ആശാന്റെ കവിതയിലെ കരിനീലവിഷാദം മുഴുവൻ കവി നിത്യവും കണ്ടിരുന്ന കായിക്കരയിലെ കടലാണ്. സഹ്യശൃംഗങ്ങളുടെ നിമ്നോന്നതങ്ങൾ കണ്ടുകണ്ടുകണ്ടാണ് സി.വി. രാമൻ പിള്ള കാളിയുടയോൻ ചന്ത്രക്കാരനെയും ഹരിപഞ്ചാനനൻമാരെയും സൃഷ്ടിച്ചതെന്ന് ഞാൻ പറയും. ഇതൊന്നും ആലോചനകളല്ല, ചിന്തകളാണ്. ചിന്തയിൽ അഭിരമിക്കുന്ന ഭാവനയാണ്. ഭാവനയിൽ ഒഴുകിപ്പരക്കുന്ന സൃഷ്ടിപരതയാണ്. ഈ സൃഷ്ടിപരതയിൽനിന്ന് പുറത്താക്കപ്പെടലാണ് ഒരാളെ മറന്നുപോകുന്നുവെന്നു പറയുന്നതിനർഥം. ഈ അർഥം ദൂഷിതമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.
ഒരാൾ ജീവിച്ചിരിക്കേ എല്ലാവരാലും മറന്നുപോകുന്നത് എന്തുകൊണ്ടാണ്? അയാൾ തോല്ക്കുന്ന യുദ്ധത്തിലെ പടയാളി ആയതുകൊണ്ടാണോ? മറ്റുള്ളവരുടെ ഹൃദയങ്ങളെ പാരിതോഷികങ്ങൾകൊണ്ട് നിറയ്ക്കാനാകാത്തതുകൊണ്ടാണോ? അതുമല്ലെങ്കിൽ ഭൂമിയുടെ കാന്തിക ഭൂമധ്യരേഖ കടന്നുപോകുന്ന പ്രദേശത്തു ജനിക്കാത്തതുകൊണ്ടാണോ? അറിയില്ല. പക്ഷേ, ഒന്നറിയാം. നമുക്കിടയിൽ ഒത്തിരിപ്പേർ മറന്നിരിപ്പുണ്ട്. പാഴ്വസ്തുക്കളെപ്പോലെ. “ഒരാൾ മരിച്ചു എന്നറിയുന്നത് എത്ര ആശ്വാസകരമായ ഒരു വാർത്തയാണ്. പക്ഷേ, ഒരാൾ ജീവിച്ചിരിപ്പുണ്ട് എന്നറിയുന്നത് എത്ര നിരാശാപൂർണമായ ഒരവസ്ഥയാണ്’’എന്ന് മാർക്ക്ട്വൈൻ പാതി ഫലിതമായും പാതി ഗൗരവമായും എഴുതിയിട്ടുണ്ട്. മറന്നിരിക്കുന്ന മനുഷ്യരെപ്പോലെയാണ് ചില പുസ്തകങ്ങളും. നമ്മൾ എവിടെയൊക്കെയോ മറന്നുവയ്ക്കുകയാണ് അവയെ.
മനുഷ്യനേക്കാൾ ശതയോജന ആയുസാണ് പുസ്തകങ്ങൾക്കുള്ളത്. മൃതഭാഷയിലാണ് മനുഷ്യജാതകം എഴുതപ്പെട്ടിട്ടുള്ളത്. എന്നാൽ, പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുള്ളത് ജീവഭാഷയിലാണ്. ജീവഭാഷയ്ക്കു നാശമില്ല. എഴുത്തുകാരൻ മരിച്ച് റോഡുകളുടെ പേരുകളായും എൻഡോവ്മെന്റുകളായും പുരസ്കാരങ്ങളായും സ്മാരകങ്ങളായും അർധ-പൂർണ പ്രതിമകളായും പുനർജനിക്കുമ്പോൾ അവന്റെ പുസ്തകങ്ങൾ മറവിയിലാണ്ടു കിടക്കുകയാണ് ചെയ്യുന്നത്. പക്ഷേ, പുസ്തകങ്ങളുടെ കാര്യത്തിൽ മറവി മൃതിയുടെ പര്യായപദമല്ല. സെമിത്തേരികളിൽ നാട്ടിയിട്ടുള്ള സ്മാരകശിലകളിൽ ജനനമരണ സൂചനകളുണ്ടാകും. പുസ്തകങ്ങളിൽ ജനനവർഷം മാത്രമേ കാണുകയുള്ളൂ. മരണവർഷമില്ല, കാരണം ജനിച്ചുകഴിഞ്ഞാൽ മരിക്കാത്തതായി ഒന്നേയുള്ളൂ, അതു പുസ്തകങ്ങളാണ്.
