നവകേരളം: വ്യവസായ കേരളം അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന് ഇന്ന് തുടക്കം
Thursday, February 20, 2025 11:03 PM IST
പി. രാജീവ് (വ്യവസായ മന്ത്രി)
അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചുകൊണ്ട് ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 ലക്ഷ്യസ്ഥാനമായി മാറാനുള്ള കുതിപ്പിലാണിന്ന് കേരളം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിഫോംസിലെ ഒന്നാംസ്ഥാനം കേരളത്തിന് ലഭിച്ചു. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ 87വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതി നോവൽ ഇന്നൊവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം നേടി. അത് കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിയാണ്.
ഇതേ പദ്ധതി ഇന്ത്യയിലെ എംഎസ്എംഇ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയായും പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ അംഗീകരിക്കപ്പെട്ടു. സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി 2016-ൽ അധികാരമേറ്റ ഒന്നാം പിണറായി വിജയൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും നടപടികളും കൂടുതൽ അർഥപൂർണമായും ദൂരക്കാഴ്ചയോടെയും വികസിപ്പിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.
സംരംഭങ്ങൾ ആരംഭിക്കുന്നതിന് പല ഓഫീസുകൾ കയറേണ്ട സാഹചര്യം ഒഴിവാക്കി ഏകജാലക സംവിധാനം ഒരുക്കി കെ-സ്വിഫ്റ്റിന് തുടക്കം കുറിച്ചതുമുതൽ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തി വ്യവസായ സൗഹൃദാന്തരീക്ഷത്തിന് ശക്തമായ അടിത്തറയിടാൻ സർക്കാരിന് സാധിച്ചു. നൂതന സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച ചില കന്പനികൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇങ്ങനെ കേരളം ലോക ശ്രദ്ധയാകർഷിക്കുന്ന ഘട്ടത്തിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റും കടന്നുവരുന്നു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്
കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025’ ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ വ്യാവസായിക രംഗത്ത് വിപ്ലവകരമായ വിധത്തിൽ വലിയ നിക്ഷേപങ്ങൾ ഈ പരിപാടിയിലൂടെ കടന്നുവരും. കേരള വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്റെ തന്നെ ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറാനാണ് കേരളം ശ്രമിക്കുന്നത്. അൻപതോളം മുന്നൊരുക്ക പരിപാടികൾ നിക്ഷേപക സംഗമത്തിന് മുൻപായി കേരളം സംഘടിപ്പിച്ചു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്
352 പരിഷ്കാര പരിപാടികൾ പറഞ്ഞതിൽ 340 എണ്ണവും നടപ്പിലാക്കി കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിഫോംസിൽ ഒന്നാമതെത്തി. 9 മേഖലകളിൽ കേരളം ആദ്യസ്ഥാനം കരസ്ഥമാക്കി. ആന്ധ്രാപ്രദേശിന് അഞ്ച് ഇനങ്ങളിലും ഗുജറാത്തിന് മൂന്ന് ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടാൻ സാധിച്ചത്. ടോപ്പ് അച്ചീവർ സ്ഥാനം കരസ്ഥമാക്കിയ കേരളത്തിനുള്ള പുരസ്കാരം ഡൽഹിയിൽ വ്യവസായ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ വച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കൈമാറി.
സംരംഭകർ സർക്കാരിനൊപ്പം
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കൊണ്ടുവന്ന ആദ്യ പദ്ധതികളിലൊന്ന് 1410 കോടി രൂപയുടെ എംഎസ്എംഇ പാക്കേജാണ്. ഇതിന് പിന്നാലെ ഫിക്കി, സിഐഐ, കെഎസ്എസ്ഐഎ, ട്രേഡ് യൂണിയനുകൾ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് ഇവരുടെ ആവശ്യങ്ങളിൽ നടപടികൾ കൈക്കൊണ്ടു.
50 കോടി രൂപ വരെയുള്ള റെഡ് കാറ്റഗറിയിലല്ലാത്ത നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന തരത്തിലുള്ള ധാരണാപത്രം വഴി 3.5 വർഷം പ്രവർത്തിക്കാനുള്ള നിയമം കൊണ്ടുവന്നു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ളവ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമവും പാസാക്കി.
വലിയ നിക്ഷേപങ്ങൾ
സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം വലിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നടപ്പിലാക്കിയ മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിലൂടെ മാത്രം പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തിക്കാൻ സാധിച്ചു. ഐബിഎം, എച്ച്സിഎൽ ടെക്, നോവ് ഐഎൻസി, സ്ട്രാഡ ഗ്ലോബൽ, ഡി-സ്പേസ്, സാഫ്രാൻ, ആക്സിയ ടെക്നോളജീസ്, സിന്തൈറ്റ്, അറ്റാച്ചി തുടങ്ങി 30ലധികം കന്പനികൾ നിക്ഷേപം നടത്തി.
ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളിൽ ആദ്യത്തേത് 18000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്റെ ഹൈഡ്രജൻ വാലിയാണ്. ഐബിഎമ്മിന്റെ ചരിത്രത്തിലാദ്യമായി ഒരേ നഗരത്തിൽ രണ്ട് വർഷത്തിനിടെ രണ്ട് പദ്ധതികൾ ആരംഭിച്ചത് കേരളത്തിലാണ്. എച്ച്സിഎൽ ടെക് കേരളത്തിൽ പ്രവർത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളിൽ പുതിയ യൂണിറ്റ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഐബിഎം, എച്ച്സിഎൽ ടെക്, മേഴ്സിഡസ് ബെൻസ്, സ്ട്രാഡ ഗ്ലോബൽ, ഇൻഫോസിസ്, ഐബിഎസ്, അദാനി ഗ്രൂപ്പ്, ഏണസ്റ്റ് ആൻഡ് യംഗ്, ടാറ്റ, യുഎസ്ടി ഗ്ലോബൽ, അഡെസ്സോ ഗ്ലോബൽ, അഗാപ്പെ, നോവ്.ഐ എൻസി, കോംഗ്സ്ബെർഗ്, ഡി-സ്പേസ്, ആക്സിയ ടെക്നോളജീസ്, സിസ്ട്രോം, സാഫ്രാൻ, സിന്തൈറ്റ്, മുരുഗപ്പ ഗ്രൂപ്പ്, ലുലു, ചോയിസ്, വികെസി, വിത്തൽ കാഷ്യൂസ്, പ്രസ്റ്റീജ് ഗ്രൂപ്പ്, അറ്റാച്ചി, ക്രേസ് ബിസ്കറ്റ്സ്, ബേക്കർടില്ലി-പിയേറിയൻ, ട്രാസ്ന തുടങ്ങിയ കന്പനികളും വ്യവസായ ഗ്രൂപ്പുകളും കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രകീർത്തിച്ച് രംഗത്തുവന്നു.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് അംഗീകാരം നേടിയെടുക്കാനും ഈ സർക്കാരിന് സാധിച്ചതിനാൽ ഈ സർക്കാരിന്റെ കാലയളവിൽതന്നെ പരമാവധി പണി പൂർത്തിയാക്കാൻ ശ്രമിക്കും.
സംരംഭക വർഷം
ദീർഘകാലത്തിനുശേഷം കേരളത്തിന്റെ വ്യവസായമേഖലയ്ക്ക് ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിത്തന്ന പദ്ധതിയാണ് ’സംരംഭകവർഷം’. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ എംഎസ്എംഇ മേഖലയിലെ ഏറ്റവും മികച്ച പ്രാക്റ്റീസായും അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ നോവൽ ഇന്നൊവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരവും നേടിയ പദ്ധതി.
പുതിയ കേരളം
കേരളത്തിൽ വ്യവസായ നടത്തിപ്പിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥ പഴങ്കഥയായി മാറിക്കഴിഞ്ഞു. ഏറ്റവും എളുപ്പത്തിൽ സംരംഭകർക്ക് വ്യവസായം ആരംഭിക്കുന്നതിന് നിയമപരവും സാങ്കേതികവുമായ പിൻബലമൊരുക്കാൻ ഈ സർക്കാരിന് കഴിഞ്ഞു. ഇനി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ആണ്. 2025 ഫെബ്രുവരി 21, 22 തീയതികളിൽസംഘടിപ്പിക്കുന്ന സമ്മിറ്റിനായി എട്ടു മാസം നീണ്ട മുന്നൊരുക്ക പരിപാടികൾ സംഘടിപ്പിച്ചു.
ഏറ്റവും മികച്ച ടാലന്റ് പൂളുള്ള, ഏറ്റവും മികച്ച കാലാവസ്ഥയുള്ള, ഏറ്റവും മികച്ച കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള കേരളം ലോകത്തിന് മുൻപിൽ വാതിൽ തുറക്കുകയാണ്. ഈ രണ്ട് ദിവസങ്ങളിലായി കേരളം ലോകത്തെ അതിശയിപ്പിക്കും. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നതിനൊപ്പം നിക്ഷേപകരുടെയും സ്വന്തം നാടായി മാറും.