കടല്ത്തീരഖനനം ചെറുക്കണം
ജോസ് കെ. മാണി
Saturday, February 22, 2025 12:27 AM IST
ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ചങ്ങലയിട്ടു നാടുകടത്തിയതിനെച്ചൊല്ലി വലിയ ചർച്ചയാണു രാജ്യത്തുണ്ടായത്. മനുഷ്യാവകാശവും ഭരണകൂടങ്ങളുടെ നൈതികതയുമെല്ലാം ചർച്ചകളിൽ നിറഞ്ഞു. എന്നാല്‍, സമീപഭാവിയിലുണ്ടാകാൻ പോകുന്ന അതിനേക്കാള്‍ ഭയാനകമായ നാടുകടത്തല്‍ ആരും ചർച്ച ചെയ്യുന്നില്ല. കേന്ദ്രസർക്കാരിന്റെ തീരദേശ മണൽഖനനം ഇന്ത്യയുടെ കടല്‍ത്തീരത്ത് അധിവസിക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുടിയൊഴിക്കൽ ഭീഷണിയിലാക്കിയിരിക്കുന്നു. പരിസ്ഥിതിപ്രവർത്തകർപോലും ഈ വിഷയം ഗൗരവമായെടുക്കുന്നില്ല എന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്.
ബ്ലൂ ഇക്കണോമി പോളിസിയും കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയും
സമുദ്രവും സമുദ്രവിഭവങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ രൂപപ്പെട്ട ബ്ലൂ ഇക്കോണമി പോളിസിയുമായി കൂട്ടിയോജിപ്പിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഉപജീവനത്തിനു സമുദ്രത്തെയും ജീവിക്കാൻ സമുദ്രതീരത്തെയും ആശ്രയിക്കുന്ന ഇന്ത്യയിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പ്രത്യക്ഷമായി ബാധിക്കാവുന്ന കരടുരേഖ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. ആക്ഷേപങ്ങളും പരാതികളും പറയാൻ പത്തുദിവസം മാത്രമാണ് നല്കിയതും. ഈ ഒളിച്ചുകളിയും തിടുക്കവുംതന്നെ സംശയാസ്പദം. കേരളത്തിലെങ്കിലും ശക്തമായ നിയമപോരാട്ടങ്ങള്‍ ഉണ്ടാകേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ബന്ധപ്പെട്ടവരുമായി വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് സുപ്രധാനമായ ഈ കരടു നയരേഖയുമായി മുന്നോട്ടുപോകുന്നത്. 595 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ത്തീരമുള്ള കേരളത്തിലെ തീരദേശ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇതിന്റെ പ്രത്യാഘാതം ഏറെ നേരിടേണ്ടിവരിക.
ഖനനാനുമതിയുടെ വിപത്ത്
ബ്ലൂ ഇക്കോണമി തന്ത്രപ്രധാനമായ പെട്രോളിയം ഉത്പന്നങ്ങളെയും പ്രകൃതിവാതക സമ്പത്തിനെയും മാത്രമല്ല ലക്ഷ്യമിടുന്നത്. ആഴക്കടലെന്നോ തീരമേഖലയെന്നോ വ്യത്യാസമില്ലാതെ വന്‍കിട കോര്‍പറേറ്റുകള്‍ക്കു സമുദ്രചൂഷണത്തിനും ഖനനത്തിനും അവസരമൊരുക്കുകയാണ്. ഇന്ത്യക്കൊരു ദേശീയ സമുദ്രമത്സ്യനയമുണ്ട്. ഇതും കോർപറേറ്റുകളെ സഹായിക്കുംവിധമാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതിനെ ഒന്നുകൂടി ശക്തിപ്പെടുത്തുകയാണ് ബ്ലൂ ഇക്കണോമി പോളിസി.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ് മത്സ്യബന്ധനവും സമുദ്രവിഭവ ശേഖരണവും. തീരങ്ങളോടു ചേർന്നും ആഴക്കടലില്‍ പരിമിതമായ വ്യാപ്തിയിലും മാത്രമേ മത്സ്യത്തൊഴിലാളികൾക്കു പ്രവേശിക്കാൻ അനുമതിയുള്ളൂ. എന്നാല്‍, ഇനി വൻകിടക്കാർക്കും ഇവിടേക്കു പരസ്യമായി കടന്നുവരാം. ഇത് ഗുരുതരമായ മനുഷ്യാവകാശലംഘനവും ഭരണകൂട അനീതിയുമാണ്. കേരള കടല്‍തീരത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും കാര്‍ഷികകേരളം ഏറ്റെടുക്കേണ്ടതാണ്.
