നിർമിതബുദ്ധിയുടെ ധാർമികത
ഡോ. രഞ്ജിത് ചക്കുംമൂട്ടിൽ
Sunday, February 16, 2025 11:35 PM IST
‘അന്തീക്വാ എത് നോവ: നിർമിതബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്’ എന്ന പേരിൽ, വിശ്വാസ തിരുസംഘവും വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള തിരുസംഘവും ചേർന്ന് ജനുവരി 28ന് പുതിയ പ്രമാണരേഖ പുറത്തിറക്കി. “ആധുനികലോകത്തിൽ എഐ ഉയർത്തുന്ന മാനുഷികവും (anthropological) ധാർമികവുമായ (moral) വെല്ലുവിളികളെ അഭിസംബോധന ചെയ്യുക” എന്ന ലക്ഷ്യത്തോടെയാണ് ഈ രേഖ കത്തോലിക്ക സഭ പുറത്തിറക്കിയത്. കത്തോലിക്കാ ദൈവശാസ്ത്ര വീക്ഷണത്തിൽ നിർമിത ബുദ്ധിയുടെ (എഐ) ധാർമികവും മാനുഷികവുമായ പ്രത്യാഘാതങ്ങളെ ഈ പ്രമാണ രേഖ അഭിസംബോധന ചെയ്യുന്നു. ഇതിന് സകാരാത്മകവും ഋണാത്മകവുമായ പ്രത്യാഘാതങ്ങളുണ്ടെന്നു സഭ വിലയിരുത്തുന്നു. മനുഷ്യന്റെ അന്തസ്, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപരമായ ഉപയോഗം, പൊതുനന്മയുടെ ഉന്നമനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന സഭയുടെ ദാർശനികവും ദൈവശാസ്ത്രപരവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ് ഈ പ്രമാണരേഖ. മനുഷ്യന്റെ വ്യക്തിത്വം, ധാർമിക ഉത്തരവാദിത്വം, സമൂഹത്തിന്റെ ഭാവി എന്നിവയെക്കുറിച്ചു പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തിയ നിർമിത ബുദ്ധിയുടെ ദ്രുതഗതിയിലുള്ള പുരോഗതികളെ ഈ രേഖ വിമർശനബുദ്ധിയോടെ വിശകലനം ചെയ്യുന്നു.
മനുഷ്യകേന്ദ്രീകൃതമാകണം
മനുഷ്യന്റെ പുരോഗമനം കൂടുതൽ കാര്യക്ഷമമാക്കാനോ, ദുരുപയോഗം ചെയ്താൽ ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കാനോ കഴിയുന്ന ശക്തമായ ഒരു ഉപകരണമായാണ് സഭ എഐയെ കാണുന്നത്. മനുഷ്യന്റെ അന്തസിനെ ബഹുമാനിക്കുകയും നീതി പ്രോത്സാഹിപ്പിക്കുകയും സമഗ്രമായ മനുഷ്യവികസനം വളർത്തുകയും ചെയ്യുന്ന വിധത്തിൽ എഐയുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമതുലിതമായ സമീപനമാണ് ഈ പ്രമാണരേഖ ആവശ്യപ്പെടുന്നത്. എഐ ചെയ്യുന്നതുപോലെ, മനുഷ്യബുദ്ധിയെ വെറും പ്രവർത്തനക്ഷമതയിലേക്കുമാത്രം ചുരുക്കുന്നതിന്റെ അപകടങ്ങൾക്കെതിരേയും ഈ രേഖ മുന്നറിയിപ്പു നൽകുന്നു. കൂടാതെ, സാങ്കേതികവിദ്യകളോട് മനുഷ്യകേന്ദ്രീകൃതമായ സമീപനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഈ രേഖ ഊന്നിപ്പറയുന്നു. ആറ് വിഭാഗങ്ങളിലായി 117 ഖണ്ഡികകളും 215 അടിക്കുറിപ്പുകളും ഈ രേഖയ്ക്കുണ്ട്.
