കോൺഗ്രസിനു വേണം തീവ്രരാഷ്ട്രീയ പരിചരണം
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Sunday, February 16, 2025 11:29 PM IST
നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം നയിച്ച, രാജ്യത്തെ പഴക്കംചെന്ന പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പിറകോട്ടടിക്കുകയാണ്. ഒരുപക്ഷേ, ഒരു സീറ്റ് പോലും ലഭിക്കാത്ത ഡൽഹിയിലാവും അവരുടെ ഏറ്റവും മോശം പ്രകടനം. മൂന്നാം തവണയും ആവർത്തിച്ച സന്പൂർണതോൽവി. ഡൽഹിയിലാകെ ഒരു സീറ്റിൽ-കസ്തൂർബനഗർ- മാത്രമാണവർക്കു രണ്ടാംസ്ഥാനത്തെത്താൻപോലും കഴിഞ്ഞതെന്ന വസ്തുത മഹത്തായ പാർട്ടിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഏറെ ചർച്ചകൾക്കിടയാക്കുന്നുണ്ട്.
ഭാരതീയ ജനതാ പാർട്ടിയെയും മറ്റു വർഗീയ ശക്തികളെയും പരാജയപ്പെടുത്താൻ മതേതര പാർട്ടികൾ ചേർന്ന് രൂപീകരിച്ച ‘ഇന്ത്യ’ സഖ്യത്തിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രസിഡന്റ് മല്ലാകാർജുൻ ഗാർഖെ സഖ്യത്തിന്റെയും തലസ്ഥാനത്തെ ദയനീയ ചിത്രമാണു പ്രദർശിപ്പിച്ചത്. ഇതു പലരിലും ആശങ്കയുണ്ടാക്കി. ആരോഗ്യകരമായ പുനഃസംഘടനയ്ക്കുശേഷം ഭാവിയിലെ പോരാട്ടങ്ങൾക്കായി സമർഥമായ നേതൃത്വത്തിന്റെ കീഴിൽ രാഷ്ട്രീയപരിചരണത്തിനായുള്ള പ്രത്യേക ഐസിയുവിലേക്ക് നീങ്ങേണ്ടതുണ്ട്. രാജ്യത്തിന് മുന്നിൽ വരുന്ന പുതിയ വെല്ലുവിളികളെ നേരിടാൻ അനുയോജ്യമായ പ്രത്യയശാസ്ത്രത്തോടുകൂടിയുള്ള നിലനിൽപ്പിന് ഇത് അത്യന്താപേക്ഷിതമായ ചുവടുവയ്പാണ്.
പാർട്ടിയുടെ ആ പുതിയ നേതൃത്വം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ഇന്ത്യ മുന്നണിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് മറ്റു പാർട്ടികളുമായി കൊടുക്കൽ-വാങ്ങൽ രീതിയിൽ ഐക്യത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. പരിമിതികളുള്ള നേതൃത്വവും കുറഞ്ഞ പിന്തുണയും കണക്കിലെടുത്ത് പാർട്ടിയുടെ പുതുതായി വരുന്ന നേതൃത്വം എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. പാർട്ടി ഹൈക്കമാൻഡ് ഭരിച്ചുകൊള്ളും എന്നു പ്രതീക്ഷിക്കുന്നത് രാഷ്ട്രീയ അതിജീവനത്തിന് യോജിച്ച സംവിധാനമല്ല. നിലവിലുള്ള നേതൃത്വത്തിന് അതാണു പഥ്യമെങ്കിലും. ശക്തമായ നേതൃത്വവും വലിയ ജനകീയ അടിത്തറയും, രാജ്യമാസകലം വേരോട്ടമുള്ള രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പിന്തുണയുമുള്ള ഭാരതീയ ജനതാ പാർട്ടിയെ എതിർക്കുക അത്ര എളുപ്പമുള്ള ദൗത്യമല്ല.
നന്നായി അധ്വാനിക്കേണ്ടിവരും
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നില അത്ര സുഖകരമല്ല. വടക്കേ ഇന്ത്യയിലാകട്ടെ അതിന്റെ സ്ഥിതി ഒട്ടും ആശാവഹമല്ല. ആശ്രയിക്കാവുന്ന വളരെ കുറച്ച് ഇടങ്ങളേയുള്ളൂ. ഈ പ്രദേശത്ത് ബിജെപി മികച്ച നിലയിലാണ്. കുറെ പ്രാദേശിക പാർട്ടികൾ ഉയർന്നിട്ടുണ്ട്. കിഴക്കൻ, വടക്കുകിഴക്കൻ, പശ്ചിമ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. കുറച്ചു പ്രാദേശിക പാർട്ടികളുമായി തെരഞ്ഞെടുപ്പ് നീക്കുപോക്കുകളുണ്ടെങ്കിലും അധികാരത്തിലെത്താൻ വേണ്ട എണ്ണത്തിനു അതു മതിയാവില്ല. ഈ മേഖലകളിൽ വരും തെരഞ്ഞെടുപ്പുകളിൽ നീക്കുപോക്കുകൾക്കായി കോൺഗ്രസിനു നന്നായി അധ്വാനിക്കേണ്ടിവരും. എന്നാൽ, ഈ ചർച്ചകളിൽനിന്നു കാര്യമായ നേട്ടമൊന്നും പ്രതീക്ഷിക്കാനുമാവില്ല. ജാതി, മത, വംശീയ ഗ്രൂപ്പുകളുമായി ചില നീക്കുപോക്കുകൾക്കു സാധ്യതയുണ്ട്. എന്നാൽ, ഭാവിയിലെ വിധിയെഴുത്തുകൾ കോൺഗ്രസിനു മേധാവിത്തമുണ്ടായിരുന്ന കാലത്തെയത്ര ആകർഷകമാവില്ല. ജനകീയ പിന്തുണയുള്ള മുതിർന്ന നേതാക്കൾ
കോൺഗ്രസിന് ഇവിടങ്ങളിലില്ല എന്നതാണ് ഒരു പ്രശ്നം. കോൺഗ്രസുകാർ പലയിടത്തുമുണ്ട്.
എന്നാൽ, അസംബ്ലിയിൽ ഭൂരിപക്ഷമുണ്ടാക്കാൻ മാത്രമില്ല. കുറേക്കാലമായി പിസിസികൾ ദുർബലമാണ്. പ്രദേശ് കോൺഗ്രസ് കമ്മിറ്റികളെ മെച്ചപ്പെടുത്താനോ കോൺഗ്രസുകാർ പ്രാദേശിക വിഷയങ്ങൾ ഫലപ്രദമായി ഏറ്റെടുക്കാനോ വേണ്ടതൊന്നും ഹൈക്കമാൻഡ് ചെയ്തിട്ടുമില്ല. ജനങ്ങൾക്കിടയിലെ നാമമാത്ര സാന്നിധ്യം മാത്രമാണ് ഇന്നുള്ളത്.
ദക്ഷിണേന്ത്യയിൽ കേരളം, കർണാടകം, തെലുങ്കാന പോലുള്ള സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാം. തമിഴ്നാട്ടിൽ ഡിഎംകെയുമായും ആന്ധ്രപ്രദേശിൽ പ്രാദേശിക ശക്തികളുമായും നീക്കുപോക്കുണ്ടാക്കാം. ജനകീയാടിത്തറ ഉറപ്പിക്കാനും വികസിപ്പിക്കാനും ദേശീയ നേതാക്കൾ പതിറ്റാണ്ടുകളായി കാര്യമായൊന്നും ചെയ്തില്ലെന്നതാണു വസ്തുത. അതേസമയം, പ്രാദേശിക ശക്തികളാകട്ടെ ചിറകുവിടർത്തുകയും ചെയ്തു. ആന്ധ്രപ്രദേശ്, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ ബിജെപി കഴിഞ്ഞ ദശകത്തിൽ പ്രാദേശിക പാർട്ടികളുമായി ശക്തമായ സഖ്യമുണ്ടാക്കി. രാഷ്ട്രീയമായ പരസ്പരനേട്ടം ഉറപ്പാക്കാൻ പ്രധാനമന്ത്രി മോദി തന്നെ വ്യക്തിപരമായ താത്പര്യമെടുത്തു. ഇന്ദിരാ ഗാന്ധിയെപ്പോലുള്ള നേതാക്കൾ മുന്പ് അത്തരം താത്പര്യമെടുത്തിരുന്നു.
രാജീവ് ഗാന്ധിയും ആ വഴിയിൽ പ്രവർത്തിച്ചു. സംഘടനയ്ക്കുള്ളിലെ ഉൾപാർട്ടി തെരഞ്ഞെടുപ്പുകൾ കോൺഗ്രസ് മിക്കവാറും ഉപേക്ഷിച്ചപ്പോൾ, പിസിസികൾ രൂപവത്കരിക്കാൻ ഗ്രൂപ്പ് നേതാക്കൾ നാമനിർദേശം ചെയ്യുന്നതു പതിവായി. ഇങ്ങനെ പിസിസികൾ ക്ഷീണിച്ചതും വിവിധ മേഖലകളിൽ കോൺഗ്രസിനെ ദുർബലമാക്കി. ഹൈക്കമാൻഡ് ഭരണം ഇന്ത്യയിലുടനീളം സംഘടനാപരമായി പാർട്ടിയെ ക്ഷീണിപ്പിച്ചു. തത്ഫലമായി പാർട്ടി പ്രവർത്തനവും താഴോട്ടുപോയി.
മാറ്റം അനിവാര്യം
കോൺഗ്രസിന്റെ പാർട്ടി പ്രവർത്തനവും മാറ്റത്തിനു വിധേയമായി. പാർലമെന്ററി ബോർഡ്, പ്രവർത്തകസമിതി, പിസിസി, ഡിസിസി യോഗങ്ങൾ ചടങ്ങുകളായി. ദേശീയ പ്രശ്നങ്ങളും സംസ്ഥാനതാത്പര്യങ്ങളും ചർച്ച ചെയ്യാൻ പതിവായി ചേർന്നുകൊണ്ടിരുന്ന എഐസിസി സമ്മേളനങ്ങളും വിരളമായി. അതിന്റെ ഫലമായി പാർട്ടി പ്രവർത്തനം ഹൈക്കമാൻഡിന്റെ കീഴിലമർന്നു. സംഘടനയിലെ ഒബിസി, എസ്സി-എസ്ടി, വനിതാ പ്രാതിനിധ്യവും തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഗ്രൂപ്പ് നേതാക്കളായി. സജീവ കോൺഗ്രസ് അംഗങ്ങൾക്ക് ഇതിലൊന്നും കാര്യമായ പങ്കില്ലെന്നതായി. പ്രാദേശിക, സംസ്ഥാന വിഷയങ്ങളിൽ കേന്ദ്ര നേതൃത്വം താത്പര്യമെടുക്കുന്നതിലേക്കും ഇതു നയിച്ചു.
ചുരുക്കിപ്പറഞ്ഞാൽ, കോൺഗ്രസ് പാർട്ടിക്ക് അടിത്തറ വികസിപ്പിക്കുകയും രാജ്യമെങ്ങും സ്വാധീനമുണ്ടാക്കുകയും വേണമെങ്കിൽ സംഘടനാകാര്യങ്ങളിൽ ഹൈക്കമാൻഡ് സജീവ താത്പര്യമെടുക്കണം. ഉൾപ്പാർട്ടി തെരഞ്ഞെടുപ്പുകൾ കൃത്യമായി നടത്തണം. രാജ്യമെങ്ങും പാർട്ടി താത്പര്യം ഉറപ്പിക്കാൻ എഐസിസി സമ്മേളനങ്ങൾ നടത്തണം. ഈ പ്രവർത്തനങ്ങളിൽനിന്ന് ഹൈക്കമാൻഡ് പിന്മാറിയാൽ അതിന്റെ വിപരീതഫലം രാജ്യമാസകലം ഉണ്ടാകും. ചില നോമിനികളെയും നേതാക്കളെയും മാത്രം ആശ്രയിക്കേണ്ടിവരുന്ന അത്തരം അവസ്ഥ ഇപ്പോൾ ഹൈക്കമാൻഡിനുണ്ട്. ഉന്നതനേതാക്കളുടെ സമയവും ലഭ്യതയും അനുസരിച്ച് പ്രാദേശികനേതാക്കൾ ഹൈക്കമാൻഡിനെ കാര്യങ്ങളറിയിച്ചിരുന്ന സ്ഥാനത്തിപ്പോൾ ന്യൂഡൽഹിയിലെ എഐസിസി ഇടനാഴികളിലോ കാബിനുകളിലോ കുറച്ച് നെഹ്റു-ഗാന്ധി കുടുംബാംഗങ്ങൾ സുപ്രധാന തീരുമാനങ്ങളിൽ ഭൂരിഭാഗവും കൈക്കൊള്ളുന്നതിലേക്ക് ചുരുങ്ങി. നേതാക്കളുടെ ഇടപെടലിന്റെ അഭാവത്തിൽ കോൺഗ്രസ് സംഘടന ദുർബലമാകുകയും അതിന്റെ പങ്ക് ചുരുങ്ങുകയും ചെയ്തു. ഹൈക്കമാൻഡിൽനിന്നു നയപരമായ തീരുമാനങ്ങളില്ല. ആസൂത്രണത്തെക്കുറിച്ചോ വികസനത്തെക്കുറിച്ചോ പാർട്ടിതലത്തിൽ ചർച്ചകളുമില്ല. എല്ലാ പാർട്ടി വിഷയങ്ങളും സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളും കേന്ദ്രതലത്തിൽ ചർച്ചചെയ്യാൻ ഒരു വഴി വേണം. അങ്ങനെ പ്രശ്നങ്ങൾ സംസ്ഥാനനേതൃത്വവുമായി ചേർന്ന് കേന്ദ്രനേതൃത്വത്തിനു പരിഹരിക്കാനാകും. ഒരു പാർട്ടി ജനക്ഷേമത്തിനുവേണ്ടി ഫലപ്രദമായി പ്രവർത്തിക്കാൻ അതൊരൊറ്റവഴിയേ ഉള്ളൂ.
കോൺഗ്രസിനെപ്പോലൊരു പാർട്ടിക്ക് രാജ്യമാസകലം മുകളിൽനിന്നു താഴേക്ക് രാഷ്ട്രീയ പരിചരണം ആവശ്യമാണ്. ചുമതലകളിൽ പരാജയപ്പെടുന്നത് പാർട്ടിയെ രാഷ്ട്രീയപരിചരണത്തിനായുള്ള പ്രത്യേക ഐസിയുവിൽ എത്തിക്കും. അല്ലെങ്കിൽ എല്ലാവരെയും ആശങ്കയിലാക്കി തെരഞ്ഞെടുപ്പുകളിലെ നാണംകെട്ട തോൽവിയിലേക്കു നയിക്കും. മതേതരത്വമൂല്യങ്ങളുള്ള കോൺഗ്രസ് ദുർബലമായാൽ വർഗീയ താത്പര്യമുള്ള ശക്തികൾ അധികാരം പിടിച്ചെടുക്കും. അതിന്റെ അപകടങ്ങൾക്ക് നമ്മളിപ്പോൾ സാക്ഷികളാണ്.