നിക്ഷേപകരേ ഇതിലേ ഇതിലേ...ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് ഒരുങ്ങി കേരളം
Thursday, February 20, 2025 2:59 AM IST
വീണ്ടും ഒരു ആഗോള നിക്ഷേപകസംഗമത്തിനുകൂടി കേരളം സാക്ഷിയാവുന്നു. നിക്ഷേപകർക്കു പ്രിയങ്കരവും സംരംഭങ്ങൾക്കു വളക്കൂറുള്ള മണ്ണുമാണു കേരളമെന്നു രാജ്യത്തോടും ലോകത്തോടും വിളിച്ചുപറയാൻ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് (ഐകെജിഎസ് 2025) നാളെ തിരി തെളിയുന്പോൾ, സർക്കാരും വ്യവസായമേഖലയും വലിയ പ്രതീക്ഷയിലാണ്.
കേരളം വലിയ നിക്ഷേപങ്ങൾക്കു പര്യാപ്തമായ ഇടമല്ലെന്ന കാലങ്ങളായുള്ള ആക്ഷേപത്തെ പ്രതിരോധിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത സർക്കാർ, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്കായി മാസങ്ങളായുള്ള ഒരുക്കത്തിലായിരുന്നു. വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി കേരളത്തിലും ഡൽഹിയിലും വിദേശത്തും പ്രീ സമ്മിറ്റുകളും കോൺക്ലേവുകളും സംഘടിപ്പിച്ചു. ആഗോള നിക്ഷേപകരെ കേരളത്തിലേക്കു ക്ഷണിക്കാനുള്ള കൂടിക്കാഴ്ചകളും ചർച്ചകളും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നടത്തി.
സുസ്ഥിര സാങ്കേതികവിദ്യകള്‍, തന്ത്രപ്രധാന വ്യവസായങ്ങള്‍, ആരോഗ്യമേഖലയിലെ നവീകരണം, ഫിന്‍ടെക്, ടൂറിസം, സമുദ്ര-തുറമുഖ രംഗങ്ങളിലെ നിക്ഷേപ സാധ്യതകൾ, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളില്‍ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്കു മുന്നോടിയായി, വിവിധ മേഖലകളിൽ കേരളം നേടിയ വളർച്ച, മുന്നേറ്റമുണ്ടാക്കിയ വികസന പദ്ധതികൾ, ലോകമറിയുന്ന കേരളത്തിലെ സംരംഭങ്ങൾ, മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലേത്തിയത് എന്നിവയുടെയെല്ലാം കണക്കുകൾ നിരത്തുകയാണു സർക്കാർ. അതേസമയം, ഈ കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്നും വസ്തുതകൾക്കു നിരക്കാത്തതാണെന്നും പ്രതിപക്ഷം മറുവാദം ഉന്നയിക്കുന്നു. അപ്പോഴും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണമെന്ന നിലപാടിലുറച്ച്, ഉച്ചകോടിയുമായി സഹകരിക്കുമെന്നു പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ വ്യവസായ മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ‘ദീപിക’യോടു സംസാരിക്കുന്നു.
നിക്ഷേപഭാവിയെ പുനർനിർണയിക്കുന്ന ഉച്ചകോടി: പി. രാജീവ് (വ്യവസായ മന്ത്രി)
“ഇതൊരു ഇവന്റ് മാനേജ്മെന്റ് പരിപാടിയാവില്ല. മാസങ്ങളായി നടക്കുന്ന കൃത്യമായ ആസൂത്രണത്തോടും യാഥാർഥ്യബോധത്തോടും കൂടിയുള്ള ഉച്ചകോടിയാണിത്. അതുകൊണ്ടുതന്നെ ഇതു ഫലം കാണുമെന്ന ശുഭസൂചനയാണ് സർക്കാരിനുള്ളത്. കേരളത്തിലെ നിക്ഷേപഭാവിയെയും സംരംഭകസ്വഭാവത്തെയും പുനർനിർണയിക്കുന്ന ഈ ഉച്ചകോടി, എൽഡിഎഫ് സർക്കാരിനല്ല, കേരളത്തിനാകെയും നേട്ടമുണ്ടാക്കുന്നതാണ്....’’ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനെക്കുറിച്ചു വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ചെറുതല്ല കേരളം
‘കൊച്ചുകേരളം’എന്ന വാക്ക് നാം സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞ് നമ്മൾ നമ്മെത്തന്നെ പല മേഖലകളിലും ചെറുതാക്കുന്നുണ്ടോ എന്നു സംശയമുണ്ട്. നമ്മുടെ സാധ്യതകളെ ലോകത്തിനു മുന്നിൽ നാം തുറന്നുകാട്ടണം.
