എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതാര്?
ടോം മാത്യു
Friday, February 21, 2025 12:50 AM IST
(പ്രസിഡന്റ്, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് )
എയ്ഡഡ് സ്കൂള്‍ അധ്യാപക/അനധ്യാപക നിയമനാംഗീകാരങ്ങള്‍ അനന്തമായി നീളുന്നതും തടയപ്പെടുന്നതും ജധിപത്യമൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. എല്ലാ പൗരന്മാര്ക്കും തുല്യനീതി ഉറപ്പുവരുത്തുന്ന ഭരണഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണിത്. മുന്‍പേതന്നെ യുക്തിഭദ്രമോ സാമാന്യബുദ്ധിക്കു നിരക്കാത്തതോ ആയ മുട്ടുന്യായങ്ങള്‍ പറഞ്ഞ്, അശാസ്ത്രീയമായ ഉത്തരവുകളുടെ തുടര്‍ച്ചകളില്‍, അധ്യാപക നിയമനങ്ങള്‍ തടസപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, ചില ഓഫീസുകളിലെ ഏതാനും ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യത്തിനോ നിലവാരത്തിനോ അനുസരിച്ച് ഉത്തരവുകള്‍ വളച്ചൊടിച്ച് നിയമന അപ്രൂവല്‍ നല്‍കരുതെന്ന് കരുതിക്കുട്ടി തീരുമാനിച്ചപോലെ നിയമനക്കെണികള് സൃഷ്ടിക്കുന്നതില്‍ അതീവ വിദഗ്ധരുമായിരുന്നു.
പലതരം പ്രശ്നങ്ങളാല്‍ രൂക്ഷമായിരുന്ന എയ്ഡഡ് സ്കൂള്‍ മേഖലയുടെ താളം തെറ്റിക്കുന്ന വിധത്തിലാണ് കൂനിന്മേല് കുരു കണക്കേ ഭിന്നശേഷി സംവരണ നിയമന പ്രശ്നം വരുന്നത്. എല്ലാ പ്രകാരത്തിലും സമൂഹത്തില്‍നിന്ന് കൂടുതല്‍ കാരുണ്യവും പരിഗണനയും അര്‍ഹിക്കുന്നവരും അവകാശമുള്ളവരുമാണ് ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍. അവര്‍ക്കു കാലോചിതമായി നിയമവ്യവസ്ഥ അനുശാസിക്കുന്നവിധം എല്ലാ മൗലികാവകാശങ്ങളും സംരക്ഷിച്ച്, തൊഴിലവസരങ്ങളും മറ്റ് ആനകൂല്യങ്ങളും ലഭ്യമാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കത്തോലിക്ക സ്കൂള്‍ മാനേജ്മെന്റുകളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ യാതൊരു എതിരഭിപ്രായവും ഇതുവരെ ഉയര്‍ത്തിയിട്ടില്ല. ദീര്‍ഘകാലമായി നിലനിൽക്കുന്ന ഭിന്നശേഷി സംവരണ വിഷയത്തില്‍ എല്ലാ ഘട്ടത്തിലും ഇപ്പോഴും കത്തോലിക്ക മാനേജ്മെന്റുകള്‍ ഇതു തങ്ങളുടെകൂടി ഉത്തരവാദിത്വമാണെന്നു തിരിച്ചറിഞ്ഞ് ആത്മാര്‍ഥതയോടെ അനുഭാവവും പിന്തുണയും അവര്‍ക്ക് നല്കുന്നു. ഈ കാര്യത്തിലുള്ള കോടതിവിധികളെ സ്വാഗതം ചെയ്തുള്ള നയവും സമീപനവുമാണ് സ്വീകരിച്ചിട്ടുള്ളതും. കോടതി വിധിന്യായത്തില്‍ നിശ്ചയിച്ച പ്രകാരം സ്കൂളുകളില്‍ ആവശ്യമായ തസ്തികകള്‍ ഒഴിച്ചിട്ടിട്ടുമുണ്ട്.