അനന്തസാധ്യതകൾ
1. ദൈവത്തിന്റെ സമ്മാനമായ മനുഷ്യബുദ്ധിയുടെ അനന്തസാധ്യതകളുടെ വിശാലമായ പശ്ചാത്തലത്തിലാണ് എഐയെക്കുറിച്ചുള്ള ചർച്ചകൾ ഈ പ്രമാണരേഖ ആരംഭിക്കുന്നത്. ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതികൾ സർവസൃഷ്ടികളുടെയും സംരക്ഷണത്തിനും പൊതുനന്മയ്ക്കുംവേണ്ടി, ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുകയാണെങ്കിൽ, സഭ അതിന് സമ്പൂർണമായ പിന്തുണ നൽകുമെന്ന് ഈ രേഖ സൂചിപ്പിക്കുന്നു. അതേസമയം, മനുഷ്യബുദ്ധിയെ അനുകരിക്കാനും മനുഷ്യന്റെ മൗലികമായ സർഗസൃഷ്ടികൾക്ക് പകരമാകാവുന്ന പുതിയ ഉള്ളടക്കങ്ങൾ (artifacts) സൃഷ്ടിക്കാനും സ്വയം തീരുമാനങ്ങൾ എടുക്കാനും പ്രവർത്തിക്കാനുമുള്ള എഐയുടെ കഴിവിനെക്കുറിച്ചുമുള്ള ആശങ്കകൾ ഈ രേഖ ഉയർത്തുന്നു. ഇത് പൊതുവ്യവഹാരങ്ങളിൽ ധാർമിക പ്രതിസന്ധികളിലേക്കും സത്യത്തിനെതിരായ പ്രതിസന്ധിയിലേക്കും നയിച്ചേക്കാം.
കൂടുതൽ വ്യക്തിപരത
2. നിർമിതബുദ്ധി എന്താണ് എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന രണ്ടാമത്തെ ഭാഗം 1956-ലെ ഡാർട്ട്മൗത്ത് വർക്ക്ഷോപ്പിലേക്കും അതിനെത്തുടർന്നുള്ള എഐയുടെ പരിണാമത്തിലേക്കും വെളിച്ചം വീശുകയും എഐയെക്കുറിച്ചു ചരിത്രപരമായ അവലോകനം നൽകുകയും ചെയ്യുന്നു. നിർദിഷ്ട ജോലികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ‘Narrow AI’യും മനുഷ്യന്റെ വൈജ്ഞാനിക കഴിവുകളുമായി പൊരുത്തപ്പെടുന്നതോ അതിനെ മറികടക്കുന്നതോ ആയ ‘ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്’(AGI) എന്ന ലക്ഷ്യവും ഇവിടെ ചർച്ചയ്ക്ക് വിഷയമാക്കുന്നു. മനുഷ്യബുദ്ധിയെ എഐയുമായി തുലനംചെയ്യുന്ന പ്രവർത്തനവാദ വീക്ഷണത്തെ (functionalist view) ഈ രേഖ വിമർശിക്കുന്നുണ്ട്. കാരണം, മനുഷ്യബുദ്ധി എന്നത് വെറും പ്രവൃത്തികളുടെ പ്രകടനത്തേക്കാൾ കൂടുതൽ വ്യക്തിപരത ഉൾക്കൊള്ളുന്നുവെന്ന് ഈ രേഖ ഊന്നിപ്പറയുന്നു. അതിൽ സർഗാത്മകത, വികാരങ്ങൾ, ധാർമിക വിവേചനബുദ്ധി, മനുഷ്യർ തമ്മിലുള്ള പരസ്പരബന്ധങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ക്രിസ്തീയ അവബോധം
3. ദാർശനിക - ദൈവശാസ്ത്ര പാരമ്പര്യങ്ങളിൽ വേരൂന്നിയ മനുഷ്യബുദ്ധിയെക്കുറിച്ചുള്ള ക്രിസ്തീയ അവബോധത്തെ അപഗ്രഥനം ചെയ്യുകയാണ് മൂന്നാം ഭാഗം. മനുഷ്യന്റെ യുക്തിബോധം, ശാരീരികഭാവം (embodiment), ബന്ധങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ മനുഷ്യബുദ്ധി എന്നത് കേവലം പ്രവർത്തനക്ഷമത മാത്രമല്ല, മറിച്ചു മനുഷ്യവ്യക്തിയുടെ ആത്മീയ, വൈകാരിക, സാമൂഹികമാനങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ രേഖ ഊന്നിപ്പറയുന്നു. ബുദ്ധിയെക്കുറിച്ചുള്ള സഭയുടെ വീക്ഷണം സമഗ്രമാണ്. യുക്തി, മനുഷ്യന്റെ ഇച്ഛാശക്തി, സത്യം കണ്ടെത്താനുള്ള മനുഷ്യന്റെ അഭിവാഞ്ഛ, നന്മ, സൗന്ദര്യം എന്നിവയെ സമന്വയിപ്പിക്കുന്ന വീക്ഷണമാണിത്.
