നികുതിയടയ്ക്കാത്ത ക്രൈസ്തവർ!
റവ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
Friday, February 21, 2025 12:46 AM IST
(സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)
ക്രൈസ്തവ മാനേജ്മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു പരാതിയും കൗതുകകരമായ ഒരു അന്വേഷണ ഉത്തരവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ക്രൈസ്തവവിശ്വാസികളായ അധ്യാപകർ സർക്കാരിന് അടയ്ക്കേണ്ട നികുതി അടയ്ക്കാതെ മുങ്ങിനടക്കുകയാണ്, ഇതിനകം സർക്കാരിനു നഷ്ടപ്പെട്ടത് പതിനായിരം കോടിയിൽപ്പരം രൂപയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളോടെ, ഇതു തിരിച്ചുപിടിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശിയായ അബ്ദുൾ കലാം എന്ന വ്യക്തിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകിയത്. കിട്ടിയ പരാതിയെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിടുകയും യുദ്ധകാലാടിസ്ഥാനത്തിൽ ഉപവിദ്യാഭ്യാസ ഡയക്ടർമാർ വഴി എല്ലാ ജില്ല-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും അറിയിപ്പ് നൽകുകയും ചെയ്തു.
മുനമ്പം വഖഫ് വിഷയത്തിൽ വഖഫ് നിയമവും അതിനുവേണ്ടി വാദിക്കുന്നവരും പ്രതിരോധത്തിലായ പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബർ 18, 19, 20 തീയതികളിലായി ഒരു ദിനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നീണ്ട ലേഖനത്തിന്റെ ചുവടുപിടിച്ചാണ് മേൽ പരാതി ഉത്ഭവിച്ചിരിക്കുന്നതെന്നു വ്യക്തമാണ്. നവംബർ 23നാണ് അബ്ദുൽ കലാം പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി അയച്ചിരിക്കുന്നത്. ‘വഖഫും സഭയും കോടതിവിധികളും’ എന്നപേരിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത ലേഖനത്തിന്റെ അവസാനഭാഗത്ത് സമീപകാലത്തുണ്ടായ ടിഡിഎസ് സംബന്ധിച്ച സുപ്രീംകോടതി വിധിയെ പരാമർശിച്ചുകൊണ്ട് വിചിത്രമായ ചില വാദഗതികൾ രചയിതാവ് ഉന്നയിക്കുന്നുണ്ട്. മനസിലാക്കിയെടുക്കാൻ എളുപ്പമല്ലാത്ത കണക്കുകളും കെട്ടുകഥകളും നിരത്തിക്കൊണ്ടാണ് ലേഖനകർത്താവ് ആയിരക്കണക്കിന് കോടി രൂപ നികുതിവെട്ടിപ്പ് കത്തോലിക്ക സഭ നടത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
ടിഡിഎസ് കേസ് സംബന്ധിച്ച്, അത് ഒരുവിഭാഗം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സന്യസ്തരായ അധ്യാപകരുടെ മാത്രം വിഷയമായിരുന്നെങ്കിൽ, ലേഖനത്തിൽ കത്തോലിക്ക സഭയുടെ കീഴിലുള്ള മുഴുവൻ എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നികുതി വെട്ടിപ്പ് എന്ന അർഥത്തിലേക്കു മാറി. അബ്ദുൾ കലാമിന്റെ പരാതിയിലേക്കു വന്നാൽ, കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആശുപത്രികളിലെയും മുഴുവൻ ക്രൈസ്തവ ജീവനക്കാരുടെയും നികുതിവെട്ടിപ്പാണ് ആക്ഷേപം. നികുതി സംബന്ധമായ വിഷയങ്ങളെക്കുറിച്ച് പരാതി നൽകുകയോ അതിൽ അന്വേഷണം നടത്തുകയോ ചെയ്യേണ്ടത് കേന്ദ്രസർക്കാരിനു കീഴിൽ അതിനായി സ്ഥാപിതമായിട്ടുള്ള വകുപ്പുകളും ഉദ്യോഗസ്ഥരുമാണെന്നിരിക്കേ, പരാതി ലഭിച്ചിരിക്കുന്നതും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പാണ് എന്നതു വിചിത്രമായ മറ്റൊരു വസ്തുത.
