വനാവകാശ നിയമം എന്തിനായിരുന്നു?
Tuesday, February 18, 2025 12:34 AM IST
“ഏറ്റവും കൂടുതൽ മരണം നടക്കുന്നതു വനത്തിനകത്താണ്” എന്നു വനംമന്ത്രി പറയുന്പോൾ സ്വാഭാവികമായ ഒരു ചോദ്യം ഉയരുന്നുണ്ട്. വനത്തിനകത്തു താമസിക്കുന്ന ആദിവാസികളെ വന്യമൃഗങ്ങൾ കൊലപ്പെടുത്തിയാൽ അവർ സ്വാഭാവികമായും അങ്ങനെ കൊല്ലപ്പെടാൻ വിധിക്കപ്പെട്ടവരെന്നാണോ അധികാരകേന്ദ്രങ്ങൾ കരുതുന്നത് ? അല്ലെങ്കിൽ അവരുടെ മരണത്തെ വന്യമൃഗ ആക്രമണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ല എന്നാണോ?
വനത്തിനകത്തെ മരണങ്ങൾ
വനത്തിനുള്ളിൽ അതിക്രമിച്ചു കയറി സംഭവിക്കുന്ന മരണങ്ങൾക്കു സർക്കാർ ഉത്തരവാദിയല്ലെന്നു വനം മന്ത്രി പറയുന്പോൾ വീണ്ടുമൊരു സംശയം. നേര്യമംഗലം-കട്ടപ്പന സംസ്ഥാന ഹൈവേയിൽ ആന പന തള്ളിയിട്ടതിനെത്തുടർന്നു മരിച്ച എം.എ. കോളജ് വിദ്യാർഥിനി ആൻ മേരിയുടെ മരണം മന്ത്രി ഏതു വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്? കേരളത്തിന്റെ വനവിസ്തൃതി ആകെയുള്ള ഭൂപ്രകൃതിയുടെ 30% ആണന്നുള്ളതു മന്ത്രി മറന്നുപോയോ? ദേശീയ, സംസ്ഥാന, ജില്ലാ റോഡുകളിൽ നല്ലൊരു ഭാഗം വനത്തിനകത്തുകൂടിയാണു കടന്നുപോകുന്നത്. ഈ റോഡുകൾ വനമാണോ? അങ്ങനെയെങ്കിൽ അതുകൂടി വിശദീകരിക്കേണ്ടിവരും.
ആന കൊന്നതും ആനയെ കൊന്നതും
മൂന്നുവർഷത്തിനിടെ രാജ്യത്ത് ആനകൾ കൊന്നതും ആനകളെ കൊന്നതുമായ കണക്കുകൾ ആവശ്യപ്പെട്ട പ്രമോദ് തിവാരി എംപിക്ക് ഈ മാസം 13ന് കേന്ദ്ര വനംമന്ത്രി പാർലമെന്റിൽ നല്കിയ മറുപടി സംസ്ഥാന വനംമന്ത്രി അറിയണം. 2021-22ൽ 549, 2022-23ൽ 605, 2023-24ൽ 629. ആകെ 1783. എന്നാൽ രാജ്യത്തെ മുപ്പതിനായിരത്തോളം വരുന്ന കാട്ടാനകളിൽ ചരിഞ്ഞത് 341. അതിൽ വേട്ടയാടലിൽ കൊല്ലപ്പെട്ടത് വെറും 27. ട്രെയിൻ ഇടിച്ച് 47, ഷോക്കടിച്ച് 256, വിഷം ഉള്ളിൽചെന്ന് 11 എന്നിങ്ങനെയാണു മറ്റു കണക്ക്. ഇതെല്ലാം കർഷകന്റെ തലയിൽ കെട്ടിവയ്ക്കാനാണോ നമ്മുടെ മന്ത്രിയുടെ ഉദ്ദേശ്യം? വസ്തുത ഇതായിരിക്കെ പഠിച്ചിട്ടു വേണം അധികാരികൾ പ്രസ്താവന നടത്താൻ. മരിച്ചതിൽ ബഹുഭൂരിപക്ഷവും ആദിവാസി, ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണന്നുള്ളത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
പുനരധിവാസം, അവകാശലംഘനം
രക്ഷപ്പെടുത്താനെന്ന പേരിൽ സർക്കാർ കൊണ്ടുവന്ന ‘സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി’ പ്രകാരം നൂറുകണക്കിന് കുടുംബങ്ങളാണു വനത്തിനുള്ളിലെ അധിവാസപ്രദേശത്തുനിന്ന് അവരുടെ സകല പൈതൃകങ്ങളും അവകാശങ്ങളും ഉപേക്ഷിച്ച് ഇറങ്ങിയത്.