എന്നാല്‍, വര്‍ഷങ്ങളായി ബാലികേറാമലയായി അധ്യാപക/അനധ്യാപക നിയമന പ്രശ്നം മാറുന്നതിന്റെ അടിസ്ഥാനകാരണങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന കടുത്ത അനാസ്ഥ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെയാകെ തകര്‍ക്കുകയാണ്. ഇച്ഛാശക്തിയോടെ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ വലിയ പ്രയാസമില്ലാതെ പരിഹരിക്കാന്‍ കഴിയുന്നതാണ് ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍.
ഭിന്നശേഷി സംവരണം
1996ലും 2017ലുമാണ് ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് അനുകൂലമായ ഹൈക്കോടതിവിധികള്‍ വരുന്നത്. 2018 വരെയുള്ള കാലയളവില്‍ മൂന്നു ശതമാനവും ശേഷമുള്ള കാലയളവില്‍ നാലു ശതമാനവും ഭിന്നശേഷി സംവരണം നടത്തണമെന്നാണ് വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നത്.
ആറു വര്‍ഷത്തോളം ഭിന്നശേഷിയുടെ പ്രശ്നത്തില്‍ കുടുങ്ങി നിയമനങ്ങള്‍ അംഗീകരിക്കാതെ അധ്യാപകര്‍ വലഞ്ഞപ്പോള്‍ 10/8/2022ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച റിട്ട് പെറ്റീഷന് നമ്പര്‍ 19808/2021, കേസിനുള്ള വിധിന്യായത്തില്‍ 7/2/96 മുതലുള്ള ഭിന്നശേഷി ബാക്ക് ലോഗ് ഒഴിവുകള്‍ 18/11/2018 മുതലുണ്ടായ ഒഴിവുകളില്‍ നികത്തണമെന്ന നിര്‍ദേശം വന്നു. ബാക്ക് ലോഗ് കണക്കാക്കി ഭിന്നശേഷി സംവരണം നടപ്പാക്കിയശേഷം മാത്രമേ 18/11/2018 നുശേഷം മാനേജര്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കപ്പെടുകയുള്ളൂവെന്നും 18/11/2018നു ശേഷം മാനേജര്‍ നടത്തിയ ഏതെങ്കിലും നിയമനങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഹൈക്കോടതി വിധിക്കെതിരേ വന്ന നിരവധി റിട്ട് അപ്പീലുകളെത്തുടര്ന്ന് ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു മുഴുവന്‍ അര്‍ഹമായ തസ്തികകളില്‍ നിയമനം ലഭിക്കണം, അതോടൊപ്പം അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ അക്കാദമിക് താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന നീതി മുന്‍നിർത്തി നല്കിയ റിട്ട് അപ്പീലിൽ (നമ്പര്‍:1445/2022, 1002/2022 തുടങ്ങിയ കേസുകളില്‍) കേരള ഹൈക്കോടതി 13/3/2023ന് പുതിയ വിധിന്യായം പുറപ്പെടുവിച്ചു. ഇതിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ 24/03/23ന് സര്‍ക്കാര്‍ നല്കിയ ഉത്തരവ് നമ്പര്‍ 29/2023ല്‍ നിയമനങ്ങള്‍ അംഗീകരിക്കാന്‍ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചു.
എല്ലാ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും സമന്വയ വഴി തയാറാക്കിയ റോസ്റ്റര്‍ പ്രകാരം ഓരോ സ്കൂളിലും ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ ഒഴിവുകള്‍ മാറ്റിവയ്ക്കാനും 8/11/2018 മുതലുണ്ടായ ഒഴിവുകളില്‍ നിയമിക്കപ്പെട്ട, അംഗീകാരമില്ലാതെ തുടരുന്ന അധ്യാപക/അനധ്യാപകരെ തത്സ്ഥലങ്ങളില്നിന്നു മാറ്റി, പ്രസ്തുത ഒഴിവുകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളെത്തന്നെ അവരെ ലഭ്യമാകുന്ന മുറയ്ക്ക് നിയമിക്കാനും ഇതോടെ നിര്‍ദേശമായി.