കേരളത്തിൽ തട്ടുകടയും പെട്ടിക്കടയും മാത്രമല്ല, വൻകിട വ്യവസായങ്ങളും നിക്ഷേപങ്ങളും സാധ്യമാണെന്നു നാം ലോകത്തോടു പറയേണ്ടതുണ്ട്. സർക്കാർ അതിനായി ഏറെ കാര്യങ്ങൾ ചെയ്യുന്നു. അതിനോടു കൈകോർക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ബിസിനസുകാരും പൊതുസമൂഹവും ഒപ്പം ചേരുകയാണു വേണ്ടത്.
സംസ്ഥാനത്തിന്റെ ആഭ്യന്തര നിക്ഷേപശേഷി വർധിച്ചിട്ടുണ്ട്. ഇതിന്റെ ഉത്തമമായ ഉദാഹരണമാണ് സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി 22,104.42 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായത്. ഭാവിയിലും ഈ മാതൃക ഉപയോഗപ്പെടുത്താനാണു സര്‍ക്കാര്‍ ശ്രമം.
മികവുയരങ്ങളിൽ
ലോകത്തിലെ പ്രമുഖ കന്പനികൾക്ക് ഇന്നു കേരളം ഇഷ്ടപ്പെട്ട ഇടമാണ്. ഇതിനെ നാം ഇനിയും വളർത്തിയെടുക്കണം. ഐടി രംഗത്തെ ലോകോത്തര കന്പനിയായ ഐബിഎമ്മിന്റെ സുപ്രധാന ആഗോള മികവിന്റെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് കൊച്ചി ഇന്‍ഫോ പാര്‍ക്കിലാണ്. ജെനറേറ്റീവ് എഐയില്‍ ഇവർ ഇവിടെ സെന്റർ തുടങ്ങി.
ആഗോള ഐടി കമ്പനികളുടെ സോഫ്റ്റ് വെയര്‍ രൂപകല്പനയുടെ കേന്ദ്രമായി കേരളം മാറുകയാണ്. ഓട്ടോമൊബൈല്‍ സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യയില്‍ തിരുവനന്തപുരത്ത് ആഗോളകേന്ദ്രം വരുന്നു. നിസാന്‍, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളുടെ സുപ്രധാന സെന്ററുകളായി അതു മാറും.
രാജ്യത്തെ മെഡിക്കല്‍ ഉപകരണങ്ങളുടെ ആകെ വിറ്റുവരവിന്റെ 24 ശതമാനം കേരളത്തില്‍ നിന്നാണ്. ലോകത്തിലെതന്നെ രക്തബാഗിന്റെ ഉത്പാദനത്തില്‍ 12 ശതമാനവും കേരളത്തില്‍നിന്നുള്ള കമ്പനിയിൽനിന്നാണ്. ആഗോള സുഗന്ധവ്യഞ്ജന മേഖലയിലെ മൂല്യവര്‍ധിത ഉത്പാദകരില്‍ ലോകത്തിലെ ആദ്യ നാല് കമ്പനികളും കേരളത്തിലാണ്. ഇങ്ങനെ തുടങ്ങി നാം അഭിമാനത്തോടെ ലോകത്തിനു മുന്നിൽ എടുത്തുപറയേണ്ട മികവുയരങ്ങളുടെ ഉദാഹരണങ്ങൾ നിരവധിയാണ്.
ഉച്ചകോടി സുതാര്യം
ആഗോള നിക്ഷേപ ഉച്ചകോടിയിലെ നിക്ഷേപവാഗ്ദാനങ്ങൾ സമയബന്ധിതമായി പരമാവധി പൂര്‍ത്തീകരിക്കുകയാണു സർക്കാർ ശ്രമം. അവകാശവാദങ്ങൾക്കും പ്രചാരണത്തിനും വേണ്ടിയുള്ള വാഗ്ദാനങ്ങൾ ഉച്ചകോടിയിൽനിന്നു പ്രതീക്ഷിക്കേണ്ടതില്ല. യാഥാർഥ്യബോധത്തോടും പ്രായാഗികമായി നടപ്പിലാക്കാൻ സാധിക്കുന്നതുമായ പദ്ധതികളും അനുമതികളുമാകും ഉണ്ടാവുക. ഉച്ചകോടിയിൽനിന്നുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൊതുവായി അറിയിക്കും. എല്ലാം സുതാര്യമായിരിക്കും.