വയനാട് ജില്ലയിൽ മാത്രം 14 സെറ്റിൽമെന്റുകളിലെ 645 കുടുംബങ്ങളിൽ 320 കുടുംബങ്ങളെ വനത്തിൽനിന്നു മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് 2024 ജൂൺ 12ന് വനം മന്ത്രി നിയമസഭയിൽ കൊടുത്ത രേഖയിൽ പറയുന്നു. ബാക്കിയുള്ള കുടുംബങ്ങളുടെ ഒഴിപ്പിക്കൽ നടപടി നടന്നുവരുന്നു. ഇതുതന്നെയാണു മറ്റ് ജില്ലകളിലെയും സ്ഥിതി. ആദിവാസിസമൂഹത്തിന്റെ സകല അവകാശങ്ങളും പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കാൻ പാർലമെന്റ് പാസാക്കിയ നിയമമാണ് 2006ലെ വനാവകാശ നിയമമെന്ന് എന്തേ അധികാരികൾ മനസിലാക്കാതെ പോകുന്നു. സംരക്ഷിക്കാൻ കഴിവില്ലാത്തവർ കണ്ടുപിടിച്ച കുറുക്കുവഴിയാണോ ‘ഒഴിപ്പിക്കൽ’ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
വനാവകാശ നിയമത്തിന്റെ ലക്ഷ്യങ്ങൾ
കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ ഇന്ത്യയിലെ പങ്കാളിത്ത വനപരിപാലന നയങ്ങൾ, നിയമങ്ങൾ, വനനയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഫോറസ്റ്റ് മാനേജ്മെന്റ് നയങ്ങൾ വനാവകാശ നിയമം 2006 പ്രാബല്യത്തിൽ വരുന്നതുവരെ വനങ്ങളുമായുള്ള ആദിവാസികളുടെ സഹവർത്തിത്വബന്ധത്തെ അംഗീകരിച്ചിരുന്നില്ല. 2006ലെ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾതന്നെ വനവാസിസമൂഹത്തിനു സംഭവിച്ച ചരിത്രപരമായ അനീതി ഇല്ലാതാക്കൽ, വനവാസികളായ പട്ടികവർഗക്കാരുടെയും മറ്റു പരമ്പരാഗത വനവാസികളുടെയും ഭൂവുടമസ്ഥതയും ഉപജീവനവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുക, സുസ്ഥിരമായ ഉപയോഗത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി വനാവകാശ ഉടമകളുടെ ഉത്തരവാദിത്തങ്ങളും അധികാരങ്ങളും ഉൾപ്പെടുത്തി വനങ്ങളുടെ സംരക്ഷണവ്യവസ്ഥ ശക്തിപ്പെടുത്തുക എന്നിവയൊക്കെയായിരുന്നു.
വനങ്ങളിലെ മേച്ചിൽ, മീൻപിടിത്തം, ജലാശയങ്ങളിലേക്കുള്ള പ്രവേശനം, ജൈവവൈവിധ്യത്തിലേക്കുള്ള പ്രവേശനം, ബൗദ്ധികസ്വത്തവകാശം, പരമ്പരാഗത അറിവുകൾ എന്നിവയ്ക്കുള്ള അവകാശം, പരമ്പരാഗത ആചാരപരമായ അവകാശങ്ങൾ അംഗീകരിക്കൽ, വനം സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള അവകാശങ്ങൾ. ആ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായും വികസന ആവശ്യങ്ങൾക്കായും വനഭൂമി അനുവദിക്കുന്നതിനുള്ള അവകാശം എന്നിവയും നിയമം ഉറപ്പുനൽകിയിരുന്നു. ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, സെറ്റിൽമെന്റ് എന്നിവയിലെ ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശവും സുതാര്യതയും സംബന്ധിച്ച 2013ലെ നിയമം (Right to Fair Compensation and Transparency in Land Acquisition, Rehabilitation and Settlement Act, 2013) കുടിയൊഴിപ്പിക്കലിൽനിന്ന് ആദിവാസികൾക്ക് സംരക്ഷണം ഉറപ്പുവരുത്തിയിട്ടുമുണ്ട്. എന്നിട്ടും ഇവിടെ ഒഴിപ്പിക്കാനാണ് തിരക്ക്.
പന്തപ്ര നൽകുന്ന പാഠം
എറണാകുളം ജില്ലയിൽ, കുട്ടമ്പുഴ വില്ലേജിലെ പന്തപ്ര ആദിവാസി സെറ്റിൽമെന്റ് പദ്ധതി സർക്കാർ നടപ്പാക്കിത്തുടങ്ങിയത് 2010ലാണ്. അന്ന് 100 കുടുംബങ്ങളെയാണു വാരിയം സെറ്റിൽമെന്റിൽനിന്നു സർക്കാർ പുനരധിവാസത്തിനായി ഇറക്കിക്കൊണ്ടുവന്നത്. ഓരോ കുടുംബത്തിനും രണ്ട് ഏക്കർ ഭൂമിയും വീടും വീട്ടുപകരണങ്ങളുണ്ടാക്കാൻ രണ്ടു തേക്കുമരങ്ങളും പൊതുവായിട്ടുള്ള മറ്റ് അടിസ്ഥാനസൗകര്യങ്ങളുമായിരുന്നു വാഗ്ദാനം. 15 വർഷം കഴിഞ്ഞിട്ടും പുനരധിവാസം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അന്നത്തെ നൂറിൽ 62 കുടുബങ്ങൾ മാത്രമേ സർക്കാരിന്റെ കനിവിനായി കാത്തുനിന്നുള്ളൂ. ബാക്കിയുള്ളവർ തിരിച്ചുപോയി.