ഭിന്നശേഷിക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെ പ്രസ്തുത ഒഴിവുകളില്‍ തുടരുന്നവര്‍ മറ്റെല്ലാത്തരത്തിലും യോഗ്യരാണെങ്കില്‍ പ്രസ്തുത ഒഴിവ് താത്കാലികമായി കണക്കാക്കി ശമ്പളസ്കെയിലില്‍ എല്ലാ ആനുകൂല്യങ്ങളും നല്കി അവരെ നിയമിക്കാന്‍ ഈ ഉത്തരവ് അനുവാദം നൽകി. ഇവരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനോ ഇന്‍ക്രിമെന്റ് അനുവദിക്കാനോ പാടില്ല എന്ന നിര്‍ദേശവും നല്കി. ഇതിനായി ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്ന തീയതി വരെ കാത്തിരിക്കേണ്ടതില്ലെന്നും മാനേജര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് ഭിന്നശേഷി ഉദ്യോഗാര്‍ഥിയെ ആവശ്യപ്പെട്ടുള്ള അപേക്ഷയുടെ പകര്‍പ്പ് ലഭ്യമായാല്‍ അക്കാര്യം ഉറപ്പാക്കിക്കൊണ്ട് പ്രസ്തുത ഒഴിവില്‍ നിയമിക്കപ്പെട്ട വ്യക്തിക്ക് താത്കാലിക നിയമനാംഗീകാരം നല്കാന് ഈ ഉത്തരവ് ആവശ്യപ്പെട്ടിരുന്നു.
വിഷയം അതിസങ്കീര്ണമാക്കിയ ഉത്തരവ്
18/11 /2018 മുതല്‍ 7/11/2021 വരെയുണ്ടായ ഒഴിവുകളില്‍ 7/11/2021 നുശേഷം നിയമിക്കപ്പെട്ടയാളായാലും താത്കാലിക നിയമനത്തിന് ഈ ഉത്തരവ് അര്‍ഹത നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് അധ്യാപകരുടെ നിയമനങ്ങള്‍ വ്യവസ്ഥകളോടെയാണെങ്കിലും അംഗീകരിക്കപ്പെടുകയും അവര്‍ക്കു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുകയും ചെയ്തു. ഭിന്നശേഷി വിഷയത്തിലെ കാതലായ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെടണമെന്ന മുറവിളി ഉയർന്നുവരുന്നതിനിടയിലാണ് 30/11/2024ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച നമ്പര്‍ ഡിജിഇ/15133/2023 (1) ഒ2 പാര്‍ട്ട് 1 ഉത്തരവ് വരുന്നത്. ഇതുപ്രകാരം ഭിന്നശേഷി വിഷയം അതിസങ്കീര്ണമായിത്തീര്ന്നു.
ഈ സര്‍ക്കുലറിലെ മൂന്നാമത്തെ നിര്‍ദേശമായി 8/11/2021നുശേഷമുള്ള നിയമനങ്ങള്‍, ഭിന്നശേഷി നിയമനം നടത്തപ്പെടുന്നതുവരെ, ദിവസവേതനാടിസ്ഥാനത്തില്‍ മാത്രമേ നടത്താവൂവെന്ന് നിര്‍ദേശിച്ചു. നിയമനാംഗീകാരം ലഭിച്ചവര്‍പോലും ദിവസവേതനക്കാരായി മാറുന്ന, വിദ്യാഭ്യാസവകുപ്പിന്റെ, പൊതുവിദ്യാലയങ്ങളെ വെന്റിലേറ്ററിലാക്കിയ ഈ ഉത്തരവ് വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെയും ശക്തമായ ഇടപെടലാണു താത്കാലികമായതെങ്കിലും ഈ ഉത്തരവ് പിന്‍വലിക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ ധാര്മികശക്തിയായത്.