മത്സ്യത്തൊഴിലാളികളും കര്‍ഷകരും സമാന ഇരകള്‍
പരിമിതികളില്ലാതെ കാർഷികോത്പന്നങ്ങളും അനുബന്ധവസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അനുമതിയും കയറ്റുമതിച്ചുങ്കം കൂട്ടിയതും കേരളത്തിലെ കാർഷികമേഖലയെ തകർത്തതിനു സമാനമാണു ഖനനാനുമതിയുടെ ഭീകരാവസ്ഥയും. സമുദ്രതീരപ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകുകയല്ലാതെ മറ്റു നിവൃത്തിയുണ്ടാകില്ല.
വനാതിർത്തിപോലെ തീരദേശവും
പശ്ചിമഘട്ട മേഖലയിൽ വനാതിര്‍ത്തി പങ്കിടുന്ന ജനവാസകേന്ദ്രങ്ങളിലെ മലയോര കര്‍ഷകരുടെ അവസ്ഥയിലാകും മത്സ്യത്തൊഴിലാളികളും. ജീവിക്കണമെങ്കിൽ വീടും കൃഷിസ്ഥലവും ഉപേക്ഷിച്ചു രക്ഷപ്പെടുക എന്ന ഗതികേടിൽ അവരും എത്തിച്ചേരും. ബ്ലൂ ഇക്കോണമി പോളിസിയിലെ സുനാമിക്കു സമാനമായ വ്യവസ്ഥകള്‍ തീരദേശവാസികളെ എവിടേക്കെത്തിക്കും എന്നു പ്രവചിക്കാനാകില്ല.
അതിഭയാനകമാകും സമുദ്രനശീകരണം
പരിസ്ഥിതിസംരക്ഷണത്തിന്റെ മറവില്‍ ആഗോളതലത്തില്‍ ലഭിക്കുന്ന ബില്യണ്‍ കോടികളുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചു നമുക്കറിയാം. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന മുഖ്യഘടകം വനമല്ല, സമുദ്രമാണ്. വനസംരക്ഷണത്തേക്കാള് സമുദ്രസംരക്ഷണത്തിലാണ് ഇനിയങ്ങോട്ടു ശ്രദ്ധിക്കേണ്ടത്. ഭൂമിയുടെ ഉപരിതലത്തിന്റെ 70% ഉള്‍ക്കൊള്ളുന്ന സമുദ്രത്തിലാണ് അധികതാപനത്തിന്റ 90 ശതമാനവും സംഭവിക്കുന്നത്. 2023 -24 വര്‍ഷങ്ങളിലെ ശരാശരി ആഗോളതാപനില 1900നേക്കാള്‍ 1.35 ഡിഗ്രി സെല്‍ഷസ് കൂടുതലാണ്. 180 വര്‍ഷത്തിനിടയിൽ ഏറ്റവും ചൂടുള്ള രണ്ടു വര്‍ഷമാണ് കടന്നുപോയത്. വര്‍ധിക്കുന്ന സമുദ്രതാപനം അതിതീവ്രമഴ, ശക്തമായ കൊടുങ്കാറ്റുകള്‍, അമ്ലീകരണം, ഓക്സിജന്‍ നഷ്ടം എന്നിവയ്ക്കു കാരണമാകും. മത്സ്യബന്ധനം അടക്കമുള്ള തൊഴില്‍മേഖലകളെ പ്രതികൂലമായി ബാധിക്കും.
എല്ലാം കുത്തകഭീമന്മാരിലേക്ക്
കൊല്ലത്തെ നിര്‍ദിഷ്ട തീരദേശ ഖനനാനുമതിയിലൂടെ 10 ലക്ഷം മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനും നാടുകടത്താനുമുള്ള ഗൂഢപദ്ധതിയാണ് ഒരുങ്ങുന്നത്. ഓഫ്ഷോര്‍ ഏരിയ മിനറല്‍ ഡെവലപ്മെന്റ് ആൻഡ് റെഗുലേഷന് ഭേദഗതി ബില്‍ (ഒഎഎംഡിആര്) പ്രകാരമാണു മണല്‍ഖനനത്തിനുള്ള അനുമതി നല്‍കുന്നത്. വലിയ മൂലധനനിക്ഷേപമുള്ള എല്ലാ കേന്ദ്രപദ്ധതികളും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കുന്ന ഏതൊരു നിയമനിര്‍മാണവും കോര്‍പറേറ്റുകള്‍ക്കു ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള ബോധപൂര്‍വവും ലജ്ജാകരവുമായ ശ്രമങ്ങളാണ്.
