ഡീംഡ് യൂണിവേഴ്സിറ്റികളും അനുവദിക്കണം
അനന്തപുരി / ദ്വിജൻ
Sunday, February 16, 2025 12:42 AM IST
കേരളത്തിലെ സിപിഎം വല്ലാതെ മാറുകയാണ്. മാറുന്ന കാലത്തോടൊപ്പം കേരളവും മാറണം എന്ന മുദ്രാവാക്യം തോമസ് ഐസക്കും ആർ. ബിന്ദുവുമൊക്കെ ആവർത്തിക്കുന്നതു പാർട്ടി കടന്നുപോകുന്ന വിപ്ലവകരമായ മാറ്റത്തിന്റെ സൂചനതന്നെയാണ്. പിണറായി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനമാണു സ്വകാര്യ സർവകലാശാലകളുടെ കാര്യത്തിലുണ്ടായത്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ മാറ്റം ആഗ്രഹിക്കുന്നവരെല്ലാം സ്വാഗതംചെയ്യുന്ന നല്ല തീരുമാനം.
എന്നിട്ടും, നാക് അക്രഡിറ്റേഷനിൽ എ, എപ്ലസ്, എ ഡബിൾ പ്ലസ് തുടങ്ങിയവ ലഭിച്ച കോളജുകൾ ഡീംഡ് ടു ബി യൂണിവേഴിസിറ്റികളാക്കാൻ എന്തുകൊണ്ട് എൻഒസി നൽകുന്നില്ല എന്നു മനസിലാകുന്നില്ല. നാക് അക്രഡിറ്റേഷൻ കമ്മിറ്റിയിൽനിന്ന് മൂന്നുവർഷം തുടർച്ചയായി 3.1 സ്കോറിൽ കുറയാതെ നേടുന്ന സ്ഥാപനങ്ങൾക്ക് ഡീംഡ് ടു ബി യുണിവേഴ്സിറ്റികളായി പ്രവർത്തിക്കാം. അഞ്ച് മൾട്ടി ഡിസിപ്ലിനറി വകുപ്പുകൾ ഉണ്ടാവണം.
സംസ്ഥാന സർക്കാർ അനുവദിച്ചാൽ ഇത്തരം സ്ഥാപനങ്ങളെ യുജിസി ഡീംഡ് സർവകലാശാലകളാക്കും. സ്വകാര്യ സർവകലശാലകളോളം പണച്ചെലവില്ലാതെ ഉന്നതവിദ്യാഭ്യാസരംഗത്തു ഗുണപരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നവയാണ് ഡീംഡ് ടു ബി യൂണിവേഴിസിറ്റികൾ. ഇതിനുള്ള അപേക്ഷകൾ കണ്ടില്ലെന്നു നടിച്ചു സ്വകാര്യ സർവകലാശാലകളുമായി മുന്നോട്ടു പോകുന്നതിലെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടുന്നുണ്ടെന്ന് കെസിബിസിയുടെ ജാഗ്രതാസമിതിയും സീറോമലബാർ സഭയുടെ മീഡിയ കമ്മീഷനും അഭിപ്രായപ്പെടുന്നു.
യുജിസി കൊണ്ടുവരുന്ന നിബന്ധനകളോടുള്ള എതിർപ്പാണു കാരണമെങ്കിൽ സ്വകാര്യ സർവകലാശാലകൾക്കും അതെല്ലാം ബാധകമാണല്ലോ? പിന്നെയുള്ളത് സ്വകാര്യ സർവകലാശാലകൾ 25 കോടി രൂപ ട്രഷറിയിൽ നിക്ഷേപിക്കണമെന്നതാണ്. ഡീംഡ് സർവകലാശാലകൾക്ക് അത്തരം നിബന്ധന ഇല്ല. സർക്കാർ സൂചിപ്പിച്ച 20 വന്പൻ കോർപറേറ്റുകൾ എത്തിയാൽ ആയിനത്തിൽ 500 കോടി സർക്കാരിന് കിട്ടും.