കേരളത്തിലാകെ 500ല്‍ താഴെ മാത്രമേ അര്‍ഹരായ ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ ഉള്ളൂ എന്നതാണ് കണക്കുകള്‍ നല്കുന്ന വസ്തുത. മുന്‍ഗണനാവിഭാഗത്തില്‍ വരുന്ന മിക്കവാറും കാഴ്ചപരിമിതര്‍ക്കും കേള്‍വി പരിമിതര്‍ക്കും ജോലി ലഭിച്ചുകഴിഞ്ഞു. മുന്‍ഗണനാവിഭാഗത്തില്‍ പിന്നില്‍ വരുന്ന ചലനശേഷി പരിമിതര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവരുമായ ഉദ്യോഗാര്‍ഥികളാണ് അവശേഷിക്കുന്നതില്‍ കൂടുതല്‍. ഇവരില്‍ മിക്കവരും ജോലിക്കായി ശ്രമിക്കാത്തവരും ചിലര്‍ ചെറിയ പ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യാന്‍ പ്രായോഗിക പ്രയാസങ്ങള്‍ നേരിടുന്നവരുമാണ്.
15000ത്തിൽപ്പരം അധ്യാപകതസ്തികകളാണ്, ഭിന്നശേഷി ഉദ്യോഗാര്‍ഥികളെ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ നിയമനപ്രകിയ പൂര്‍ത്തീകരിക്കാനാകാതെ തടസപ്പെട്ടു കിടക്കുന്നത്. ഇതു കേവലം അധ്യാപകനിയമന പ്രശ്നമെന്നതിനേക്കാള്‍, കോടതിനിരീക്ഷണപ്രകാരം ‘വിദ്യാര്‍ഥികളുടെ അക്കാദമിക് താത്പര്യം സംരക്ഷിക്കപ്പെടണം’ എന്ന വിദ്യാര്‍ഥിസമൂഹത്തിന്റെ മനുഷ്യാവകാശ പ്രതിസന്ധിയാണ്.
സമയോചിതമായ ഇടപെടൽ വേണം
ബാലാവകാശത്തെ നിഷേധിക്കുന്ന ഈ പ്രശ്നത്തിന്റെ അടിയന്തര ഗൗരവം കണക്കിലെടുത്ത് വ്യക്തതയും കൃത്യതയുമുള്ള ഇടപെടല്‍ സമയോചിതമായി നടത്താന്‍ സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥ പൊതുവിദ്യാഭ്യാസരംഗത്തിന്റെ നട്ടെല്ല് തകര്‍ക്കും. കൊട്ടിഘോഷിക്കുന്ന പൊതുവിദ്യാലയ പ്രേമം വ്യാജമാണെന്ന് തെളിയിക്കുന്നതാണ് ഉദാസീനമായ സർക്കാർ നിലപാടും സമീപനങ്ങളും മെല്ലെപ്പോക്കും.
വിദ്യാഭ്യാസമേഖല നേരിടുന്ന തകര്‍ച്ച ഇനിയും ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമിക്കുന്നില്ലെങ്കില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളെയും കുട്ടികളെയും സ്നേഹിക്കുന്ന ഉത്തരവാദിത്വമുള്ള അധ്യാപകസമൂഹം സമരമുഖം തുറക്കേണ്ടിവരും. ഭിന്നശേഷി സംവരണവിഷയത്തില്‍ നിയമനക്കുരുക്കില്പ്പെട്ട അധ്യാപകരില്‍നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ പല നിവേദനങ്ങളും നല്‍കിയിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും റവന്യു മന്ത്രിയും കെസിബിസി വിദ്യാഭ്യാസകമ്മീഷന്റെയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ആദ്യം മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രശ്നപരിഹാരത്തിനായി യോഗം ചേരാമെന്നു വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനിടയിലാണ് കേരളത്തിന്റെ മനഃസാക്ഷിയെ മുറിപ്പെടുത്തുന്നവിധം ആറു വര്‍ഷത്തോളമായി നിയമനാംഗീകാരം തടയപ്പെട്ട അലീന ബെന്നി ടീച്ചറുടെ സങ്കടകരമായ മരണവാര്‍ത്ത വരുന്നത്.