170 ഏക്കർ ഭൂമി കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനും 26 ഏക്കർ അടിസ്ഥാന വികസനത്തിനുമായി കണ്ടെത്തിയെങ്കിലും ഇതുവരെ ആ ഭൂമിയിലെ മരങ്ങൾ വെട്ടിമാറ്റാനായിട്ടില്ല. ഇപ്പോഴും സർക്കാർ ഉത്തരവിനു കാക്കുകയാണ്. ഇക്കാലമത്രയും പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയും മറതീർത്തും മരം വീഴുമെന്ന ഭീതിയിലും അവിടെ കഴിഞ്ഞുകൂടിയ കൈക്കുഞ്ഞുങ്ങൾ അടക്കമുള്ള ആദിവാസികളുടെ പൗരാവകാശങ്ങളെക്കുറിച്ചു സംസാരിക്കാൻ ഇവിടെ അധികാരികളോ പൗരപ്രമുഖരോ ഇല്ലാതെപോയി. ഒരു തലമുറയ്ക്കു ലക്ഷ്യം കാണാനായില്ലെങ്കിലും ഇപ്പോൾ വീടുകളുടെ നിർമാണം പൂർത്തിയായിവരുന്നു എന്നുള്ളതാണ് ആശ്വാസം.
അംഗീകരിക്കാത്ത കേന്ദ്രനിയമങ്ങൾ
വന്യജീവിസംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നു പറഞ്ഞ് അലമുറയിടുന്ന സർക്കാർ, മനുഷ്യന്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ നിലവിലുള്ള കേന്ദ്രനിയമങ്ങൾ എത്രയെണ്ണം നടപ്പാക്കുന്നുണ്ട് എന്നുകൂടി പറയേണ്ടതുണ്ട്. രത്ലം മുനിസിപ്പൽ കോർപറേഷൻ കേസിൽ സുപ്രീംകോടതി എടുത്തുപറഞ്ഞു, “ഓരോ പൗരന്റെയും വിലപ്പെട്ട ജീവൻ പൊതിഞ്ഞ് സംരക്ഷിക്കാൻ ജില്ലാ കളക്ടർമാർക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന പദവിയിൽ കൊടുത്തിരിക്കുന്ന സവിശേഷ അധികാരമാണ് CrPC 133 (ബിഎൻഎസ് എസ് 152) എന്ന്”. അതിനെ വന്യജീവിസംരക്ഷണ നിയമം പോലെയുള്ള സ്പെഷൽ റൂൾസ് കൊണ്ട് പ്രതിരോധിക്കാൻ ശ്രമിക്കരുതെന്നു കോടതി പ്രത്യേകം പരാമർശിക്കുകയും ചെയ്തു.
IPC 96 മുതൽ 106 വരെ (ബിഎൻഎസ് 34-44) സ്വയം പ്രതിരോധത്തിനുള്ള വകുപ്പുകളാണ്. ഇവിടെ ആത്മരക്ഷയ്ക്കായി ഒരുവൻ മറ്റൊരാളെ കൊന്നാൽ പോലും നിയമം ആ വ്യക്തിക്ക് ശിക്ഷയിൽ ഇളവുകൾ അനുവദിക്കുന്നു. എന്നാൽ, മനുഷ്യനു പകരം ഒരു വന്യമൃഗത്തെ കൊന്നാൽ ആ ആനുകൂല്യം ഇല്ലതാനും. 1972ലെ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്നവർ എന്തേ അക്കാര്യത്തിൽ മറ്റ് നിയമങ്ങൾ നടപ്പാക്കുന്നില്ല.
വനംവകുപ്പിന് ഈ കൊലപാതകങ്ങളുടെയൊക്കെ ഉത്തരവാദിത്വത്തിൽനിന്ന് ഒരു കാരണവശാലും ഒഴിഞ്ഞുമാറാനാവില്ലെന്നും ഈ മരണങ്ങളിലൊക്കെ സർക്കാരിൽ Strict Lability Rule ബാധകമാണെന്നും കോടതികൾ പലതവണ ആവർത്തിച്ചിട്ടും സർക്കാർ മൗനം പാലിക്കുകയല്ലേ? ഇത്തരം മരണങ്ങളിൽ ഡിഎഫ്ഒയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതികൾ പറഞ്ഞിട്ടും വർഷം നൂറിനു മുകളിൽ മരണം നടക്കുന്ന കേരളത്തിൽ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെതിരേ കേസെടുത്തിട്ടുണ്ടോ?