സന്യസ്തർക്കു ലഭിച്ചിരുന്ന നികുതിയിളവ്
വാസ്തവത്തിൽ ഈ വിഷയത്തിന് ആധാരം സന്യസ്തരായ എയ്ഡഡ് സ്കൂൾ-കോളജ് അധ്യാപകരിൽ ഒരു വിഭാഗത്തിന് ലഭിച്ചിരുന്ന നികുതി ഇളവാണ്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 1944, 1977 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച സർക്കുലറുകളിലെ നിർദേശങ്ങൾ പ്രകാരമാണ് അടുത്തകാലം വരെയും കത്തോലിക്ക സഭയുടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനം ചെയ്യുന്ന സന്യസ്തർക്ക് ടിഡിഎസ് ഇളവ് ലഭിച്ചിരുന്നത്. ഏറെക്കുറെ 2,000ത്തോളം പേർക്കു സമീപകാലം വരെ ഇത്തരത്തിൽ ആനുകൂല്യം ലഭിച്ചിരുന്നു. അത്തരത്തിലുള്ള നികുതിയിളവ് കത്തോലിക്ക സഭയിലെ ഒരുവിഭാഗം സന്യസ്തർക്കു ലഭിച്ചിരുന്നതിന് ചില കാരണങ്ങളുണ്ട്. ഒന്നാമത്തേത്, സ്വന്തമായി സ്വത്ത് സമ്പാദിക്കാത്ത, ലഭിക്കുന്ന പണം ചാരിറ്റി, സാമൂഹികമായ ആവശ്യങ്ങൾ എന്നിവയ്ക്കായി നീക്കിവച്ചിരുന്ന സന്യാസി, സന്യാസിനികളാണ് അവർ. രണ്ടാമതായി, വളരെ വലിയ സാമൂഹിക പ്രവർത്തനങ്ങളാണ് അവർ അംഗങ്ങളായിരുന്ന സന്യാസസമൂഹങ്ങളും വിശിഷ്യാ കത്തോലിക്ക സഭയും ചെയ്തുപോരുന്നത് എന്നതിനാലുള്ള പ്രത്യേക പരിഗണന.
ഇത്തരത്തിൽ ലഭിച്ചിരുന്ന ആനുകൂല്യം പരിശോധിച്ചാൽ 2,000 പേർക്കാണു നികുതിയിളവ് ലഭിച്ചിരുന്നതെങ്കിൽ, ഇപ്പോഴത്തെ കണക്കനുസരിച്ച് ഏറെക്കുറെ മാസത്തിൽ കേരളത്തിൽ എല്ലാവർക്കുമായി ലഭിച്ചിരുന്ന ഇളവ് രണ്ടു കോടി രൂപയും വർഷത്തിൽ അത് 24 കോടിയുമാണ്. സന്യാസ സമൂഹങ്ങളുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും അതത് സ്കൂളുകളുടെതന്നെ പ്രവർത്തനങ്ങൾക്കും ഉപകരിച്ചിരുന്ന (സന്യസ്തർക്ക് ലഭിക്കുന്ന ശമ്പളം വ്യക്തിപരമായി ഉപയോഗിക്കുന്നതല്ല) ആ ആനുകൂല്യം തികച്ചും നിയമപരമായി ലഭിച്ചിരുന്നതുമാണ്. എന്നാൽ, 2014ൽ ഈ നികുതിയിളവ് നിർത്തലാക്കിക്കൊണ്ട് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ഉത്തരവിറക്കുകയും ഇളവ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, 2015 മാർച്ച് ഒമ്പതിന് ഈ ഹർജി കേരള ഹൈക്കോടതി തള്ളുകയാണുണ്ടായത്. അതേ കാലയളവിൽത്തന്നെ മദ്രാസ് ഹൈക്കോടതിയിൽനിന്നു സമാനമായ ഒരു വിധി വന്നിരുന്നു.