ഒറ്റപ്പെട്ട സംഭവമല്ല
അലീനയുടേത് ഒറ്റപ്പെട്ട സംഭവമോ അവസ്ഥയോ അല്ല. വിദ്യാഭ്യാസവകുപ്പിന്റെ കാലോചിതമല്ലാത്തതും അശാസ്ത്രീയവുമായ നിലപാടുകളുടെയും ഉത്തരവുകളുടെയും പരിണിതഫലമായി പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ഉടലെടുത്തിട്ടുള്ള സങ്കീര്‍ണതകള്‍ മൂലം എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരം കാത്തിരിക്കുന്ന ആയിരക്കണക്കിന് അധ്യാപകരുടെ ജീവിതം വഴിമുട്ടി നില്ക്കുന്ന അതിരൂക്ഷമായ സാഹചര്യത്തിന്റെ ഭീതിതാവസ്ഥയാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. അലംഭാവത്തോടെ നിയമന ഫയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ കുറെ ജീവിതങ്ങളെക്കൂടിയാണ് തങ്ങള്‍ തട്ടിക്കളിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്.
അലീനയുടെ നിയമനാംഗീകാരം വൈകാനിടയാക്കിയ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിലേക്കാണ്. നിജസ്ഥിതി ഇതായിരിക്കേ, ഈ മരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനെതിരേ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണ വളര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഉത്തരവാദിത്വപ്പെട്ട താമരശേരി കോര്‍പറേറ്റ് മാനേജ്മെന്റും സംഘടനകളും വ്യക്തമായി അറിയിച്ചിട്ടുണ്ട്.
നവകേരള നിര്‍മിതിയില്‍ കേരളത്തിലെ ക്രൈസ്തവസഭ നല്‍കിയിട്ടുള്ള വിലമതിക്കാനാകാത്ത സംഭാവനകളെ ബോധപൂര്‍വം തമസ്കരിക്കാനുള്ള ഗൂഢശ്രമങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. അലീന ബെന്നിയുടെ മരണത്തിലേക്കു നയിച്ച യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ഏറ്റവും അടിയന്തരമായി ഭിന്നശേഷി സംവരണം മൂലം താത്കാലിക നിയമനം ലഭിച്ചവര്‍ പ്രസവാവധി ഉള്‍പ്പെടെയുള്ള അവധികളില്‍ പ്രവേശിക്കുമ്പോള്‍ പകരം വയ്ക്കുന്നവരുടെ നിയമനം അംഗീകരിക്കപ്പെടുന്നില്ല എന്ന പ്രശ്നംമൂലം സ്കൂളില്‍ അധ്യാപക നിയമനങ്ങള്‍ നടത്താന്‍ കഴിയാത്തതു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഭിന്നശേഷി അധ്യാപകരുടെ റോസ്റ്റര്‍ വേരിഫിക്കേഷന് നടത്തണമെന്ന് ഡിജിഇ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടും പല വിദ്യാഭ്യാസ ഓഫീസര്‍മാരും ഗുരുതരമായ വിധത്തില്‍ കാലതാമസം വരുത്തുന്നു. ഇതുകാരണം 2023, 2024, 2025 വര്‍ഷങ്ങളിലെ റോസ്റ്റര്‍ അപ്ഡേഷന് നടക്കാത്തതിനാല്‍ ഇതു ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിയമന തടസം സൃഷ്ടിക്കുന്നു.
ഭിന്നശേഷിക്കാരെ ലഭിക്കാത്തതിനാല്‍ മാത്രം ഭിന്നശേഷി സംവരണത്തില്‍ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള തസ്തികകളില്‍, നിലവില്‍ കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കാന്‍, ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുമ്പോള്‍, ഈ നിയമനങ്ങള്‍ അംഗീകരിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തയാറാകുന്നില്ല എന്ന വിഷയവും പരിഹരിക്കപ്പെടണം.