കഴിഞ്ഞ ദിവസങ്ങളൊന്നിൽ ഒറ്റയ്ക്കിരുന്ന് ഒരുപരിധി കഴിഞ്ഞപ്പോൾ ഭ്രാന്തുപിടിക്കുമോയെന്ന് ഞാൻ ഭയന്നു. ഭ്രാന്തിൽനിന്നു രക്ഷപ്പെടാൻ മൂന്നു വഴികൾ ഞാൻ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. വായന, എഴുത്ത്, പുറപ്പെട്ടുപോകൽ എന്നിവയായിരുന്നു ആ മൂന്നു വഴികൾ. എഴുതാൻ വയ്യ. മനസ് സംഘർഷഭരിതമാണ്. പുറപ്പെട്ടുപോകാൻ പണമില്ല. പിന്നെയുള്ളതു വായനയാണ്. എണ്ണിയെടുക്കാവുന്ന പുസ്തകങ്ങളിലൊന്നു കണ്ണുമടച്ചുകൊണ്ടെടുത്തു. കണ്ണുതുറന്നുനോക്കിയപ്പോൾ കണ്ടത് ഒരു കടലാണ്. മനുഷ്യർ കണ്ടുകണ്ടും വായിച്ചുവായിച്ചും വലുതായ ഒരു കടൽ. പുറക്കാട്ട് കടൽ. തകഴിയുടെ കടൽ. ചെമ്മീൻ വിളഞ്ഞ കടൽ. എന്നോ വായിച്ചു മറന്നുവച്ച പുസ്തകം. അതു കൈയിലിരുന്നപ്പോൾ കടലിരമ്പുന്ന ശംഖ് പോലെ തോന്നി. അത് ഉള്ളംകൈയെ മാത്രമല്ല; ശരീരമാസകലം നുരപതയ്ക്കുന്ന തിരകളാൽ നനയ്ക്കുന്നതുപോലെ തോന്നി. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ‘ചെമ്മീൻ’ വീണ്ടും വായിച്ചുതുടങ്ങി.
ഓരോ തവണ വായിക്കുമ്പോഴും ഓരോ പുതിയ കൃതി ഉണ്ടാകുന്നു എന്നു പറയാറുണ്ട്. പുസ്തകത്തിലെ ആശയത്തിനും ഭാഷയ്ക്കും ഭാവനയ്ക്കും കഥാപാത്രങ്ങൾക്കും ഒരു മാറ്റവുമുണ്ടാകുന്നില്ല. മാറ്റമുണ്ടാകുന്നത് സഹൃദയമനസിനാണ്. എത്ര പഴകിയ പുസ്തകവും പുതുതായി മണക്കുന്നത് അതുകൊണ്ടാണ്. ‘ചെമ്മീൻ’ വായിച്ചുതുടങ്ങിയപ്പോൾ എനിക്കതനുഭവപ്പെട്ടു. പണ്ടെന്നോ വായിച്ചപ്പോൾ കറുത്തമ്മയെ വെറും സ്ത്രീയായി മാത്രമേ എനിക്കു കാണാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാലിപ്പോൾ പ്രായത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടപ്പോൾ കറുത്തമ്മയിൽ ഞാനൊരു സ്ത്രീയെ മാത്രമായി കാണുന്നില്ല. പകരം, കറുത്തമ്മയിൽ ഒരു കടലാണു കാണുന്നത്. കാമുകനായ പരീക്കുട്ടിക്കും ഭർത്താവായ പളനിക്കുമിടയിൽ ഒഴുകിപ്പരന്ന സംഘർഷങ്ങളുടെ കറുത്ത കടൽ. നോവലിലെ കാറ്റ് കറുത്തമ്മയുടെ പ്രക്ഷുബ്ധമനസിൽ വീശിയടിക്കുന്ന ഒന്നാണ്. അവളുടെ ആഗ്രഹങ്ങളാണ് നോവലിലെ തിമിംഗലങ്ങൾ.
ഓരോ തിരയിലും ഇടിഞ്ഞിറങ്ങി അലിഞ്ഞുചേരുന്നത് അവളുടെ പ്രണയകാമനകളാണ്. ഇതെല്ലാം ചേരുന്നതാണു കറുത്തമ്മ. ഇതെല്ലാം ചേരുന്നതാണ് ഒരു സ്ത്രീ. ഭൂമിയിലെ എല്ലാ സ്ത്രീയിലും ഒരു ഭർത്താവും ഒരു സങ്കല്പജാരനുമുണ്ടായിരിക്കും. വി.കെ.എന്നിന്റെ ‘ജാരഗോപാലൻ’ എന്ന വിശേഷണം ഇതെഴുതുമ്പോൾ ഓർമവരുന്നു. ആ സങ്കല്പംകൂടിയാണു മറവികളിൽനിന്ന് ചിലതരം ഓർമകളെ മെഴുക്കിയെടുക്കാൻ അവളെ സഹായിക്കുന്നത്.
‘ചെമ്മീൻ’ വായിച്ചുമടക്കുമ്പോൾ ഒന്നോർത്തു. ദുരന്തപര്യവസായി ആയി ‘ചെമ്മീൻ’ മാറിയില്ലായിരുന്നുവെങ്കിൽ നാമിത് സൂക്ഷിച്ചുവയ്ക്കുമായിരുന്നോ? വീണ്ടും വീണ്ടും വായിക്കുമായിരുന്നോ? സംശയമാണ്. ജീവിതത്തിൽ മാത്രമാണ് ദുരന്തം വല്ലാതെ വേദനിപ്പിക്കുന്നത്. കലയിൽ അത് സൗന്ദര്യമായിത്തീരുന്നു. ആരും ആരെയും ഓർമിക്കപ്പെടാതെ പോകുന്നതിനു പിന്നിലും ഇത്തരം ഒരുപാട് കാരണങ്ങളുണ്ടാകും.