നമുക്കവരെ സ്വീകരിക്കാം
ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി ചരിത്രപരമായ ഒരു മുന്നേറ്റമാണ്. നമ്മുടെ കുടുംബത്തിലേക്ക് അതിഥികൾ വരികയാണ്. അവരെ നല്ല മനസോടെ സ്വാഗതം ചെയ്യുന്നതിനു പകരം ഇവിടെ ആകെ പ്രശ്നമാണെന്നു പറയുന്നത് വികസനവിരുദ്ധ കാഴ്ചപ്പാടാണ്.
പ്രശ്നങ്ങളും പോരായ്മകളും പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ചൂണ്ടിക്കാട്ടാം. തിരുത്താൻ സർക്കാർ തയാറുമാണ്. പക്ഷേ ഇവിടെ പോസിറ്റീവായി ഒന്നും നടക്കുന്നില്ലെന്നു പറയാനുള്ള ആസൂത്രിതമായ ചില ശ്രമങ്ങൾ നാടിനെ പിന്നോട്ടടിക്കുന്നതാണ്. നാളത്തെ വികസിത കേരളത്തിനായി ഒന്നിച്ചു നിൽക്കുകയാണ് അഭികാമ്യം.
അവർ ബഹിഷ്കരിച്ചതുപോലെ ഞങ്ങൾ ചെയ്യില്ല: വി.ഡി. സതീശൻ (പ്രതിപക്ഷ നേതാവ്)
ഇടതുസർക്കാർ വികസനത്തിന്റെ കണക്കുകൾ നിരത്തുന്നതു കണ്ടാൽ, ഇവിടെയുണ്ടായ എല്ലാ സംരംഭങ്ങളും ഈ സർക്കാർ വന്നശേഷം തുടങ്ങിയതാണെന്നു തോന്നും. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ നിക്ഷേപകരെ ആകർഷിക്കാനും വികസനമെത്തിക്കാനും നടത്തിയ ശ്രമങ്ങളെയും പരിപാടികളെയും ബഹിഷ്കരിച്ചവരാണ് ഇടതുപക്ഷം. അതുപോലെ ബഹിഷ്കരിക്കാൻ ഞങ്ങളില്ല. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ പ്രതിപക്ഷം പങ്കെടുക്കും, സഹകരിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ സദുദ്ദേശ്യത്തെ സ്വാഗതം ചെയ്യുന്പോഴും, കേരള വികസനത്തെക്കുറിച്ചു വ്യവസായമന്ത്രിയും സർക്കാരും നിരത്തുന്ന കണക്കുകളെ അതേപടി അംഗീകരിക്കാൻ തയാറല്ല.
കണക്കിൽ പിശകുണ്ട്
സാമൂഹികവികസനം സാധ്യമാകുന്ന വ്യവസായവളര്‍ച്ച സംസ്ഥാനത്തുണ്ടാകേണ്ടതുണ്ട്. എന്നാൽ വളർച്ചയെക്കുറിച്ചു സർക്കാർ പറയുന്നതേറെയും തെറ്റായ കണക്കുകളാണ്. മൂന്നു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നാണു സർക്കാരിന്റെ കണക്ക്. അങ്ങനെയെങ്കിൽ അതിന്റെ പൂര്‍ണമായ പട്ടിക പുറത്തുവിടട്ടെ.
പഞ്ചായത്തുകളിൽ പാര്‍ട്ടി പ്രവര്‍ത്തകരെ കോ-ഓര്‍ഡിനേറ്റര്‍മാരാക്കി സംരംഭങ്ങളുടെ പട്ടിക ശേഖരിക്കുകയാണ് സര്‍ക്കാർ ചെയ്തത്. ഈ പട്ടിക സർക്കാരിന്റെ കണക്കില്പ്പെടുത്തുകയാണു ചെയ്തതെന്നു സംശയിക്കണം. ഇപ്പോഴത്തെ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വന്നതിനു ശേഷമാണോ കേരളത്തിലെ ആളുകള്‍ പച്ചക്കറിക്കടയും പലചരക്ക് കടയും ബേക്കറിയും ബാര്‍ബര്‍ ഷോപ്പും ഐസ്ക്രീം പാര്‍ലറും ജിമ്മുമൊക്കെ തുടങ്ങിയത്?
മൂന്നു ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങിയെങ്കില്‍ ഏറ്റവും കുറഞ്ഞത് 10 ലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ 30,000 കോടി രൂപയുടെ വളര്‍ച്ച കേരളത്തിലുണ്ടാകും. ഇതു രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സംസ്ഥാന വിഹിതത്തിലും വര്‍ധനയുണ്ടാക്കും. എന്നാല്‍ രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സംസ്ഥാന വിഹിതം 2022ലും 2023ലും 3.8 ശതമാനത്തില്‍ തന്നെ മാറ്റമില്ലാതെ തുടരുകയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്.
കണക്ക് പണ്ടും മാറി
കേരളം കോവിഡ് കാലത്തെ യാഥാര്‍ഥ മരണങ്ങള് ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. 28,000 മരണങ്ങളാണ് ഒളിപ്പിച്ചുവച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള് ഉണ്ടായ രണ്ടാമത്തെ സംസ്ഥാനമാണു കേരളമെന്ന് ഇപ്പോള്‍ കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കോവിഡ് ബാധിച്ച രണ്ടാമത്തെ സംസ്ഥാനവും കേരളമാണ്. സർക്കാർ പറഞ്ഞ തെറ്റായ കോവിഡ് കണക്കുകൾക്കു സമാനമാണ് വ്യവസായവളര്‍ച്ച സംബന്ധിച്ച ഇപ്പോഴത്തെ അവകാശവാദങ്ങളും.
സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ മൂല്യം!
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷ കാലയളവുകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 254 ശതമാനമാണെന്നാണ് ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കാലയളവില്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ മൂല്യം 170 കോടി യുഎസ് ഡോളറാണ്. അതേസമയം കര്‍ണാടകത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം 1590 കോടി യുഎസ് ഡോളറും ഡല്‍ഹിയിലേത് 1130 കോടി യുഎസ് ഡോളറും മഹാരാഷ്ട്രയില്‍ 720 കോടി യുഎസ് ഡോളറും തെലുങ്കാനയില്‍ 830 കോടി യുഎസ് ഡോളറുമായിരുന്നു. ഇതാണ് കേരള സര്‍ക്കാര്‍ പറയുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം.
പൊതുമേഖലയുടെ സ്ഥിതിയെന്ത്?
കേരളത്തില്‍ വ്യവസായവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ നഷ്ടത്തിലാകുന്നവയുടെ എണ്ണം വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ നിയമസഭയില്‍ നല്കിയ ഉത്തരങ്ങളിലും ഇക്കാര്യം വ്യക്തമാണ്. 2021-22ല്‍ സംസ്ഥാനത്തെ 26 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലായിരുന്നപ്പോള്‍ 2022-23ല്‍ അത് 30 ഉം 2023 -24ല്‍ 33 ആയി ഉയര്‍ന്നു. ഈ കണക്കുകൾ സർക്കാർ പലപ്പോഴും മറച്ചുവയ്ക്കുകയാണ്.
കയര്‍, കൈത്തറി, ഖാദി, മണ്‍പാത്ര വ്യവസായം ഉള്‍പ്പെടെ കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളും കടുത്ത പ്രതിസന്ധി നേരിടുക്കുകയാണ്. പരമ്പരാഗത വ്യവസായങ്ങളെ സഹായിക്കാന്‍ യാതൊന്നും ചെയ്യാത്ത സര്‍ക്കാര്‍ കേരളത്തില്‍ വ്യവസായ വളര്‍ച്ചയുണ്ടായി എന്ന നരേറ്റീവ് ഉണ്ടാക്കുമ്പോള്‍ യാഥാർഥ്യം ജനം തിരിച്ചറിയും.
പ്രതിപക്ഷത്തിന് വികസനവിരുദ്ധ കാഴ്ചപ്പാടൊന്നുമില്ല. കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കണമെന്നു തന്നെയാണ് എക്കാലത്തും നിലപാട്. ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു പിന്തുണയുമായി ഒപ്പമുണ്ടാകും. എന്നാൽ, സർക്കാരിന്റെയും എൽഡിഎഫിന്റെയും പ്രചാരണത്തിനു കേരള വികസനത്തിന്റെ അക്കൗണ്ടിൽപ്പെടുത്തി വസ്തുതകളുമായി ബന്ധമില്ലാത്ത കണക്കുകൾ നിരത്തിയാൽ അതു ചൂണ്ടിക്കാട്ടുകയെന്ന ഉത്തരവാദിത്വം പ്രതിപക്ഷം നിർവഹിക്കുക തന്നെ ചെയ്യും.
സിജോ പൈനാടത്ത്