കേരള ഹൈക്കോടതിയിലെ ആദ്യ വിധിക്കെതിരേ സമർപ്പിക്കപ്പെട്ട അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ചും 2021 ജൂലൈ 13ന് അപ്പീൽ തള്ളുകയും ടാക്സ് അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അതേ നാളുകളിൽ തമിഴ്നാട്ടിലെ സന്യാസ സമൂഹങ്ങൾ സുപ്രീംകോടതിയിൽ നൽകിയ കേസിൽ കേരളത്തിൽനിന്നുള്ള സന്യാസ സമൂഹങ്ങൾ ഉൾപ്പെടെ കക്ഷി ചേരുകയുണ്ടായി. 2024 നവംബർ ഏഴിന് ആ കേസിന്റെ വിധി പ്രസ്താവിച്ച മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റീസുമാരായ ജെ. ബി. പാർദിവാല, മനോജ് മിത്ര എന്നിവർ അംഗങ്ങളുമായ ബെഞ്ച് ആ ഹർജികൾ കൂടുതൽ വാദം കേൾക്കാതെ തള്ളുകയാണുണ്ടായത്. ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ് വിരമിച്ച ദിവസമാണു ബെഞ്ച് പ്രസ്തുത ഹർജികൾ പരിഗണനയ്ക്കെടുത്തത്. ആ പശ്ചാത്തലത്തിൽ ഒരു റിവ്യൂ ഹർജികൂടി സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി നൽകിയിട്ടുണ്ട്. എങ്കിലും, ആ വിധിയെത്തുടർന്ന് അതുവരെ നികുതിയിളവ് ലഭിച്ചിരുന്ന കേരളത്തിലെ സന്യസ്തരായ എയ്ഡഡ് അധ്യാപകർ ടിഡിഎസ് അടച്ചുകൊണ്ടിരിക്കുന്നു.
പൊട്ടിമുളച്ച വിവാദങ്ങൾ
പത്രത്തിൽ വന്ന ലേഖനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അബ്ദുൾ കലാം എന്ന വ്യക്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകിയതെന്നത് വ്യക്തമാണെങ്കിലും ആ ലേഖനത്തിന്റെ ഉള്ളടക്കം പോലും അദ്ദേഹം വ്യക്തമായി മനസിലാക്കിയിരുന്നില്ല എന്നതാണു വാസ്തവം. ലേഖനമെഴുതിയ വ്യക്തിയാണെങ്കിൽ എവിടെനിന്നൊക്കെയോ ലഭിച്ച എന്തൊക്കെയോ അറിവുകളുടെ വെളിച്ചത്തിൽ പ്രതികാരബുദ്ധിയോടെ ഇല്ലാക്കണക്കുകളും കള്ളക്കഥകളുമാണ് പ്രചരിപ്പിക്കാൻ ശ്രമിച്ചത്. തികച്ചും വാസ്തവവിരുദ്ധമായ ഒരു ലേഖനത്തിന്റെയും അതിനേക്കാൾ തരംതാഴ്ന്ന വ്യാജ പരാതിയുടെയും പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഇപ്രകാരം തരംതാഴ്ന്ന ഒരു അന്വേഷണ ഉത്തരവുണ്ടായത് തികച്ചും അപലപനീയമാണ്.
അബ്ദുൾ കലാം നൽകിയ പരാതി തികച്ചും അവാസ്തവവും ഒരു സമുദായത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നതുമാണ്. വീണ്ടുവിചാരമില്ലാതെ അത് ഏറ്റെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയും ക്രൈസ്തവ സമൂഹത്തിന് അപമാനകരമാണെന്നു പറയാതെ വയ്യ. ഉടനടി അന്വേഷണ ഉത്തരവ് പിൻവലിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പ് പറയാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണം.