അഭയാർഥിപ്രശ്നവും ജർമനിയിലെ പൊതുതെരഞ്ഞെടുപ്പും
Thursday, February 20, 2025 2:50 AM IST
ജർമനിയിൽ ഞായറാഴ്ച പൊതു തെരഞ്ഞെടുപ്പു നടക്കുകയാണ്. സാധാരണ ഗതിയിൽ സെപ്റ്റംബർ 28നു നടക്കേണ്ട തെരഞ്ഞെടുപ്പ് ഏഴുമാസം മുന്പാക്കിയത് കഴിഞ്ഞ നവംബറിൽ ഭരണസഖ്യം തകർന്നതിനാലാണ്. യൂറോപ്പിലെ ഏറ്റവും ശക്തമായ സാന്പത്തികാടിത്തറയുള്ള രാജ്യമാണല്ലോ ജർമനി. അതുകൊണ്ടുതന്നെ ലോകമാകെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജർമനിയിൽ നടക്കാൻ പോകുന്നത്.
ദേശീയ, അന്തർദേശീയ വിഷയങ്ങൾ ചർച്ചാവിഷയമായിട്ടുള്ള തെരഞ്ഞെടുപ്പിൽ പ്രബുദ്ധരായ ജർമൻ ജനത എന്താണു തെരഞ്ഞെടുക്കുക എന്നതു പ്രവചനാതീതം. ദേശീയ വിഷയങ്ങളിൽ സാന്പത്തിക പ്രശ്നങ്ങളെക്കാൾ ഇപ്പോൾ പ്രാമുഖ്യം നേടിയിരിക്കുന്നതു കുടിയേറ്റവും അനുബന്ധ കാര്യങ്ങളുമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളും അവയുടെ നേതാക്കളും പ്രവർത്തനപദ്ധതികളുടെയെല്ലാം സൂക്ഷ്മമായ വിശകലനത്തിനു വിധേയമാകും.
പാർട്ടികൾ, നേതാക്കൾ
പതിവിനു വിപരീതമായി ഇത്തവണ അഞ്ച് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ചാൻസലർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ രണ്ടു പ്രബല പാർട്ടികൾ മാത്രമാണ് മുൻകൂട്ടി ചാൻസലർ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. അനേക വർഷങ്ങളായി ജർമനയിൽ മുന്നണി ഭരണമാണുള്ളത്. ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നതു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്ഡിപി), ഫ്രീ ഡെമോക്രാറ്റിക് പാർട്ടി (എഫ്ഡിപി), ഗ്രീൻ പാർട്ടി എന്നിവയുടെ സഖ്യമാണ്.
എസ്ഡിപിയുടെ ഭരണം ഇതാദ്യമായല്ല. കൂടുതൽ കാലം ജർമൻ ഭരണം കൈയാളിയിരുന്ന പാർട്ടിയാണ് ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു). ഈ പാർട്ടിയുടെ സഹോദരപാർട്ടിയാണ് ബവേറിയ സംസ്ഥാനത്തു മാത്രമുള്ള ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ. ആഞ്ചലാ മെർക്കലും ഹെൽമുട്ട് കോളും ഈ മുന്നണിയുടെ ചാൻസലർമാരായിരുന്നു. 2013ൽ ജർമനിയുടെ യൂറോപ്പനുകൂല നിലപാടുകൾക്കെതിരേ ആരംഭിച്ച ബഹുജന പാർട്ടിയാണ് ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി). തീവ്ര വലതുപക്ഷ നിലപാടുകളുള്ള ഈ പാർട്ടി ഈ തെരഞ്ഞെടുപ്പിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇവ കൂടാതെ 24 മറ്റു പാർട്ടികളും മത്സരരംഗത്തുണ്ട്.
ഭരണകക്ഷിയായ എസ്പിഡിയുടെ ചാൻസലർ സ്ഥാനാർഥി നിലവിലെ ചാൻസലർ ഒലാഫ് ഷോൾസ് തന്നെയാണ്. ഇപ്പോൾ മുന്നണിയിലുള്ള എഫ്ഡിപിയും ഗ്രാൻസ് പാർട്ടിയും തെരഞ്ഞെടുപ്പിനു ശേഷം എന്തു നിലപാടാണു സ്വീകരിക്കുക എന്നു വ്യക്തമല്ല. സാമൂഹ്യനീതി, സാന്പത്തിക സുസ്ഥിരത, കാലാവസ്ഥാ സംരക്ഷണം എന്നീ മൂന്നു ലക്ഷ്യങ്ങളാണ് എസ്പിഡി മുന്നോട്ടുവയ്ക്കുന്നത്.
മനുഷ്യത്വപരവും നിയന്ത്രിതവുമായ കുടിയേറ്റം അനുവദിക്കാം എന്ന് എസ്പിഡി വാദിക്കുന്നു. ഓരോ അഭയാർഥിയുടെയും കാര്യത്തിൽ അതിവേഗം തീരുമാനമെടുക്കും, യൂറോപ്യൻ യൂണിയന്റെ അതിർത്തികൾ ശക്തമാക്കും, മിനിമം കൂലി മണിക്കൂറിൽ 15 യൂറോ ആയി ഉയർത്തും, നികുതിഭാരം കുറയ്ക്കും, കാലാവസ്ഥയ്ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളും നൽകുന്നു.
സിഡിയു, സിഎസ്യു പാർട്ടികളുടെ സംയുക്ത ചാൻസലർ സ്ഥാനാർഥിയാണ് ഇപ്പോഴത്തെ പ്രതിപക്ഷനേതാവായ ഫ്രീഡ്റിക്ക് മെർസ്. കൂടുതൽ ശക്തവും സുരക്ഷിതവും ആധുനികവുമായ ജർമനിയാണ് ഈ പാർട്ടികളുടെ ലക്ഷ്യം. അതിനു സാഹായകമായ വിധത്തിൽ രാജ്യസുരക്ഷയും സാന്പത്തികരംഗവും, കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തുകൊണ്ടുള്ള ഗവേഷണങ്ങളും ക്രമപ്പെടുത്തും.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ആഴ്ചകളിൽ കുടിയേറ്റവും അഭയാർഥി പ്രശ്നവും ഈ പാർട്ടികൾ മുഖ്യ ചർച്ചാവിഷയമാക്കുകയുണ്ടായി. അതിർത്തികളിൽവച്ചുതന്നെ അഭയാർഥികളെ തിരിച്ചയയ്ക്കും, അതിർത്തികളിൽ നിരന്തര പരിശോധന നടത്തും, അഭയാർഥികളെ തിരിച്ചയയ്ക്കാനുള്ള കേന്ദ്രങ്ങൾ പണിയും, അതിവേഗം അവരുടെ കാര്യത്തിൽ തീരുമാനമെടുക്കും, അഭയാർഥികൾ പിന്നീട് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതു തടയും, അഭയാർഥികൾക്കുള്ള സാന്പത്തികസഹായം വെട്ടിക്കുറയ്ക്കും, കുടിയേറ്റ നിയമങ്ങൾ പരിഷ്കരിക്കും എന്നൊക്കെ ഇവർ വാഗ്ദാനം ചെയ്യുന്നു.
രാഷ്ട്രത്തിന്റെ വിവിധ മേഖലകളിൽ മൗലികമായ ദിശാമാറ്റം നിർദേശിച്ചുകൊണ്ട് രംഗത്തുവന്ന എഎഫ്ഡി വലിയ ജനപിന്തുണയാണു നേടിയിരിക്കുന്നത്. എഎഫ്ഡിയുടെ ചാൻസലർ സ്ഥാനാർഥിയാണ് അലീസെ വൈഡൽ എന്ന 46കാരി. രാജ്യാതിർത്തികൾ സുരക്ഷിതമാക്കൽ, അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കൽ എന്നിവ ഈ പാർട്ടിയുടെ മുഖ്യ അജൻഡകളിൽ പെടുന്നു. അഭയാർഥികളെ അതിർത്തികളിൽനിന്നുതന്നെ തിരിച്ചയയ്ക്കണമെന്നും കുറ്റവാളികളെ രാജ്യത്തു കയറ്റരുതെന്നും യൂറോപ്യൻ അഭയാർഥി വ്യവസ്ഥകളിൽനിന്നു ജർമനി പുറത്തുവരണമെന്നും ഇവർ വാദിക്കുന്നു.