ഉദാരമായ വ്യവസ്ഥകൾ
ഇതുവരെ അറിവായതനുസരിച്ച് സ്വകാര്യ സർവകലാശാലകൾക്കുള്ള വ്യവസ്ഥകൾ ഏറെ ഉദാരമാണ്. 25 കോടി രൂപ ട്രഷറിയിൽ നിക്ഷേപിക്കണം.10 ഏക്കർ ഭൂമിയുണ്ടാവണം. കൂറ്റൻ കന്പനികൾക്കോ വിദേശ ഏജൻസികൾക്കോ ഇത് ബുദ്ധിമുട്ടാവില്ല. എന്നാൽ, വിദ്യാഭ്യാസം സേവനമായി കൊണ്ടുനടക്കുന്നവർക്ക് എളുപ്പവുമാകില്ല. 40 ശതമാനം സീറ്റുകൾ കേരളത്തിൽ നിന്നുള്ളവർക്കാകണം. സാമൂഹിക നീതി ഉറപ്പാക്കണം.
പട്ടിക ജാതി-പട്ടിക വർഗക്കാർക്കു സംവരണം ഉണ്ടാവണം എന്നിങ്ങനെ ആർക്കും പാലിക്കാവുന്ന വ്യവസ്ഥകളാണ് വേറെയുള്ളത്. സർക്കാരിൽനിന്നു സാന്പത്തികസഹായം ലഭിക്കില്ല. ഗവേഷണപദ്ധതികൾക്കു സർക്കാർ നിബന്ധനകൾ വച്ചു സഹായം കിട്ടാവുന്നതാണ്. കോഴ്സുകളുടെ രൂപീകരണം മുതൽ ഒരുകാര്യത്തിലും സർക്കാരിനു പ്രത്യേക കാര്യവും ഉണ്ടാകില്ല. പ്രവേശനപരീക്ഷയിലൂടെ മെറിറ്റ് അനുസരിച്ചു പ്രവേശനം ക്രമീകരിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ സംവരണത്തിലുള്ളവരുടെ പ്രവേശനം എങ്ങനെ സാധ്യമാകും എന്ന ചോദ്യമുണ്ട്.
വിദ്യാഭ്യാസച്ചെലവ് കൂടും
വിദേശ സർവകലാശാലകൾ വരുന്നത് പണമുണ്ടാക്കാനാണ്. ഇവിടെനിന്നു സമാഹരിക്കുന്ന ലാഭം ഇവിടെത്തന്നെ വിനിയോഗിക്കണമെന്ന നിബന്ധന ഉണ്ടാകുമോ ആവോ? സർക്കാരിനും കിട്ടും ഏതാനും കോടികൾ. വിദ്യാഭ്യാസത്തിന്റെ ചെലവ് കൂടും. ജീവനക്കാർക്ക് യുജിസി നിരക്കിൽ ശന്പളം കൊടുക്കണം. മികച്ച സൗകര്യങ്ങൾ ഒരുക്കണം. മറ്റു ചെലവുകളും വരും. എല്ലാം വിദ്യാർഥികൾ വഹിക്കേണ്ടിവരും. പാവപ്പെട്ടവർക്കു പ്രവേശനവും പഠനവും ബുദ്ധിമുട്ടാകും. കൂടുതൽ നല്ല കോഴ്സുകൾ കൊടുക്കുന്ന സ്ഥാപനങ്ങൾ തെരഞ്ഞെടുക്കപ്പെടും. സ്ഥാപനങ്ങളുടെ അന്തസും ഗുണനിലവാരവും നിലനിൽപ്പിന്റെ വിഷയമാകും. അതുകൊണ്ട് അധ്യാപകരും അനധ്യാപകരുമെല്ലാം ഉയർന്ന ഗുണനിലവാരം പുലർത്തേണ്ടിവരും. അപ്പോൾ സേവന, വേതന വ്യവസ്ഥകളിൽ തൊഴിൽസുരക്ഷ തീരെ കുറവാകാനാണ് സാധ്യത.