കേരള തീരത്ത്, പ്രത്യേകിച്ച് കൊല്ലം നോര്‍ത്ത്, കൊല്ലം സൗത്ത്, പൊന്നാനി, ചാവക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലായി 745 ദശലക്ഷം ടണ്‍ മണല്നിക്ഷേപമുള്ളതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തി. അതിശയിപ്പിക്കുന്ന തിടുക്കത്തിലാണ് കൊല്ലം തീരത്തുനിന്ന് 242 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിനായി കേന്ദ്രം ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത്. വന്‍തോതിൽ മൂലധന മുതല്‍മുടക്കും ലാഭവും ഉറപ്പുള്ള പദ്ധതികള്‍ ലേലങ്ങളുടെയെല്ലാം അവസാനം കേന്ദ്രസര്‍ക്കാരുമായി ഉറ്റചങ്ങാത്തമുണ്ടെന്നു പറയപ്പെടുന്ന കുത്തകഭീമന്മാരിലേക്കാണെന്ന യാഥാര്‍ഥ്യവും മുന്നിലുണ്ട്.
കൊല്ലത്തെ ഖനനാനുമതി സംസ്ഥാനതാത്പര്യങ്ങള്‍ പരിഗണിക്കാതെ
കേരളത്തിന്റെ താത്പര്യങ്ങളും പാരിസ്ഥിതിക-സമുദ്ര സമ്പത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പരിഗണിക്കാതെയാണ് കൊല്ലത്ത് വലിയതോതിലുള്ള മണല്‍ ഖനനം ആരംഭിക്കുന്നത്. മാത്രമല്ല, സംസ്ഥാന സര്‍ക്കാരിനോ തീരത്തു താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിനോ ഇതില്‍നിന്ന് ഒരു രൂപ പോലും ലഭിക്കുകയുമില്ല. മുഴുവന്‍ റോയല്‍റ്റിയും കേന്ദ്രത്തിനുമാത്രം അവകാശപ്പെട്ടതാണ്.
കൊല്ലം തീരപ്രദേശത്തെ മണലില്‍ അമൂല്യധാതുക്കളാണ് അടങ്ങിയിട്ടുള്ളത്. ഈ മണല്സമ്പത്തിനെ നിര്മാണമണല് എന്ന് വിശേഷിപ്പിച്ച് ഖനനം നടത്തുവാന്‍ കരാര്‍ നല്‍കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്.
സാമുദ്രിക പരിസ്ഥിതിഘടന പരിഗണിക്കുന്നില്ല
കടല്‍ത്തീരത്തു ഖനനം ചെയ്യാന്‍ പോകുന്ന മണല്‍മലകള്‍ കേരളത്തിലൂടെ ഒഴുകുന്ന 42 നദികളുടെ ഉത്പന്നമാണ്. പാരിസ്ഥിതിക കാരണങ്ങളാല്‍ നദികളിലെ മണല്‍ ശേഖരണം നിരോധിച്ചിരിക്കുന്നു. എന്നിട്ടും ദുർബല പരിസ്ഥിതിഘടനയും പ്രത്യേകതകളുമുള്ള കടലിലും തീരത്തും ഖനനം അനുവദിച്ചതിനു പിന്നില്‍ നിഗൂഢ സാമ്പത്തികലക്ഷ്യങ്ങളുണ്ടെന്നത് ഉറപ്പാണ്.
കടലവകാശ നിയമനിര്‍മാണം നടത്തേണ്ടതിന്റെ പ്രസക്തി
ആദിവാസി-ഗോത്ര വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തി 2008ല്‍ വനാവകാശ നിയമം നടപ്പാക്കി. അതുപോലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കടലവകാശ നിയമനിര്‍മാണം നടപ്പാക്കണമെന്നതു കാലം ആവശ്യപ്പെടുന്ന നീതിയാണ്. ഈ ആവശ്യം അംഗമെന്ന നിലയില്‍ പാർലമെന്റിൽ ഉന്നയിച്ചു. സര്‍വകക്ഷി യോഗത്തിലും ആവശ്യം ഉയര്‍ത്തി. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളും പാര്‍ലമെന്റിനകത്തും പുറത്തും സജീവ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുമുണ്ട്.