ആറു മാസത്തിലേറെ സാമൂഹ്യസുരക്ഷാ സഹായം പറ്റുന്നവർ ജോലി ചെയ്യണം, യൂറോപ്യൻ യൂണിയനിൽനിന്ന് ജർമനി പുറത്തുവരണം, യൂറോയ്ക്കു പകരം ജർമൻ നാണയം വീണ്ടും കൊണ്ടുവരണം, റഷ്യയോട് കൂടുതൽ അടുക്കണം മുതലായവയും ഇവരുടെ ലക്ഷ്യങ്ങളാണ്.
ക്രിസ്റ്റ്യാൻ ലിൻഡ്നർ ആണ് എഫ്ഡിപിയുടെ ചാൻസലർ സ്ഥാനാർഥി. മധ്യ-ഉപരിവർഗ-വ്യവസായികളുടെ പാർട്ടിയായി അറിയപ്പെടുന്ന എഫ്ഡിപിക്ക് ലിബറൽസ് എന്നും പേരുണ്ട്. ബ്യൂറോക്രസിയുടെ വലുപ്പം കുറയ്ക്കുക, സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, വ്യക്തിസ്വാതന്ത്ര്യം വളർത്തുക, നികുതിഭാരം ഒഴിവാക്കുക, സബ്സിഡികൾ വെട്ടിക്കുറയ്ക്കുക എന്നിവ ഇവർ ലക്ഷ്യംവയ്ക്കുന്നു. കുടിയേറ്റവും അഭയാർഥിപ്രവാഹവും നിയന്ത്രിക്കണമെന്ന് ഇവരും ആവശ്യപ്പെടുന്നു. അഭയാർഥികൾക്കുള്ള സാന്പത്തികസഹായം കുറയ്ക്കുന്നതോടൊപ്പം വിദഗ്ധ തൊഴിലാളികളുടെ വരവ് അനായാസമാക്കണമെന്നും ഇവർക്ക് അഭിപ്രായമുണ്ട്. സാന്പത്തിക സുരക്ഷിതത്വവും ജനാധിപത്യ മൂല്യങ്ങളിൽ വിശ്വാസവും ഉള്ളവർക്കേ പൗരത്വം നൽകാവൂ എന്നും വാദിക്കുന്നു.
ഇപ്പോഴത്തെ ധനകാര്യമന്ത്രിയായ റോബർട്ട് ഹാബെക്ക് ആണ് ഗ്രീൻസ് പാർട്ടിയുടെ ചാൻസലർ സ്ഥാനാർഥി. സാമൂഹ്യജീവിതത്തിന്റെ പ്രകൃതിബദ്ധമായ ആധുനീകരണം, സാമൂഹ്യനീതി, യൂറോപ്പുമായുള്ള ഗാഢബന്ധം, അഭയാർഥികളെ സ്വീകരിക്കൽ എന്നിവയാണ് പാർട്ടിയുടെ ലക്ഷ്യങ്ങൾ. ഇ-കാറുകൾ, സൗരോർജം എന്നിവ പ്രോത്സാഹിപ്പിക്കും. 2035 ആകുന്പോൾ വൈദ്യുതോത്പാദനം പ്രകൃതിക്കു ക്ഷതമേൽപ്പിക്കാത്ത വിധത്തിൽ നടത്താൻ കഴിയണം.
