അമ്മ
കഥാർസീസ് / ഡോ. മുഞ്ഞിനാട് പത്മകുമാർ
Tuesday, February 18, 2025 10:10 PM IST
“വിശപ്പടക്കാൻ എനിക്കെന്തെങ്കിലും തരുമായിരുന്നെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കില്ലായിരുന്നു”വെന്ന് ചാർളി ചാപ്ലിനോട് അമ്മ പറഞ്ഞതായി വായിച്ചിട്ടുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാനതു വായിച്ചത്. അക്കാലത്ത് ചാപ്ലിനെക്കുറിച്ചൊരു പാഠഭാഗമുണ്ടായിരുന്നു. മേഴ്സിടീച്ചർ അതു പഠിപ്പിക്കുമ്പോൾ മുൻവരി ബഞ്ചിന്റെ ഇങ്ങേയറ്റത്തിരുന്ന് ഒരു പതിമൂന്നു വയസുകാരൻ കരയുന്നത് ആരും കണ്ടില്ല. എന്റെ സങ്കടം മുഴുവൻ ആ അമ്മ അനുഭവിച്ച വിശപ്പിനെക്കുറിച്ചായിരുന്നില്ല; അമ്മയെക്കുറിച്ചായിരുന്നു. മുതിർന്നപ്പോൾ ഞാൻ വീണ്ടും ചാപ്ലിനെ വായിച്ചു. അപ്പോഴും ആ അമ്മ അവിടേക്കു കടന്നുവന്നു. ആത്മകഥയിലൊരിടത്തു ചാപ്ലിൻ എഴുതുന്നുണ്ട്:
“എനിക്ക് മഴയത്തു നടക്കാനാണ് ഇഷ്ടം. കാരണം ഞാൻ കരയുന്നത് ആരും കാണില്ലല്ലോ” എന്ന്. ഇതുപറഞ്ഞ സന്ദർഭമാണ് എന്നെ വീണ്ടും കരയിച്ചത്. ചാപ്ലിന്റെ അമ്മ ഭ്രാന്താശുപത്രിയിലാണ്. തന്റെ മകൻ വിഖ്യാത നടനാണെന്നും കോമാളിത്തത്തെ കവിതയാക്കിമാറ്റിയ ആളാണെന്നും അമ്മയ്ക്കറിയില്ല. എന്നും രാവിലെ ഭക്ഷണവും മരുന്നും തരാനെത്തുന്ന ആരോ ഒരാൾ. അമ്മയ്ക്കു ഭക്ഷണവും മരുന്നും കൊടുത്ത് അമ്മയെ ഒത്തിരി സ്നേഹിച്ചിട്ടാണ് ചാപ്ലിൻ ലോകത്തെ ചിരിപ്പിക്കാനായി സ്റ്റുഡിയോയിലേക്കു പോകുന്നത്. അമ്മയെ വിട്ടുപോരുമ്പോൾ കരയാതിരിക്കാനാവില്ല. കരയും. അതാരും കാണാതിരിക്കാൻ കണ്ണുകൾ തുടച്ചുകൊണ്ടേയിരിക്കും. ആ കരച്ചിൽ ആരും കാണാതിരിക്കാനാണു മഴയത്തു നടക്കാൻ ചാപ്ലിൻ എന്നും ഇഷ്ടപ്പെട്ടിരുന്നത്.
ബിരുദപഠന കാലത്താണ് ഞാൻ മറ്റൊരമ്മയെ പരിചയപ്പെട്ടത്. മാക്സിം ഗോർക്കിയുടെ ‘അമ്മ’യെ. ആ പുസ്തകം എനിക്കു നേരേ വച്ചുനീട്ടിയത് കുഞ്ഞുന്നാളിലേ അമ്മ നഷ്ടപ്പെട്ട ഗബ്രിയേൽ എന്ന മുതിർന്ന സുഹൃത്തായിരുന്നു. പുസ്തകം തന്നിട്ട് ഗബ്രിയേൽ പറഞ്ഞു: “നീ ഇതു വായിക്ക്. ഈ അമ്മയെ നിനക്കിഷ്ടപ്പെടും.” ഒരൊറ്റ രാത്രികൊണ്ട് ഞാനതു വായിച്ചുതീർത്തു. ആ രാത്രി വിളക്കണയ്ക്കാത്ത എന്റെ മുറിയുടെ വാതുക്കൽ എത്ര തവണയാണ് എന്റെ അമ്മ വന്നു മുട്ടിയതും ശാസിച്ചതും. നോവലിലെ പാവൽ വ്ലാസൊവ് എന്ന മകനേക്കാൾ എനിക്കിഷ്ടം തോന്നിയത് പിലഗേയ നീലോവ്നപ്ലാസൊവ് എന്ന അമ്മയെ ആയിരുന്നു. നോവലിന്റെ ഒടുവിലൊരിടത്ത് അമ്മ പറയുന്നുണ്ട്, “ചോരയുടെ കടലുകൾക്കു പോലും സത്യത്തെ മുക്കിക്കൊല്ലാൻ സാധ്യമല്ല” എന്ന്. ആ വാക്കുകളാണ് എന്റെ കണ്ണീർ തുടച്ചത്. ഒരു നിമിഷത്തിൽ അനേക ജന്മം ജീവിച്ച അമ്മയെ ഞാനാ ക്ലാസിക് കൃതിയിൽ പരിചയപ്പെട്ടു. മകൻ പാവലിനെ സൈബീരിയയിലേക്കു നാടുകടത്തുമ്പോൾപോലും ആ അമ്മ വിലപിക്കുന്നില്ല. ഒരു വിപ്ലവകാരിയുടെ അമ്മ അങ്ങനെ ആയിരിക്കണമെന്നു കാലം ശരിവയ്ക്കുകകൂടിയായിരുന്നു.
എംഎ ക്ലാസിൽ പഠിക്കുമ്പോഴാണ് കെ.പി. അപ്പൻ സാർ ബെർതോൾഡ് ബ്രെഹ്ത്തിന്റെ ‘മദർ കറേജി’നെക്കുറിച്ചു പറയുന്നത്. സാർ അതു പറയുന്ന പകൽ എനിക്കോർമയുണ്ട്. വെയിൽ വെയിലിനെ വിഴുങ്ങുന്ന ഒരു പകലറുതിയിലായിരുന്നു അത്. ഞാൻ പുറത്തേക്കു നോക്കി. തിളച്ച പകൽ ഒഴുകുവാനാകാതെ മുറ്റത്തു തളംകെട്ടി കിടക്കുന്നു. മാക്സിം ഗോർക്കിയുടെ ‘അമ്മ’യോളംതന്നെ ഔന്നത്യമുള്ള കഥാപാത്രമാണ് ‘മദർ കറേജി’ലെ അമ്മ എന്ന് സാർ പറഞ്ഞു. ആ അമ്മ മക്കളെയുംകൂട്ടി യുദ്ധഭൂമിയിലേക്ക് പോവുകയാണ്. ആ യാത്ര പട്ടാളക്കാർക്ക് വീഞ്ഞും വസ്ത്രങ്ങളും വിൽക്കാനാണ്. വിൽപ്പനയ്ക്കിടയിൽ ആപത്തു വന്നാൽപോലും അതൊന്നും അമ്മയെ ഭയപ്പെടുത്തുന്നില്ല. അവർ കുടുംബത്തിന്റെ നിലനിൽപ്പിനുവേണ്ടിയാണ് പോരാട്ടഭൂമിയിലേക്കു വരുന്നത്. രാജ്യങ്ങൾ തമ്മിൽ അധികാരത്തിനും വിസ്തൃതിക്കും പെരുമയ്ക്കുംവേണ്ടി പോരാടുമ്പോൾ ഒരമ്മ കുടുംബത്തിന്റെ നിലനിൽപ്പിനുവേണ്ടി പോരാടുന്നു. അമ്മയുടെ ഈ ധൈര്യമാണ് അന്ന ഫിയർലിങ് എന്ന ശരിയായ പേരിൽ നിന്ന് ‘മദർ കറേജ്’ എന്ന പേരിലേക്കു മാറ്റിയത്.
അമ്മ, ഭയത്തെ തന്റേടമാക്കി മാറ്റുന്ന കാഴ്ച കുറച്ചൊന്നുമല്ല എന്നെ അദ്ഭുതപ്പെടുത്തിയത്. ഇങ്ങനെയുള്ള അമ്മമാരാണു യഥാർഥ ചരിത്രമെഴുതുന്നത് എന്നു തോന്നിപ്പോകുന്നു.
എല്ലാ വിളക്കുമണയുമ്പോൾ ഒരു തിരി മാത്രം തെളിഞ്ഞുകത്തുന്നു എന്നൊരു സൂഫി മൊഴിയുണ്ട്. ആ തിരിവെളിച്ചമാണ് അമ്മ. ‘ദേവീമാഹാത്മ്യ’ത്തിൽ ഉത്തുംഗമായ ആ മാതൃഭാവത്തെ ആദ്യന്തം നമസ്കരിക്കുന്നത് അതുകൊണ്ടാണ്. സർവഭൂതങ്ങളിലും മാതൃരൂപത്തിൽ വർത്തിക്കുന്നവളേ എന്നാണ് സംബോധന. വിശ്വകവി ബൈറന്റെ വരികൾ ഓർമ വരുന്നു.
“ഒരിളം കാറ്റിന്റെ ശീതളസ്പർശം
ഒരു ഗ്രാമത്തടാകത്തിൻ അഗാധസ്വച്ഛത
ഒരൾത്താരയുടെ അഭയം
ഒരു കമ്പിളിപ്പുതപ്പിന്റെ ഊഷ്മളത
ഒരുവനും കേൾക്കാത്ത സ്വർഗത്തിലിരുന്ന്
കൈയുയർത്തുന്ന പ്രാർഥന -
ഇതാണ് അമ്മ.”
അമ്മയെക്കുറിച്ച് എഴുതാനിരുന്നപ്പോൾ എത്രയെത്ര അമ്മമാരാണു വാതുക്കൽ മുട്ടുന്നത്. ‘സന്താനഗോപാല’ത്തിലെ അമ്മയെ മറക്കുവതെങ്ങനെ. ഉണ്ണിയേശുവിന്റെ അമ്മ മേരിമാതാവിനെ മറക്കുവതെങ്ങനെ. മഹാത്മാഗാന്ധിയുടെ അമ്മ പുത്ലിഭായിയെ മറക്കുവതെങ്ങനെ. ശക്തിയും സൗന്ദര്യവുംകൊണ്ട് ദൈവം അനുഗ്രഹിച്ച പ്രാണൻ. അതാണ് അമ്മ. അതുകൊണ്ടാകണം ബങ്കിംചന്ദ്ര ചാറ്റർജിയെപ്പോലുള്ള ഒരു കവി രാഷ്ട്രത്തെ പിതാവ് എന്നു വിളിക്കാതെ മാതാവ് എന്നു വിളിച്ചത്. അത് മഹാത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയും പവിത്രനാമം കൂടിയാണ്.
ഒരു പകൽ ഒടുങ്ങുന്നതിനിടയിൽ ഒരു മാത്രയെങ്കിലും ഞാനുരുവിടുന്ന ഒന്നാണ് ശങ്കരാചാര്യരുടെ ‘മാതൃപഞ്ചകം’. “നിൽക്കട്ടെ പേറ്റുനോവിൻ കഥ രുചി കുറയും കാലം...” എന്നു തുടങ്ങുന്ന വരികൾ. മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വിവർത്തനം. അമ്മ അനുഭവിച്ചുതീർത്ത ദുർവാരമായ പേറ്റുനോവിന്റെ കഥയാണത്. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന രുചിക്കുറവും ശരീരശോഷണവും കൂടാതെ ഗർഭമാകുന്ന വലിയ ചുമടും അമ്മയ്ക്ക് എടുക്കേണ്ടിവരുന്നു. അതിന്റെ കൂലിപോലും തിരിച്ചുനൽകാൻ ഒരിക്കലും ഒരു മകനും കഴിയില്ല. അങ്ങനെയുള്ള അമ്മയെ നമസ്കരിക്കുന്നു എന്നാണ് ‘മാതൃപഞ്ചകം’ സ്മരിക്കുന്നത്. ‘തസ്യൈ ജനന്യൈ നമഃ’ എന്ന്.
ഇടശേരിയുടെ ‘പൂതപ്പാട്ടി’ലെ അമ്മയെക്കൂടി ഇതെഴുതി വന്നപ്പോൾ ഓർക്കാതെ വയ്യ. പൂതത്തിന്റെ തിരുമുന്പിൽ പുലരിച്ചെന്താമരപോലെനിന്ന കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടു തൊഴുതു നിൽക്കുന്ന അമ്മ.
“ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരിക പൂതമേ നീ” എന്നാണു പറയുന്നത്. ഇതു പറയുമ്പോൾ അമ്മയുടെ ശബ്ദത്തിന് ഇടർച്ചയില്ല. തളർച്ചയില്ല. ഉള്ളത് കുഞ്ഞിനോടുള്ള സ്നേഹം മാത്രമാണ്. പവിത്രമായ ആ സ്നേഹപ്രവാഹമാണ് പൂതപ്പാട്ടിലെ അമ്മ.
മഹാഭാരതത്തിൽ യക്ഷ-യുധിഷ്ഠിര സംവാദമുണ്ട്. യക്ഷൻ ചോദിക്കുന്നു, “ഭൂമിയേക്കാൾ കനമുള്ളതെന്ത്?” എന്ന്.
യുധിഷ്ഠിരൻ പറയുന്നു.
“അമ്മ.”
അമ്മ മാത്രം.