വിദേശ കുടിയേറ്റം നിലയ്ക്കുമോ?
സ്വകാര്യ സർവകലാശാലകൾ വന്നതുകൊണ്ട് യുവാക്കളുടെ വിദേശ കുടിയേറ്റം അവസാനിക്കുമെന്നു കരുതേണ്ട. പഠനത്തിനെന്ന പേരിൽ വിദേശത്തേക്ക് വിമാനം കയറുന്ന മിക്കവരുടെയും ലക്ഷ്യം ജോലിയാണ്.
എന്തൊരു മാറ്റം!
സിപിഎം ഛർദിച്ചതു ഭക്ഷിക്കുന്ന ആദ്യത്തെ സംഭവമല്ല സ്വകാര്യ സർവകലാശാല. “തൊഴിൽ തിന്നുന്ന ബകനായ കംപ്യൂട്ടറുകൾ” ഇന്നാർക്കും ഹറാമല്ല. ഇടതു ധനമന്ത്രി ടാബ്ലറ്റിൽ നോക്കിയാണ് ബജറ്റ് പ്രസംഗം വായിച്ചത്. പ്രീഡിഗ്രി ബോർഡ് വിരുദ്ധ സമരത്തിലൂടെ കേരളത്തെ ഇളക്കിമറിച്ചവർ പിന്നീട് ഹയർ സെക്കൻഡറി എന്ന പേരിൽ അതുതന്നെ നടപ്പാക്കി. ഗാന്ധിജി സർവകലാശാല ഇല്ലാതാക്കുമെന്നു പറഞ്ഞവർ അതിനെ മഹാത്മാഗാന്ധി സർവകലാശാലയാക്കി. പരിയാരത്ത് എം.വി. രാഘവന്റെ നേതൃത്വത്തിൽ സഹകരണ സ്വാശ്രയ മെഡിക്കൽ കോളജ് തുടങ്ങിയതിനെതിരേ സമരംചെയ്ത് കൂത്തുപറന്പിൽ വെടിവയ്പുണ്ടാക്കി ആറു പേരെ രക്തസാക്ഷികളാക്കിയ പാർട്ടിതന്നെ ഇപ്പോൾ സ്വാശ്രയ സ്ഥാപനങ്ങൾ നടത്തുന്നു. എഡിബി വായ്പയ്ക്കെതിരേ സമരംനടത്തിയവർ ഇന്നു മസാല ബോണ്ടുമായി വിദേശത്തു കറങ്ങുന്നു. അംഗീകൃത വിദ്യാലയങ്ങൾ പോലും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും എന്ന ഭീതി അവർക്കില്ലാതായി.
മലയോരപാത ചുങ്കപ്പാത
ടോൾ പിരിക്കും റോഡുകളെ ചുങ്കപ്പാതകൾ എന്നുവിളിച്ച് ടോൾപിരിവിനെതിരേ ബഹുജനസമരം നടത്തി നാട്ടിലെ ജീവിതം അലങ്കോലപ്പെടുത്തിയവർ ഇപ്പോൾ സർക്കാർ റോഡുകളിലൂടെ യാത്രചെയ്യുന്നതിനും ടോൾ പിരിക്കാൻ പോവുകയാണ്. അതു വേണ്ടിവരും എന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലും ഏഴാം ഫിനാൻസ് കമ്മീഷൻ അധ്യക്ഷൻ കെ.എൻ. ഹരിലാലും പറഞ്ഞുകഴിഞ്ഞു. ടോൾ പിരിച്ചില്ലെങ്കിൽ കിഫ്ബിക്കുവേണ്ടി ബക്കറ്റ് പിരിവു നടത്തേണ്ടിവരും എന്ന് കിഫ്ബിയുടെ ഒന്നാമത്തെ വളർത്തുപിതാവായ തോമസ് ഐസക് ഏറ്റുപറയുന്നു.
കിഫ്ബി പദ്ധതികൾക്ക് ടോൾ ഏർപ്പെടുത്തില്ലെന്നു വാഗ്ദാനം ചെയ്തു കിഫ്ബി കൊണ്ടുവന്നവർ ഇപ്പോൾ അക്കാര്യത്തിലും മലക്കംമറിയുന്നു. കിഫ്ബി സഹായത്തോടെ പണിത സ്കൂളുകളിലും ആശുപത്രികളിലും വരെ ടോൾ വരുമോ എന്നു കണ്ടറിയണം. ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക മലയോരജനതയെയാണ്.
സംസ്ഥാനത്തിലെ മരാമത്തു വകുപ്പ് ചെയ്തിരുന്ന നിർമാണജോലികൾക്കു വേണ്ടിയാണോ കിഫ്ബി ഉണ്ടാക്കിയതെന്ന ചോദ്യമുണ്ട്. ടോൾ പിരിച്ചല്ലാതെ സ്വയം വരുമാനം ഉണ്ടാക്കുന്ന ഏതെങ്കിലും ഒരു പദ്ധതി കിഫ്ബിക്ക് ഉണ്ടാക്കാനായോ? കിഫ്ബി ടോളിനെ എതിർത്ത് അഞ്ചുതരം നികുതി അനുവദിക്കില്ലെന്ന കോണ്ഗ്രസിന്റെ ഇപ്പോഴത്തെ ജനപക്ഷ നിലപാട് എന്നും തുടരുമോ ആവോ?
മദ്രസ അധ്യാപകർ
കേരളത്തിലെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ മുഖേന മദ്രസ അധ്യാപകർക്കു നല്കുന്ന പലിശരഹിത ഭവനവായ്പ രണ്ടര ലക്ഷത്തിൽ നിന്ന് അഞ്ചാക്കി വർധിപ്പിച്ചതു നല്ല കാര്യമാണെങ്കിലും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്കോ അവരുടെ മതാധ്യാപകർക്കോ ന്യൂനപക്ഷ വകുപ്പ് ഇത്തരം ആനുകൂല്യം നൽകുന്നില്ല എന്നതു കടുത്ത സാമൂഹിക അനീതിയാണ്. മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്ന ഏർപ്പാടാണിത്. ന്യൂനപക്ഷങ്ങൾക്ക് പൊതുവായ ഭവനനിർമാണപദ്ധതിക്ക് ആറുശതമാനവും സ്വയംതൊഴിൽ പദ്ധതിക്ക് എട്ടുശതമാനവും പലിശയുണ്ട്. ഇത് വിവേചനമല്ലേ?
ചങ്കു തകർക്കുന്ന സാമൂഹിക യാഥാർഥ്യങ്ങൾ
എപ്പോഴും പോരാട്ടങ്ങളുടെ മാത്രം വേദിയാകാറുള്ള കേരള നിയമസഭ ഈ മാസം 11ന് ഒരേ മനസോടെ കേരളത്തിലെ മയക്കുമരുന്ന് വിപത്തിനെതിരേ ആകുലപ്പെട്ടു. കോണ്ഗ്രസിലെ പി.സി. വിഷ്ണുനാഥ് ഉയർത്തിയ വിഷയം അടിയന്തരപ്രമേയമായി ചർച്ചചെയ്ത സഭയ്ക്ക് കേരളത്തിലെ യുവതലമുറ പെട്ടുപോയിരിക്കുന്ന ദുരന്തത്തെക്കുറിച്ചു രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല. ലഹരിക്കെതിരേ നിയമങ്ങൾ ശക്തവും കർക്കശവും ആക്കണമെന്നും യുവതലമുറയെ രക്ഷിക്കുന്നതിനുള്ള സമയമാണ് വൈകുന്ന ഓരോ നിമിഷവും നഷ്ടപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓർമിപ്പിച്ചു.