പുതിയ സഖ്യസാധ്യതകൾ
ജർമനിയിൽ ഏറ്റവുമധികം പ്രാവശ്യം ഭരണത്തിലിരുന്നത് സിഡിയു-സിഎസ്യു, എഫ്ഡിപി സഖ്യമാണ്. എസ്പിഡി-ഗ്രീൻ പാർട്ടി സഖ്യവും ഭരണത്തിലേറിയിട്ടുണ്ട്. എഫ്ഡിപിയുമായി മുഖ്യധാരാ പാർട്ടികൾ സഖ്യത്തിനില്ല എന്നു പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സിഡിയു-സിഎസ്യു-എസ്പിഡി സഖ്യമോ സിഡിയു-പിഎസ്യു-എഫ്ഡിപി സഖ്യമോ സിഡിയു-സിഎസ്യു-ഗ്രീൻ സഖ്യമോ സിഡിയു-സിഎസ്യു-എസ്പിഡി-ഗ്രീൻ സഖ്യമോ ഉണ്ടാകാം. എസ്പിഡി-ഗ്രീൻ-ഇതര കമ്യൂണിസ്റ്റ് പാർട്ടി സഖ്യത്തിനും സാധ്യതയുണ്ട്. സിഡിയു-സിഎസ്യു-ഗ്രീൻ-എഫ്ഡിപി സഖ്യവും ഉണ്ടാകാമെന്ന് നിരീക്ഷകർ കരുതുന്നു.
അഭയാർഥികൾ തെരഞ്ഞെടുപ്പു വിഷയം
2024ൽ ജർമനിയിൽ പലതവണ ഇസ്ലാമിക ഭീകരാക്രമണങ്ങൾ ഉണ്ടായി. തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാന വിഷയമായി മാറിയതും ഇതുതന്നെയാണ്. സിറിയ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിൽനിന്നുവന്ന അഭയാർഥികളാണ് ഇവയുടെ പിന്നിൽ എന്നത് കുടിയേറ്റനയത്തെക്കുറിച്ചു മാറിച്ചിന്തിക്കാൻ രാഷ്ട്രീയ പാർട്ടികളെ പ്രേരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും അഭയാർഥികളെ അനിയന്ത്രിതമായി പ്രവേശിപ്പിച്ച ചാൻസലർ ആഞ്ചലാ മെർക്കലിനെതിരേ സ്വന്തം പാർട്ടിയിൽനിന്നുതന്നെ വിമർശനമുയർന്നു. മാൻ ഹൈം, സോളിങ്ങൻ, മാഗ്ദെ ബുർഗ് പട്ടണങ്ങളിൽ അഭയാർഥികളാണ് കത്തിയാക്രമണവും വണ്ടിയോടിച്ചുകയറ്റലും നടത്തിയത്.
ഫെബ്രുവരി 13ന് മ്യൂണിക്കിലും 15ന് ഓസ്ട്രിയയിലെ ഫില്ലാക്ക് പട്ടണത്തിലും നടന്ന ആക്രമണങ്ങളുടെ പിന്നിലും അഭയാർഥികളായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനും അഭയാർഥികൾക്കുള്ള ധനസഹായം വെട്ടിച്ചുരുക്കാനും അതിർത്തികളിൽ പരിശോധനകൾ കർശനമാക്കാനും സർക്കാർ തീരുമാനമെടുത്തതു പൊതുസമൂഹത്തിന്റെ വികാരം കണക്കിലെടുത്താണ്.
പുതിയ സർക്കാർ നേരിടാൻ പോകുന്ന ഒരു പ്രധാന പ്രശ്നം കുടിയേറ്റക്കാർ തന്നെയാകും. ജർമനിയുടെ ജനാധിപത്യ സംസ്കാരമോ പൗരബോധമോ സഹിഷ്ണുതയോ ഗ്രഹിക്കാത്തവരും അവ ഉൾക്കൊള്ളാൻ തയാറാകാത്തവരുമായ മതമൗലികവാദികൾക്കൊപ്പം ഭയരഹിതമായി ജീവിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ടാണ്, തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ അഭയാർഥികളോടുള്ള നിലപാടുകളിൽ ദിശാമാറ്റം കൊണ്ടുവരുമെന്നു രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ജെറി ജോർജ്, ബോൺ