ധാർമിക ഉത്തരവാദിത്വം
4. എഐയുടെ വികസനത്തിലും ഉപയോഗത്തിലും ഉണ്ടാവേണ്ട ധാർമിക ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം രേഖയുടെ നാലാംഭാഗത്ത് പരിഗണിക്കപ്പെടുന്നു. എഐ മനുഷ്യപുരോഗതിക്കു ശക്തമായ ഉപകരണമാകുമ്പോഴും അത് എല്ലായ്പ്പോഴും സമൂഹത്തിന്റെ പൊതുനന്മയ്ക്കും മനുഷ്യന്റെ അന്തസിനോടുള്ള ആദരവിനും ഉപകരിക്കുമെന്ന് ഉറപ്പാക്കാൻ ഇതിന്റെ നിർമാതാക്കൾക്കും ഗുണഭോക്താക്കൾക്കും കടമയുണ്ട്. മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം (surveillance), കൃത്രിമത്വം (manipulation), മനുഷ്യവിഭവശേഷിയുടെ ക്ഷയം (erosion of human agency) എന്നിവപോലുള്ള ദോഷകരമായ കാര്യങ്ങൾക്കായി എഐ ദുരുപയോഗം ചെയ്യുന്നതിനെതിരേയും ഈ പ്രമാണരേഖ മുന്നറിയിപ്പു നൽകുന്നു. എഐ സംവിധാനങ്ങളുടെ രൂപകൽപ്പനയിലും വിന്യാസത്തിലും സുതാര്യത, ഉത്തരവാദിത്വം, മനുഷ്യാവകാശ സംരക്ഷണം എന്നിവ ഏറ്റവും ആവശ്യമാണെന്ന മുന്നറിയിപ്പും രേഖ നൽകുന്നുണ്ട്.
പ്രായോഗിക വെല്ലുവിളി
5. എഐ ധാർമിക വെല്ലുവിളികൾ ഉയർത്തുന്ന നിരവധി പ്രായോഗിക മേഖലകളെ അഭിസംബോധന ചെയ്യുകയാണ് അഞ്ചാം ഭാഗത്ത്.
എഐയും സമൂഹവും: സമഗ്രമായ മനുഷ്യവികസനം പ്രോത്സാഹിപ്പിക്കാനുള്ള കഴിവ് എഐയ്ക്കുണ്ട്, എന്നാൽ അസമത്വവും സാമൂഹികവിഘടനവും വർധിപ്പിക്കുന്നതിനുള്ള സാധ്യതയും എഐയ്ക്കുണ്ട്.
എഐയും മനുഷ്യബന്ധങ്ങളും: എഐക്ക് ബന്ധങ്ങൾ സുഗമമാക്കാൻ കഴിയുമെങ്കിലും വ്യക്തിഗത വളർച്ചയ്ക്കും സമൂഹനിർമാണത്തിനും അത്യന്താപേക്ഷിതമായ ആധികാരിക മനുഷ്യബന്ധങ്ങൾക്കു ബദലാകാൻ അതിനു കഴിയില്ല.
എഐ, സമ്പദ്വ്യവസ്ഥ, തൊഴിൽ: എഐക്ക് ഉത്പാദനക്ഷമത വർധിപ്പിക്കാൻ കഴിയും, പക്ഷേ തൊഴിൽനഷ്ടത്തിനും മനുഷ്യാധ്വാനത്തിന്റെ മൂല്യത്തകർച്ചയ്ക്കും അത് കാരണമായേക്കാം. തൊഴിലാളികളെ സംരക്ഷിക്കുകയും, എഐ മനുഷ്യജോലിക്ക് ബദൽ ആകുന്നതിനു പകരം, മനുഷ്യജോലിക്ക് പൂരകമാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന നയങ്ങൾ ഈ രേഖ ആവശ്യപ്പെടുന്നു.
എഐയും ആരോഗ്യസംരക്ഷണവും: എഐക്ക് ആരോഗ്യരംഗത്ത് രോഗനിർണയവും ചികിത്സയും മെച്ചപ്പെടുത്താൻ കഴിയും, പക്ഷേ, രോഗികളും ആരോഗ്യപ്രവർത്തകരും സേവനദാതാക്കളും തമ്മിലുള്ള വ്യക്തിബന്ധത്തിന് എഐ ഒരിക്കലും പകരമാകില്ല.
എഐയും വിദ്യാഭ്യാസവും: എഐക്ക് വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താൻ കഴിയും, പക്ഷേ വിമർശനാത്മക ചിന്താശേഷി വളർത്തുന്നതിലും ധാർമികതാ രൂപീകരണത്തിലും അധ്യാപകരുടെ പങ്കിനും അധ്യാപക-വിദ്യാർഥി ബന്ധത്തിനും അത് പകരമാകരുത്.
എഐ വഴി തെറ്റായ വിവരങ്ങൾ, അതിവിദഗ്ധമായ വ്യാജ നിർമിതികൾ (Deep Fake), ദുരുപയോഗം: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനോ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നതിനോ എഐ ഉപയോഗിക്കുന്നതിനെതിരേ ഈ രേഖ മുന്നറിയിപ്പു നൽകുന്നു. അതോടൊപ്പം, ജാഗ്രതയും ധാർമികതയിൽ ഊന്നിയ നിയമ-നിയന്ത്രണങ്ങളും ഇക്കാര്യങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്.
എഐ, സ്വകാര്യത, നിരീക്ഷണം: എഐയിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെ സ്വകാര്യവിവരങ്ങളുടെ നിരീക്ഷണത്തിന്റെയും വിവരശേഖരണത്തിന്റെയും പശ്ചാത്തലത്തിൽ സ്വകാര്യതയും മനുഷ്യന്റെ അന്തസും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ രേഖ ഊന്നിപ്പറയുന്നു.
എഐയും നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണവും: പരിസ്ഥിതി സുസ്ഥിരതയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ എഐക്ക് സാധിക്കും, അതേസമയം ഇത് ഗണ്യമായ തോതിൽ വിഭവങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇവയുടെ ഉപയോഗത്തിന് സന്തുലിതമായ സമീപനം ആവശ്യമാണ്.
എഐയും യുദ്ധവും: എഐ ഉപയോഗത്തിലൂടെ സ്വയം നിയന്ത്രണ കഴിവുകളുള്ള ആയുധങ്ങൾ നിർമിക്കുന്നത് ധാർമികതയ്ക്ക് നിരക്കാത്തതും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതുമാണെന്ന് ഈ രേഖ മുന്നറിയിപ്പ് നൽകുകയും അതിനെ അപലപിക്കുകയും ചെയ്യുന്നു.
എഐയും ദൈവവുമായുള്ള നമ്മുടെ ബന്ധവും: ദൈവവുമായുള്ള മനുഷ്യന്റെ വ്യക്തിബന്ധത്തിന് എഐ ഒരിക്കലും പകരമാവില്ല. അതുകൊണ്ടുതന്നെ എഐയെ വിഗ്രഹവത്കരിച്ച് സാങ്കേതികവിദ്യയിലൂടെ മനുഷ്യന്റെ ജീവിതസാക്ഷാത്കാരം പൂർത്തീകരിക്കാനുള്ള പ്രലോഭനത്തിനെതിരേയും രേഖ മുന്നറിയിപ്പ് നൽകുന്നുണ്ട്.
‘ഹൃദയത്തിന്റെ ജ്ഞാനം’
6. എഐയുടെ യുഗത്തിൽ മനുഷ്യന്റെ ബുദ്ധിശക്തിയെയും ജ്ഞാനത്തെയുംകുറിച്ചുള്ള പുതുക്കിയ വിലയിരുത്തലിനും ഗുണഗ്രഹണത്തിനും ആഹ്വാനം ചെയ്തുകൊണ്ടാണ് രേഖ ഉപസംഹരിക്കപ്പെടുന്നത്. യഥാർഥ പുരോഗതി അളക്കപ്പെടുന്നത് സാങ്കേതികപുരോഗതിയിലൂടെ മാത്രമല്ല, മറിച്ച് മനുഷ്യന്റെ അഭിവൃദ്ധിക്കും നീതിക്കും പൊതുനന്മയ്ക്കും അവ എത്രത്തോളം സംഭാവന ചെയ്യുന്നു എന്നതിലൂടെയുമാണെന്ന് രേഖ ഊന്നിപ്പറയുന്നു. യുക്തി, ധാർമികത, ആത്മീയത എന്നിവ സമന്വയിപ്പിക്കുന്ന ‘ഹൃദയത്തിന്റെ ജ്ഞാനം’ പ്രോത്സാഹിപ്പിക്കുക വഴി, സഭ എഐയുടെ ഉത്തരവാദിത്വപരമായ ഉപയോഗവും അതിലൂടെ കൈവരുന്ന ലോക സമാധാനം, ഐക്യദാർഢ്യം, മനുഷ്യവ്യക്തിയുടെ സമഗ്രവികസനം എന്നിവയും ലക്ഷ്യംവയ്ക്കുന്നു.
സമഗ്രമായ വഴികാട്ടി
കത്തോലിക്ക സഭയിലെ അംഗങ്ങൾക്കു മാത്രമല്ല, സന്മനസുള്ള എല്ലാ ആളുകൾക്കും എഐ ഉയർത്തുന്ന ധാർമിക വെല്ലുവിളികളെ മറികടക്കാൻ സമഗ്രമായ ഒരു വഴികാട്ടിയായി ഈ പ്രമാണരേഖ മാറും എന്നതിൽ സംശയമില്ല. സഭയുടെ സമ്പന്നമായ ദാർശനികവും ദൈവശാസ്ത്രപരവുമായ പാരമ്പര്യത്തിൽ വേരൂന്നിയ, സാങ്കേതികവിദ്യയോടുള്ള മനുഷ്യകേന്ദ്രീകൃത സമീപനത്തിന് ഈ രേഖ ആഹ്വാനം ചെയ്യുന്നു. കൂടാതെ, പൊതുനന്മയെ സേവിക്കുന്നതിനും മനുഷ്യന്റെ അന്തസ് സംരക്ഷിക്കുന്നതിനും കൂടുതൽ നീതിയുക്തവും അനുകമ്പയുള്ളതുമായ ഒരു ലോകം വളർത്തിയെടുക്കുന്നതിനും എഐ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും രേഖ ഊന്നിപ്പറയുന്നു. വിശ്വാസവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന് ചിന്തിക്കുന്ന ലോകത്തോട്, ആധുനികശാസ്ത്രത്തിന്റെ വളർച്ചയെക്കുറിച്ചും സമൂഹത്തിലുള്ള അതിന്റെ സ്വാധീനത്തെക്കുറിച്ചും സഭയുടെ സമീപനം എത്രമാത്രം തുറവി ഉള്ളതും സകാരാത്മകവുമാണെന്ന് തെളിയിക്കുക കൂടിയാണ് ഈ പുതിയ പ്രബോധനം.